കൊച്ചി: ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ രചിച്ച ''മണിപ്പുര്‍ എഫ്ഐആര്‍'' എന്ന പുസ്തകം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. രാജ്യത്തു മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഭരണകൂട ശ്രമങ്ങള്‍ പ്രതിരോധിക്കപ്പെടേണ്ടതുണ്ടെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മണിപ്പുര്‍ കലാപത്തിന്റെ വസ്തുതകള്‍ പുറത്തുവരാതിരിക്കാന്‍ ആസൂത്രിതനീക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവുമായ രമേശ് ചെന്നിത്തല പുസ്തകത്തിന്റെ ആദ്യപ്രതി മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി.
മന്ത്രി പി. രാജീവ്, മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, എംപിമാരായ ഹൈബി ഈഡന്‍, തോമസ് ചാഴികാടന്‍, എ.എം. ആരിഫ്, എംഎല്‍എമാരായ ടി.ജെ. വിനോദ്, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ-അന്തര്‍ദേശീയ റിപ്പോര്‍ട്ടിങ്ങില്‍ മൂന്നരപ്പതിറ്റാണ്ടു നീണ്ട അനുഭവങ്ങളുള്ള ജോര്‍ജ് കള്ളിവയലില്‍ രചിച്ച പുസ്തകത്തില്‍ മണിപ്പുരിന്റെ ചരിത്രം, കലാപത്തിന്റെ പശ്ചാത്തലം, സങ്കീര്‍ണമായ സാഹചര്യങ്ങള്‍, അധികമാരും അറിയാത്ത പിന്നാമ്പുറക്കഥകള്‍, അതിക്രൂരമായ വേട്ടയ്ക്കു പ്രേരകമായ പക, അക്രമപരമ്പരകളുടെ നാള്‍വഴികള്‍, മാസങ്ങള്‍ നീണ്ട അക്രമങ്ങള്‍ക്കും പ്രതിരോധത്തിനുമുള്ള തയ്യാറെടുപ്പുകള്‍, അനേകരുടെ മരണത്തിലേക്കു നയിച്ച ഏറ്റുമുട്ടലുകളുടെ ബാക്കിപത്രം, ഭാവി വെല്ലുവിളികള്‍, സമാധാനശ്രമങ്ങള്‍ എന്നിവ സമഗ്രമായി വിവരിക്കുന്നുണ്ട്.
അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് എഐ ഇമേജില്‍ കവര്‍ പേജ് ഒരുക്കിയത് രാജേഷ് ചാലോടാണ്.