മനസ്സിനു സുഖവും സന്തോഷവും പഥ്യമാകുന്നതിനുള്ള രഹസ്യം നമ്മളില്‍ മിക്കവര്‍ക്കും അറിയാം. എന്നാല്‍, അതു പ്രയോഗിക്കാനും നടപ്പാക്കാനും എല്ലാവരും മുതിരുന്നില്ല എന്നതാണു സത്യം. സ്വാര്‍ഥലേശമില്ലാത്ത ചില പ്രവര്‍ത്തനങ്ങള്‍ സന്മനസ്സോടെ നമ്മള്‍ നടത്തുമ്പോള്‍ അതിനു ലഭിക്കുന്ന പ്രതിഫലവും സംതൃപ്തിയും അദ്ഭുതാവഹമായിരിക്കും. അങ്ങനെയുള്ള ഒരദ്ഭുതത്തിന്റെ കഥയാണിത്.
കത്തീഡ്രല്‍ സിമിത്തേരിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അടക്കം ചെയ്ത തന്റെ മകന്റെ ശവകുടീരം സന്ദര്‍ശിക്കാനും നേരിട്ടു പൂക്കളര്‍പ്പിക്കാനുമായി, ഏതാണ്ട് എഴുപതിലെത്തിയ ഒരു വൃദ്ധ - മിസ്സിസ് എമിലി - കാറിലെത്തി. ഇപ്പോള്‍ താമസിക്കുന്ന ദൂരെയുള്ള സിറ്റിയില്‍ നിന്നാണു വരുന്നത്. രോഗിണിയും അവശയുമായ അവര്‍ ഡ്രൈവറെയും കൂട്ടിയാണ് എത്തിയത്. പലതരം പൂക്കളുടെ ഒരു കെട്ടുണ്ട് കൈയില്‍.
ആ പള്ളിയിലെ പ്രധാന ക്ലാര്‍ക്കിനു കുറച്ചുകാലമായി ആ വൃദ്ധ മാസംതോറും ഒരു നിശ്ചിത സംഖ്യ അയച്ചുകൊടുക്കുന്നുണ്ട്. അതുപയോഗിച്ചു തന്റെ മകന്റെ ശവകുടീരത്തില്‍ എന്നും പൂക്കള്‍ അര്‍പ്പിക്കാനാണു നിര്‍ദേശം. ക്ലാര്‍ക്കിനെ കാണണമെന്ന ആവശ്യവുമായി വൃദ്ധ ഡ്രൈവറെ പറഞ്ഞയച്ചു.
''മിസ്സിസ് എമിലി മാഡം വന്നിട്ടുണ്ട്. അവര്‍ കാറിലിരിക്കയാണ്. രോഗംമൂലം നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. നിങ്ങളെ കാണണമെന്നുണ്ട്.''
ക്ലാര്‍ക്ക് വേഗം കാറിനടുത്തേക്കു വന്നു. വൃദ്ധ വളരെ ഗൗരവഭാവത്തിലാണിരിക്കുന്നത്. മുഖം തെല്ലും പ്രസന്നമല്ല. ക്ലാര്‍ക്കിനെ കണ്ടയുടനെ പറഞ്ഞു: ''ഞാന്‍ അകലെനിന്ന് ഇങ്ങനെ വരുമെന്നു വിചാരിച്ചില്ല അല്ലേ? ഞാന്‍ മാസംതോറും പണമയച്ചിരുന്നു.''
''പൂക്കള്‍ക്കുവേണ്ടി'' ക്ലാര്‍ക്കു പറഞ്ഞു.
''അതേ. എന്റെ മകന്റെ കല്ലറയില്‍ അര്‍പ്പിക്കാന്‍.''
''ഞാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്.''
''നിങ്ങള്‍ കള്ളം പറയുന്നു. ശവകുടീരത്തില്‍ ഒറ്റപ്പൂക്കളും കണ്ടില്ല. '' രൂക്ഷമായിരുന്നു ആ മുഖം. ക്ലാര്‍ക്കിന്റെ മുഖം മങ്ങി.
