മലയാളിയുടെ ഹൃദയം കീഴടക്കിയ, പ്രിയ കഥാകാരി പി. വത്സല തന്റെ 85-ാം വയസ്സില്‍ അരങ്ങൊഴിഞ്ഞു. നവംബര്‍ 21 ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകളുടെ വീട്ടിലായിരുന്നു അവസാനദിവസങ്ങള്‍.
രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമ ഇറങ്ങിയ കാലം. നൂറു ദിവസത്തിലധികം ഓടിയ സിനിമ വന്‍വിജയമായിരുന്നു.
സി.എം.എസ്. കോളജില്‍ ഞാന്‍ പഠിക്കുമ്പോഴാണ് നെല്ല് പ്രദര്‍ശനത്തിനെത്തുന്നത്. നെല്ലിലെ കുറുമാട്ടി എന്ന കഥാപാത്രം കോളജുവിദ്യാര്‍ഥികള്‍ക്കിടയില്‍ സംസാരവിഷയമായി. കുറുമാട്ടിയുടെ ശരീരഘടനയുള്ള എന്റെ ഒരു കൂട്ടുകാരിയെ കുറുമാട്ടി എന്നു വിളിച്ചു കളിയാക്കിക്കൊണ്ട് കുട്ടികള്‍ പിറകേ നടക്കുമായിരുന്നു. അങ്ങനെയാണ് പി. വത്സല എന്ന എഴുത്തുകാരിയെപ്പറ്റി അറിയാനിടയായതും നെല്ല് എന്ന നോവല്‍ വായിക്കാന്‍ കാരണമായതും. അതിലെ മാരയും മല്ലനും കുറുമാട്ടിയുമെല്ലാം അന്നേ ഹൃദയത്തില്‍ പതിഞ്ഞതാണ്.
പിന്നീടൊരിക്കല്‍ മാതൃഭൂമി ഗൃഹലക്ഷ്മി വേദിയുടെ തൃശൂര്‍ 'കില'യില്‍ നടന്ന ഒരു ക്യാമ്പില്‍ വച്ചാണ് പി. വത്സലയെ പരിചയപ്പെടാനിടയായത്. വയനാട് തിരുനെല്ലിയിലെ ആദിവാസികളുടെ ജീവിതരീതികള്‍ നേരിട്ടു കണ്ട അവര്‍ ആ അനുഭവങ്ങളൊക്കെ ഞങ്ങളോടു പങ്കുവച്ചു. നോവലിലെ ഭാവാത്മകത പൂര്‍ണമായും ഒപ്പിയെടുക്കാന്‍ സിനിമയ്ക്കു കഴിഞ്ഞിട്ടില്ലെന്ന് അവര്‍ പറഞ്ഞു. മേലാളന്മാരുടെ ചെയ്തികളില്‍ അടിയാളന്മാരുടെ സ്വപ്നങ്ങളും വിചാരങ്ങളും എങ്ങനെ തകര്‍ന്നടിയുന്നുവെന്നത് മല്ലന്‍ - മാര പ്രണയജോഡികളുടെ ജീവിതത്തോല്‍വിയില്‍നിന്നു മനസ്സിലാക്കാം. അവിടത്തെ ആദിവാസികളുടെ ജീവിതരീതികളും അന്ധവിശ്വാസങ്ങളും കുടിയേറ്റക്കാരുടെ ചൂഷണങ്ങളുമെല്ലാം വികാരതീവ്രമായി വിവരിച്ച ഒരു നോവല്‍. തിരുനെല്ലിയിലെ മനോഹരമായ ഗ്രാമീണകാഴ്ചകളും മനസ്സിനു സുഖം തരുന്നു.
1938 ഏപ്രില്‍ നാലിന് കോഴിക്കോട് മാലാപറമ്പില്‍ ജനനം. കാനങ്ങോട്ടു ചന്തുവും പത്മാവതിയുമാണ് മാതാപിതാക്കള്‍. ഭര്‍ത്താവ് മുരളി എം. അപ്പുക്കുട്ടി. മക്കള്‍ ഡോ. എം.എ. മിനി, എം.എ. അരുണ്‍. കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍ പഠിച്ച അവര്‍ കൊടുവള്ളി ഹൈസ്‌കൂളില്‍ 32 വര്‍ഷം അധ്യാപികയായശേഷം 1993 ല്‍ വിരമിച്ചു.
