ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെക്കുറിച്ച് കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച പുതിയ പുസ്തകത്തെക്കുറിച്ചുള്ള പഠനം. അവസാനഭാഗം
മാര്‍പാപ്പാമാര്‍ വര്‍ഷംതോറും വലിയ നോമ്പിന്റെ ആരംഭത്തില്‍, കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും ഡീക്കന്മാരുമടങ്ങുന്ന റോമാരൂപതയിലെ പുരോഹിതഗണം മുഴുവനെയും ഒന്നിച്ചുകാണുന്ന പതിവുണ്ട്. 2011 മാര്‍ച്ച് മാസം 10-ാം തീയതി നടന്ന കൂടിക്കാഴ്ചയില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ നല്കിയ സന്ദേശമാണ് കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ പുസ്തകത്തിന്റെ അവസാനത്തെ അധ്യായം.
റോമാരൂപതയുടെ വികാരി ജനറാള്‍ കര്‍ദിനാള്‍ അഗസ്തീനോ വില്ലീനിയുടെ നല്ല വാക്കുകള്‍ക്ക് ബനഡിക്ട് പിതാവ് നന്ദി പറയുകയും 'നിങ്ങളെല്ലാം റോമിലെ സഭയ്ക്കു ചെയ്യുന്ന സേവനങ്ങള്‍ക്കു ഹൃദയംഗമമായ കൃതജ്ഞതയര്‍പ്പിക്കുന്നു' എന്നു പ്രസ്താവിക്കുകയും ചെയ്തു.
അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ വാക്കുകളില്‍: ''റോമിലെ സഭ സാര്‍വത്രികസഭയില്‍ ഉപവിയില്‍ നേതൃസ്ഥാനം അലങ്കരിക്കുന്നുവെന്നും ഉപവിയിലെന്നപോലെ വിശ്വാസത്തിലും സാര്‍വത്രികസഭയ്ക്കു മാതൃകയായിരിക്കണമെന്നും പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു. നമ്മളെല്ലാവരും ഒന്നുചേര്‍ന്നു നമ്മളാലാകുന്നതുപോലെ റോമിലെ സഭയാകുന്ന മുന്തിരിത്തോട്ടത്തില്‍ വിശ്വസ്തസേവകരായി വേല ചെയ്യുന്നുവെന്നും ബനഡിക്ട് പിതാവ് കൂട്ടിച്ചേര്‍ത്തു.
പൗലോസ് ശ്ലീഹായുടെ
വിടവാങ്ങല്‍ പ്രസംഗം
''മിലാത്തോസില്‍നിന്ന് ആളയച്ച് എഫേസോസ്‌സഭയിലെ ശ്രേഷ്ഠന്മാരെ അയാള്‍ വിളിച്ചുവരുത്തി. അവര്‍ വന്നപ്പോള്‍ പൗലോസ് പറഞ്ഞു: ''ഞാന്‍ ഏഷ്യയില്‍ പ്രവേശിച്ചനാള്‍മുതല്‍ നിങ്ങളുടെയിടയില്‍ സദാ എങ്ങനെ വ്യാപരിച്ചുവെന്നു നിങ്ങള്‍ക്കറിയാമല്ലോ?'' (നടപടി 20:17-19). ഇപ്രകാരമാരംഭിക്കുന്ന പ്രസംഗം 38-ാം വാക്യംവരെ നീളുന്നു. ഈ ദൈവവചനഭാഗം മുഴുവനും ബനഡിക്ട് പിതാവിന്റെ പ്രഭാഷണം ആരംഭിക്കുന്നതിനുമുമ്പ് ഒരു ഡീക്കന്‍ ഉച്ചത്തില്‍ പാരായണം ചെയ്തിരുന്നു. പരിശുദ്ധപിതാവ് അതിലെ ഓരോ വാക്യവും എടുത്തു ധ്യാനിച്ചുകൊണ്ട് പുരോഹിതഗണത്തോടു സംസാരിച്ചു.
പൗലോസ്ശ്ലീഹാ എഫേസോസിലെ പുരോഹിതന്മാര്‍ക്കു നല്കുന്ന ഉപദേശങ്ങള്‍ എക്കാലത്തും എല്ലാ ഇടങ്ങളിലുമുള്ള വൈദികര്‍ക്കും പ്രസക്തമായ സന്ദേശമാണ്.