''എന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണെന്നറിയാമോ? രോഗം മൂലം അവശയായ എന്നെ പരിശോധിച്ചിട്ടു ഡോക്ടര്‍ പറഞ്ഞത്, എനിക്ക് ആയുസ്സ് അധികമില്ല, കൂടിയാല്‍ രണ്ടോ മൂന്നോ മാസം എന്ന്. എന്റെ ഒരു വരവ് ഇനിയുണ്ടാവില്ല. അവസാനമായി നേരിട്ടുവന്ന മോന്റെ ശവകുടീരത്തില്‍... അതിനാണ് ഞാനീ പൂക്കളുമായെത്തിയത്.''
(നിമിഷനേരത്തെ മൗനത്തിനു ശേഷം തുടര്‍ന്നു.)
''നിങ്ങള്‍ സത്യസന്ധനും വിശ്വസ്തനുമാണെന്നാണ് ഞാന്‍ ധരിച്ചത്.''
ക്ലാര്‍ക്കു നേരിയ കുറ്റബോധത്തോടെ പറഞ്ഞു:
''മാഡം പറയുന്നതു ശരിയാണ്...''
''കണ്ട സത്യം!''
ക്ലാര്‍ക്കു ശാന്തസ്വരത്തില്‍ പറഞ്ഞു: ''ഞാന്‍ പറയുന്നതു സാവകാശം ഒന്നു കേള്‍ക്കാമോ? പൂക്കള്‍ ശവകുടീരത്തില്‍ വയ്ക്കുന്നത് എന്തിനാണ് മാഡം?''
''മകന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍.''
''അതിനു മനസ്സുരുകി പ്രാര്‍ഥിച്ചാല്‍ പോരെ? ഈ പൂക്കള്‍ വയ്ക്കുന്നതു മകന്‍ കാണുന്നില്ല. ഇതിന്റെ ഭംഗിയും പരിമളവും മകന്‍ ആസ്വദിക്കുന്നില്ല. മണിക്കൂറുകള്‍ക്കകം അവ വെയിലേറ്റു വാടിക്കരിയുന്നു. അതുകൊണ്ട് ഇതൊരു പാഴ്‌വേലയായി എനിക്കുതോന്നി.''
''നിങ്ങള്‍ ഈ പറയുന്നതെന്താണെന്നു ചിന്തിക്കുന്നുണ്ടോ?'' മാഡത്തിന്റെ പരുഷസ്വരം.
''മാഡം ദേഷ്യപ്പെടരുത്. പൂക്കള്‍ കാണുമ്പോള്‍ സന്തോഷിക്കുകയും കിട്ടിക്കഴിയുമ്പോള്‍ വാസനിച്ചു നോക്കുകയും ചെയ്യുന്ന പലരുമുണ്ട്. മനസ്സിന് കുളിര്‍മ്മ തരുന്ന ഒരു കാഴ്ചയാണത്. ആസ്പത്രിയിലെ കുട്ടികളുടെ വാര്‍ഡുകളില്‍, മന്ദബുദ്ധികള്‍ താമസിക്കുന്ന കേന്ദ്രത്തില്‍ ഞാന്‍ പതിവായി സന്ദര്‍ശനം നടത്തും. അവര്‍ക്കു പുതിയ പൂക്കള്‍ സമ്മാനിക്കും. ഈ നേരത്ത് അവരുടെ കണ്ണുകളിലെ തിളക്കം കാണണം. അതുപോലെ കിടക്കുന്ന അവശരായ ചില രോഗികള്‍ക്കും കൊടുക്കും. ആ നേരത്ത് അവര്‍ക്ക് എന്തുമാത്രം സന്തോഷവും ഉണര്‍വുമാണ്. ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിച്ചാല്‍ ഇതു കിട്ടുമോ? ഞാന്‍ സമയം കണ്ടെത്തി, പൂക്കള്‍ വാങ്ങി നിത്യവും വിതരണം ചെയ്യുന്നു. ഈ സേവനം ഈ സല്‍കര്‍മം. അതു മാഡത്തിന്റെ മകനു വേണ്ടിയാണ്. മറുലോകത്തിരുന്ന് ആ മകന്‍ ഇതു കാണും. അതല്ലേ മാഡം മകനുവേണ്ടിയുള്ള ഏറ്റവും നല്ല പ്രാര്‍ഥന.''