വളരെ ചെറുപ്പത്തില്‍ത്തന്നെ കഥകളും കവിതകളും എഴുതിയിരുന്നു. വത്സലയുടെ രണ്ടാമത്തെ നോവലായ നെല്ല് ആണ് കഥാകാരിയെ പ്രശസ്തയാക്കിയത്. അഞ്ചുകൊല്ലം പുസ്തകനിരൂപണം എഴുതിയശേഷമാണ് കഥകളും നോവലുകളും എഴുതാന്‍ തുടങ്ങിയത്. പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ ആവശ്യപ്രകാരമാണ് 'തകര്‍ച്ച' എന്ന ആദ്യനോവല്‍ അധ്യായങ്ങളായി എഴുതാന്‍ തുടങ്ങിയത്. നിഴലുറങ്ങുന്ന വഴികള്‍ കേരളസാഹിത്യഅക്കാദമിയുടെ അവാര്‍ഡു നേടിക്കൊടുത്തു. 14 കഥകള്‍ അടങ്ങുന്ന് കഥാസമാഹാരമാണ് 'പ്രിയപ്പെട്ട കഥകള്‍.' എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള കഥാകാരിയുടെ മറ്റു പ്രധാനകൃതികള്‍ ആഗ്നേയം, വിലാപം, പാളയം, വേനല്‍, ഗൗതമന്‍, ചാവേര്‍, മേല്‍പ്പാലം, കാലാള്‍, തൃഷ്ണയുടെ പൂക്കള്‍, മൈഥിലിയുടെ മകള്‍ എന്നിവയാണ്.
എഴുത്തച്ഛന്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കഥാകാരി ഇന്നത്തെ തലമുറയോടു പറഞ്ഞത്, എഴുത്തും വായനയും ഒരുമിച്ചു കൊണ്ടുപോകണമെന്നാണ്. വയനാടിന്റെ പ്രകൃതിരമണീയതയും വയലേലകളും അവിടത്തെ വിശുദ്ധിനിറഞ്ഞ മനസ്സുള്ള ഗ്രാമീണരും കഥാകാരിയില്‍ വല്ലാതെ സ്വാധീനം ചെലുത്തിയിരുന്നു. കാട്ടുപന്നികളെ പ്രതിരോധിക്കാന്‍ ഉറക്കമിളയ്ക്കുന്ന ഗൃഹനാഥനും അടുക്കളയിലെ തീവെളിച്ചത്തില്‍ ജീവിതം ഹോമിക്കുന്ന വീട്ടമ്മയുമെല്ലാം വത്സലയുടെ കഥകളിലെ കഥാപാത്രങ്ങളാണ്. പ്രകൃതിയോടു മനുഷ്യന്‍ കാട്ടുന്ന ക്രൂരതകള്‍, സ്ത്രീജീവിതങ്ങളുടെ ഒറ്റപ്പെടല്‍ എന്നിവയൊക്കെയും അവര്‍ വരച്ചുകാട്ടുന്നു.
ഒരു വലിയ കൂട്ടുകുടുംബത്തില്‍ ജനിച്ച പി. വത്സല ദാരിദ്ര്യം അനുഭവിച്ചിട്ടില്ലെങ്കിലും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അത് അവരുടെ എഴുത്തുവഴികളില്‍ സാമൂഹികാനുഭവം നിറച്ചു. രാമായണവായന എഴുത്തില്‍ തന്നെ ഒരുപാടു സഹായിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ഒരു കുടുംബിനിയും അധ്യാപികയുമായിരുന്ന വത്സല എന്ന സ്ത്രീക്ക് എഴുത്ത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, അതിനുള്ള സമയം ചിട്ടപ്പെടുത്തി അവര്‍ കണ്ടെടുത്തു.