അന്ധകാരത്തിന് എത്ര ശ്രമിച്ചാലും പ്രകാശമാകാന്‍ സാധിക്കുകയില്ല. എന്നാല്‍, പ്രകാശത്തിന് അതിന്റെ അസാന്നിധ്യംകൊണ്ട് അന്ധകാരത്തെ സൃഷ്ടിക്കാന്‍ സാധിക്കും.
''ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല. അവനില്‍ ജീവന്റെ പ്രകാശമുണ്ടായിരിക്കും'' (യോഹ. 8:12).ഇന്ത്യന്‍ ശിക്ഷാനിയമം 294 (ബി) പ്രകാരം പൊതുസ്ഥലത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ സംസാരിച്ചാല്‍ മൂന്നു മാസംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ വിധിക്കാവുന്നതാണ്.
സമാനമായ ഒരു നിയമം കേരളത്തിലെ ഇംഗ്ലീഷ് മീഡിയം പള്ളിക്കൂടങ്ങളിലും നിലവിലുണ്ട്. സ്‌കൂളില്‍ മലയാളം സംസാരിച്ചാല്‍ രൂപ 10, 20 എന്നിങ്ങനെ പിഴ, ചൂരലിന് അടി, ബഞ്ചില്‍ കയറ്റി നിര്‍ത്തുക, പുറത്ത് സ്റ്റിക്കര്‍ പതിപ്പിക്കുക തുടങ്ങി പലവിധ ശിക്ഷകളും മലയാളം സംസാരിക്കുന്നവര്‍ക്ക് അനുഭവിക്കേണ്ടിവരും.
ക്രിമിനല്‍നിയമശാസ്ത്രപ്രകാരം നിയമവത്കരിക്കപ്പെട്ട പ്രതികാരമാണ് ശിക്ഷ. അതേ, മലയാളം സംസാരിക്കുന്നതു ശിക്ഷ ലഭിക്കേണ്ട ക്രിമിനല്‍ക്കുറ്റമാണ്.
ഭാഷകളുടെ ചരിത്രം
ഇരുനൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമിയില്‍ സംസ്‌കൃതം, ഗ്രീക്ക്, ലാറ്റിന്‍ എന്നിങ്ങനെ മൂന്നു പ്രധാന ഭാഷകളാണ് ഉണ്ടായിരുന്നത്. ഈ മൂന്നു ഭാഷകളെയും ദൈവവുമായി ബന്ധിപ്പിച്ചും അല്ലാതെയും ഉത്കൃഷ്ടഭാഷകളായി അക്കാലത്തു പ്രചാരണമുണ്ടായിരുന്നു. ഓക്‌സ്ഫഡിലും കേംബ്രിഡ്ജിലുമൊക്കെ ലാറ്റിനും ഗ്രീക്കുമായിരുന്നു പ്രധാനഭാഷകള്‍. ഇംഗ്ലീഷ് അധമഭാഷയായിരുന്നു. ജോസഫ് പ്രീസ്റ്റ്‌ലി, ജെയിംസ് വാട്ട്, ജോണ്‍ ഡാല്‍ട്ടണ്‍, മാത്യു ബോള്‍ട്ടന്‍ തുടങ്ങിയവരുടെ നിരന്തരമായ പരിശ്രമവും പ്രചാരണവുംവഴിയാണ് ഇംഗ്ലണ്ടിലെ സര്‍വകലാശാലകളില്‍ ഇംഗ്ലീഷ് പഠനമാധ്യമമായത്.
ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഗോത്രങ്ങളായ സ്‌കോട്ടിഷ്, വെല്‍ഷ് സാക്‌സണുകള്‍, ബ്രിട്ടന്‍ എന്നിവര്‍ക്കൊക്കെ തനതായ ഗോത്രഭാഷകള്‍ ഉണ്ടായിരുന്നു. സ്‌കോട്ടിഷും വെല്‍ഷും ഗാലിക്കുമൊക്കെ ഇപ്പോഴും യു കെയില്‍ പ്രചാരത്തിലുണ്ട്. ജെയിംസ് ആറാമന്‍ എന്ന സ്‌കോട്ടിഷ് രാജാവാണ് 1603 ല്‍ ഇംഗ്ലണ്ടിന്റെ ആദ്യഘടകം ഏകീകരിച്ചത്. അദ്ദേഹത്തിന്റെ ആസ്ഥാനം എഡിന്‍ബറോയില്‍നിന്നു ലണ്ടനിലേക്കു മാറ്റി.
