പൗരാണികലോകത്തിലെ ഏറ്റവും വലിയ അടിമവ്യവസായകേന്ദ്രമായിരുന്നു ഉജീജി - താന്‍സാനിയായില്‍ (ഈസ്റ്റ് ആഫ്രിക്ക) കിഗോമയ്ക്കടുത്തുള്ള ഒരു കൊച്ചുപട്ടണം. അവിടെ ഒരു മാവിന്‍ചുവട്ടില്‍ രണ്ടു യുവതികളെ കെട്ടിയിട്ടിരിക്കുകയാണ് (1867). പകല്‍ മുഴുവന്‍ അവരെക്കൊണ്ടു പണിയെടുപ്പിക്കുകയും രാത്രിയില്‍ പീഡിപ്പിക്കുകയുമായിരുന്നു ഉടമകളുടെ സ്ഥിരം പരിപാടി. എന്തോ പന്തികേടു പറ്റിയതുകൊണ്ടാണ് രണ്ടിനെയും മറിച്ചുവില്ക്കാന്‍ കൊണ്ടുവന്നിരിക്കുന്നത്. കീറിപ്പറിഞ്ഞ ഇത്തിരിവസ്ത്രംമാത്രം ധരിച്ച ആ സാധുക്കളുടെ ചന്തിക്ക് സൂചിമുനയുള്ള ചാട്ടകൊണ്ട് ഉടമ തെരുതെരെ കുത്തി. വേദനകൊണ്ടു പുളഞ്ഞ യുവതികളോട് ഉടമ കല്പിച്ചു: ''നിവര്‍ന്ന് ഇത്തിരികൂടി ഞെളിഞ്ഞുനില്ക്കൂ.''
രണ്ടു കച്ചവടക്കാര്‍ അടുത്തുവന്ന് ആകെ മൊത്തം അവരെ പിടിച്ചുനോക്കി വില ചോദിച്ചു: ''രണ്ടിനുംകൂടി നൂറു ഷില്ലിങ്.'' വില കേട്ടപാടേ വ്യാപാരികള്‍ നടന്നകന്നു. രംഗം മുഴുവന്‍ കണ്ടു നിന്ന ഒരു സ്‌കോട്ട്‌ലന്‍ഡുകാരന്‍ നൂറു ഷില്ലിങ്ങും കൊടുത്ത് അവരെ വാങ്ങി; ആളൊഴിഞ്ഞ ഒരു മൂലയില്‍വച്ച് വിലങ്ങഴിച്ചുവിട്ടു. അദ്ദേഹമാണ് ആഫ്രിക്ക കണ്ടിട്ടുള്ളതിലേക്കും വലിയ മിഷനറി - ഡേവിഡ് ലിവിങ്സ്റ്റണ്‍.
1841 മാര്‍ച്ചിലാണ് ലിവിങ്സ്റ്റണ്‍ ആഫ്രിക്കയിലെത്തുന്നത്. അടിമത്തം അവസാനിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹം. അടിമവ്യാപാരികളായ അറബികളുമായി അദ്ദേഹം പലവട്ടം ഏറ്റുമുട്ടിയിട്ടുണ്ട്. അവരില്‍നിന്നൊക്കെ അവഹേളനങ്ങളും മര്‍ദനങ്ങളും മുറപോലെ ഏറ്റുവാങ്ങിയിട്ടുമുണ്ട്.
ലിവിങ്സ്റ്റണെപ്പറ്റി പടിഞ്ഞാറന്‍ലോകത്തിന് ഏറെക്കാലത്തേക്ക് ഒന്നുമറിഞ്ഞുകൂടായിരുന്നു. അതിനാല്‍, ഹെന്റി മോര്‍ട്ടോണ്‍ സ്റ്റാന്‍ലി എന്ന അമേരിക്കക്കാരന്‍ അദ്ദേഹത്തെ തേടിപ്പുറപ്പെട്ടു. 1871 ല്‍ ഉജീജിയിലെ ഒരു മാവിന്‍ചുവട്ടിലെ ചെറ്റക്കുടിലില്‍ സ്റ്റാന്‍ലി കണ്ടെത്തുന്നത് പല്ലുകൊഴിഞ്ഞ് അകാലവാര്‍ധക്യം പ്രാപിച്ച ലിവിങ്സ്റ്റണെയാണ്.
ലിവിങ്സ്റ്റണെ സ്റ്റാന്‍ലി കണ്ടുമുട്ടിയിടത്തുള്ള മാവ് ഇന്നില്ല. പക്ഷേ, അവിടെ ഉയര്‍ന്നുനില്ക്കുന്ന പല മാവുകളും അടിമകളുടെ കരളലിയിക്കുന്ന കരച്ചില്‍ കേട്ടിട്ടുണ്ട്. അവയുടെ തായ്ത്തടികളില്‍ അവരുടെ രക്തവും മാംസക്കഷണങ്ങളും പറ്റിപ്പിടിച്ചിട്ടുണ്ടാകണം.
