ജനജീവിതം പൊറുതിമുട്ടിയെന്ന് ഇന്നു സമ്മതിക്കാത്തവരില്ല. അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ലായെന്ന പരാതി എല്ലാ മേഖലകളില്‍നിന്നുമുയര്‍ന്നുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച്, കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്ന സാധാരണക്കാര്‍ ഉപജീവനത്തിനുവേണ്ടി പാടുപെടുകയാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെങ്കില്‍ക്കൂടി, എത്രയോ ഹതഭാഗ്യരാണ് ഈയടുത്തനാളില്‍ കൃഷിപ്പിഴയിലും കടക്കെണിയിലുംപെട്ട് ജീവന്‍ ഹോമിച്ചത്!
ഇതിന്റെ മറുവശംകൂടി നാം കാണണം. മെയ്യനങ്ങാതെ, ഓണ്‍ലൈന്‍തട്ടിപ്പുവഴിയും ജോലി ഓഫര്‍ ചെയ്തും വിവാഹവാഗ്ദാനം നല്‍കിയും മറ്റും മറ്റുള്ളവരുടെ പണവും മാനവും അപഹരിച്ചുജീവിക്കാമെന്നു കരുതുന്ന ഒരു കൂട്ടര്‍ ഇവിടെ വേറേ ഉണ്ടെന്നതാണ് അത്. സഹകരണപ്രസ്ഥാനത്തെ കട്ടുമുടിച്ചുസുഖിച്ച മാന്യന്മാരുടെ കഥ വേറേ. ഇവിടെ അധികാരികളുടെ സില്‍ബന്ധികള്‍ക്കും ഒത്താശക്കാര്‍ക്കും തലയൂരാന്‍ പഴുതുകളേറെയാണ്. ''കോരനു കഞ്ഞി കുമ്പിളില്‍ത്തന്നെ'', ''നീതിമാന്റെ കൊട്ട എന്നും വെള്ളത്തില്‍'' തുടങ്ങിയ പഴഞ്ചൊല്ലുകളില്‍ പതിരില്ല. ദീപനാളം നവംബര്‍ 23 ലക്കം മുഖലേഖനം (കണ്ണുകാണാത്ത സര്‍ക്കാര്‍; കര്‍ഷകനിലവിളി ബധിരണകര്‍ണങ്ങളില്‍) ഇതെല്ലാം ശരിവയ്ക്കുന്ന ഒന്നായിരുന്നു. സില്‍ജി ടോമിനും ദീപനാളത്തിനും അഭിനന്ദനങ്ങള്‍!
സെബാസ്റ്റ്യന്‍ ലൂക്കോസ് വൈക്കം
എല്ലാവര്‍ക്കും വേണം പെന്‍ഷന്‍
ദീപനാളം മുഖലേഖനം (നാളം 37) ''കണ്ണു കാണാത്ത സര്‍ക്കാര്‍; കര്‍ഷകനിലവിളി ബധിരകര്‍ണങ്ങളില്‍'' ആരുടെയും കണ്ണു തുറപ്പിക്കുന്നതായി. പാടത്തു പണി ചെയ്തുണ്ടാക്കിയ നെല്ലിനു വില നേരിട്ടു നല്‍കാതെ ബാങ്കുവായ്പ തരപ്പെടുത്തിക്കൊടുത്തു തിരിച്ചടവു മുടക്കുന്ന സര്‍ക്കാരിനെ എങ്ങനെ കര്‍ഷകബന്ധുവെന്നു വിളിക്കും?
ഭരണം നടത്തുന്നവരും അവരുടെ പാര്‍ശ്വവര്‍ത്തികളുംകൂടി പണം ദുര്‍വ്യയം ചെയ്ത് ഒരുവശത്ത് അര്‍മാദിക്കുമ്പോള്‍ മറുവശത്ത് സാധുക്കളായ സാധാരണക്കാര്‍ ജീവിക്കാന്‍വേണ്ടി നെട്ടോട്ടമോടുകയാണ്. ആലോചിച്ചാല്‍ നാടിന്റെ സ്ഥിതി ദയനീയംതന്നെ. പാവപ്പെട്ടവനെ ഉദ്ധരിക്കാനാണ് എല്ലാ പാര്‍ട്ടികളും ജന്മംകൊണ്ടിട്ടുള്ളത്. എന്നിട്ട് എവിടെ എന്ത് ഉദ്ധാരണം? എല്ലാവര്‍ക്കും മിനിമം പതിനായിരം രൂപയെങ്കിലും പെന്‍ഷന്‍ ലഭിക്കുന്ന ഒരു കാലം വരുമോ? നിലവിലുള്ള പെന്‍ഷന്‍ഫണ്ടുതന്നെ നീതിപൂര്‍വം വിതരണം ചെയ്താല്‍ സാധിക്കാവുന്നതേയുള്ളൂ ഈ കാര്യം.
