•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പ്ലാസ്റ്റിക് എന്ന നിശ്ശബ്ദകൊലയാളി

നാം ഭക്ഷണപദാര്‍ഥങ്ങളും പാനീയങ്ങളും ചൂടോടെ പ്ലാസ്റ്റിക്പാത്രങ്ങളില്‍ മൈക്രോവേവ് ചെയ്യുകയും ചൂടായവ അവയില്‍ പകര്‍ന്ന് ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിലെ അപകടം ആരും മനസ്സിലാക്കുന്നില്ല. പ്ലാസ്റ്റിക് പാത്രങ്ങള്‍ വലിയ അളവില്‍ മൈക്രോ-നാനോ പ്ലാസ്റ്റിക് എന്നു വിളിക്കപ്പെടുന്ന ചെറിയ കണങ്ങള്‍ ചൂടുവെള്ളത്തിലേക്കു പെട്ടെന്നു ലയിപ്പിക്കുന്നുണ്ട്. ബേബി ഫീഡിങ് ബോട്ടിലുകളും ഡിഷുകളും അണുനശീകരണം നടത്താന്‍ തിളച്ച വെള്ളത്തില്‍ മുക്കിയിടുകയും ചൂടുവെള്ളത്തില്‍ കഴുകിയെടുത്തു പാല്‍ ചൂടോടെ പകരുകയും ചെയ്യുമ്പോഴും സംഭവിക്കുന്നതു മറ്റൊന്നല്ല. കുഞ്ഞുങ്ങള്‍ ഓരോ ദിവസവും ഒരു ദശലക്ഷത്തിലധികം മൈക്രോപ്ലാസ്റ്റിക് കണികകള്‍ വിഴുങ്ങിയേക്കാമെന്നാണു  ഗവേഷകര്‍ കണക്കാക്കുന്നത്.
മിനറല്‍ വാട്ടര്‍ ബോട്ടിലുകളുടെ പുനരുപയോഗം നിരോധിച്ച് യൂസ് ആന്‍ഡ് ത്രോ എന്ന രീതി നിര്‍ദേശിക്കുന്നതും റീസൈക്കിള്‍ ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് പുനരുപയോഗിക്കുന്നതും ഫലപ്രദമല്ലെന്നതാണു സത്യം. കുപ്പി, ഇരുമ്പ്, ചെമ്പ്, സ്റ്റീല്‍ എന്നിവയില്‍നിന്നൊക്കെ നാനോ കണങ്ങള്‍ ഭക്ഷണത്തില്‍ മൈക്രോതലത്തിലുള്ള ഉരസലിലൂടെ ലയിക്കപ്പെടുന്നു. അതായത്, നമ്മള്‍ ഭക്ഷണം എടുക്കുന്ന പാത്രങ്ങളുടെ രാസസംയുക്തങ്ങള്‍ നാമറിയാതെ നമ്മുടെ ഉള്ളിലെത്തുന്നുണ്ടെന്നു സാരം.  സ്‌മോക്ക്ഡ് ഫ്‌ളേവര്‍, മല്ലി, പുതിന, വേപ്പില  പൊതിച്ചോറു കെട്ടുന്ന വാഴയില തുടങ്ങിയവയുടെ മണം ഭക്ഷണത്തിന് ഉണ്ടാകുന്നത് അവയ്ക്കു തനതുമണം ഉള്ളതുകൊണ്ടാണ്. അതേപോലെ പ്ലാസ്റ്റിക്കിനും മണമുണ്ട്.  മണം ഉണ്ടാക്കുന്നത് ലയിക്കുന്ന വിഘടിച്ച തന്മാത്രാകണങ്ങളാണ്. 
