അധ്യാപകന്, വിമര്‍ശകന്‍, ഗവേഷകന്‍, ചരിത്രകാരന്‍, നോവലിസ്റ്റ്, കഥാകൃത്ത്, വിവര്‍ത്തകന്‍, ജീവചരിത്രകാരന്‍... കൈരളിയുടെ അക്ഷരലോകം വസന്തന്‍മാഷ് എന്നു സ്‌നേഹപൂര്‍വം വിളിക്കുന്ന ഡോ. എസ്. കെ. വസന്തന്റെ വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല. ''ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങിടാത്ത പൊന്‍പേനയും'' എന്ന് അയ്മനം കൃഷ്ണക്കൈമള്‍ വടക്കുംകൂര്‍ രാജരാജവര്‍മയ്ക്കു നല്‍കിയ വിശേഷണം വസന്തന്‍മാഷിനും നന്നായി ഇണങ്ങും.
അറിവിന്റെ പുതുവാതായനങ്ങള്‍ തേടി നിരന്തരം സഞ്ചരിക്കുന്ന ഡോ. എസ്.കെ. വസന്തന്‍ തന്റെ പൊന്‍തൂലികയില്‍നിന്നു നിറതിരിപോലെ പ്രശോഭിക്കുന്ന നിരവധി കൃതികള്‍ നല്‍കിക്കൊണ്ട് നമ്മുടെ ഭാഷാ-സാഹിത്യലോകങ്ങളെ കൂടുതല്‍ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. ആ മഹദ്‌യത്‌നങ്ങള്‍ക്കുള്ള അംഗീകാരമെന്നോണം സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കു നല്‍കുന്ന കേരളസര്‍ക്കാരിന്റെ പരമോന്നതപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം ഇത്തവണ അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്.
എറണാകുളം ഇടപ്പള്ളിയില്‍ കരുണാകരമേനോന്റെയും സരസ്വതിയമ്മയുടെയും മകനായി 1935 ലാണ് എസ്.കെ. വസന്തന്റെ ജനനം. ചെറുപ്പംമുതല്‍ ഭാഷയിലും സാഹിത്യത്തിലും താത്പര്യമുണ്ടായിരുന്ന അദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തരബിരുദം നേടി. തുടര്‍ന്ന്, കാലടി ശ്രീശങ്കര കോളജിലും സംസ്‌കൃതസര്‍വകലാശാലയിലും 35 വര്‍ഷക്കാലം അധ്യാപകനായി. ഇക്കാലയളവില്‍ നിരവധി വിദ്യാര്‍ഥികളുടെ ഗവേഷണമാര്‍ഗദര്‍ശിയായി പ്രവര്‍ത്തിച്ച വസന്തന്‍മാഷ് ഭാഷാസാഹിത്യം, സംസ്‌കാരം, ചരിത്രം തുടങ്ങിയ മേഖലകളില്‍ ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിച്ചു. ബൗദ്ധികമായി ഏറെ അധ്വാനിച്ച് അദ്ദേഹം എഴുതിയ കേരളസംസ്‌കാര ചരിത്രനിഘണ്ടുവിന് 2007 ലെ കേരളസാഹിത്യഅക്കാദമി അവാര്‍ഡ് (വൈജ്ഞാനികസാഹിത്യം) ലഭിക്കുകയുണ്ടായി.
'നമ്മള്‍ നടന്ന വഴികള്‍' എന്ന അദ്ദേഹത്തിന്റെ കേരളസംസ്‌കാരചരിത്രപുസ്തകവും വലിയ ശ്രദ്ധ നേടി. സാഹിത്യ അക്കാദമിയുടെ 'ഭാരതീയ സാഹിത്യശില്പികള്‍' എന്ന പരമ്പരയുടെ ഭാഗമായി വസന്തന്‍മാഷ് രചിച്ച അപ്പന്‍ തമ്പുരാന്റെയും നാലപ്പാട്ടു നാരായണമേനോന്റെയും ജീവചരിത്രങ്ങളും ശ്രദ്ധേയമായി.
