കുട്ടികള്‍ക്കായി നിരവധി സെമിനാറുകളും ശില്പശാലകളും നടക്കുമ്പോഴും അവഗണിക്കപ്പെടുന്ന ഒരു കൂട്ടരുണ്ട്. കുട്ടികള്‍ക്കുള്ള പ്രത്യേക പരിശീലനപരിപാടികള്‍ മിക്കതും നാലാംക്ലാസിനു മുകളിലുള്ളവര്‍ക്കാണ്. ചിലരൊക്കെ ഔദാര്യംപോലെ അതില്‍ വന്നിരിക്കാന്‍ കൊച്ചുകുട്ടികളെ അനുവദിക്കാറുണ്ട്. അതാകട്ടെ ആ കുട്ടികള്‍ക്കു പീഡനമാകാം. ക്ലാസ് നയിക്കുന്നവര്‍ക്ക് അസൗകര്യവും ആയിത്തീരാം.
പരമാര്‍ഥം പറഞ്ഞാല്‍, ഇത്തരം പരിപാടികളിലേക്ക് ഉത്സാഹത്തോടെ ഓടിയെത്തുന്നവര്‍ കൊച്ചുകുട്ടികള്‍തന്നെയാണ്. അവര്‍ക്ക് ഉല്ലാസത്തോടെ ഇരിക്കാന്‍ പറ്റുന്ന പരിപാടികള്‍ പ്രത്യേകമായി നല്‍കേണ്ടതാണ്. പല കാരണങ്ങളാലും അവ പലയിടത്തും നടക്കാതെപോകുന്നു. കുട്ടികള്‍ക്ക് എവിടെയും ഹാഫ്ടിക്കറ്റാണല്ലോ. പറ്റുമെങ്കില്‍ അതും ഒഴിവാക്കാനാണു ശ്രമം, അല്ലേ?
ഈയൊരു വിചാരം ഉള്ളിലുള്ളതുകൊണ്ടു കൊച്ചുകുട്ടികള്‍ക്കായുള്ള പരിപാടികള്‍ ചെയ്യാന്‍ വളരെ സന്തോഷം തോന്നാറുണ്ട്. ഓര്‍മയില്‍ അത്തരം എത്രയെത്ര വൈവിധ്യപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍! മനസ്സുകൊണ്ടും ശരീരംകൊണ്ടും കഠിനമായി അധ്വാനിച്ചാലേ അവര്‍ക്കൊപ്പം എത്താനും അവരെ കൂടെച്ചേര്‍ക്കാനുമാകൂ. എന്നാലും അതിന്റെ സന്തോഷവും സാഫല്യവും വലുതാണ്. ഒരു കാര്യം ഉറപ്പ്: അത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികളെ പഠിപ്പിച്ചതിലധികം അവരില്‍നിന്നു പഠിച്ചിട്ടുണ്ട്. ഓരോ കാലത്തും കുട്ടികള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും പ്രത്യേകതകളും നേരിട്ടറിയാന്‍ ഇന്നും ഇത്തരം ഇടപഴകലുകളോളം ഉപകരിക്കുന്ന മറ്റൊന്നുമില്ല. ആ നിലയ്ക്ക് അവ ഒത്തിരി വിലമതിക്കപ്പെടേണ്ടതാണ്.
ഈയടുത്ത നാളില്‍ ഉണ്ടായ അത്തരമൊരു അനുഭവത്തെക്കുറിച്ചുള്ള ആഖ്യാനമാണിത്. നഗരമധ്യത്തിലെ, പേരും പെരുമയും ഒത്തിരി കുട്ടികളുമുള്ള ഒരു വിദ്യാലയത്തിലെ കൊച്ചുകുട്ടികളോടൊപ്പമാണ് ഒരു ദിവസം ചെലവഴിച്ചത്. ഓരോ സ്റ്റാന്‍ഡേര്‍ഡിലെയും കുട്ടികള്‍ക്കായി ഓരോ മണിക്കൂര്‍വീതം ദൈര്‍ഘ്യമുള്ള സര്‍ഗസല്ലാപവേദി. കഥയും കവിതയും പാട്ടും കളിയും ചിരിയും മേളവും ചോദ്യവും ഉത്തരവും ഒപ്പം കുറച്ചു സമ്മാനങ്ങളുമായി ഒരു മണിക്കൂര്‍.