ആഫ്രിക്ക എന്നും അടിമകളുടെ നാടായിരുന്നു - ശതാബ്ദങ്ങള്‍ക്കുമുമ്പു തുടങ്ങിയ ബിസിനസ്. അടിമകളെത്തേടി അറബികള്‍ ഈസ്റ്റാഫ്രിക്കയിലെത്തിയതിന് ഏതാണ്ടു രണ്ടായിരംകൊല്ലം പഴക്കമുണ്ട്. അടിമക്കച്ചവടത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായിരുന്നു ഉജീജി. സമീപപ്രദേശങ്ങളില്‍നിന്നെല്ലാം സാധുമനുഷ്യരെ വീടുകയറിയും ഓടിച്ചിട്ടും പിടിച്ചെടുത്ത് കൈകാലുകള്‍ വരിഞ്ഞുകെട്ടി അവിടുത്തെ മാവിന്‍ചുവടുകളില്‍ ബന്ധിച്ചിടുമായിരുന്നു. പിന്നീട്, അവരെ ചങ്ങലകളില്‍ കോര്‍ത്തുകോര്‍ത്തിണക്കി ആയിരത്തഞ്ഞൂറിലധികം കിലോമീറ്റര്‍ അകലെയുള്ള സാന്‍സിബാറിലേക്കു നടത്തിയും ഓടിച്ചും കൊണ്ടുപോകും.
ലിവിങ്സ്റ്റണ്‍ വരുമ്പോള്‍ അടിമകളെ കൂട്ടം കൂട്ടമായി കെട്ടിയിട്ടു വിലപേശിയിരുന്ന ധാരാളം കമ്പോളങ്ങള്‍ ഉജീജിയിലുണ്ടായിരുന്നു.
ഉജീജി വിട്ടാല്‍ പിന്നീടുള്ള പ്രധാന താവളം തബോറയാണ്. തബോറയില്‍നിന്നു കൊണ്ടുപോയിരുന്ന അടിമകളുടെ അഞ്ചിലൊന്നുമാത്രമേ അറബിനാടുകളിലെത്തിയിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ വഴിക്കുവച്ചും സാന്‍സിബാറില്‍വച്ചും മരണപ്പെടും. മലമ്പനിയും മാറാവ്യാധിയും പിടിപെട്ട്, നടന്നുതളര്‍ന്ന്, പട്ടിണി കിടന്ന്, അടിയും വെടിയുമേറ്റ് എത്രയോ പേര്‍ മരിച്ചുവീണിട്ടുണ്ട്. കേടുവന്ന മത്സ്യങ്ങളെ കുട്ടയില്‍നിന്ന് എടുത്തെറിയുന്ന ലാഘവത്തോടെ അവറ്റകളെ വഴിയിലേക്കു തള്ളിയിട്ട് മനുഷ്യത്വമില്ലാത്ത വ്യാപാരികള്‍ മുമ്പോട്ടുനീങ്ങും. സാന്‍സിബാറില്‍ എത്തിച്ചാല്‍ അന്ന് ഒരു അടിമയ്ക്ക് ശരാശരി 20 മുതല്‍ 50 വരെ ഷില്ലിങ് വില കിട്ടുമായിരുന്നു. അവരില്‍ പലരെയും നായ്ക്കളെയെന്നപോലെ കൈകാലുകള്‍ വരിഞ്ഞുകെട്ടി വൃഷണങ്ങള്‍ തകര്‍ത്തു ഷണ്ഡരാക്കിയാണ് അറബിനാടുകളിലേക്കയച്ചിരുന്നത് - തബോറയിലെ ഒരു ഏതദ്ദേശീയവൈദികന്‍ വേദനയോടെ പറഞ്ഞതോര്‍ക്കുന്നു.
ഗോത്രങ്ങള്‍തമ്മിലുള്ള യുദ്ധം അന്നു സാധാരണമായിരുന്നു. കീഴടങ്ങുന്നവരെയെല്ലാം ഗോത്രപ്രമാണികള്‍ അറബികള്‍ക്കു പിടിച്ചു കൊടുക്കും. പകരം അറബികള്‍ അവര്‍ക്കു തോക്കും തുണിയും സമ്മാനിക്കും - നേട്ടം ഇരു കൂട്ടര്‍ക്കും! ആനക്കൊമ്പും അടിമകളുമായിരുന്നു അറബികളുടെ പ്രധാന വ്യാപാരം. ആനക്കൊമ്പു ചുമക്കാന്‍ ആളെ കിട്ടാതിരുന്ന കാലത്ത് അടിമവ്യാപാരം ഇരട്ടി നേട്ടമായിരുന്നു. ആനക്കൊമ്പിനോടൊപ്പം ചുമട്ടുകാരെയും ഒന്നിച്ചു വിറ്റു കാശാക്കാന്‍ കഴിഞ്ഞു!
