പാര്‍ലമെന്റ് - നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദളിത് കത്തോലിക്കരെ സ്ഥാനാര്‍ഥികളാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാകണമെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പട്ടികജാതിയില്‍നിന്നു ക്രൈസ്തവമതം സ്വീകരിച്ച ദളിത് ക്രൈസ്തവര്‍ക്ക് അര്‍ഹമായ നീതി നിഷേധിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം കുറ്റകരവും തിരുത്തപ്പെടേണ്ടതുമാണെന്നും ബിഷപ് പറഞ്ഞു. പരിവര്‍ത്തിത ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു ദലിത് കത്തോലിക്കാ മഹാജനസഭ പാലാ കുരിശുപള്ളിക്കവലയില്‍ നവംബര്‍ ഒന്നി നു നടത്തിയ ഉപവാസധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ന്യൂനപക്ഷാവകാശങ്ങളും പിന്നാക്കസംവരണവും ഭരണഘടനയില്‍ എഴുതപ്പെട്ട കാര്യങ്ങളാണ്. എന്നാല്‍, 1950 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് ഈ സംവരണം ഹിന്ദുമതവിശ്വാസികള്‍ക്കുമാത്രമായി പരിമിതപ്പെടുത്തിയെന്നത് ഏറെ ദുഃഖകരമായ കാര്യമാണ്. 1956 ല്‍ സിക്കുമതവിശ്വാസികളായ ദളിതര്‍ക്കും 1990 ല്‍ ബുദ്ധമതവിശ്വാസികളായ ദളിതര്‍ക്കും പട്ടികജാതിസംവരണം നല്‍കി. അതു ഭരണഘടനയില്‍ തിരുത്തല്‍ വരുത്തിക്കൊണ്ടാണ്. നമ്മുടെ ആവശ്യവും അതുതന്നെയാണ്. സംവരണം മതവിശ്വാസത്തിന്റെപേരില്‍ വര്‍ജിക്കപ്പെടേണ്ട കാര്യമല്ലെന്നു ബിഷപ് ചൂണ്ടിക്കാട്ടി. പട്ടികവര്‍ഗക്കാര്‍ക്കെന്നപോലെ അതു ജാതിയുടെ അടിസ്ഥാനത്തില്‍ നല്കപ്പെടേണ്ടതാണ്. സംവരണം ഹിന്ദുമതവിശ്വാസത്തിന്റെ പരിധിയിലൊതുക്കിയത് മതേതരഭാരതത്തിനും ഭരണഘടനാതത്ത്വങ്ങള്‍ക്കമെതിരാണ്; ഭരണഘടന നിഷേധിക്കുന്നതിനു തുല്യമാണത്. വളരെ ജാഗ്രതയോടെ സജീവമായ സ്വരത്തില്‍ ഇക്കാര്യങ്ങള്‍ അധികാരികളുടെ മുമ്പില്‍ അവതരിപ്പിക്കണം. ഇക്കാര്യത്തില്‍ പാലാ രൂപതയിലെ ആളുകള്‍ക്കു കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും ബിഷപ് ഓര്‍മപ്പെടുത്തി.
ഡി.സി.എം.എസ്. രൂപത പ്രസിഡന്റ്ബിനോയ് ജോണ്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, തോമസ് ചാഴികാടന്‍ എം.പി, എം.എല്‍.എ.മാരായ മാണി സി.കാപ്പന്‍, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഡി.സി.എം.എസ്. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസഫ് വടക്കേക്കുറ്റ്, ഫാ. ജോസഫ് തടത്തില്‍, ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജെയിംസ് ഇലവുങ്കല്‍, ബിജി സാലസ്, ജസ്റ്റിന്‍ കുന്നുംപുറം, ഷിബു ജോസഫ്, സിജു സെബാസ്റ്റ്യന്‍, പി.ഒ. പീറ്റര്‍, ബിന്ദു ആന്റണി, ബേബി ആന്റണി, ബാബു പീറ്റര്‍, ബിപിന്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു. കെ.സി.ബി.സി. എസ്.സി./ എസ്റ്റി./ ബി.സി. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം സമാപനസന്ദേശം നല്കി.