•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

കര്‍ത്താവിന്റെ അറിയിപ്പുകള്‍

ഡിസംബര്‍ 3
മംഗളവാര്‍ത്തക്കാലം ഒന്നാം ഞായര്‍
ഉത്പ 17:1-5, 15-19  മലാ 2:17-3:5 
ഹെബ്രാ 11:1-12    ലൂക്കാ 1:5-20

രാധനക്രമത്തിലെ ഒരു പുതിയ വത്സരത്തിലേക്ക് നാമിന്നു പ്രവേശിക്കുകയാണ്. ഇന്നത്തെ വചനവായനകളെല്ലാം വ്യത്യസ്തങ്ങളായ അറിയിപ്പുകളാണ്. ചില അറിയിപ്പുകള്‍ മംഗളകരവും മറ്റു ചിലവ ഉദ്വേഗം ജനിപ്പിക്കുന്നവയുമാണ്. അറിയിപ്പുകള്‍ക്കെല്ലാം ഒരു സന്ദേശം കൈമാറാനുണ്ട്.
ഉത്പത്തി 17:1-5, 15-19:- ഒന്നാമത്തെ വായനയില്‍, തൊണ്ണൂറ്റിയൊമ്പതു വയസ്സായ അബ്രാമിന് ദൈവം പ്രത്യക്ഷപ്പെട്ടു നല്‍കിയ അറിയിപ്പാണു വിവരിക്കുന്നത്. പുതിയ ഒരു ഉടമ്പടിയുടെ സ്ഥാപനമാണ് ഇവിടുത്തെ സന്ദേശം; ഒപ്പം, വാഗ്ദാനത്തിന്റെ ഒരു പ്രഖ്യാപനവും. ''എല്‍ ഷദ്ദായ്'' (സര്‍വശക്തനായ ദൈവം) എന്നാണ് ദൈവം തന്റെ പേര് ഇവിടെ വെളിപ്പെടുത്തുന്നത്. കര്‍ത്താവിന്റെ മുമ്പില്‍ വ്യാപരിക്കാനും കുറ്റമറ്റവനായി വര്‍ത്തിക്കാനുമാണ് ദൈവം അബ്രാമിനോടാവശ്യപ്പെടുന്നത്. അബ്രാമില്‍നിന്നു ദൈവം എന്താണു പ്രതീക്ഷിക്കുന്നതെന്നാണ് ഈ വാക്യം വ്യക്തമാക്കുന്നത്. ദൈവസ്വരത്തിനുമുമ്പിലുള്ള അബ്രാമിന്റെ ആദ്യപ്രതികരണം താണുവണങ്ങലിന്റേതാണ്. ദൈവതിരുമുമ്പിലുള്ള അബ്രാമിന്റെ സാഷ്ടാംഗപ്രണാമം ദൈവം സര്‍വശക്തനാണെന്ന വെളിപ്പെടുത്തലാണ്; അതിന്റെ അംഗീകാരവുമാണ്. ദൈവത്തോടുള്ള നിരുപാധികമായ വിധേയത്വത്തിന്റെ സൂചനയാണിത്.
വിശുദ്ധ ഗ്രന്ഥത്തില്‍ വിവരിക്കുന്ന പേരുകള്‍ക്കെല്ലാം  പ്രത്യേകം അര്‍ഥങ്ങളുണ്ട്. ഒരാളുടെ പേര് അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെയും ദൗത്യത്തിന്റെയും നിര്‍വചനമാണ്. 'അബ്രാം' എന്ന വാക്കിന്റെ അര്‍ഥം 'മഹത്ത്വീകൃതനായ പിതാവ്' എന്നാണ്. ഉടമ്പടിയുടെ  ഭാഗമായി ദൈവം അബ്രാമിനെ 'ദേശങ്ങളുടെ പിതാവ്' എന്നര്‍ഥംവരുന്ന 'അബ്രാഹം' എന്നു വിളിക്കുമ്പോള്‍ അതു പുതിയ ദൗത്യത്തിന്റെ സൂചനയാണ്. 'സാറായ്' എന്ന പേരിന് രൂപമാറ്റം വരുത്തി 'സാറാ' എന്ന പേര് അബ്രഹാമിന്റെ ഭാര്യയ്ക്കു നല്‍കുന്നത് പ്രതീകാത്മകമായിട്ടാണ് (17:15-16). ഈ  രണ്ടു പേരുകളുടെയും അര്‍ഥം 'രാജകുമാരി' എന്നുതന്നെയാണ്. കുഞ്ഞുങ്ങളില്ലാതിരുന്നതിനാല്‍ സമൂഹത്തിന്റെ മുമ്പില്‍ വെറുക്കപ്പെട്ടവളായിരുന്നവള്‍ സന്തതിയുടെ പിറവിയോടെ വളര്‍ത്തുന്നവളായി മാറി.
