•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നീതിയുടെ മുദ്രാവാക്യമുയര്‍ത്തി 'ന്യായ്' യാത്ര

2024 ലെ ലോക്സഭാതിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചാരണത്തിനു തുടക്കംകുറിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ''ഭാരത് ജോഡോ  ന്യായ് യാത്ര'' ആരംഭിച്ചിരിക്കുകയാണ്.
2022 സെപ്തംബറില്‍ കന്യാകുമാരിമുതല്‍ കാശ്മീര്‍വരെ രാഹുല്‍ ഗാന്ധി നടത്തിയ  ജോഡോ യാത്രയ്ക്കു വന്‍പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത്. മണിപ്പുരിലെ തൗബാലില്‍നിന്നാരംഭിച്ച യാത്ര 67 ദിവസത്തിനുള്ളില്‍ 15 സംസ്ഥാനങ്ങളിലെ, 100 ലോക്സഭാസീറ്റുകളിലൂടെ കടന്നുപോകും.
110 ജില്ലകളിലൂടെ  കടന്നുപോകുന്ന യാത്ര  337 നിയമസഭാമണ്ഡലങ്ങളിലൂടെ 6,700 കിലോമീറ്ററാണ് താണ്ടുന്നത്. യാത്രയില്‍ സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.
യാത്രയുടെ പ്രാധാന്യം
രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര പ്രത്യയശാസ്ത്രപരമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചല്ലെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. മറിച്ച്, പത്തു വര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ അന്യായത്തിനെതിരേയാണ് യാത്ര നടത്തുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു.
യാത്രയുടെ പ്രധാന ശ്രദ്ധാകേന്ദ്രം ഉത്തര്‍പ്രദേശാണ്. ജാര്‍ഖണ്ഡിലും അസമിലും എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര മധ്യപ്രദേശില്‍ ഏഴു ദിവസം തുടരും. ഉത്തര്‍പ്രദേശില്‍ റായ്ബറേലിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസിയിലും അമേഠി ഉള്‍പ്പെടെയുള്ള സുപ്രധാനമേഖലകളിലൂടെയും യാത്ര കടന്നുപോകും.
ലോക്സഭാതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സമാപിക്കുന്ന വിധത്തില്‍ തയ്യാറാക്കിയ ഭാരത് ജോഡോ ന്യായ് യാത്രയില്‍ ഉത്തരേന്ത്യയിലെ ഭൂരിഭാഗം ലോക്സഭാസീറ്റുകളും ഉള്‍ക്കൊള്ളുന്നു. ഹിന്ദി ഹൃദയഭൂമി ഉള്‍പ്പടെ 355 ലോക്സഭാസീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകുന്നു. പശ്ചിമബംഗാള്‍ (42 ലോക്‌സഭാസീറ്റുകള്‍), ബിഹാര്‍ (40 സീറ്റുകള്‍), ഉത്തര്‍പ്രദേശ് (80 സീറ്റുകള്‍), മധ്യപ്രദേശ് (29 സീറ്റുകള്‍), രാജസ്ഥാന്‍ (25 സീറ്റുകള്‍), ഗുജറാത്ത് (26 സീറ്റുകള്‍), മഹാരാഷ്ട്ര (48 സീറ്റുകള്‍), ഛത്തീസ്ഗഡ് (11 സീറ്റുകള്‍) തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും. ഇത് രാജ്യത്തെ ലോക്‌സഭാസീറ്റുകളുടെ 65% ആണ്. 2019 ലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ ഈ 355 സീറ്റുകളില്‍ 236 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 14 സീറ്റുകള്‍മാത്രമാണു നേടാനായത്.
യാത്രയുടെ ആരംഭം മണിപ്പുരില്‍ 
1891 ലെ ആംഗ്ലോ-മണിപ്പൂര്‍ യുദ്ധസ്മാരകമായ ഖോങ്ജം വാര്‍ മെമ്മോറിയല്‍ സന്ദര്‍ശിച്ചശേഷമാണ് രാഹുല്‍ യാത്രയ്ക്കു തുടക്കമിട്ടത്. നേരത്തേ ഇംഫാലില്‍നിന്നായിരുന്നു യാത്രയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും  മണിപ്പുര്‍ സര്‍ക്കാര്‍ അനുമതി നല്‍കാതെവന്നതോടെ തൗബാലിലേക്കു മാറ്റുകയായിരുന്നു. നാലു ജില്ലകള്‍ താണ്ടി 104 കിലോമീറ്ററാണ് മണിപ്പുരില്‍ ഭാരത് ജോഡോ യാത്ര നടത്തുക.