1835 ലാണ് ഇംഗ്ലീഷ്ഭാഷ ബ്രിട്ടീഷ് ഇന്ത്യയുടെ ഔദ്യോഗികഭാഷയായത്. മെക്കാളെ മരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ആശയം ഇന്നും കേരളത്തെ ഭരിക്കുന്നു. 1835 ലെ കുപ്രസിദ്ധമായ മെക്കാളെ മിനിറ്റ്‌സാണ് ഇന്ത്യയില്‍ ഇംഗ്ലീഷ് പഠനമാധ്യമമാകാന്‍ കാരണം.
ഇന്ത്യന്‍ഭാഷകള്‍ അധമഭാഷകളാണെന്നും ഇംഗ്ലീഷ് ഭാഷാപഠനത്തിലൂടെമാത്രമേ ഇന്ത്യയ്ക്കു പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഇന്ത്യയിലെ നേതാക്കന്മാരായ ഗോപാലകൃഷ്ണഗോഖലെ, രാജാ റാംമോഹന്‍ റായ് എന്നിവരെ വിശ്വസിപ്പിക്കാന്‍ മെക്കാളെക്കു സാധിച്ചു.
ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍, വിധേയപ്പെട്ടിരുന്ന മാനസികാവസ്ഥയിലായിരുന്ന നേതാക്കന്മാര്‍ മെക്കാളെയുടെ വക്രത തിരിച്ചറിഞ്ഞില്ല എന്നതാണു സത്യം. അങ്ങനെ, സ്വത്വം നഷ്ടപ്പെടുത്തി മറ്റൊരു ഭാഷയെ സ്വാംശീകരിക്കാന്‍ ഓരോ വിധേയമനസ്സും വെമ്പല്‍കൊണ്ടു. ഭൗതികതലത്തിലും ഇതിനു കാരണങ്ങളുണ്ടായിരുന്നു. ഇംഗ്ലീഷ് പഠിച്ച് ഭരണത്തോടു ചേര്‍ന്നുനിന്നിരുന്നവര്‍ ഉയര്‍ന്ന പദവികളും സ്ഥാനങ്ങളും സാമ്പത്തികസുരക്ഷിതത്വവും നേടിയിരുന്നു. എന്നാല്‍, ഭരണം കൈയൊഴിഞ്ഞ് ബ്രിട്ടണ്‍ എന്ന ഗോത്രവര്‍ഗം ഇന്ത്യ വിട്ടുപോയി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാക്‌സണുകളുടെയും മറ്റും ഗോത്രഭാഷയ്ക്ക് ഇന്നും നമ്മള്‍ വിധേയപ്പെട്ടു ജീവിക്കുന്നു.
ഇവിടെ നമ്മള്‍ രണ്ടു പദങ്ങള്‍ കണ്ടു: സ്വത്വം, വിധേയത്വം.
സ്വത്വം
എന്താണു സ്വത്വം? മനുഷ്യന്‍ ഒരു സ്വതന്ത്രഭാഷാജീവിയാണ്. മനുഷ്യനെന്നാല്‍ തൊണ്ണൂറ്റൊമ്പതു ശതമാനം ഭാഷയും ഒരു ശതമാനം ശരീരവും ഉള്ള ജീവിയാണ്. മനുഷ്യന്റെ മനസ്സ്, ബോധം, ബുദ്ധി, ഓര്‍മ, അഹങ്കാരം, ചിന്ത, ഭാവന, സ്വപ്നം, മറവി എന്നു തുടങ്ങി എല്ലാം ഭാഷയില്‍ കേന്ദ്രീകൃതമാണ്, ആത്മാവില്‍ കേന്ദ്രീകൃതമാണ്, സ്വത്വത്തില്‍ അധിഷ്ഠിതമാണ്. അങ്ങെനയാണ് ആത്മവിശ്വാസം, ആത്മാഭിമാനം തുടങ്ങിയ പദങ്ങളുണ്ടായത്. സ്വത്വം നഷ്ടപ്പെടുമ്പോഴാണ് സത്തുപോയി (ചത്തുപോയി) എന്നു പറയുന്നത്.
സ്വന്തം സ്വത്വം മറ്റൊരു ഭാഷയ്ക്കു വിധേയപ്പെടുമ്പോള്‍ മനുഷ്യന്‍ വിധേയനാകുന്നു. സ്വന്തം ആത്മാവും സ്വത്വവും വ്യക്തിത്വവും എല്ലാം നഷ്ടപ്പെട്ട ഭ്രാന്തിനെക്കാളും അടിമ എന്ന അവസ്ഥയില്‍ ജീവിക്കുന്നു.