ആദ്യം എത്തിയത് ഒന്നാംക്ലാസിലെ കുരുന്നുകളാണ്. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ രണ്ടാംക്ലാസ് മുതല്‍ നാലു കൂട്ടങ്ങള്‍. ഓരോ ഗ്രൂപ്പിലും ഇരുന്നൂറോളം കുട്ടികള്‍. നാലുസെഷനും കഴിഞ്ഞപ്പോള്‍ പുതിയ ചില നിരീക്ഷണങ്ങള്‍ ലഭിച്ചതാണ് സന്തോഷകരം. അവയെ ക്രമമായി സൂചിപ്പിക്കട്ടെ.
1. കുട്ടികളോട് ഏതാനും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണു തുടങ്ങിയത്. ആദ്യചോദ്യം നിങ്ങള്‍ ആരുടെ കുട്ടികളാണ് എന്നതായിരുന്നു. ഉടന്‍ വന്ന മറുപടി ഇപ്രകാരം: ഞങ്ങള്‍ ദൈവത്തിന്റെ കുട്ടികളാണ്.
അതേ, കുഞ്ഞുങ്ങളെല്ലാം ദൈവത്തിന്റേതാണ് (ഖലില്‍ ജിബ്രാന്‍). ഈശ്വരചിന്തയും ഈശ്വരപ്രാര്‍ഥനയും ഈശ്വരവിശ്വാസവും വിദ്യാഭ്യാസത്തിന്റെ അടിത്തറയായി നിലകൊള്ളേണ്ടതുതന്നെയാണല്ലോ. മനുഷ്യമക്കളെല്ലാം ദൈവമക്കളാണെന്ന അവബോധം എത്ര സുന്ദരമാണ്!
2. പിന്നെ നിങ്ങള്‍ ആരുടെ കുട്ടികളാണെന്ന ചോദ്യത്തിനു ഞങ്ങള്‍ പേരന്റ്‌സിന്റെ കുട്ടികളാണെന്നു മറുപടി കിട്ടി. സ്വാഭാവികം. അടുത്ത ചോദ്യം പിന്നെ നിങ്ങള്‍ ആരുടേതാണ് എന്നായിരുന്നു. ടീച്ചേഴ്‌സിന്റെ എന്ന ഉത്തരം പ്രതീക്ഷിച്ച എന്നോട് അവര്‍ പറഞ്ഞത് ഗ്രാന്‍ഡ് പേരന്റ്‌സിന്റെ എന്നാണ്.
അതേ, പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അറിയാം; അവര്‍ ഗ്രാന്‍ഡ് പേരന്റ്‌സിന് എത്ര പ്രിയപ്പെട്ടവരാണെന്ന്, അവര്‍ തങ്ങള്‍ക്കായി എന്തൊക്കെ ചെയ്യുന്നുവെന്ന്. വലിയ തിരക്കുകളില്‍പ്പെട്ടുഴലുന്ന പേരന്റ്‌സിനു പകരമായി ഗ്രാന്‍ഡ് പേരന്റ്‌സ് ചെയ്യുന്ന നന്മകള്‍ വെറുതെയാവുന്നില്ല. അവരുടെ വാത്സല്യം തിരിച്ചറിയാനും കുട്ടികള്‍ക്കു കഴിയുന്നതു നല്ല കാര്യംതന്നെ.
3. വീണ്ടും നിങ്ങള്‍ ആരുടേതാണെന്ന ചോദ്യത്തിന് ഞങ്ങള്‍ ടീച്ചേഴ്‌സിന്റെ കുട്ടികളാണെന്ന് അവര്‍ ഉത്തരം നല്‍കി. തികച്ചും സ്വാഭാവികം. അഞ്ചാമത്തേതും അവസാനത്തേതുമായ ചോദ്യം അവരോട് ആവര്‍ത്തിച്ചു: നിങ്ങള്‍ വീണ്ടും ആരുടേതാണ്? അവരോടു പറയാന്‍ കരുതിവച്ച ഉത്തരം അവര്‍ വിളിച്ചുപറഞ്ഞത് അദ്ഭുതത്തോടെയാണു കേട്ടത്: ഞങ്ങള്‍ സാറിന്റെ കുട്ടികളാണ്.
അപരിചിതനായ ഒരാളെ അംഗീകരിക്കാനും സ്‌നേഹിക്കാനും വിശ്വസിക്കാനും കുട്ടികള്‍ക്കു കഴിയും. അതു തുറന്നുപ്രകടിപ്പിക്കാനും അവര്‍ തയ്യാറാണ്. ആ നന്മയെ വഴിതെറ്റാതെ വളര്‍ത്താന്‍ കഴിയുകയെന്നതാണ് പ്രധാനം.