മണിപ്പുരിലെ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കയില്‍നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര രാഹുല്‍ ഗാന്ധി അവിടെനിന്ന് ആരംഭിക്കാന്‍ തീരുമാനിച്ചത്. മാസങ്ങള്‍ നീണ്ട വംശീയകലാപത്തിനുശേഷവും സാധാരണനിലയിലെത്താന്‍ പാടുപെടുന്ന, ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിദ്വേഷരാഷ്ട്രീയത്തിന്റെ പ്രതീകമായ മണിപ്പുരില്‍നിന്നാരംഭിക്കുന്ന യാത്രയ്ക്കു വലിയ മാനങ്ങളാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നല്‍കുന്നത്.
ന്യായ് യാത്രയുടെ ഉദ്ഘാടനവേളയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ഈ ആശങ്കകള്‍ പ്രതിഫലിക്കുന്നുണ്ട്. ''നിങ്ങള്‍ അനുഭവിച്ച വേദനയും നഷ്ടവും  സങ്കടവും ഞങ്ങള്‍ മനസ്സിലാക്കുമ്പോള്‍ മാര്‍ച്ച് മണിപ്പുരില്‍നിന്ന് ആരംഭിക്കണമെന്ന് ഞാന്‍ നിശ്ചയിച്ചു. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം കാരണം, ബി.ജെ.പിയുടെ രാഷ്ട്രീയം പടര്‍ന്നുപിടിച്ചതിനാല്‍ നിങ്ങള്‍ക്കു സമാധാനം നഷ്ടപ്പെട്ടു,'' രാഹുല്‍ ഗാന്ധി പറഞ്ഞു.
എല്ലാവര്‍ക്കും നീതി : യാത്രയുടെ മുദ്രാവാക്യം
തൊഴിലില്ലായ്മയും വിലക്കയറ്റവും സാമൂഹിക നീതിയും വിഷയങ്ങളാക്കി നടത്തുന്ന യാത്രയുടെ  മുദ്രാവാക്യം 'ന്യായ് കാ ഹഖ് മില്‍നെ തക്' (നമുക്കു നീതി കിട്ടുംവരെ) എന്നാണ്. ആളുകള്‍ക്ക് അര്‍ഹമായ നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളും തങ്ങള്‍ മുട്ടുമെന്നു പ്രഖ്യാപിക്കുന്നതാണ് ഹിന്ദിയിലുള്ള യാത്രയുടെ ഗാനം. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ജനങ്ങളെ നേരില്‍ കണ്ട ദൃശ്യങ്ങളാണ് പ്രധാനമായും പാട്ടിലുള്ളത്.
നീതിക്കായി പോരാടണമെന്ന് ആവര്‍ത്തിച്ചു പറയുന്ന ഗാനത്തില്‍ കഷ്ടപ്പെടരുതെന്നും പേടിക്കരുതെന്നും ജനങ്ങളോടു പറയുന്നുണ്ട്.
തൊഴിലില്ലായ്മ, പാവപ്പെട്ടവര്‍ക്ക് അവരുടെ ആത്മാഭിമാനം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവ ചര്‍ച്ച ചെയ്യുന്ന ഗാനം, ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ നശിച്ചെന്നും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കാന്‍ അവര്‍ കൊതിക്കുകയാണെന്നുമാണു പറയുന്നത്. കൊവിഡ് സമയത്ത് നടത്തിയ മൃതദേഹങ്ങളുടെ കൂട്ടസംസ്‌കാരം, ലൈംഗികാതിക്രമ ആരോപണത്തില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരേ ഗുസ്തിതാരങ്ങള്‍ നടത്തിയ പ്രതിഷേധം, പാര്‍ലമെന്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനെതിരേ എംപിമാര്‍ നടത്തിയ പ്രതിഷേധം തുടങ്ങിയ ദൃശ്യങ്ങളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍
സാമൂഹികനീതിക്കു മുന്‍തൂക്കം നല്‍കിക്കൊണ്ട് ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ  ഉദ്ഘാടനം രാഷ്ട്രീയമായി മുതലാക്കാനുള്ള ബിജെപിയുടെ ഉദ്ദേശ്യങ്ങളെ ചെറുക്കുന്നതിനും മത രാഷ്ട്രീയത്തിന് ഒരു ബദല്‍ ആഖ്യാനം നിര്‍മിക്കുന്നതിനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. കൂടാതെ മൂന്നു ഹിന്ദി ഹൃദയഭൂമിസംസ്ഥാനങ്ങളിലെ  നിയമസഭാതിരഞ്ഞെടുപ്പുവിജയത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മൂന്നാമതൊരു ഭരണം ലഭിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസത്തിലായ ബിജെപിയെ രാഷ്ട്രീയമായി പ്രതിരോധിക്കാനും യാത്രയിലൂടെ കഴിയുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)