•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അവര്‍ അവശേഷിപ്പുകളല്ല തിരുശേഷിപ്പുകളാണ്

ലോകജനത ഇന്നു കൊറോണഭീതിയിലാണ്. ചില പ്രദേശങ്ങളില്‍ പ്രകൃതിക്ഷോഭങ്ങള്‍. ആളുകള്‍ ആശങ്കയിലാണ് കഴിയുന്നത്. ഇതു കൂടുതലായി ബാധിച്ചിരിക്കുന്നത് നമ്മുടെ വന്ദ്യവയോധികരെയാണ്. എല്ലാ രംഗങ്ങളിലും സാമൂഹികബന്ധം അവര്‍ക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. മനസ്സിനും ആത്മാവിനും പോഷണം നല്‍കുന്ന ഉപാധികള്‍ ഇല്ലാതായി. തീര്‍ത്തും ഒറ്റപ്പെട്ട അനുഭവം.
ചെറുപ്പകാലത്ത് സ്‌കൂളില്‍ പോകുമ്പോള്‍ വഴിയരികിലുള്ള ചെറിയ ചായക്കടയില്‍ നല്ല തിരക്കു കാണാറുണ്ട്. എന്തെന്നല്ലേ, അവിടുത്തെ ചായയ്ക്ക് നല്ല രുചിയുണ്ട്. പഴയ ആ അരിപ്പയ്ക്ക് ജനങ്ങളെ ഇത്രമാത്രം തൃപ്തിപ്പെടുത്താമെങ്കില്‍, കുടുംബങ്ങളില്‍ വന്ദ്യവയോധികരുടെ സംഭാവന എത്രയോ ശ്രേഷ്ഠമാണ്! അനേകവര്‍ഷത്തെ അനുഭവസമ്പത്തുകൊണ്ട് ഫലംചൂടിനില്‍ക്കുന്ന പടുകൂറ്റന്‍ വൃക്ഷങ്ങളാണ് നമ്മുടെ വന്ദ്യരായ വൃദ്ധമാതാപിതാക്കള്‍. ഒരായുസ്സുമുഴുവന്‍ കുടുംബത്തിനും മക്കള്‍ക്കും സമൂഹത്തിനുംവേണ്ടി ചോര നീരാക്കിയവര്‍. ''വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും. അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്ക്കും'' (സങ്കീ. 92:14).
''പിതാവിനെ വാര്‍ദ്ധക്യത്തില്‍ സഹായിക്കുക, മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്'' (പ്രഭാ.3:12). നമ്മുടെയിടയില്‍ നല്ലൊരു ശതമാനം ആളുകളും പ്രായമായവരെ പരിഗണിക്കുന്നവരാണ്. എങ്കിലും വളരെക്കുറച്ച് ആളുകളിലെങ്കിലും ഈ വചനം ജീവിച്ചു കാണുന്നില്ല. നമ്മുടെ വൃദ്ധമാതാപിതാക്കള്‍ അവശേഷിപ്പുകളല്ല, തിരുശേഷിപ്പുകളാണ്. പ്രായമാകുമ്പോള്‍ ഓര്‍മ്മക്കുറവ്, കാഴ്ചക്കുറവ്, കേള്‍വിക്കുറവ് തുടങ്ങിയ ശാരീരികബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഇവരെ ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കണമെന്ന് വചനം പറയുന്നു: ''നിനക്കു ജന്മം നല്‍കിയ പിതാവിനെ അനുസരിക്കുക, വൃദ്ധയായ അമ്മയെ നിന്ദിക്കരുത്'' (സുഭാ. 23:22). ''നിങ്ങള്‍ക്കു നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം വസിക്കുന്നതിനുംവേണ്ടി പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. വാഗ്ദാനത്തോടുകൂടിയ ആദ്യത്തെ കല്പന ഇതത്രേ'' (എഫേ. 6:23). ''ഞാന്‍ നിന്നോട് അഭ്യര്‍ത്ഥിക്കുന്നു: കടന്നുപോയ തലമുറകളോട് ആരായുക. പിതാക്കന്മാരുടെ അനുഭവങ്ങള്‍ പരിഗണിക്കുക, ഇന്നലെ പിറന്ന നമുക്ക് ഒന്നും അറിഞ്ഞുകൂടാ. ഭൂമിയിലെ നമ്മുടെ ജീവിതം നിഴല്‍പോലെ മാഞ്ഞുപോകുന്നു. അവര്‍ നിന്നെ പഠിപ്പിക്കും. വിജ്ഞാനവചസ്സുകള്‍ നിനക്ക് ഉപദേശിച്ചുതരും'' (ജോബ് 8:8-10).
മൂല്യങ്ങളാണ് കുടുംബത്തിന്റെ മൂലധനം. കഴിഞ്ഞ കാലങ്ങളില്‍ നമ്മുടെ കുടുംബങ്ങളിലുണ്ടായിരുന്ന നല്ല ശീലങ്ങള്‍ കൈമോശം വന്നുപോയിരിക്കുന്നു. തിരുവചനം പറയുന്നു: ''പ്രായം ചെന്ന് നരച്ചവരുടെ മുമ്പില്‍ ആദരപൂര്‍വ്വം എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയും വേണം'' (ലേവ്യ 19:32). എഴുപതു ജന്മം ഞാന്‍ എന്റെ അമ്മയുടെ കാല്‍ കഴുകിയാലും അമ്മ എന്നെ ഒരു നിമിഷം നോക്കിയതിനു പകരമാവുകയില്ല എന്നാണ് ശങ്കരാചാര്യര്‍ പറഞ്ഞത്. 
ഞാന്‍ കൊടുത്തത് എനിക്കുണ്ടായിരുന്നതാണ്. ഞാന്‍ ചെലവാക്കിയത് എനിക്കുണ്ടായിരുന്നതാണ്. നമുക്കുള്ള വിദ്യാഭ്യാസത്തിനും പണത്തിനും തരാന്‍ കഴിയാത്ത പലതും - പ്രാര്‍ത്ഥനയുടെ ബാലപാഠങ്ങള്‍, കഠിനാധ്വാനത്തിന്റെ ഫലം, പങ്കുവയ്ക്കലിന്റെ മഹത്ത്വം, കാരുണ്യത്തിന്റെ തലോടല്‍ - വരുംതലമുറയ്ക്കു പകരുവാന്‍ വന്ദ്യരായ വൃദ്ധമാതാപിതാക്കള്‍ക്കു തീര്‍ച്ചയായും കഴിയും.
അവസാനമായി ഓര്‍ക്കുക: 'പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കള്‍ സന്തോഷിപ്പിക്കും' (പ്രഭാ. 3:5). മാതാപിതാക്കളുടെ പ്രവൃത്തിയാണ് സംസാരത്തെക്കാള്‍ മക്കളെ പ്രചോദിപ്പിക്കുന്നത്. നാം കാണിക്കുന്ന മാതൃക കണ്ട് വരുംതലമുറ നമ്മെ സ്‌നേഹിക്കുന്നതിനു നിമിത്തമാകട്ടെ. മാതാപിതാക്കളുടെ അനുഗ്രഹമാണ് കുടുംബത്തിന്റെ ഐശ്വര്യം. അവരുടെ പ്രാര്‍ത്ഥനയാണ് നമ്മുടെ ബലം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)