1. വൈദികന്‍ എപ്പോഴും വൈദികന്‍
പൗലോസ്ശ്ലീഹാ തന്നെത്തന്നെയാണു പുരോഹിതന്മാര്‍ക്കു മാതൃകയായി നല്കുന്നത്. ''മൂന്നു വത്സരം രാപകലില്ലാതെ ഞാന്‍ കണ്ണുനീരോടെ നല്കിയ ഉപദേശം ഓര്‍ക്കുവിന്‍'' (20:31). ഈ വാക്യത്തെ അടിസ്ഥാനമാക്കി ബനഡിക്ട്പിതാവു പറഞ്ഞു: ''പൗലോസ്ശ്ലീഹാ അവര്‍ക്കുവേണ്ടി മുഴുവന്‍ സമയവും വൈദികനായിരുന്നു. പാര്‍ട്ട് ടൈം പുരോഹിതനായിരിക്കുക സാധ്യമല്ല.'' മുഴുവന്‍ നേരവും പൂര്‍ണമനസ്സോടും പൂര്‍ണാത്മാവോടുംകൂടി മുഴുവന്‍സമയവൈദികനായിരിക്കണമെന്നാണ് ബനഡിക്ട് പിതാവ് പറഞ്ഞത്. മിശിഹായോടുകൂടി ആയിരിക്കാനും ജനങ്ങള്‍ക്കു മിശിഹായുടെ പ്രതിപുരുഷനായിരിക്കാനുമാണ് പുരോഹിതന്‍ വിളിക്കപ്പെട്ടിരിക്കുന്നത്.
എളിയ സേവകന്‍
'വളരെ എളിമയോടും കണ്ണുനീരോടുംകൂടി' (നടപടി 10:19) കര്‍ത്താവിന്റെ സേവകനായി താന്‍ വര്‍ത്തിച്ചുവെന്നാണ് പൗലോസ്ശ്ലീഹാ പറയുന്നത്. സേവകനായിരിക്കുക എന്നതാണ് ഓരോ പുരോഹിതന്റെയും ദൗത്യം. സ്വന്തം ഇഷ്ടങ്ങളും താത്പര്യങ്ങളുമല്ല സേവകന്‍ അന്വേഷിക്കേണ്ടതെന്നും ബനഡിക്ട് പിതാവ് ഓര്‍മിപ്പിച്ചു. താഴ്മ അല്ലെങ്കില്‍ എളിമ വിശുദ്ധഗ്രന്ഥത്തില്‍ വളരെ പ്രധാനപ്പെട്ട പദമാണ്. ''തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ സാദൃശ്യം സ്വീകരിച്ചവനും തന്നെത്തന്നെ താഴ്ത്തി മരണത്തോളം അനുസരണമുള്ളവനുമായ (ഫിലി. 2:7,8) മിശിഹായെ അനുകരിക്കാനാണ് വി. പൗലോസ്ശ്ലീഹാ ആവശ്യപ്പെടുന്നത്.
ബനഡിക്ട് പിതാവ് തന്നെ ശ്രവിച്ചുകൊണ്ടിരുന്ന പുരോഹിതഗണത്തോടു പറഞ്ഞു: ''എളിമ തെറ്റായ ഒരു വിനയഭാവമല്ല. ഉള്ള കഴിവുകളെ ദൈവദാനങ്ങളായി അംഗീകരിക്കുകയും അവ ദൈവരാജ്യത്തിനായി വിനിയോഗിക്കുകയും വേണം.'' യഥാര്‍ഥ വിനയമുള്ളവര്‍ കാണപ്പെടാനും അറിയപ്പെടാനും പുകഴ്ത്തപ്പെടാനും ആഗ്രഹിക്കുകയില്ല. പത്രങ്ങള്‍ തന്നെപ്പറ്റി എന്തു പറയുന്നുവെന്നല്ല; ദൈവം തന്നെപ്പറ്റി എന്തു ചിന്തിക്കുന്നുവെന്നാണ് ഒരു പുരോഹിതന്‍ വിചാരിക്കേണ്ടതെന്നും പരിശുദ്ധ പിതാവ് നിരീക്ഷിച്ചു.
എഫേസോസുകാര്‍ക്കു പ്രയോജനകരമായവ അവരെ അറിയിക്കുന്നതില്‍നിന്ന് പൗലോസ്ശ്ലീഹാ ഒരിക്കലും ഒഴിഞ്ഞുമാറിയില്ലെന്നും ദൈവഹിതം അറിയിക്കാന്‍ ബദ്ധശ്രദ്ധനായിരുന്നെന്നും (നടപടി 20:27) എടുത്തുപറയുന്നുണ്ട്.
ദൈവഹിതം എപ്രകാരം മനസ്സിലാക്കാമെന്നതിനു 'കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം' ഉത്തമവഴികാട്ടിയാണെന്നും ബനഡിക്ട് മാര്‍പാപ്പാ നിരീക്ഷിക്കുന്നു.
സഭയുടെ പ്രബോധനങ്ങള്‍, ആരാധനക്രമം, ധാര്‍മികജീവിതം, പ്രാര്‍ഥന എന്നീ നാലു ഭാഗങ്ങളാണ് ഈ മതബോധനഗ്രന്ഥത്തിനുള്ളത്. പഠിച്ചെടുക്കേണ്ട ഒരു ബൃഹത്ഗ്രന്ഥമാണ് കത്തോലിക്കാവിശ്വാസം എന്നാരും തെറ്റിദ്ധരിക്കരുത്. 'ദൈവം മിശിഹായില്‍ തന്നെത്തന്നെ വെളിപ്പെടുത്തി' എന്നതില്‍ വിശ്വാസം മുഴുവന്‍ അടങ്ങിയിരിക്കുന്നുവെന്നും പരിശുദ്ധ ബനഡിക്ട് പിതാവ് പ്രസ്താവിച്ചു.
