അനേകം ജീവിതങ്ങളുടെ കാലിഡോസ്‌കോപ്പുകളില്‍ പെയ്തിറങ്ങിയ സ്‌നേഹമഴയ്ക്ക് ഇവിടെ വിരാമം കുറിക്കുന്നു. ഒരു ബലികര്‍മ്മത്തിന്റെ അഴകുണ്ട് ഈ ജീവിതത്തിന്. സമയത്തിന്റെ ചലനങ്ങളില്‍ സമര്‍പ്പിച്ച ശബ്ദങ്ങളും വാക്കുകളും അദ്ദേഹത്തിന്റെ അഭാവത്തിലും ഇവിടെ മുഴങ്ങിക്കേള്‍ക്കാം. ഫാ. അബ്രാഹം മൊളോപ്പറമ്പില്‍ - ഉദയാസ്തമയങ്ങളറിയാത്ത ഭൂമിയുടെ അധോഭാഗങ്ങളിലെ മണ്ണിലും കരിമ്പാറക്കൂട്ടങ്ങളിലുമായി വേരുപാകി നില്ക്കുന്ന മഹാവൃക്ഷംപോലെയുള്ള ജീവിതം. ജീവിതത്തിന്റെ തരിശുഭൂമികളില്‍ ആഴത്തില്‍ വേരൂന്നിയ വിശ്വാസത്തിന്റെ ഉടമ. ആകാശവിശാലതയില്‍ വിരിഞ്ഞുനില്ക്കുന്ന പ്രാര്‍ത്ഥനയുടെയും അധ്വാനത്തിന്റെയും ഫലങ്ങള്‍. ഒരു വിശുദ്ധജന്മം ഇവിടെ ഉണ്ടായിരുന്നുവെന്നതിന് കാലം സൂക്ഷിച്ചുവച്ചിരിക്കുന്ന അടയാളങ്ങള്‍. താന്‍ ഇടപെടുന്ന എല്ലാവരും എം.സി.ബി.എസ്. സമൂഹത്തിലെ അംഗങ്ങളാണ് എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റശൈലി. കാലത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും സമരസപ്പെടാനും വിപരീതങ്ങളോടു കലഹിക്കാതെ മൗനം പാലിക്കാനും കഴിഞ്ഞ ഒരു വന്ദ്യവൈദികന്‍. തനിക്കു മുമ്പേ കടന്നു പോയവര്‍ക്കും ഒപ്പമുള്ളവര്‍ക്കും പിന്നാലെ വരാനിരിക്കുന്നവര്‍ക്കുമായി അത്താഴമൊരുക്കിയ വിശാലമായ വിരുന്നുമേശയായിരുന്നുവോ ഈ ആചാര്യശ്രേഷ്ഠന്‍. ദൈവത്തില്‍ വിശ്വസിക്കാനും ആശ്രയിക്കാനും പ്രതീക്ഷിക്കാനും പഠിപ്പിച്ച ഗുരുജന്മം. പന്ത്രണ്ടു വര്‍ഷം എം.സി.ബി.എസ്. സന്ന്യാസമൂഹത്തിനു ജനറാളായിരുന്ന അദ്ദേഹം പ്രതിസന്ധികളെ നോക്കി ദൈവത്തോട് ആവലാതിപ്പെട്ടിട്ടുണ്ടാവില്ല; മറിച്ച്, പ്രശ്‌നങ്ങളെ നോക്കി എനിക്കൊരു വലിയ ദൈവമുണ്ട് എന്നു പറഞ്ഞിട്ടുണ്ടാവും. കാരണം, അതാണ് അച്ചന്‍ എല്ലാവരോടുമായി പറഞ്ഞതും പഠിപ്പിച്ചതും. അവസാനത്തെ 11 വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ കര്‍മ്മരംഗം വിശുദ്ധവും സജീവവുമാക്കി. വിശുദ്ധകുര്‍ബാനയുടെ സന്നിധിയിലായിരുന്നു സമയത്തിന്റെ അധികഭാഗവും ചെലവഴിച്ചത്. പാലാ രൂപതയിലെ പൂവരണി ഇടവകയില്‍ 1936 ഫെബ്രുവരി 22 ന് ഉദ്ഭവിച്ച ഈ പുഴ എല്ലായിടങ്ങളിലും ഒഴുകിയിറങ്ങി ഇന്ന് നിത്യതയുടെ തീരത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. അന്ത്യബലിയര്‍പ്പിച്ചുകൊണ്ട് അള്‍ത്താരയില്‍ അവസാനിച്ച ഈ ജീവിതം ദൈവദൂതന്മാരുട സാന്നിധ്യത്തില്‍ സ്വര്‍ഗ്ഗീയ ജറുസലേമില്‍ ബലിയര്‍പ്പണത്തിലാണ്. അനേകരെ വെളിച്ചത്തിലേക്കു നയിച്ച ആത്മനിയന്താവിനു പ്രണാമം!
ഫാ. അബ്രാഹം മൊളോപ്പറമ്പില്‍ ജീവിതരേഖ
- ജനനം - 1936 ഫെബ്രുവരി 22
- മാതാപിതാക്കള്‍ - പൂവരണി പാറേക്കാട്ട്
- മൊളോപ്പറമ്പില്‍ വര്‍ക്കി - അന്ന
- പൗരോഹിത്യം - 1966 ഫെബ്രുവരി 2
- സേവനങ്ങള്‍ - 1977 മുതല്‍ 2 തവണയായി 12 വര്‍ഷം ദിവ്യകാരുണ്യ മിഷനറി സന്ന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറാള്‍.
- നൊവിസ് മാസ്റ്റര്‍, വൈദികാര്‍ത്ഥികളുടെ ആത്മീയപിതാവ്, ഫാദര്‍ പ്രീഫെക്ട്, ഇടവകവികാരി, മിഷനറി, ആശ്രമാധിപന്‍, പ്രൊക്കുറേറ്റര്‍, ചാപ്ലയിന്‍ തുടങ്ങി ദൈവശുശ്രൂഷയുടെ നിരവധി മേഖലകള്‍.
- കോട്ടയം കടുവാക്കുളം നിത്യാരാധന ചാപ്പലില്‍ മുഖ്യശുശ്രൂഷകനായി കഴിഞ്ഞ പതിനൊന്നു വര്‍ഷം
- മരണം - 2020 സെപ്റ്റംബര്‍ 18