പാലാ: സമ്പൂര്‍ണബൈബിള്‍ മുഴുവനായും പകര്‍ത്തിയെഴുതി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പാലാ രൂപതാവൈദികനായ ഫാ. ബിജു കുന്നയ്ക്കാട്ട്. 2020 മാര്‍ച്ചില്‍ കൊവിഡ്കാലത്ത് എഴുതിത്തുടങ്ങി 2023 നവംബര്‍ 5 ന് പൂര്‍ത്തീകരിച്ചു. 2300 പേജുകളിലായി പഴയനിയമവും 700 ലധികം പേജുകളിലായി പുതിയ നിയമവും എഴുതി പൂര്‍ത്തിയാക്കി.
പഴയനിയമത്തിന് 918.45 മണിക്കൂറും പുതിയ നിയമത്തിന് 273.87 മണിക്കൂറുമാണ് വേണ്ടിവന്നതെന്ന് ഫാ. ബിജു പറഞ്ഞു. ഓരോ അധ്യായവും എഴുതാനെടുത്ത സമയവും തീയതിയും ഉപയോഗിച്ച പേനകളുടെ എണ്ണവും ശാസ്ത്രീയമായി രേഖപ്പെടുത്തിയ ഒരു ബുക്കും സ്വന്തമായി സൂക്ഷിച്ചിട്ടുണ്ട്.
ഇത് ദൈവികമായ ഒരു നിയോഗമായി കാണുന്നുവെന്നും എഴുതുന്തോറും കൂടുതലെഴുതാനുള്ള താത്പര്യവും ഉള്‍പ്രേരണയും ലഭിച്ചുവെന്നും ഫാ. ബിജു പറഞ്ഞു.
മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡയറക്ടറായിരുന്ന കാലത്താണ് ഈ ബൃഹദ്‌രചന ഫാ. ബിജു ആരംഭിച്ചത്. ഇപ്പോള്‍ അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലെ ബര്‍സാറും കോഴ്‌സ് കോര്‍ഡിനേറ്ററുമായി സേവനം ചെയ്യുന്നു.
സീറോ മലബാര്‍ വിശുദ്ധകുര്‍ബാനയില്‍ അനുദിനം വായിക്കുന്ന സുവിശേഷഭാഗങ്ങളുടെ മൂന്നു മിനിറ്റു ദൈര്‍ഘ്യമുള്ള വിചിന്തനങ്ങള്‍ 'വിളക്ക്' എന്ന പേരില്‍ ഇദ്ദേഹം യൂട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്നു. 2022 നവംബര്‍ 25 നു തുടങ്ങിയ ചാനലില്‍ 350 ലധികം എപ്പിസോഡുകള്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.