ഏതാണ്ട്, നൂറ്റിയമ്പതു ലക്ഷത്തോളം അടിമകളെ അങ്ങനെ ആഫ്രിക്കയില്‍നിന്ന് അടിച്ചുനീക്കിയിട്ടുണ്ടെന്നാണു കണക്ക്.
ഇവിടേക്കാണ്, ''അരുത്'', ''അരുത്'' എന്ന ശബ്ദമുയര്‍ത്തിക്കൊണ്ട് ലിവിങ്സ്റ്റണ്‍ എന്ന മനുഷ്യസ്‌നേഹി കടന്നുവന്നത്. ജീവിതകാലം മുഴുവന്‍ അദ്ദേഹം അവരോടൊപ്പം കഴിഞ്ഞു.
മുട്ടുകുത്തിനിന്നു പ്രാര്‍ഥിച്ചുകൊണ്ടു മരണമടഞ്ഞ ഒരു മിഷനറിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? അത് 1873 മേയ് ഒന്നിനു പരലോകം പൂകിയ സാക്ഷാല്‍ ഡേവിഡ് ലിവിങ്സ്റ്റണായിരുന്നു - അടിമകള്‍ക്കുവേണ്ടി മരണംവരെ ജീവിച്ച വിശുദ്ധന്‍.
ലിവിങ്സ്റ്റണിന്റെ തബോറയിലെ വസതി ഇന്നൊരു മ്യൂസിയമാണ്. 'അടിമത്തം അവസാനിപ്പിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ സൗഭാഗ്യമുണ്ടാകട്ടെ'യെന്ന് അദ്ദേഹം അവിടെ എഴുതിവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേദനനിറഞ്ഞ യാത്രാസ്മരണകളും അടിമകളുടെ ദയനീയചിത്രങ്ങളും അവിടെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അവയൊക്കെക്കാണുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണുകള്‍ നിറയും, ഹൃദയം പിടയും.
അടിമവ്യാപാരം അവസാനിക്കുന്നതു കാണാനുള്ള അവസരം അദ്ദേഹത്തിനുണ്ടായില്ല. എങ്കിലും, ആ മഹാരഥന്റെ ആത്മബലി അനേകരുടെ കണ്ണുകള്‍ തുറന്നു - അടിമക്കച്ചവടത്തിന് അറുതി വരുത്തുവാന്‍ പ്രചോദനമായി.
അപരന്റെ രക്തംകൊണ്ടും വിയര്‍പ്പുകൊണ്ടും ജീവിക്കുന്നവന്‍ ഒരിക്കലും ശാശ്വതമായ സന്തോഷം കണ്ടെത്തുകയില്ല. മനഃസാക്ഷി അവരെ വെറുതെ വിടുകയില്ല. കടന്നലുകളെപ്പോലെ കടന്നുകുത്തും.
യേശുവിനെ വിറ്റ യൂദാസ് എന്തു നേടി? ഒന്നും നേടിയില്ല. കൈയില്‍കിട്ടിയതുപോലും അവന് അനുഭവിക്കാനായില്ല.
ആബേലിന്റെ രക്തം മണ്ണില്‍ വീണപ്പോള്‍ നീതിയുടെ നാദമാണ് ഉയര്‍ന്നുപൊങ്ങിയത്: ''കായേന്‍!'' അതിന്റെ ഇടിമുഴക്കത്തില്‍ ആകാശഗോളങ്ങള്‍ കിടിലംകൊണ്ടു. അനന്തനീലിമയുടെ അപാരമൂകതയില്‍ ആ ശബ്ദം അലതല്ലിനിന്നു: ''ആബേലിന്റെ രക്തം കുടിച്ച മണ്ണ് എന്നെ വിളിച്ചു കരയുന്നു'' (ഉത്പത്തി. 4:10).
സഹോദരങ്ങളെ വരിഞ്ഞുകെട്ടി വിറ്റവര്‍ ഒന്നും നേടിയില്ല. അവരുടെ അടിയും വെടിയുമേറ്റു മൃഗങ്ങളെപ്പോലെ മണ്ണടിഞ്ഞവര്‍ അവര്‍ക്കറിഞ്ഞുകൂടാത്ത സ്വര്‍ഗീയസന്തോഷത്തിലെത്തിച്ചേര്‍ന്നു. കരയുന്നവര്‍ക്കാണ് ദിവ്യഗുരു സൗഭാഗ്യം വാഗ്ദാനം ചെയ്തത് (ലൂക്കാ. 6-21) എന്ന സത്യം നാം ഒരിക്കലും മറന്നുപോകരുത്.