രാമപുരം: ദൈവവിളിയുടെ വഴികളില്‍ കിടന്ന മുള്ളുകളെ പൂമെത്തകളാക്കിയ നല്ലിടയനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനപ്പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാസ്റ്റര്‍ ഷെപ്പേര്‍ഡിന്റെ സ്വരം ഭവനങ്ങള്‍തോറും കേള്‍പ്പിച്ച പോര്‍ട്ടബിള്‍ ഗോസ്പല്‍ ആയിരുന്നു കുഞ്ഞച്ചന്‍. എല്ലാം വിട്ടുകളഞ്ഞ് സാധാരണക്കാരുടെ ഹൃദയത്തിന്റെ ഉള്ളറകളിലേക്കു നടത്തിയ യാത്രകളിലൂടെ അവരെ സത്യവിശ്വാസത്തില്‍ ആഴപ്പെടുത്തിയ കുഞ്ഞച്ചന്‍ ഓരോ വൈദികന്റെ മുന്നിലും വെല്ലുവിളി ഉയര്‍ത്തുന്നു. നിശ്ശബ്ദനായി, അതേസമയം കുടിലുകള്‍തോറും സഞ്ചരിച്ച് ദൈവസ്‌നേഹത്തിന്റെ കാഹളം മുഴക്കിയ ദളിതരുടെ ശ്ലീഹായാണ് കുഞ്ഞച്ചനെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ സംബന്ധിക്കുന്നതിനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം തേടി പ്രാര്‍ഥിക്കുന്നതിനും പതിനായിരങ്ങളാണ് രാമപുരത്ത് എത്തിച്ചേര്‍ന്നത്.
ഡി.സി.എം.എസ്.സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ് നയിച്ച തീര്‍ഥാടനപദയാത്രയ്ക്ക് രാമപുരം പള്ളിയങ്കണത്തില്‍ വികാരി ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിന്റെയും അസിസ്റ്റന്റ് വികാരിമാരുടെയും കൈക്കാരന്മാരുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി.
പ്രാദേശികം
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ : മുള്ളുകളെ പൂമെത്തകളാക്കിയ നല്ലിടയന്‍ - മാര്‍ ജോസഫ് കല്ലറങ്ങാട്ട്
