ബിരുദാനന്തരബിരുദപരീക്ഷ കഴിഞ്ഞുനില്‍ക്കുന്ന ഞാന്‍ മലയാളം അക്ഷരങ്ങള്‍ പഠിച്ചത് ഒന്നാംക്ലാസില്‍നിന്നായിരുന്നു. അന്നത്തെ നിറക്കൂട്ടുള്ള ഒന്നാം പാഠപുസ്തകത്തില്‍ തെളിഞ്ഞുനിന്ന അക്ഷരമാല ഇന്നും മനസ്സില്‍ ഒളിമങ്ങാതെ നില്പുണ്ട്. പക്ഷേ, ഇന്ന് ഒന്നിലെന്നല്ല മലയാളപാഠാവലികളില്‍ ഒരിടത്തുപോലും അക്ഷരമാല ചേര്‍ത്തിട്ടില്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ഞാന്‍ ഈ വിവരം അറിയുന്നതു ദീപനാളത്തില്‍നിന്നായിരുന്നു. തുടര്‍ന്ന്, മറ്റു പത്രങ്ങളിലും ഇതു സംബന്ധിച്ച് വാര്‍ത്തകളും ലേഖനങ്ങളും കാണുവാനിടയായി. വിദ്യാഭ്യാസമന്ത്രിക്കും വിദ്യാഭ്യാസഡയറക്ടര്‍ക്കും ഭാഷാഇന്‍സ്റ്റിറ്റിയൂട്ടിനുമൊക്കെ നിവേദനങ്ങള്‍ കൊടുത്തിട്ടുണെ്ടന്നും അറിയുവാന്‍ കഴിഞ്ഞു. എന്നിട്ടൊന്നും ഒരു ഫലവും കാണാത്തതിലുള്ള അമര്‍ഷവും ദുഃഖവും ഇത്തവണത്തെ എഡിറ്റോറിയലില്‍ പ്രകടമായിക്കണ്ടു. വിഷയം ശക്തമായി അവതരിപ്പിച്ചിട്ടുണ്ടതില്‍. പിഎസ്‌സി പരീക്ഷയില്‍ മലയാളത്തെ അവഗണിച്ചതിലുള്ള നീരസവും അതില്‍ പ്രകടമായിട്ടുണ്ട്. കാച്ചിക്കുറുക്കി മൂര്‍ച്ചയുള്ള ഭാഷയിലാണു കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. അഭിനന്ദനങ്ങള്‍. പോരാട്ടങ്ങള്‍ക്കു സര്‍വ്വ പിന്തുണയും അറിയിക്കുന്നു. ദിനപത്രങ്ങള്‍ കൊവിഡും കള്ളക്കടത്തും ആഘോഷമാക്കി പത്രത്താളുകള്‍ നിറയ്ക്കുമ്പോള്‍ കലാസാംസ്‌കാരികവാരിക എന്ന പേര് ദീപനാളം അന്വര്‍ത്ഥമാക്കി കാണുന്നതിലുള്ള സന്തോഷവും അറിയിക്കുന്നു. വിജയാശംസകള്‍.
പഞ്ചായത്തു തിരഞ്ഞെടുപ്പ് രാഷ്ട്രീയമില്ലാതെ നടത്തണം
ഈ കൊവിഡുകാലത്ത് കേരളത്തില്‍ നടക്കാന്‍പോകുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പൂര്‍ണമായും പാര്‍ട്ടിരാഷ്ട്രീയമില്ലാതെ നടത്തേണ്ടതാണ്. കേരളത്തിലെ ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനാധിപത്യതത്ത്വങ്ങളും ജനക്ഷേമതാത്പര്യങ്ങളും കളഞ്ഞുകുളിച്ച് സ്വാര്‍ത്ഥരും അഴിമതിക്കാരുമായ കപടനേതാക്കളുടെ വിഹാരരംഗങ്ങളാണിപ്പോള്‍. സാധാരണ ജനങ്ങളുടെ അടിസ്ഥാനജീവിതാവശ്യങ്ങളുമായി ബന്ധപ്പെട്ടു കഴിയുന്ന ത്രിതലപഞ്ചായത്തുകള്‍ രാഷ്ട്രീയക്കാരുടെ കൊള്ളയടി കേന്ദ്രങ്ങളാണ്. ഈ സ്ഥിതി ഇത്തവണ മാറ്റിയെടുക്കണം: അറിവും യോഗ്യതകളുമുള്ള ധാരാളം പൗരന്മാര്‍ നാട്ടിലെങ്ങുമുണ്ട്. അവര്‍ മടിക്കാതെ മുമ്പോട്ടു വന്നു സ്ഥാനാര്‍ത്ഥികളാകാന്‍ തയ്യാറാകണം. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പൂര്‍ണമായും ഒഴിവാക്കണം. ഈ നാടു രക്ഷപ്പെടണമെങ്കില്‍ അങ്ങനെയൊരു നീക്കം കൂടിയേ തീരൂ. കിഴക്കമ്പലം സ്പിരിറ്റ് മോഡല്‍ കേരളമാകെ അലയടിക്കണം.
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി പെരുവ
അറിവിന്റെ വിരുന്നൊരുക്കുന്ന ദീപനാളം
ദീപനാളം കൈയില്‍ കിട്ടിയാല്‍ ഞാനാദ്യം നോക്കുന്നത് എഡിറ്റോറിയലാണ്. ലോകത്തെ തന്നെ കൂട്ടിക്കൊണ്ടുവന്ന് അറിവിന്റെ വിരുന്നൊരുക്കുന്ന എഡിറ്റോറിയലിന്റെ ആറ്റിക്കുറുക്കിയുള്ള എഴുത്തുരീതി നല്ലതാണ്. 'ഹരിതപാഠം' കര്‍ഷകരായ എന്നേപ്പോലുള്ളവര്‍ക്ക് അനുഗ്രഹമാണ്. വൃക്ഷങ്ങളുടെ കൃഷിരീതി, വിളവെടുപ്പ്, വളങ്ങള്‍ പരിപാലനരീതി, തൈകള്‍... എന്നിവ ശാസ്ത്രീയമായി എഴുതണം. സഞ്ചാരം പംക്തി ഉഗ്രനാണ്. ജോസ് താനയുടെ ലേഖനം, അഗസ്ത്യായനം നോവല്‍ എന്നിവയും അതിഗംഭീരമായിരുന്നു.ആശംസകള്‍. ദീപനാളത്തിനു നന്ദി.
പി.റ്റി. കുര്യാക്കോസ് മുളക്കുളം