രണ്ടായിരത്തിയിരുപത്തിമൂന്ന് ഏകദിന ലോകകപ്പിനു സമാപ്തി കുറിക്കുന്ന, ഏവരും ആവേശത്തോടെ കാത്തിരുന്ന വമ്പന്‍ മത്സരത്തിനു കൊടിയിറങ്ങി. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ ക്ഷണിച്ചു. ഇതോടെ ടോസ് കിട്ടിയാല്‍ ഉടനെ ബാറ്റിങ് തിരഞ്ഞെടുക്കണമെന്ന രോഹിത് ശര്‍മയുടെ മോഹത്തിനു തന്ത്രപരമായ നീക്കത്തില്‍ ഒരു പിന്‍മാറ്റത്തിലൂടെ കമ്മിന്‍സ് ദയാദാക്ഷിണ്യത്തില്‍ അടിയറ പറയിച്ചു. തുടക്കത്തിലേ ബാറ്റിങ് തകര്‍ന്ന ഇന്ത്യ തട്ടിമുട്ടി ആകെ ഇരുന്നൂറ്റിനാല്പത് റണ്‍സില്‍ ഒതുങ്ങി. ഇതില്‍ കോഹ്‌ലിയും കെ.എല്‍. രാഹുലും ഓരോ ഹാഫ്‌സെഞ്ചുറി നേടിയതും ക്യാപ്റ്റന്‍ സ്ഥിരംശൈലിയില്‍ നാല്പത്തിയേഴ് റണ്‍സ് എടുത്തതുംമാത്രമേ എടുത്തുപറയാനുള്ളൂ. ഓസ്‌ട്രേലിയായുടെ ഫാസ്റ്റ് ബൗളിങ്ങും ഫീല്‍ഡിങ്ങും അതില്‍ക്കൂടുതല്‍ അനുവദിച്ചില്ല എന്നു പറയുന്നതാവും ശരി. രോഹിത് ശര്‍മയും ശ്രേയസ്സ് അയ്യരും പെട്ടെന്നു പുറത്തായത് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടൂംതൂണ്‍ തകര്‍ത്തുകൊണ്ടായിരുന്നു. ഇന്നിങ്‌സിന്റെ അവസാനം നമ്മുടെ ബൗളര്‍മാര്‍ പിടിച്ചുനിന്നതിനാല്‍ അമ്പത് ഓവറും ഇന്ത്യയ്ക്കു കളിക്കാനായി. ആകാശംമുട്ടെ പന്തടിച്ചു മായാജാലം കാണിക്കുന്ന നമ്മുടെ സൂര്യകുമാര്‍ യാദവിന് ഭൂമിയിലൂടെയോ ആകാശത്തിലൂടെയോ പന്തടിച്ചകറ്റാന്‍ പറ്റാത്ത പരിതാപകരമായ പതനത്തിലൂടെ ആദ്യത്തെ ലോകകപ്പ് കയ്‌പ്പേറിയ ഒരു വിഭവമായി മാറുന്നതു കണ്ടു കാണികളും മൂക്കത്തു വിരല്‍വച്ചു നിശ്ശബ്ദരായി ഇരുന്നുപോയി. അങ്ങനെ ഒന്നേകാല്‍ലക്ഷം വരുന്ന ഇന്ത്യന്‍ കാണികളുടെ അട്ടഹാസത്തിനു പൂര്‍ണവിരാമമായി.
മറുപടിബാറ്റിങ്ങില്‍ തുടക്കത്തിലെ വീഴ്ചകള്‍ക്കുശേഷം ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്ഡും ലബൂഷയിനും ചേര്‍ന്ന് കങ്കാരുക്കളെ ലോകകപ്പ് വിജയത്തിലേക്കു നയിച്ചു. ഇന്ത്യയുമായുള്ള ആദ്യമത്സരത്തിലെന്നപോലെ പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം ആദ്യമൂന്നു വിക്കറ്റ് തുടക്കത്തില്‍ നഷ്ടപ്പെടുത്തിയതിനു സമാനമായി ഓസ്‌ട്രേലിയയും പിന്നീടു മുന്നേറുകയായിരുന്നു.