മലാ. 2:17-3:5 :- യഹോവയുടെ ദിനത്തെക്കുറിച്ചുള്ള മലാക്കി പ്രവാചകന്റെ അറിയിപ്പാണ് രണ്ടാമത്തെ വായനയില്‍ നാം ശ്രവിക്കുന്നത്. നീതിമാന്മാര്‍ക്കു യഹോവ സംരക്ഷണം നല്‍കുമെന്നും ദുഷ്‌കര്‍മികള്‍ക്ക് അവിടുന്നു ശിക്ഷാവിധി നല്‍കുമെന്നുമുള്ള സന്ദേശമാണിവിടെ കാണുന്നത്. ഇസ്രായേല്‍ഭവനത്തില്‍ രണ്ടു തരത്തിലുള്ള സ്വഭാവങ്ങളുള്ളവരുണ്ട്. ഒന്നാമത്തെ കൂട്ടര്‍, വാക്കുകള്‍കൊണ്ടും പ്രവൃത്തികള്‍കൊണ്ടും കര്‍ത്താവിനെ മടുപ്പിക്കുന്നവരാണ്. കര്‍ത്താവിന്റെ മുമ്പില്‍ നല്ലവരായി ചമയുന്നുണ്ടെങ്കിലും അവരുടെ പ്രവൃത്തികളെല്ലാം  തിന്മ നിറഞ്ഞവയാണ്. രണ്ടാമത്തെ കൂട്ടര്‍, നീതിയോടെ കര്‍ത്താവിന്റെമുമ്പില്‍ വ്യാപരിക്കുന്നവരും കുറ്റമറ്റവരുമാണ്.
ദുഷ്ടതയുടെയും തിന്മയുടെയും വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ജറുസലേം ദേവാലയത്തിലെ അഴിമതി നിറഞ്ഞ പുരോഹിതര്‍ക്ക് ശിക്ഷാവിധിയുടെ ദിനത്തെ അതിജീവിക്കാന്‍ കഴിയില്ലായെന്ന സന്ദേശം ഇവിടെ വ്യക്തമാക്കപ്പെടുന്നു. യഹോവയുടെ വരവ് ശുദ്ധീകരണത്തിന്റെ വരവാണ്. ജറുസലംദേവാലയത്തിലുള്ളവരെയും അവിടുത്തെ നിവാസികളെയും ഉലയിലെ അഗ്നിപോലെയും അലക്കുകാരന്റെ വസ്ത്രംപോലെയും അവിടുന്നു ശുദ്ധീകരിക്കും. വ്യഭിചാരികള്‍ക്കും ആഭിചാരക്കാര്‍ക്കും കള്ളസത്യം ചെയ്യുന്നവര്‍ക്കും, വഞ്ചിക്കുന്നവര്‍ക്കും, പീഡിപ്പിക്കുന്നവര്‍ക്കും യഹോവയെ ഭയപ്പെടാത്തവര്‍ക്കും ശിക്ഷാവിധി ഉണ്ടാകുമെന്നുള്ള അറിയിപ്പാണിത്.
