വവ്വാലുകള്‍ ധ്യാനിക്കുന്ന മരക്കൂട്ടങ്ങള്‍ക്കിടയില്‍
എന്നേ അതവിടെയുണ്ടായിരുന്നെങ്കിലും
മീന്‍കാരികളാണ് ആ സ്ഥലം
എനിക്കു വെളിപ്പെടുത്തിയത്.
പകല്‍ പതിനൊന്നിനോ പന്ത്രണ്ടിനോ
വില്പനയ്ക്കിരിക്കുംമുമ്പ്
അവര്‍ പത്തോ ഇരുപതോ
ജപിച്ചൂതി നേര്‍ച്ചയിട്ടു.
പണം തോനെ കിട്ടിയപ്പോളും
കൊട്ട നേരത്തേ കാലിയായപ്പോളും
അവര്‍ മാതാവിന്നു മുന്നില്‍
നിറയെ മെഴുതിരി കത്തിച്ചു.
മീന്‍കൊതിയനായ എന്നോട്
വില്പനക്കാരികള്‍ പറഞ്ഞു:
സത്യമൊള്ള മാതാവാണ്
സങ്കടമൊണ്ടേ കേക്കുന്നോളാണ്
സങ്കടങ്ങളുടെ കണക്കു ബോധിപ്പിക്കാതെ
ചെറുചിരിയില്‍ എന്റെ മറുപടിയൊതുങ്ങി
പിന്നീടെപ്പോഴോ
സെന്റ്‌മേരീസ് ചര്‍ച്ചിനുമുന്നില്‍
എനിക്കൊരു സ്റ്റോപ്പുണ്ടായി.
പ്രതികാരദാഹിയായ ചെന്നായ
മനസ്സില്‍ മുരണ്ടതുകൊണ്ട്
മാതാവിന്റെ ഹൃദയത്തിലേക്ക് നോക്കാനായില്ല.
പക്ഷേ, തലയല്പം താഴ്ത്തി
ഉണ്ണീശോയുടെ കൈപിടിച്ച
ആ ശാന്തസ്വരൂപിണിയുടെ മുന്നിലെ നേര്‍ച്ചപ്പെട്ടിയില്‍ ലോട്ടറിയടിക്കാനും ശത്രുസംഹാരത്തിനും
ഞാനിടയ്ക്കു ചില്ലറയിട്ടു.
ഒന്നും തരമാവാതെ പിന്നെപ്പതുക്കെ
ആ സ്ഥലത്തെയും മറന്നു.
ഭ്രാന്തിന്റെ കയ്പുള്ള മാര്‍ച്ചിലോ
മരുന്നുകള്‍ തിന്നുതീര്‍ത്ത ഏപ്രിലിലോ
ആധി മൂത്ത് തൊണ്ട വരണ്ട മേയിലോ
സെന്റ് മേരീസ് ചര്‍ച്ചിനെക്കുറിച്ച്
ഞാനോര്‍ത്തതേയില്ല.
എല്ലാം തീര്‍ന്നെന്നു തോന്നിച്ച
ജൂണിലെ ആദ്യശനിയാഴ്ച,
മരണവുമായി ദീര്‍ഘസംഭാഷണത്തിനൊരുങ്ങവേ
പെട്ടെന്ന് സെന്റ്‌മേരീസ് ചര്‍ച്ച് ഓര്‍മയിലെത്തി.
ചതുപ്പില്‍ താണുപോകുംമുമ്പേ
പിടിച്ചുകയറ്റിയ കൈപോലെ
നന്മ നിറഞ്ഞവളുടെ കാരുണ്യം
പ്രത്യാശയുടെ കിരണങ്ങളായി.
മനസ്സിലെ ചെന്നായയെ പുറത്താക്കി
പിറ്റേന്ന് കാക്ക കരയുംമുമ്പേ
ഞാനാ രൂപക്കൂടിനു മുന്നില്‍ മുട്ടുകുത്തി.
സെന്റ് മേരീസ് ചര്‍ച്ചിനുമുമ്പില്‍
നില്‍ക്കുന്ന ഞാനിപ്പോള്‍
മാതാവിന്റെ ഹൃദയത്തിലേക്കു നോക്കുകയാണ്.
മഴ പെയ്യുന്നതു കൂസാതെ മുന്നോട്ടു നടക്കയാണ്.
കവിത
സെന്റ്‌മേരീസ് ചര്‍ച്ചിനുമുന്നില്‍