അടിമത്തം വിധേയത്വം
അടിമത്തം ശാരീരികമാണ്. താന്‍ അടിമയാണെന്നും സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്നും അടിമയ്ക്ക് അറിയാം.
എന്നാല്‍, വിധേയത്വം അങ്ങനെയല്ല. വിധേയവ്യക്തിക്ക് താന്‍ വിധേയനാണെന്ന തിരിച്ചറിവില്ല. ആ വ്യക്തി വിധേയത്വത്തില്‍ ജനിക്കുന്നു, വിധേയനായി ജീവിക്കുന്നു, വിധേയത്വത്തില്‍ മരിക്കുന്നു.
ഒരു സമൂഹം മുഴുവന്‍ ഇപ്രകാരമാകുമ്പോള്‍ സമൂഹം ഒന്നടങ്കം നശിക്കുന്നു. അവിടെ നിരീശ്വരവാദം പ്രബലമാകും. അധമന്‍മാര്‍ ഭരണാധികാരികളാകും. ഭരണാധികാരികള്‍തന്നെ തിന്മയെ മഹത്ത്വവത്കരിക്കും. നിരീശ്വരവാദം പ്രാമുഖ്യം നേടും. അനേകം നാളുകളിലെ പ്രയത്‌നംകൊണ്ടു നേടിയെടുത്ത വിദ്യാഭ്യാസവും അറിവും സ്ഥാപനങ്ങളും നശിപ്പിക്കും അല്ലെങ്കില്‍ ജനത അവ ഉപേക്ഷിച്ചുപോകും.
ലോകപ്രശസ്ത ചിന്തകനായ മാക്‌സ് മുള്ളര്‍ എഴുതി; ഇന്ത്യ രണ്ടു പ്രാവശ്യം കീഴടക്കപ്പെടും. ആദ്യം ഭൗതികമായി, പിന്നീട് ഭാഷാപരമായി. ഇപ്പോള്‍ ഭാഷാപരമായ കീഴടങ്ങലിലൂടെയാണ് നമ്മുടെ യുവത്വം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷും ഇംഗ്ലീഷ് വിദ്യാഭ്യാസവും മികച്ചതാണെന്നു നമ്മുടെ ഭരണാധികാരികള്‍വരെ നമ്മെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.
സമൂഹത്തിനു മാതൃകയാകേണ്ടവര്‍ തങ്ങളുടെ കുട്ടികളെ വിദേശരാജ്യങ്ങളില്‍ പഠിക്കാന്‍ അയച്ച് തെറ്റായ മാതൃക നല്‍കുന്നു. അവരെ അന്ധമായി അനുകരിച്ച് ജനങ്ങള്‍ മുഴുവന്‍ നശിക്കുന്നു.
ആര്‍നോള്‍ഡ് ടോയിന്‍ബിയും 23 പ്രാചീന സംസ്‌കാരങ്ങളും
പൗരാണികകാലത്തെ പ്രശസ്തങ്ങളായ സുമേറിയന്‍, ബാബിലോണിയന്‍, ഈജിപ്ഷ്യന്‍, മിനോമന്‍ തുടങ്ങി 23 വ്യത്യസ്ത സംസ്‌കാരങ്ങള്‍ നശിക്കാനിടയായ കാരണങ്ങള്‍ പഠിച്ച ആര്‍നോള്‍ഡ് ടോയിന്‍ബി എന്ന ചരിത്രഗവേഷകന്റെ കണ്ടെത്തല്‍ പ്രകാരം ഒരു സംസ്‌കാരം നശിക്കുന്നതിന്റെ ആദ്യലക്ഷണം അതിന്റെ ഭാഷ നശിക്കുക എന്നുള്ളതാണ്.