ഹെബ്രാ. 11:1-12 :- പഴയനിയമവിവരണത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ 'വിശ്വാസം' പ്രകടിപ്പിച്ചവരുടെ ഉദാഹരണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് യഹൂദക്രിസ്ത്യാനികള്‍ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കണമെന്ന ഓര്‍മപ്പെടുത്തലിന്റെ (11:1-40) ആദ്യഭാഗമാണു മൂന്നാമത്തെ വായനയില്‍ നാം ശ്രവിക്കുന്നത്. വിശ്വാസത്തിന്റെ നിര്‍വചനമെന്നതിലുപരിയായി വിശ്വാസത്തിന്റെ രണ്ടു തലങ്ങളെ ആദ്യവാക്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്: പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും, കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യവും. പൂര്‍വികരുടെ ദൈവാശ്രയബോധത്തിലൂന്നിയ ജീവിതത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. കര്‍ത്താവിലുള്ള ഉറപ്പും അവിടുന്നിലുള്ള ബോധ്യവുമാണിവിടെ ഉദാഹരണങ്ങളിലൂടെ പ്രകടമാകുന്നത്. കര്‍ത്താവില്‍ വിശ്വസിക്കുന്നവരെ അവിടുന്ന് അംഗീകരിക്കുന്നു. ഈ സത്യമാണ് ഹെബ്രായലേഖകന്‍ ചരിത്രാതീതചരിത്രഭാഗത്തു നിന്ന് (ഉത്പ. 1-11) ആബേലിന്റെയും ഹെനോക്കിന്റെയും നോഹയുടെയും ഉദാഹരണങ്ങളിലൂടെയും (ഹെബ്രാ. 11:3-7) ചരിത്രഭാഗത്തുനിന്ന് (ഉത്പ. 12:1-25) അബ്രാഹത്തിന്റെയും സാറായുടെയും ഉദാഹരണങ്ങളിലൂടെയും (ഹെബ്രാ. 11:8-11) അറിയിക്കുന്നത്.
ലൂക്കാ 1:5-25:- നാലാമത്തെ വായനയില്‍ നാം ശ്രവിക്കുന്നതു സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള സന്തോഷകരമായ വാര്‍ത്തയാണ്. സഖറിയ എന്ന പുരോഹിതന്‍ അബിയായുടെ ഗണത്തില്‍പ്പെട്ടവനും അവന്റെ ഭാര്യ എലിസബത്ത്  അഹറോന്റെ പുത്രിമാരില്‍പ്പെട്ടവളുമായിരുന്നു. കുടുംബമഹിമയില്‍ സഖറിയായും എലിസബത്തും കുറവില്ലാത്തവരാണെന്ന വസ്തുതയാണ് സുവിശേഷകന്‍ ഇവിടെ നല്‍കുന്നത്. യഹൂദസമൂഹത്തില്‍ 24 പുരോഹിതഗണങ്ങളുണ്ട്. 'കര്‍ത്താവ് എന്റെ പിതാവാകുന്നു' എന്ന് അര്‍ഥം വരുന്ന അബിയ. 'അഹറോന്റെ പുത്രി' എന്ന വിവരണം എലിസബത്തിന്റെ കുടുംബപശ്ചാത്തലത്തെയും പാരമ്പര്യത്തെയും അറിയിക്കുന്നു.  ഇവര്‍ രണ്ടുപേരും ദൈവത്തിന്റെ മുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്റെ പ്രമാണങ്ങള്‍ അനുസരിക്കുന്നവരുമായിരുന്നു. ബലിയെക്കാള്‍ ശ്രേഷ്ഠമാണ് അനുസരണം         (1 സാമു. 15:22) എന്ന തിരിച്ചറിവില്‍ ജീവിച്ചവരായിരുന്നു ഈ ദമ്പതികള്‍.
ദൈവമാണ് എന്റെ ശപഥം  എന്ന് അര്‍ഥം വരുന്ന പേരോടുകൂടിയ എലിസബത്തും 'യഹോവ ഓര്‍മിക്കുന്നു' എന്ന് അര്‍ഥം വരുന്ന പേരുള്ള സഖറിയായും ധര്‍മിഷ്ഠരായിരുന്നു. രണ്ടു പ്രധാന വിശേഷണങ്ങളാണ് ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത്. (മ) അവര്‍ ദൈവതിരുമുമ്പില്‍ നീതിനിഷ്ഠരായിരുന്നു. 'നിഷ്ഠയുള്ളവന്‍, നന്മ നിറഞ്ഞവന്‍, സത്യസന്ധന്‍, നീതി പ്രവര്‍ത്തിക്കുന്നവന്‍' തുടങ്ങിയ അര്‍ഥങ്ങള്‍ വരുന്ന ഗ്രീക്കുഭാഷയിലെ ദികായിയോസ് എന്ന വാക്കാണ് രണ്ടുപേര്‍ക്കും വിശേഷണമായി നല്‍കിയിരിക്കുന്നത്. (യ) അവര്‍ കുറ്റമറ്റവരായിരുന്നു. 'കുറ്റമില്ലാത്തവന്‍, അപരാധമില്ലാത്തവന്‍ എന്ന് അര്‍ഥമുള്ള മാലാുീേ െ(അമെംപ്‌തോസ്) എന്ന വിശേഷണമാണ്  രണ്ടാമത്തേത്. സഖറിയായുടെയും എലിസബത്തിന്റെയും ദൈവത്തോടുള്ള ബന്ധം കുറ്റമറ്റതും നീതിനിഷ്ഠവുമായിരുന്നു. ദൈവത്തോടുള്ള ഒരു വ്യക്തിയുടെ യഥാര്‍ഥബന്ധത്തിന്റെ സ്വഭാവത്തെയാണ് ഇതു വര്‍ണിക്കുന്നത്.
