വത്തിക്കാന്‍: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തോടെ ആഗോളകത്തോലിക്കാസഭയിലെ മെത്രാന്മാരുടെ പതിനാറാമതു സിനഡിന്റെ ആദ്യഘട്ടത്തിനു സമാപനമായി. ലോകത്തിന്റെ നൊമ്പരങ്ങള്‍ക്കു ചെവിയോര്‍ക്കാത്ത ആത്മീയത, ഫരിസേയമനോഭാവമാണെന്നു വിശുദ്ധ കുര്‍ബാനമധ്യേ നല്‍കിയ സുവിശേഷസന്ദേശത്തില്‍ മാര്‍പാപ്പാ പറഞ്ഞു. സിനഡ് സമ്മേളനം നമ്മെ ഓര്‍മിപ്പിക്കുന്നത്, എല്ലാവരെയും സ്വീകരിക്കുന്ന, ആരെയും ഒഴിവാക്കാത്ത ഒരു സഭയായി മാറാനാണ് എന്നു പറഞ്ഞുകൊണ്ടാണ് മാര്‍പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.
അല്മായര്‍ക്ക് പ്രത്യേകിച്ച്, സ്ത്രീകള്‍ക്കു സഭാസംവിധാനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങളടങ്ങിയതാണ് സിനഡിന്റെ 42 പേജുള്ള സമാപനരേഖ.
മെത്രാന്റെ അധികാരം അല്മായരോടൊപ്പമുള്ള കൂട്ടുത്തരവാദിത്വമായി പരിഗണിക്കപ്പെടണം; സ്ത്രീകള്‍ക്ക് സഭയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കണം. എന്നാല്‍ അവ കൃത്യമായി നിര്‍വചിക്കപ്പെടണം. സ്ത്രീകള്‍ക്ക് ഡീക്കന്‍പട്ടം നല്‍കാനുള്ള സാധ്യത സിനഡ് തള്ളിക്കളയുന്നില്ല. വൈദികബ്രഹ്‌മചര്യം നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ദീര്‍ഘമായ പഠനം ആവശ്യമാണ്.
ഈ റിപ്പോര്‍ട്ട് രൂപതകളിലെ ചര്‍ച്ചയ്ക്കായി എല്ലാ രൂപതകളിലേക്കും അയയ്ക്കും. വരുന്ന ജൂണിനു മുമ്പായി ചര്‍ച്ചാഫലങ്ങള്‍ റോമില്‍ അറിയിക്കണം. ഒക്‌ടോബറില്‍ നടക്കുന്ന സിനഡിന്റെ അവസാനസമ്മേളനത്തിലാണ് അന്തിമനിര്‍ദേശങ്ങള്‍ രൂപപ്പെടുക. അവ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ 2025 ആരംഭത്തില്‍ മാര്‍പാപ്പാ പ്രഖ്യാപിക്കുമെന്നു കരുതപ്പെടുന്നു.
വിശുദ്ധകുര്‍ബാനയിലെ കാഴ്ചസമര്‍പ്പണത്തില്‍ അല്മായപ്രതിനിധികളോടൊപ്പം, ഗള്‍ഫ് നാടുകളിലെ സഭയുടെ പ്രതിനിധിയായി സിനഡിലുണ്ടായിരുന്ന മലയാളി മാത്യു തോമസ് പങ്കെടുത്തു. വത്തിക്കാന്‍ വെബ്‌സൈറ്റിലൂടെ പുറത്തിറക്കിയ സിനഡ് പ്രമാണരേഖയിലെ എല്ലാ ഖണ്ഡികകളും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ സിനഡില്‍ പാസായിരുന്നു എന്നു സിനഡ് സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെക്ക് അറിയിച്ചു.