ജൈവശൃംഖലയ്ക്ക് ഇവയുടെ ആഗിരണം അപകടകരമാണോ ഇല്ലയോ എന്നത് ഇപ്പോഴും പഠനവിഷയമാണ്. കാര്‍ ടയറുകള്‍, സിന്തറ്റിക് വസ്ത്രങ്ങള്‍, മറ്റു പ്ലാസ്റ്റിക്മാലിന്യങ്ങള്‍ തുടങ്ങിയവയില്‍നിന്ന് പ്ലാസ്റ്റിക് കണങ്ങളും മണലും പൊടിയും ലോഹങ്ങളും പെയിന്റും റബറും അടക്കം എണ്ണിയാലൊടുങ്ങാത്ത രാസസംയുക്തങ്ങളുടെ മൈക്രോ-നാനോ കണങ്ങള്‍ പല വിധത്തില്‍ ഉണ്ടാകുകയും അവ കഴിക്കുകയും ശ്വസിക്കുകയും ചെയ്യുന്നതിലൂടെ നാമുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ശരീരത്തില്‍ എത്തപ്പെടുകയും ചെയ്യുന്നു. അവയില്‍ കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങളായിരിക്കും.  കരയില്‍നിന്നുമാത്രമല്ല പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നമ്മിലെത്തുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വലിയ ഒരു സംഭരണിയാണ് കടല്‍. മത്സ്യങ്ങളിലും മറ്റും എത്തപ്പെടുന്ന നാനോ പ്ലാസ്റ്റിക്, അവ ആഹരിക്കുന്നതിലൂടെ നമ്മളിലും എത്തുന്നു. ഒരാള്‍ ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ അളവില്‍ മൈക്രോ  - നാനോ പ്ലാസ്റ്റിക് ഒരായുസ്സില്‍ ആഹരിക്കുന്നുണ്ട് എന്നാണു പഠനങ്ങളില്‍ തെളിയുന്നത്. എന്താണ് ഇവയുടെ പരിണതഫലം? 
ഭൂമിയിലെ സകലചരാചരങ്ങളിലും ശാസ്ത്രജ്ഞര്‍ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. സമുദ്രത്തിന്റെ ആഴങ്ങളില്‍, നദികളില്‍, ആര്‍ട്ടിക് - അന്റാര്‍ട്ടിക് മഞ്ഞുമലകളില്‍, ഷെല്‍ഫിഷ്, ടേബിള്‍ ഉപ്പ്, കുടിവെള്ളം, മദ്യം എന്നുവേണ്ട നാം ഉപയോഗിക്കുന്നതും അല്ലാത്തതുമായ സകലതിലും നാനോ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നുവെന്നത് ഭീതിജനകമാണ്.  ഈ ചെറിയ കണങ്ങള്‍ പൂര്‍ണമായും നശിക്കാന്‍ നൂറ്റാണ്ടുകളോ അതിലധികമോ സമയമെടുത്തേക്കാം. 
മൈക്രോപ്ലാസ്റ്റിക് പല ആകൃതിയിലും വലുപ്പത്തിലും രാസഘടനയിലും വ്യാപിച്ചുകിടക്കുന്നതിനാല്‍ അവ ശരീരത്തില്‍ എത്തുന്ന വഴികളും സഞ്ചരിക്കുന്ന രീതിയും ശരീരാവയവങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിധവും മനുഷ്യബുദ്ധിക്കു നിലവില്‍ അജ്ഞാതമാണ്. 
ശരീരകലകളിലും കോശങ്ങളിലും തുളച്ചുകയറാനും തൂങ്ങിക്കിടക്കാനും കഴിയുന്നത്ര ചെറുതായ കണികകള്‍ ഏറ്റവും ആശങ്കാജനകമാണ്. കോശങ്ങളില്‍ പ്രവേശിക്കുന്നതിന്, കണികകള്‍ അസാധാരണമായി ചെറുതായിരിക്കണം. 1-10 ൗാ വലുപ്പമുള്ള കണങ്ങള്‍ കുടലിലൂടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ശക്തിയേറിയ സൂക്ഷ്മദര്‍ശിനികള്‍കൊണ്ടുപോലും കണ്ടെത്താന്‍ കഴിയാത്തത്ര ചെറുതായതിനാല്‍ അവയെക്കുറിച്ചുള്ള പഠനവും ഒരുപക്ഷേ, അത്ര എളുപ്പമായിരിക്കില്ല.  പരീക്ഷണശാലയില്‍ വലിയ അളവില്‍ മൈക്രോപ്ലാസ്റ്റിക്‌സ് നല്‍കിയ എലികളുടെ ചെറുകുടലില്‍ വീക്കമുണ്ടാകുന്നതായും ബീജങ്ങളുടെ എണ്ണം കുറയുന്നതായും കണ്ടെത്തി. മനുഷ്യനും എലിയുമായി ജനിതകസാമ്യം കൂടുതലാണെന്നത് ആശങ്കാജനകമാണ്. 