4. കുട്ടികള്‍ക്കിടയിലിരുന്ന അധ്യാപകരെ ചൂണ്ടിക്കാട്ടി ചോദിച്ചു: ഈ ടീച്ചേഴ്‌സ് നല്ലവരാണോ? അതേയെന്ന് അവര്‍ ഈണത്തില്‍ പറഞ്ഞു. എന്നാല്‍, എല്ലാവരും അവരുടെ മുഖത്തു നോക്കൂ എന്ന് ആവശ്യപ്പെട്ടപ്പോള്‍ കുട്ടികള്‍ തിരിഞ്ഞും മറിഞ്ഞും എഴുന്നേറ്റുനിന്നും ടീച്ചേഴ്‌സിനെ നോക്കി. നിറനിലാവുപോലുള്ള പുഞ്ചിരിയുമായി ടീച്ചേഴ്‌സ് നിന്നു. നിങ്ങള്‍ നല്ല കുട്ടികളാണല്ലോ, എങ്കില്‍ ടീച്ചേഴ്‌സ് ഇപ്പോള്‍ ഇവിടെ ആവശ്യമില്ലല്ലോ, അവരെ നമുക്കു സ്റ്റാഫ് റൂമിലേക്കു പറഞ്ഞുവിടാം എന്നു പറഞ്ഞപ്പോള്‍ ഒന്നാംക്ലാസുകാര്‍ സമ്മതിച്ചില്ല. വേണ്ട, അവര്‍ നല്ലവരാ, അവരും ഇവിടെ ഇരുന്നോട്ടെ എന്നായി അവര്‍.
അതേ, ഇക്കാലത്തും ടീച്ചേഴ്‌സ് കുട്ടികള്‍ക്ക് നല്ലവരും വേണ്ടപ്പെട്ടവരുമാണ്. അവര്‍ കൂടെയുള്ളത് സന്തോഷവും ഇഷ്ടവുമുള്ള കാര്യമാണ്. അവരുടെ സാന്നിധ്യം കുട്ടികള്‍ക്കു ധൈര്യവുമാണ്. കൊച്ചുകുട്ടികള്‍ക്ക് അധ്യാപകരുടെ ദൃശ്യസാന്നിധ്യം ഏറെ ഉപകാരപ്രദമെന്നു ചുരുക്കം. കുട്ടികള്‍ മുതിരുമ്പോള്‍ ഈ മനോഭാവം മാറിവരികയും ചെയ്യും.
5. എല്ലാവരും എന്റെ മുഖത്തു നോക്കൂ. ഞാന്‍ സുന്ദരനല്ലേ? എന്ന ചോദ്യത്തിനു കുട്ടികള്‍ സന്തോഷത്തോടെ പ്രതികരിച്ചു. എന്നാല്‍, ഒരു മൂന്നാംക്ലാസുകാരന്‍ തലയിലേക്കു ചൂണ്ടിക്കൊണ്ടു വിളിച്ചുപറഞ്ഞു: അവിടെ വൈറ്റാ. തലയിലെ നര അവനത്ര പിടിച്ചില്ല.
കുട്ടികളുടെ സൗന്ദര്യസങ്കല്പം രൂപംകൊള്ളുന്നത് സമൂഹത്തില്‍നിന്നുതന്നെ. തങ്ങളുമായി ബന്ധപ്പെടുന്ന ഏവരുടെയും സൗന്ദര്യത്തെയും സ്വഭാവത്തെയും വിലയിരുത്തുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്നതില്‍ ഇന്നത്തെ കുട്ടികള്‍ സമര്‍ഥരാണ്.
6. കഥ പറയുന്നതിനിടയില്‍ കഥാപാത്രമായി ഒരു ചെറുപ്പക്കാരനെ അവതരിപ്പിച്ചു. കഥാഗതിയില്‍ ചെറുപ്പക്കാരന്‍ എന്ന വാക്ക് ആവര്‍ത്തിക്കുമ്പോള്‍ മൂന്നാംക്ലാസുകാരികള്‍ ഒരേസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ചെറുപ്പക്കാരനല്ല, ചെറുപ്പക്കാരി മതി.
ലിംഗബോധവും സമത്വചിന്തയുമൊക്കെ ഇന്നത്തെ കൊച്ചുകുഞ്ഞുങ്ങളില്‍പ്പോലും കാണാം. കാലം മാറിവരുന്നു. എങ്ങനെയുമൊരു കഥ കേട്ടാല്‍ പോരാ, തങ്ങള്‍ക്കിണങ്ങുന്ന വിധത്തില്‍ അതു കേള്‍ക്കാന്‍ കുട്ടികള്‍ ആഗ്രഹിക്കുന്നു.