പൗലോ ഫ്രയറിന്റെ നിരീക്ഷണങ്ങള്‍
വിധേയത്വത്തിനു വിധേയമായ സമൂഹത്തെ ആഴത്തില്‍ പഠിച്ച പൗലോ ഫ്രയര്‍ ഇങ്ങനെ എഴുതി: ''ഭാഷാപരമായ കൊളോണിയലിസത്തിന് അടിമപ്പെട്ട മനുഷ്യന്‍ തന്റെ മജ്ജയില്‍ സമന്വയിച്ചിരിക്കുന്ന അക്രമാസക്തിയെ ആദ്യം സ്വന്തം ജനങ്ങള്‍ക്കെതിരെയാണ് പ്രയോഗിക്കുക. തന്റെ ഏറ്റവുമടുത്ത ആളില്‍നിന്നുപോലുമുള്ള സാധാരണമല്ലാത്ത ഒരു നോട്ടത്തെപ്പോലും കത്തിയെടുത്താണ് അവര്‍ നേരിടുക. ആഫ്രിക്കയിലെ ഗോത്രവര്‍ഗങ്ങള്‍ പരസ്പരം തല്ലുകൂടുകയും നിരന്തരം അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിന്റെ കാരണം അവര്‍ക്കു ഭാഷാപരമായുള്ള സ്വത്വം നഷ്ടപ്പെട്ടു എന്നുള്ളതാണ്. പൊലീസുകാര്‍ക്കു ദിവസം മുഴുവന്‍ അവരെ തല്ലിച്ചതയ്ക്കാനും ചീത്തവിളിക്കാനും വലിച്ചിഴയ്ക്കാനുമൊക്കെ അധികാരം ഉണ്ടെങ്കിലും, അവര്‍ അതൊക്കെ ധാരാളമായി പ്രയോഗിക്കുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങളുടെ അനന്തമായ തിരമാലകള്‍ക്കു മുമ്പില്‍ നിയമപാലകരും നീതിന്യായസംവിധാനങ്ങളും പകച്ചു നില്ക്കുന്നതാണ് നമുക്കു കാണാനാവുക.
അദ്ദേഹം തുടരുന്നു: മര്‍ദ്ദകന്‍ അടിച്ചേല്പിക്കുന്ന അഭിപ്രായങ്ങളുടെ ആന്തരീകരണത്തിലൂടെയാണ് ഇതു സംഭവിക്കുന്നത്. തങ്ങള്‍ കഴിവില്ലാത്തവരാണെന്നും ക്രിയാത്മകത ഇല്ലാത്തവരാണെന്നും, മടിയന്മാരും മടയന്മാരുമാണെന്നും നിരന്തരം പറയുകയും കേള്‍ക്കുകകയും ചെയ്ത് അവര്‍ എല്ലാവരും അങ്ങനെതന്നെയായിത്തീരുന്നു. ആരെങ്കിലും വ്യത്യസ്തമായി പറഞ്ഞാല്‍ എല്ലാവരുംകൂടി അവനെ വാക്കുകള്‍ക്കൊണ്ടു വധിക്കുന്നു.
രാജീവ് അഞ്ചലിന്റെ 'ഗുരു' സിനിമയിലേതുപോലെ എല്ലാവരും ഇംഗ്ലീഷ് ഇമാമപ്പഴം കഴിച്ച് കാഴ്ചശക്തിയില്ലാത്തവരാകുന്നു. ഇതു കഴിക്കാത്തവര്‍ സ്വന്തം സ്വത്വത്തെ നഷ്ടപ്പെടുത്തി പുറമേയ്ക്ക് ഭ്രാന്താണെന്നു തോന്നിപ്പിക്കാതെ മയക്കുമരുന്ന്, മദ്യം, രാഷ്ട്രീയം, മതം തുടങ്ങിയ ലഹരിക്ക് അടിമപ്പെട്ടു ജീവിക്കുന്നു.
ലേഖകന്‍ സ്‌കൂളില്‍ ഒന്നാംക്ലാസില്‍ പോകുന്നതിനുമുമ്പുതന്നെ അമ്മ മലയാള അക്ഷരങ്ങള്‍ മണലില്‍ എഴുതിച്ചു പഠിപ്പിച്ചിരുന്നു. ഇപ്രകാരം ലഭ്യമായ ആത്മവിശ്വാസത്തിന്റെ തണലിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പതറിപ്പോയപ്പോഴൊക്കെ ആത്മവിശ്വാസം തുണയായിനിന്നു. അങ്ങനെയാണ് പ്രീഡിഗ്രിവരെ മാത്രം മലയാളം ഔപചാരികമായി പഠിച്ച ഈയുള്ളവന്‍ 'മലയാളം ലോകഭാഷകളുടെ അമ്മ' എന്നൊരു പുസ്തകം എഴുതാന്‍ സാഹചര്യമുണ്ടായത്. ഭൂമിയില്‍ മറ്റു ഭാഷകള്‍ക്ക് സങ്കല്പിക്കാന്‍പോലും സാധിക്കാത്ത പതിനഞ്ച് അദ്ഭുത സവിശേഷതകള്‍ വിവരിക്കുന്നതാണ് പുസ്തകം. എന്താണെങ്കിലും മലയാളഭാഷാപഠനത്തിന്റെ അനിവാര്യതയായ അക്ഷരപഠനം കുട്ടികളുടെ ആത്മവിശ്വാസത്തെ ആഴത്തില്‍ സ്വാധീനിക്കും എന്നതില്‍ രണ്ടുപക്ഷമില്ലതന്നെ.