തിരുവനന്തപുരം: ദളിത് ക്രൈസ്തവര്‍ക്കു പതിറ്റാണ്ടുകളായി നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരമാണു നടത്തുന്നതെന്നും അവരോട് സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന അനീതി അവസാനിപ്പിക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ അഭിപ്രായപ്പെട്ടു. ദളിത്‌ക്രൈസ്തവ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്. അധികാരികളുടെ ഭാഗത്തുനിന്നു നീതി ലഭിക്കാനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഈ മാര്‍ച്ച്. ദളിത്‌ക്രൈസ്തവര്‍ക്കു ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ ലഭ്യമാക്കണമെന്നും ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.
പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിനു മുന്നില്‍നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. ദളിത്‌ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും ദളിത്‌ക്രൈസ്തവരുടെ വിഷയങ്ങളില്‍ കോണ്‍ഗ്രസ് എപ്പോഴും അനുകൂലനിലപാടു സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ്, കമ്യൂണിറ്റിക്വാട്ടയില്‍ പ്രവേശനം നേടുന്ന ദളിത്‌ക്രൈസ്തവവിദ്യാര്‍ഥികള്‍ക്ക് 1957 മുതല്‍ ലഭിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസാനുകൂല്യങ്ങള്‍ പിന്നാക്കവിഭാഗ വികസനവകുപ്പ് നിഷേധിച്ചതു പിന്‍വലിക്കുക, ദളിത്‌ക്രൈസ്തവരുടെ ഭരണഘടനാപരിരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക പ്രമേയം പാസാക്കി കേന്ദ്രസര്‍ക്കാരിനു നല്കുക, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സെക്രട്ടേറിയറ്റ് മാര്‍ച്ച്.
ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം മുഖ്യപ്രഭാഷണം നടത്തി.ഡി.സി.എം.എസ്. സംസ്ഥാന ഡയറക്ടറും ദളിത് ക്രൈസ്തവസമരസമിതി രക്ഷാധികാരിയുമായ ഫാ. ജോസ് വടക്കേക്കുറ്റ്‌സ്വാഗതം ആശംസിച്ചു.
ഡിസിഎംഎസ് മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍, കെ.എല്‍. സി.ഡി.സി. സി.സി.സ.ി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍, കെ.എല്‍.സി.എ. സംസ്ഥാന സെക്രട്ടറി ബിജു ജോസി, ദളിത്‌ക്രൈസ്തവ സമരസമിതി ചെയര്‍മാന്‍ ജെയിംസ് ഇലവുങ്കല്‍, കണ്‍വീനര്‍ ഷിബു ജോസഫ്, കോ-ഓര്‍ഡിനേറ്റര്‍ സണ്ണി കാഞ്ഞിരം, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയംഗം ജേക്കബ് നിക്കോളാസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.