ഈ സമയത്തുള്ള ഇന്ത്യന്‍ ബൗളിങ്ങും ഫീല്‍ഡിങ്ങും ഓസ്‌ട്രേലിയയുടെ ആക്രമണത്തിന് അടുത്തെങ്ങുമെത്തിയില്ല. ഒരു ഐസിസി മത്സരഫൈനലില്‍ നെഞ്ചുറപ്പോടെ പൊരുതി ജയിക്കാനുള്ള ആര്‍ജവം ഇനിയും നമ്മുടെ 'ലോകോത്തര'കളിക്കാര്‍ നേടിയെടുക്കേണ്ടതുണ്ട്. ആത്മവിശ്വാസത്തിന്റെ കുറവോ, അവസാന അങ്കത്തില്‍ അടവുകള്‍ മറക്കുന്നതോ, അതോ തെറ്റിക്കുന്നതോകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്.
ലോകകപ്പിലേക്കു നാം തിരഞ്ഞെടുത്ത കളിക്കാരുടെ കൂട്ടത്തില്‍ ഓള്‍റൗണ്ടറായി വന്ന ഷാദുല്‍ താക്കൂര്‍, പന്തു പറത്തുന്ന ബാറ്ററായ സൂര്യകുമാര്‍ എന്നിവര്‍ക്ക് തങ്ങളുടെ തിരഞ്ഞെടുപ്പിനോട് ഒട്ടും നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല. നാലുവര്‍ഷം കഴിഞ്ഞു വരുന്ന അടുത്ത ലോകകപ്പ് കാത്തിരിക്കുമ്പോള്‍ നല്ല പോരാട്ടവീര്യമുള്ള മികച്ച കളിക്കാരെ കണ്ടെത്തി പരിശീലിപ്പിക്കേണ്ടതുണ്ട്.
ലോകകപ്പ് ഏകദിന മത്സരത്തില്‍ തങ്ങളുടെ ആറാം കിരീടം നേടിയ പാറ്റ് കമ്മിന്‍സിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു. തുടക്കത്തിലെ രണ്ടു പരാജയങ്ങള്‍ക്കുശേഷം ഫീനിക്‌സ് പക്ഷിയെപ്പോലെ ചിറകടിച്ചു പറന്ന കങ്കാരുക്കള്‍തന്നെയാണ് ഇപ്പോഴും ലോകത്തിലെ അജയ്യരായ ക്രിക്കറ്റ് ശക്തി.
ഇന്ത്യയുടെ തോല്‍വിയില്‍ കഠിനമായി സങ്കടപ്പെടേണ്ടതില്ല. കപ്പ് കിട്ടിയില്ലെങ്കിലും തുടര്‍ച്ചയായ പത്തു മത്സരങ്ങള്‍ ആധികാരികമായി നാം ജയിച്ചിരുന്നു. അതിനായി ടീമിലെ എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ടു കളിച്ചിട്ടുമുണ്ട്.
ഇന്ത്യക്കാരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച ഷമിക്കും വിരാട് കോഹ്‌ലിക്കും രോഹിത്തിനും സിറാജിനും ശ്രേയസിനും രാഹുലിനും ഗില്ലിനും ബുമ്രയ്ക്കും ഒക്കെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ഫൈനലില്‍ തോല്‍ക്കുക എന്നത് ഏറ്റവും ദുഃഖകരമാണ്. പക്ഷേ, നാം നമ്മുടെ ടീമിനെ തള്ളിപ്പറയുകയില്ല.
തോറ്റാലും ജയിച്ചാലും ഇന്ത്യന്‍ ജനത ടീം ഇന്ത്യയ്ക്ക് ഒപ്പംതന്നെയുണ്ടാകും. അടുത്ത ടൂര്‍ണമെന്റില്‍ ഇതേ ആവേശത്തോടെ ഇന്ത്യക്കാര്‍ ടീം ഇന്ത്യയ്ക്കു പിന്നില്‍ അണിനിരക്കും.
രണ്ടായിരത്തിയിരുപത്തിമൂന്ന് ഏകദിനലോകകപ്പിലെ 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ' ്ആയി തിരഞ്ഞെടുക്കപ്പെട്ട വിരാട് കോഹ്‌ലി ഈ മത്സരത്തില്‍ തന്റെ കരിയറിലെ പല നല്ല നാഴികക്കല്ലുകള്‍ പിന്നിട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും തന്റെ ഇത്ര നാളത്തെ ഉശിരന്‍ പ്രകടനമാണ് പുറത്തെടുത്തത്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയുടെ തോല്‍വി വളരെ കഠിനമല്ല; കാരണം, മത്സരത്തിനിറങ്ങുന്ന രണ്ടുപേരും ഒരുപോലെ ജയിക്കാറില്ലല്ലോ?