ഇത്രയും കേട്ടതോടെ മിസ്സിസ് എമിലിയുടെ മനസ്സ് ആര്‍ദ്രമായി. ക്ലാര്‍ക്കിനെ കുറ്റപ്പെടുത്തിയതില്‍ ഖേദം തോന്നി. പരിഭവം തീര്‍ന്ന മനസ്സോടെ ക്ലാര്‍ക്കിനോടു സോറി പറഞ്ഞ്, കൊണ്ടുവന്ന പൂക്കള്‍ മകന്റെ ശവകുടീരത്തില്‍ അര്‍പ്പിച്ച് അവര്‍ തിരിച്ചുപോയി.
ഏതാനും മാസങ്ങള്‍ക്കുശേഷം മിസ്സിസ് എമിലി വീണ്ടും വന്നതു കണ്ടപ്പോള്‍ ക്ലാര്‍ക്കിന് വല്ലാത്ത അതിശയം. അന്നു രോഗിണിയും അവശയുമായി വന്ന മാഡം ഇപ്പോള്‍ രോഗവിമുക്തയായി, പൂര്‍ണ ആരോഗ്യവതിയായി തുടുത്ത കവിളും നിറഞ്ഞ പുഞ്ചിരിയും തികഞ്ഞ പ്രസരിപ്പുമായി എത്തിയിരിക്കുന്നു. മറ്റൊന്നുകൂടി ശ്രദ്ധിച്ചപ്പോള്‍ ക്ലാര്‍ക്കിന്റെ വിസ്മയം ഇരട്ടിച്ചു. ഇത്തവണ മാഡം ഡ്രൈവറെ കൂടാതെ സ്വയം കാറോടിച്ചാണ് എത്തിയിരിക്കുന്നത്. അദ്ഭുതകരമായ ഈ മാറ്റം എങ്ങനെ എന്നു ചോദിക്കുമ്പോഴേക്കും മാഡം ക്ലാര്‍ക്കിനോടു പറഞ്ഞുതുടങ്ങി:
''നിങ്ങള്‍ ചെയ്തതുപോലെ തന്നെ ഞാന്‍ നിത്യവും പൂക്കള്‍ വാങ്ങി അവിടെയുള്ള കുട്ടികളുടെ ആസ്പത്രിയിലും മറ്റിടങ്ങളിലും ചെന്നു വിതരണം ചെയ്യുന്നു. അത് അവര്‍ക്ക് ഓരോരുത്തര്‍ക്കും നിറയെ സന്തോഷം നല്‍കുന്നു. അതിലേറെ സന്തോഷം എനിക്കു ലഭിക്കുന്നു. അവരുടെ ആനന്ദവും ചിരിയും സംതൃപ്തിയും സ്‌നേഹവും എന്നില്‍ ഒരു പ്രത്യേകതരം ഊര്‍ജ്ജവും ശക്തിയും പകര്‍ന്നു. അത് എന്റെ ശരീരത്തില്‍ ഒരു തരം ഔഷധവീര്യം കുത്തിവച്ചു. ക്രമേണ എന്റെ രോഗം കുറഞ്ഞുകുറഞ്ഞു വന്നു. പൂക്കളെക്കുറിച്ച് അന്നു നിങ്ങള്‍ പറഞ്ഞതാണു ശരി. അതിന്റെ പൊരുള്‍ ഇപ്പോഴാണ് ഞാന്‍ അനുഭവിക്കുന്നത്.
''പ്രത്യേകമായ ചികിത്സയൊന്നുമില്ലാതെ ഈ രോഗശാന്തി എങ്ങനെ നേടി എന്ന് എന്റെ ഡോക്ടര്‍മാര്‍ ആശ്ചര്യപ്പെടുകയാണ്. പക്ഷേ, എനിക്ക് ആശ്ചര്യമില്ല. അതിന്റെ രഹസ്യം എനിക്കും ദൈവത്തിനുമറിയാം. അതിലേക്ക് എന്നെ നയിച്ചത് നിങ്ങളാണ്. പ്രത്യേകം നന്ദി!''
മറ്റുള്ളവര്‍ക്കു നന്മ ചെയ്യുമ്പോള്‍, സ്‌നേഹം പങ്കുവയ്ക്കുമ്പോള്‍, അവര്‍ക്കു സന്തോഷം പകരുമ്പോള്‍ അതിന്റെ ഇരട്ടി നന്മയും സ്‌നേഹവും സന്തോഷവും നമ്മളിലും വര്‍ഷിക്കപ്പെടുന്നു.