നിരൂപകനെന്ന നിലയിലും മലയാളസാഹിത്യഭൂമികയില്‍ സ്വന്തമായി ഒരു ഇരിപ്പിടമുണ്ട് ഡോ. എസ്. കെ. വസന്തന്. അവധാനപൂര്‍വമെഴുതിയ പഠനങ്ങളുടെ സ്വഭാവമാണ് അദ്ദേഹത്തിന്റെ നിരൂപണങ്ങള്‍ക്കുള്ളതെന്ന് ഡോ. പി.വി. വേലായുധന്‍പിള്ള അഭിപ്രായപ്പെടുന്നു. മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ സ്വാധീനതയുണ്ടെങ്കിലും വസന്തന്റെ കാഴ്ചപ്പാട് കൂടുതല്‍ ഉദാരവും വിശാലവുമാണെന്നും വേലായുധന്‍പിള്ള നിരീക്ഷിക്കുന്നുണ്ട്. മലയാളത്തിലെ ഏതാണ്ടെല്ലാ സാഹിത്യപ്രസ്ഥാനങ്ങളെക്കുറിച്ചും അദ്ദേഹം നിരൂപണബുദ്ധിയോടെ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
വൈലോപ്പിള്ളിയുടെ 'ഋശ്യശൃംഗനെ'യും ലളിതാംബിക അന്തര്‍ജനത്തിന്റെ 'അഗ്നിസാക്ഷി'യെയും കുറിച്ചെഴുതിയ നിരൂപണങ്ങള്‍ നിരൂപണലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. കേശവദേവിന്റെ നോവല്‍ശില്പത്തെക്കുറിച്ചുള്ള അന്വേഷണം ആ വ്യക്തിത്വത്തിന്റെ പരിണാമംകൂടി വിശദമാക്കുന്നതാണ്. 'ഒരു മോശപ്പെട്ട രചന എന്റെ സംസ്‌കാരത്തിനുനേരേയുള്ള കടന്നുകയറ്റമാണ്' എന്നു നിരീക്ഷിക്കുന്ന ഈ നിരൂപകന് സാഹിത്യത്തിന്റെ സാമൂഹികധര്‍മത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ആദര്‍ശാത്മകവും തത്ത്വനിഷ്ഠവുമായിരിക്കണം സാഹിത്യരചനകള്‍ എന്നതാണ് അദ്ദേഹത്തിന്റെ സുചിന്തിതമായ നിലപാട്. അത്തരം രചനകളെമാത്രമേ വിമര്‍ശനത്തിലെ ക്ലാസിക്കല്‍വഴി പിന്തുടരുന്ന ഈ വിമര്‍ശകന്‍ ഉത്തമകൃതികളായി പരിഗണിക്കുകയും ചെയ്യുന്നുള്ളൂ. കാലത്തിനൊപ്പം മാറുന്ന കോലങ്ങളെയല്ല, സുസ്ഥിരമായി നിലനില്‍ക്കുന്ന ജ്ഞാനമൂല്യങ്ങളെയാണ് അദ്ദേഹം വിലവയ്ക്കുന്നത്.
പുതുകാലകവിതകളെക്കുറിച്ചുള്ള വസന്തന്‍മാഷിന്റെ ഒരു നിരീക്ഷണം കാണുക; ''നമുക്കു കവിതകളാണോ കവികളാണോ കൂടുതല്‍? എന്റെ ചെറുപ്പത്തില്‍ കവിത എഴുതുന്നവരെയാണ് കവികള്‍ എന്നു വിളിച്ചിരുന്നത്. ഇന്നാകട്ടെ കവികളാണ് എന്നു വിശ്വസിപ്പിക്കുന്നതില്‍ വിജയിച്ച ചിലര്‍ എഴുതുന്നതെല്ലാം കവിതയാണെന്നു വിശ്വസിക്കാന്‍ നിര്‍ബന്ധിതനാകുന്നു വായനക്കാരന്‍.'' തന്റെ അഭിപ്രായം അതാര്‍ക്കെല്ലാം അപ്രിയമായാലും, നിര്‍ഭയം പറയാന്‍ വസന്തന്‍മാഷിനു മടിയൊട്ടുമില്ല.
കൂടിയില്ലാ ജനിക്കുന്ന നേരത്തും, പടിഞ്ഞാറന്‍ കാവ്യമീമാംസ മലയാളികള്‍ക്ക്, കാല്പാടുകള്‍, കാലം സാക്ഷി, വക്കാണവും വളര്‍ച്ചയും സാഹിത്യസംവാദത്തില്‍, ചെറുകാടിന്റെ പ്രതിഭ (എഡി), പ്രാസവാദം (എഡി) തുടങ്ങി ശ്രദ്ധേയമായ അന്‍പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട് ഡോ. എസ്.കെ. വസന്തന്‍. എഴുത്തിലെ ഈ നിത്യയൗവനത്തിന്, അക്ഷരവസന്തത്തിന് ഇനിയും ഏറെ സംഭാവനകള്‍ കൈരളിക്കു സമ്മാനിക്കാന്‍ സാധിക്കട്ടെ. ആ പൊന്‍പേന ഇനിയും അനവധി അദ്ഭുതങ്ങള്‍ രചിക്കട്ടെ.