ഗോരഖ്പുര്‍: സീറോമലബാര്‍ ഗോരഖ്പുര്‍ രൂപതയുടെ പുതിയ മെത്രാനായി മാര്‍ മാത്യു നെല്ലിക്കുന്നേല്‍ അഭിഷിക്തനായി സ്ഥാനമേറ്റു. നവംബര്‍ ആറിന് രാവിലെ ഒമ്പതിന് ഗോരഖ്പുര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ മൈതാനത്തു നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. സ്ഥാനമൊഴിഞ്ഞ ഗോരഖ്പുര്‍ ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം, ആഗ്ര ആര്‍ച്ചുബിഷപ് മാര്‍ റാഫി മഞ്ഞളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. മാര്‍ റാഫി മഞ്ഞളി വിശുദ്ധ കുര്‍ബാനയ്ക്കിടെ വചനസന്ദേശം നല്‍കി.
മാര്‍ മാത്യു നെല്ലിക്കുന്നേലിനെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള പത്രിക സീറോമലബാര്‍ സഭ ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടം ഇംഗ്ലീഷിലും ഗോരഖ്പുര്‍ രൂപത ചാന്‍സലര്‍ ഫാ. റോജര്‍ അഗസ്റ്റിന്‍ ഹിന്ദിയിലും വായിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി ആശംസയര്‍പ്പിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഗോരഖ്പുര്‍ മേയര്‍ ഡോ. മംഗേഷ് കുമാര്‍ ശ്രീവത്സ്, വിവിധ മത-സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാര്‍ മാത്യു നെല്ലിക്കുന്നേല്‍ മറുപടിപ്രസംഗം നടത്തി. 30 മെത്രാന്മാരും ഇരുനൂറിലധികം വൈദികരുമടക്കം നാലായിരത്തിലധികം ആളുകള്‍ പങ്കെടുത്ത സമ്മേളനത്തിന് മുഖ്യസംഘാടകന്‍ ഫാ. രാജഷ് പുതുശേരി നന്ദി പറഞ്ഞു. ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം പ്രായപരിധിയെത്തിയതിനാല്‍ കാനന്‍നിയമാനുസൃതം സമര്‍പ്പിച്ച രാജിയെത്തുടര്‍ന്നായിരുന്നു പുതിയ നിയമനം. ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ സഹോദരനാണ്.