സഖറിയായ്ക്കും എലിസബത്തിനും ഒരു കുഞ്ഞ് ജനിക്കുകയെന്നത് മാനുഷികമായ ഒരു അസാധ്യതയായി ലൂക്കാ സുവിശേഷകന്‍ അവതരിപ്പിക്കുന്നുണ്ട് (വാക്യം 7). ഈ അസാധ്യതയ്ക്ക്  മൂന്നു കാരണങ്ങളാണുള്ളത്. അവര്‍ക്ക് മക്കളില്ല, എലിസബത്ത് വന്ധ്യയാണ്, രണ്ടുപേരും വൃദ്ധരുമാണ്. മനുഷ്യനുമുമ്പില്‍ അസാധ്യമായത് ദൈവത്തിനു സാധ്യമാണെന്നും ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്നും വ്യക്തമാക്കാന്‍വേണ്ടിയുള്ളതാണ് ഈ പ്രതിപാദനം.
മക്കളില്ലായ്മ വലിയ ഒരു അപമാനമായി യഹൂദജനത കണ്ടിരുന്നു.മക്കളില്ലാത്ത ദമ്പതികള്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവരാണെന്ന ചിന്ത യഹൂദരുടെയിടയില്‍ പ്രബലമായിരുന്നു (1:25). സന്താനമില്ലായ്മ പാപത്തിനുള്ള ശിക്ഷയായും സമൂഹത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ദൈവതിരുമുമ്പില്‍ നീതിനിഷ്ഠരും കുറ്റമറ്റവരുമായിരുന്നെങ്കിലും മനുഷ്യദൃഷ്ടിയില്‍ സഖറിയായും എലിസബത്തും ശപിക്കപ്പെട്ടവരുടെ പ്രതീകങ്ങളായിരുന്നു. എന്നാല്‍, ഇവരുടെ മക്കളില്ലാത്ത അവസ്ഥ പാപത്തിനുള്ള ശിക്ഷയോ ശാപമോ അല്ലെന്നു തുടര്‍ന്നുവരുന്ന ഭാഗത്തിലൂടെ സുവിശേഷകന്‍ വ്യക്തമാക്കുകയാണ്. രക്ഷാകരസംഭവങ്ങളില്‍ ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണിവിടെയുള്ളത്.
തന്റെ ഗണത്തിനു നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ചു ദൈവസന്നിധിയില്‍ ശുശ്രൂഷ നടത്തിവരവേ, പൗരോഹിത്യവിധിപ്രകാരം കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്ക്കു കുറി വീണു. ധൂപാര്‍പ്പണസമയത്തു സമൂഹം മുഴുവന്‍ വെളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു (1:8-10). ദൈവദൂതന്റെ സദ്വാര്‍ത്തയ്ക്കുള്ള പശ്ചാത്തലമാണ് ഈ വാക്കുകളില്‍ നിഴലിക്കുന്നത്. ധാരാളം പുരോഹിതന്മാര്‍ ഓരോ ഗണത്തിലുമുണ്ടായിരുന്നതിനാല്‍ വ്യത്യസ്തമായ ശുശ്രൂഷകള്‍ ചെയ്യാന്‍ നറുക്കെടുപ്പിലൂടെയാണു ശുശ്രൂഷകരെ തിരഞ്ഞെടുത്തിരുന്നത്. ദൈവാലയത്തിലെ വിശുദ്ധസ്ഥലത്ത്  (ദൈവസാന്നിധ്യത്തിന്റെ അപ്പം വയ്ക്കുന്ന സ്ഥലം) ധൂപാര്‍പ്പണശുശ്രൂഷ ചെയ്യാനാണ് സഖറിയായ്ക്കു കുറി വീണത്. 