പാലാ: സഭയും സമൂഹവും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തും പുതിയ കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ചും പാലാ രൂപതയ്ക്കു പുത്തനുണര്‍വേകി മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി. പാലായുടെ പ്രഥമ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനിയുടെ ചരമവാര്‍ഷികദിനമായ നവംബര്‍ 21 നു രാവിലെ പത്തുമണിക്ക് പാലാ അരുണാപുരം പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ച ത്രിദിന അസംബ്ലി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ക്‌നാനായ യാക്കോബായ സഭ വലിയ മെത്രാപ്പോലീത്താ കുര്യാക്കോസ് മാര്‍ സേവേറിയോസ് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ചടങ്ങില്‍, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, പാലാ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ജോസ് കെ. മാണി എം.പി., എം.എല്‍.എ. മാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, സിഞ്ചെല്ലൂസുമാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
'ക്രിസ്തീയദൗത്യവും ജീവിതവും പ്രാദേശികസഭയിലും സമൂഹത്തിലും' എന്നതാണ് മൂന്നാമത് അസംബ്ലിയുടെ വിഷയം. വിവിധ തലങ്ങളിലെ പഠനത്തിന്റെയും ചര്‍ച്ചയുടെയും ഫലമായി ഉരുത്തിരിഞ്ഞ വിലയിരുത്തലുകളും പ്രായോഗികനിര്‍ദേശങ്ങളുമടങ്ങിയ റിപ്പോര്‍ട്ട് രൂപതാകേന്ദ്രത്തില്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി നിരവധി തവണ ചര്‍ച്ചയ്ക്കു വിധേയമാക്കിയാണു വിഷയാവതരണരേഖയ്ക്കു പൂര്‍ണരൂപം നല്‍കിയത്.
മൂന്നു ദിവസങ്ങളിലായി നടന്ന അസംബ്ലിയില്‍ വിശ്വാസവും ദൈവാരാധനയും, നവമാധ്യമങ്ങളും വിശ്വാസക്കൈമാറ്റവും, ദളിത് ക്രൈസ്തവശക്തീകരണം, കുടുംബവും സ്ത്രീശക്തീകരണവും, ആനുകാലികവിശ്വാസപരിശീലനം, സാമൂഹികസാമ്പത്തികപ്രതിസന്ധികള്‍, കാര്‍ഷികമേഖലയുടെ കുതിപ്പും കിതപ്പും, യുവജനശക്തീകരണം, സമര്‍പ്പിതജീവിതത്തിന്റെ ദൗത്യവും വെല്ലുവിളികളും, കേരളക്രൈസ്തവരുടെ സാമ്പത്തികപിന്നാക്കാവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംബ്ലാനി, ഗ്രേറ്റ് ബ്രിട്ടന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, റവ. ഡോ. പോളി മണിയാട്ട്, സിസ്റ്റര്‍ മേരി ആന്‍ സി.എം.സി., ഡോ. വി.പി. ദേവസ്യാ, അഡ്വ. വി.സി. സെബാസ്റ്റ്യന്‍, ബിനോയി ജോണ്‍ അമ്പലംകട്ടയില്‍, ഡോ. അലക്‌സ് കാവുകാട്ട്, ഷേര്‍ളി ചെറിയാന്‍ മഠത്തിപ്പറമ്പില്‍, അഡ്വ. സാം സണ്ണി, സിജു കൈമാനാല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പൗരസ്ത്യകാനോന്‍നിയമപ്രകാരം, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം പ്രോട്ടോസിഞ്ചെല്ലൂസ്, സിഞ്ചെല്ലൂസുമാര്‍, രൂപത ഫിനാന്‍സ് ഓഫീസര്‍, ആലോചനാസമിതിയംഗങ്ങള്‍, ഫൊറോനാ വികാരിമാര്‍, ഓരോ ഫൊറോനയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട വൈദികര്‍, സന്ന്യാസഭവനങ്ങളില്‍ നിന്നുള്ളവര്‍, രൂപത പാസ്റ്ററല്‍ കൗണ്‍സിലില്‍ നിന്നും കൗണ്‍സിലിന്റെ പുറത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍, രൂപതാധ്യക്ഷന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വൈദികര്‍, സന്ന്യസ്തര്‍, അല്മായര്‍, അസംബ്ലിയുടെ നിരീക്ഷകരായി ക്ഷണിക്കപ്പെട്ടിട്ടുള്ള മലങ്കര കത്തോലിക്കാസഭ, അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റ്, യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ 237പേരാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്.