7. ഓരോ സെഷനും കഴിഞ്ഞ് കുട്ടികള്‍ ഹാളില്‍നിന്നു ക്ലാസ്സിലേക്കു മടങ്ങുമ്പോള്‍ ചിലര്‍ പുഞ്ചിരിച്ചു, ചിലര്‍ കൈവീശി, ചിലര്‍ കൈനീട്ടിയത് ഹസ്തദാനത്തിനാണെന്നു കരുതിയതു തെറ്റി. ഇപ്പോള്‍ കുട്ടികള്‍ക്കിഷ്ടം കൈകൊടുക്കാനല്ല, ഹൈഫൈവ് അടിക്കാനാണ്. അതിനവസരം നല്‍കി. അതിനിടയില്‍ ഒരു കുട്ടി തന്റെ കൈയില്‍ ഉണ്ടായിരുന്ന ഹൃദയചിത്രം പതിച്ച ഒരു നുറുങ്ങുകടലാസ് സമ്മാനിച്ചിട്ടു പറഞ്ഞു: സാറിന് എന്റെ സമ്മാനം. ഇതു കളയരുത്.
ഇഷ്ടങ്ങളൊക്കെ അറിയിക്കാനുള്ളതാണെന്നു കുട്ടികള്‍ക്കറിയാം. മടികൂടാതെ അവരതു ചെയ്യും. സ്വാതന്ത്ര്യത്തോടും സമഭാവനയോടുംകൂടി ഇടപെടാനാണ് അവര്‍ക്കു താത്പര്യം. ഒപ്പം അനിഷ്ടങ്ങള്‍കൂടി പങ്കുവയ്ക്കാന്‍ അവര്‍ക്കു മടിയില്ലെന്നതും ഓര്‍ക്കണം.
8. ഹാളില്‍നിന്നു മടങ്ങുന്ന ചില കുട്ടികള്‍ അരികില്‍വന്നു പറഞ്ഞു: സാറിന്റെ ക്ലാസ്സ് ഇഷ്ടപ്പെട്ടു. പൊളിയായിരുന്നു. ഇനി എന്നാ വരുന്നത്? ഹായ്! പിന്നെ കാണാം. ഇതൊക്കെ കേട്ടുനിന്ന അധ്യാപകരില്‍ ചിലര്‍ പറഞ്ഞു: അവര്‍ക്ക് ക്ലാസ് ഒത്തിരി ഇഷ്ടമായതുകൊണ്ടാ ഇങ്ങനെയൊക്കെ പറയുന്നത്. ഇതു പതിവുള്ളതല്ല. ഏതായാലും ക്ലാസ് നന്നായി.
നന്നായി എന്ന വാക്കു കേള്‍ക്കുന്നത് ആര്‍ക്കും സന്തോഷകരംതന്നെ. നന്നായി എന്ന വാക്ക് ദൈവത്തിന്റേതാണല്ലോ. നന്നായി എന്നു പറയാന്‍ എളുപ്പമല്ല. ഉള്ളില്‍ നന്മയുടെ കതിരുകള്‍ കൂടിയേതീരൂ.
ഏതൊരു പ്രവര്‍ത്തനത്തിനും ആസൂത്രണം, നിര്‍വഹണം, വിലയിരുത്തല്‍ എന്നീ മൂന്നു ഘട്ടങ്ങള്‍ ഉണ്ടാകണം. ആസൂത്രണം മെച്ചപ്പെട്ടാല്‍ നിര്‍വഹണം എളുപ്പമാകും. വിലയിരുത്തല്‍ ആഹ്ലാദകരമാകും. ആസൂത്രണത്തിന്റെ അഭാവം നിര്‍വഹണത്തെ ക്ലേശകരമാക്കും. അതിന്റെ വിലയിരുത്തല്‍ നിരാശയിലും പഴിചാരലിലും ചെന്നെത്തും. ശരിയായ നേതൃത്വം, കൃത്യമായ തീരുമാനങ്ങള്‍, സജീവമായ പങ്കാളിത്തം എന്നിവയാണു പ്രവര്‍ത്തനങ്ങളെ വിജയത്തിലെത്തിക്കുന്നത്. അപ്പോള്‍ അതില്‍ പങ്കുചേരുന്നവര്‍ക്കു ലഭിക്കുന്ന കൃതാര്‍ഥത ചെറുതല്ല. അതു കൊച്ചുകുട്ടികള്‍ക്കുവേണ്ടിയാകുമ്പോള്‍ ഇരട്ടിമധുരംതന്നെയാകുന്നു.