അന്നൊക്കെയപ്പന്റെയൂട്ടുപാത്രത്തിലായ്
അന്നമര്‍ദ്ധം ബാക്കി വന്നിരുന്നു!
ഉണ്ടു തൃപ്തിതോന്നിയാലുമില്ലെങ്കിലും,
ഉണ്ടായിരുന്നാ വിഹിതമെന്നും!
വേവും രുചിയും കറിയുമില്ലായ്കയാല്‍
വേണ്ടാന്നുവച്ചതല്ലാപ്പകുതി,
മക്കള്‍ക്കുപോലും കൊടുക്കാതെയമ്മയ്ക്കു-
മാറ്റിവച്ചോരു പങ്കായിരുന്നു!
പാതിഭോജ്യമല്ലതു സ്വന്തപ്രാണന്റെ-
പകുതിതന്നെയായിരുന്നു നൂനം!
അമ്മയാനന്ദമോടാവീതമൊക്കെയും
അപ്പൊഴേ വാങ്ങിക്കഴിച്ചിരുന്നു.
പങ്കതുമതിയായിരുന്നവള്‍ക്കന്നു തന്‍-
പൈദാഹമാകെയകറ്റുവാനായ്!
അതുകണ്ടിടുമ്പോഴേയപ്പന്റെയുള്ളിലും
മതിവന്നിരുന്നുള്ളൂ പൂര്‍ണ്ണമായും.
ചങ്കേ, കരളേയെന്നിരുവരുമന്യോന്യം
ചക്കരപ്പേരു വിളിച്ചതില്ല
എങ്കിലുമവരുടെ ചങ്കിലെച്ചങ്കിന്റെ-
പങ്കായിരുന്നവര്‍ രണ്ടുപേരും.
കാലമതൊക്കെക്കഴിഞ്ഞിന്നു മേശമേല്‍
കാലിയത്രേ ഭര്‍ത്തൃചോറ്റുപാത്രം!
ഭാര്യയ്‌ക്കൊരോഹരിക്കവകാശമുണെ്ടന്ന-
കാര്യമയാള്‍ക്കൊട്ടുമോര്‍മ്മയില്ല!
മിച്ചമല്പമഥവാ വന്നിടുകിലോ
എച്ചിലതേതു ഭാര്യയ്ക്കു വേണം?
വീട്ടില്‍ വളര്‍ത്തുന്ന പുന്നാരഹൈബ്രീഡ്-
പട്ടിയില്ലേയതു തിന്നുതീര്‍ക്കാന്‍?
അപ്പനാഹാരം പകര്‍ന്നുകൊടുക്കുവാന്‍
ഇപ്പൊഴേതമ്മയ്‌ക്കെവിടെ നേരം?
'ചാറ്റ്പാത്രം' താഴെവച്ചിട്ടുവേണ്ടയോ
ചോറ്റുപാത്രത്തില്‍ വിളമ്പീടുവാന്‍!
പങ്കുനല്കാത്ത, ഭക്ഷിക്കാത്ത ജിവിത-
പങ്കാളികള്‍തന്‍ കുടുംബം വെറും-
സത്രമോ, ഹോട്ടലോ, തട്ടുകടയെന്നോ
മാത്രമാണെന്നുനാമോര്‍ത്തിടേണം.