ഏകദേശം ഇരുപതു വര്‍ഷമായി മൈക്രോപ്ലാസ്റ്റിക്‌സിന്റെ അപകടസാധ്യതകളെക്കുറിച്ചു ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഭക്ഷണപദാര്‍ഥങ്ങളിലൂടെ നമ്മുടെ ഉള്ളിലെത്തുന്ന മൈക്രോ പ്ലാസ്റ്റിക്കിന്റെ അവശിഷ്ടങ്ങള്‍ വിസര്‍ജനത്തിലൂടെ പുറത്തേക്കു പോകുമെന്നുതന്നെയായിരുന്നു ഗവേഷകരുടെ ചിന്തയെങ്കിലും അവരെ ഞെട്ടിച്ചുകൊണ്ട് പുതിയ തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നു. എലികളുടെ ശരീരത്തില്‍ കണ്ടെത്തിയതുപോലെ അടുത്തിടെ മനുഷ്യന്റെ രക്തത്തിലും  വേര്‍തിരിച്ചെടുക്കാനാവാത്തവിധത്തില്‍ പ്ലാസ്റ്റിക്കണങ്ങള്‍ കണ്ടെത്തി;  അതും പരീക്ഷിച്ച 80 ശതമാനം ആളുകളിലും. രക്തചംക്രമണവ്യവസ്ഥയില്‍, പ്രത്യേകിച്ച് മസ്തിഷ്‌കവ്യവസ്ഥയില്‍ പല ആഘാതങ്ങള്‍ക്കും ഇവയുടെ രക്തത്തിലെ അളവും നീക്കവും കാരണമായേക്കാമെന്നു ഗവേഷകര്‍ കരുതുന്നു. രക്തത്തിലൂടെ കരള്‍, മസ്തിഷ്‌കം, ഹൃദയം തുടങ്ങി പല ആന്തരാവയവങ്ങളിലും അവ ജീവിതകാലം മുഴുവനും നീക്കപ്പെടാതെ നിക്ഷേപിക്കപ്പെടുന്നു. പൊതുവെ, ശരീരത്തിന് ആവശ്യകമായ മൂലകങ്ങള്‍പോലും വേണ്ട അളവില്‍ കൂടുതലാണെങ്കില്‍ പുറംതള്ളുകയാണു ശരീരധര്‍മം. അല്ലെങ്കില്‍ അവ കോശനാശവും അതുവഴി രോഗാവസ്ഥകളും സൃഷ്ടിക്കും. നിര്‍ഭാഗ്യവശാല്‍ ശരീരത്തിന് അരിച്ചുകളയാന്‍ സാധ്യമല്ലാത്തവിധം വിനാശകാരികളായി പ്ലാസ്റ്റിക്കണങ്ങള്‍ ശരീരത്തില്‍ നിക്ഷേപിക്കപ്പെടുന്നു. 
ഓരോ വര്‍ഷവും ഏകദേശം നാനൂറു ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നു. 2050 ആകുമ്പോഴേക്കും ഇത് ഇരട്ടിയിലധികമാകും. എല്ലാത്തരം പ്ലാസ്റ്റിക്കുകളുടെ ഉത്പാദനവും ഉടനടി നിര്‍ത്തിയാല്‍പ്പോലും നിലവിലുള്ള പ്ലാസ്റ്റിക്തന്നെ ഏകദേശം അഞ്ചു ബില്യണ്‍ ടണ്‍ കാണുമെന്നു കരുതപ്പെടുന്നു.  ശേഖരിക്കാനോ വൃത്തിയാക്കാനോ കഴിയാത്ത ചെറിയ ശകലങ്ങളായി അവ ജീവജാലങ്ങള്‍ക്കു ഭീഷണിയായി നിലനില്‍ക്കും. 
ജൈവശൃംഖലയുടെ ഉപാപചയപ്രവര്‍ത്തനങ്ങളില്‍ ഒരു പങ്കാളിത്തവുമില്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കാന്‍പോകുന്ന ആരോഗ്യ - പരിസ്ഥിതിപ്രശ്‌നങ്ങള്‍ നമ്മുടെ ചിന്തയ്ക്കപ്പുറമാണ്. വരുംകാലങ്ങളില്‍ പ്ലാസ്റ്റിക് മനുഷ്യകുലത്തിനുമാത്രമല്ല, ജൈവകുലത്തിന് ഒന്നാകെത്തന്നെ ഒരു ടൈംബോംബായി മാറും, സംശയിക്കേണ്ട.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)