തോമസ് ജോസഫ് കട്ടപ്പന
മാന്യതയും മര്യാദയുമുള്ളവര്‍
വലിയൊരു പിഴവു പറ്റി. രണ്ടു മൃതദേഹങ്ങള്‍ പരസ്പരം മാറിപ്പോയി, സ്ഥലം മാറി, മതം മാറി, ആചാരങ്ങള്‍ മാറി, അങ്ങനെ ഒന്നു സംസ്‌കരിച്ചുപോയി! നാട്ടിന്‍പുറത്തുകരായ മനുഷ്യര്‍! ഈ പേരില്‍ അവര്‍ പടവെട്ടിയില്ല, പോര്‍ വിളിച്ചില്ല, രാഷ്ട്രീയക്കാരെ അണിനിരത്തിയില്ല. മതവും ആചാരങ്ങളും മനസ്സിലൊതുക്കി, ഉദാത്തമായ ഒരു മാതൃക ലോകത്തിന് അവര്‍ കാഴ്ചവച്ചു, വിഷയം രമ്യമായി പരിഹരിച്ചു. സമാധാനപൂര്‍വം വലിയ വൈകാരികവിഷയം കൈകാര്യം ചെയ്തു, നാടിനു മാതൃക കാട്ടിയ കാഞ്ഞിരപ്പള്ളിക്കടുത്ത് ചെറുവള്ളി കൈലാത്തുകവല മാന്‍കുഴി വീട്ടുകാരെയും, ചോറ്റി പുത്തന്‍പറമ്പില്‍ വീട്ടുകാരെയും അനുമോദിക്കുന്നു, അഭിനന്ദിക്കുന്നു, ആദരിക്കുന്നു!
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ
അവാര്‍ഡുകള്‍ വിപുലീകരിക്കണം
കെ.സി.ബി.സി. മാധ്യമ അവാര്‍ഡുകളുടെ വാര്‍ത്തയും ഫോട്ടോയും കണ്ടു. അവാര്‍ഡുകള്‍ നാമമാത്രമായി ഒതുക്കാതെ വിപുലീകരിക്കണം. സാഹിത്യസാംസ്‌കാരികസാമ്പത്തികകലാകായികരംഗങ്ങളില്‍ ക്രൈസ്തവരായ എത്രയോ പ്രതിഭാശാലികള്‍ മികവു തെളിയിച്ചു നില്ക്കുന്നു. സാഹിത്യത്തിലാണെങ്കില്‍ നോവലിനും കഥയ്ക്കും കവിതയ്ക്കുമൊക്കെ അവാര്‍ഡു നല്കാം. അതുപോലെ അഭിനയംമാത്രമല്ലല്ലോ കല. സംഗീതം, ചിത്രമെഴുത്ത്, നൃത്തം തുടങ്ങി വേറേയുമുണ്ടല്ലോ.
കായികപ്രതിഭകളില്‍ നല്ലപങ്ക് ക്രൈസ്തവരായ മിടുക്കന്മാരും മിടുക്കികളുമാണ്. അവര്‍ക്കുംവേണ്ടേ അംഗീകാരം? അതുപോലെ ക്രൈസ്തവരായ മികച്ച സംരംഭകരെയും വ്യവസായികളെയും കഴിവുറ്റ നിയമസഭാസാമാജികരെയും സാമൂഹികപ്രവര്‍ത്തകരെയുമൊക്കെ പ്രോത്സാഹിപ്പിക്കാന്‍ നാം മടിക്കരുത്. സഭയിലെ അല്മായപങ്കാളിത്തത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന കാലമാണല്ലോ ഇത്.
വന്‍തുക കാഷ് അവാര്‍ഡു നല്കിയാണ് സംസ്ഥാനത്തെ ഒരു പ്രമുഖ പത്രസ്ഥാപനം മികച്ച കര്‍ഷകനെ ആദരിക്കുന്നത്. അധ്വാനശീലരായ അനേകം കര്‍ഷകമക്കളെ ഉള്‍ക്കൊള്ളുന്ന കേരളസഭ അതേക്കുറിച്ചും ഉണര്‍ന്നുചിന്തിക്കണം.
അഗസ്റ്റിന്‍ മാത്യു ആനയ്ക്കാംപൊയില്‍