സീറോ മലബാര്‍ സഭാംഗങ്ങളായ സുറിയാനികത്തോലിക്കരുടെ സമുദായനാമകരണം സംബന്ധിച്ച് സഭ നല്കുന്ന വിശദീകരണക്കുറിപ്പ്:
സീറോ മലബാര്‍ സഭാംഗങ്ങളായ സുറിയാനികത്തോലിക്കരുടെ സമുദായനാമം ''സീറോ മലബാര്‍ സിറിയന്‍ കാത്തലിക്'' എന്നായി സംസ്ഥാനസര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുന്നു. പേരുമാറ്റം സംബന്ധിച്ച് 2023 ജൂലൈ എട്ടിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍, നവംബര്‍ നാലിന് സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ നല്‍കിയ വിശദീകരണം:
സീറോ മലബാര്‍ സഭയിലെ സുറിയാനി കത്തോലിക്കര്‍ നാളിതുവരെ ആര്‍.സി., ആര്‍.സി.എസ്. ആര്‍.സി.എസ്.സി, എസ്.സി, റോമന്‍ കാത്തലിക്, സിറിയന്‍ കാത്തലിക്, ക്രിസ്ത്യന്‍ റോമന്‍ കാത്തലിക്, ക്രിസ്ത്യന്‍ ആര്‍.സി., ക്രിസ്ത്യന്‍ ആര്‍.സി.എസ്.സി, സീറോ മലബാര്‍ തുടങ്ങിയ വിവിധ പേരുകളാണ് സമുദായനാമമായി ഔദ്യോഗികരേഖകളില്‍ ഉപയോഗിച്ചുപോന്നിരുന്നത്. ഇനിമുതല്‍ എസ്.എസ്.എല്‍.സി. ബുക്കിലും സമാന സര്‍ട്ടിഫിക്കറ്റുകളിലും മറ്റ് ഔദ്യോഗികരേഖകളിലും 'സീറോ മലബാര്‍ സിറിയന്‍ കാത്തലിക്' എന്ന സമുദായനാമമാണ് ഉപയോഗിക്കേണ്ടത്.
നിലവില്‍, ആര്‍.സി.എസ്.സി. മുതലായ പേരുകള്‍ ഔദ്യോഗികരേഖകളില്‍ ഉപയോഗിക്കുന്നവര്‍ അവ തിരുത്തേണ്ട നിര്‍ബന്ധിതസാഹചര്യമില്ല. എന്നാല്‍, മാറ്റം വരുത്താന്‍ സാധിക്കുന്ന എല്ലാ രേഖകളിലും മാട്രിമോണിയല്‍പോലെയുള്ള അനൗദ്യോഗിക ഉപയോഗങ്ങളിലും ഈ പേരുമാറ്റം വരുത്തേണ്ടതാണ്. മാത്രമല്ല, കുട്ടികളുടെ വിവരങ്ങള്‍ പുതുതായി ഔദ്യോഗികരേഖകളില്‍ ചേര്‍ക്കുമ്പോള്‍ 'സീറോ മലബാര്‍ സിറിയന്‍ കാത്തലിക്' എന്ന സമുദായനാമം തന്നെയാണ് ഉപയോഗിക്കേണ്ടത്. ആര്‍.സി.എസ്.സി. എന്ന് ഉപയോഗിച്ചതുപോലെ ഒരു ചുരുക്കരൂപം ഇതിന് ഉദ്ദേശിച്ചിട്ടില്ലാത്തതിനാല്‍ 'സീറോ മലബാര്‍ സിറിയന്‍ കാത്തലിക്' എന്നുതന്നെ പൂര്‍ണമായും എഴുതേണ്ടതാണ്. നിലവിലുള്ള വിദ്യാര്‍ഥികളുടെ സ്‌കൂള്‍ രജിസ്റ്ററുകളിലൂം ഈ തിരുത്തല്‍ എത്രയും വേഗം വരുത്തേണ്ടതാണ്.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.