മാനസാന്തരം
എന്താണു പുരോഹിതന്മാരായ നമ്മള്‍ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതെന്ന് പൗലോസ്ശ്ലീഹായുടെ ഈ പ്രസംഗത്തിന്റെ 21-ാം വാക്യത്തില്‍ പറയുന്നുണ്ട്. ''തെരുവുകളിലും വീടുകളിലുംവച്ച് നിങ്ങളെ ഞാന്‍ പഠിപ്പിച്ചു. ദൈവത്തിങ്കലേക്കുള്ള മാനസാന്തരത്തെയും നമ്മുടെ കര്‍ത്താവായ ഈശോമിശിഹായിലുള്ള വിശ്വാസത്തെയുംകുറിച്ച് യഹൂദര്‍ക്കും വിജാതീയര്‍ക്കും ഞാന്‍ സാക്ഷ്യം നല്‍കി.''
മാനസാന്തരം എന്നാല്‍, ദൈവമാണ് ഏകയാഥാര്‍ഥ്യം എന്ന തിരിച്ചറിവാണ്. മിശിഹായാണു ദൈവത്തിങ്കലേക്കുള്ള ഏകമാര്‍ഗമെന്ന ബോധ്യമാണു മാനസാന്തരം. നോമ്പുകാലത്തിന്റെ ലക്ഷ്യം പരിശുദ്ധ റൂഹായാല്‍ നയിക്കപ്പെട്ട് ഈ മാനസാന്തരം കൈവരിക്കുക എന്നതാണ്. പശ്ചാത്താപവും പ്രായശ്ചിത്തപ്രവൃത്തികളും പ്രാധാന്യം വരിക്കുന്നതു മാനസാന്തരത്തിന്റെ പശ്ചാത്തലത്തിലാണ്.
സുവിശേഷം
കൃപനിറഞ്ഞ പരിശുദ്ധ കന്യകയെയാണു ദൈവദൂതന്‍ ആദ്യമേ സുവിശേഷം അറിയിക്കുന്നത്. ദൈവം നമ്മെ അറിയുന്നു, ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്ന കൃപയാണു സുവിശേഷം. താന്‍ ജറുസലത്തേക്കു പോകുന്നുവെന്നും മരണം വരിക്കാന്‍ തയ്യാറാണെന്നും വി. പൗലോസ് പറയുന്നുണ്ട് (നടപടി 20:22-24).
വി. പീറ്റര്‍ കനീസിയൂസിന്റെ വാക്കുകള്‍: ''നോക്കൂ, പത്രോസ് ഉറങ്ങുന്നു, യൂദാസ് ഉറക്കമിളച്ച് ഇരിക്കുന്നു'' അശ്രദ്ധയെപ്പറ്റിയാണ് വി. പീറ്റര്‍ കനീസിയൂസ് പറഞ്ഞത്. പതിനൊന്നാം പീയൂസ് പാപ്പായെയും ബനഡിക്ട്പിതാവ് ഉദ്ധരിക്കുന്നുണ്ട്: 'ഈ യുഗത്തിന്റെ വലിയ പ്രശ്‌നം ദുഷ്ടശക്തികളല്ല, നല്ലവരുടെ മയക്കമാണ്' എന്നു പതിനൊന്നാം പീയൂസ് പറഞ്ഞിരുന്നു. ജാഗരൂകരായിരിക്കുവിന്‍ എന്നത് ഓരോ പുരോഹിതനും ദൈവം നല്കുന്ന ആഹ്വാനമാണ്. സ്വന്തം ആത്മാവിന്റെ കാര്യങ്ങള്‍ വിസ്മരിക്കരുതെന്നു വി. ചാള്‍സ് ബൊറോമിയോ നല്കുന്ന ഉപദേശവും ഇവിടെ ബനഡിക്ട് പിതാവ് എടുത്തുപറയുന്നുണ്ട്.
പൗലോസ്ശ്ലീഹായുടെ പ്രസംഗം പ്രാര്‍ഥനയോടെയാണ് അവസാനിക്കുന്നത്. ബനഡിക്ട് പിതാവും ഒരു പ്രാര്‍ഥനയോടെയാണ് ഈ സന്ദേശം ഉപസംഹരിച്ചത്:
''കര്‍ത്താവേ, അങ്ങയുടെ വചനത്തില്‍ താഴ്ന്നിറങ്ങാന്‍ ഞങ്ങളെ സഹായിക്കണമേ. മേലധികാരികളാകാതെ എപ്പോഴും ഇടയന്മാരായിക്കാന്‍ പുരോഹിതരായ ഞങ്ങളെ അനുഗ്രഹിക്കുകയും അങ്ങയുടെ സാക്ഷികളാക്കുകയും ചെയ്യണമേ.''
(അവസാനിച്ചു)