'കര്‍ത്താവിന്റെ ആലയം' എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് ജറുസലേം ദൈവാലയത്തിലെ ധൂപാര്‍പ്പണമേശയും ദൈവസാന്നിധ്യത്തിന്റെ അപ്പത്തിന്റെ മേശയും മെനോറായും (7ശിഖരങ്ങളുള്ള നിലവിളക്ക്) ഉള്‍പ്പെടുന്ന സ്ഥലമാണ്. കര്‍ത്താവിന്റെ സന്നിധിയില്‍ നീതിമാനും കുറ്റമറ്റവനുമായിരുന്ന സഖറിയായ്ക്കു ലഭിക്കുന്ന അനുഗ്രഹമാണിത്. അവന്‍ ഒരിക്കലും ശപിക്കപ്പെട്ടവനല്ല എന്ന് ഇതു ദ്യോതിപ്പിക്കുന്നു. കര്‍ത്താവിന്റെ ദൂതന്‍ സഖറിയായ്ക്കു പ്രത്യക്ഷപ്പെട്ടുവെന്ന സുവിശേഷകന്റെ പരാമര്‍ശം അഭൗമികമായ യാഥാര്‍ഥ്യത്തെയാണു സൂചിപ്പിക്കുന്നത്. മനുഷ്യന്റെ അസാധ്യതകളുടെ മുമ്പില്‍ ദൈവത്തിന്റെ സാധ്യതകളുടെ പ്രകാശനവും ഇടപെടലുമാണിത്. സഖറിയായുടെ പ്രാര്‍ഥനയ്ക്കുള്ള ഉത്തരമാണ് ദൈവദൂതന്റെ ഈ പ്രത്യക്ഷപ്പെടല്‍: ''നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു'' (വാക്യം 13യ). മാനുഷികപരിമിതിയെയും ദൈവത്തിന്റെ പരിമിതികളില്ലാത്ത അവസ്ഥയെയും ഇതു ചൂണ്ടിക്കാണിക്കുന്നു.
ജനിക്കാന്‍പോകുന്ന കുഞ്ഞിനു നല്‍കേണ്ട പേര് ദൈവദൂതന്‍ നിര്‍ദേശിക്കുന്നുണ്ട്: 'ദൈവത്തിന്റെ കൃപ' 'കര്‍ത്താവ് കാരുണ്യവാനാണ്' എന്നൊക്കെ അര്‍ഥം വരുന്ന 'യോഹന്നാന്‍' എന്ന പേര്. കുഞ്ഞുങ്ങള്‍ക്ക് അപ്പനാണു സാധാരണഗതിയില്‍ പേരു നല്‍കുന്നതെങ്കിലും ഇവിടെ ദൂതന്‍ പ്രത്യേകം പേരു നിര്‍ദേശിക്കുന്നതു പ്രസ്തുത ശിശുവിന്റെ അനന്യമായ സ്ഥാനത്തെ, ദൈവത്തിന്റെ ഇടപെടലിനെ സൂചിപ്പിക്കുന്നു. കര്‍ത്താവിന്റെ കരുണയുടെ ഫലമാണ് യോഹന്നാന്‍. അവന്‍ കര്‍ത്താവിനുള്ളവനാണെന്നും ഇവിടെ അര്‍ഥമാക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്കു പുത്രന്‍ ജനിക്കുമെന്ന ദൈവദൂതന്റെ വാക്കുകള്‍ 'അസാധ്യമായവയെ ദൈവം സാധ്യമാക്കിത്തരും' എന്നതിന്റെ സൂചനയാണ്.
യോഹന്നാന്റെ ജനനം അനേകര്‍ക്കു സന്തോഷകാരണമാണെന്നും അവന്റെ ദൗത്യം എന്തായിരിക്കുമെന്നും തുടര്‍ന്നുള്ള വാക്യങ്ങളില്‍ (1:14-17) സുവിശേഷകന്‍ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങള്‍ക്ക് ആനന്ദവും ആഹ്ലാദവും മറ്റെല്ലാവര്‍ക്കും സന്തോഷവും നല്‍കുന്നവനാണ് യോഹന്നാന്‍. കേവലം ഭൗതികമായ സന്തോഷത്തെക്കാള്‍ ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ പൂര്‍ത്തീകരണത്തിലുള്ള ആനന്ദമാണിത്. കാരണം, യോഹന്നാന്റെ ജനനത്തോടെ മിശിഹായുടെ രക്ഷാസമയം ആരംഭിക്കുന്നു.

Login log record inserted successfully!