അരുവിത്തുറ: നാട്ടിലെ നിര്‍ധനരായ 22 ഭവനരഹിതര്‍ക്കു വീടൊരുക്കി അരുവിത്തുറ ഫൊറോനാ ഇടവക. വീടൊന്നിന് 10 ലക്ഷം രൂപ ചെലവഴിച്ചാണു നിര്‍മാണം. സാധാരണഭവനപദ്ധതിയില്‍നിന്നു വ്യത്യസ്തമായി വീടിനൊപ്പം 10 സെന്റ് സ്ഥലവും നല്‍കുന്നതാണ് അരുവിത്തുറപ്പള്ളിയുടെ സ്വപ്നപദ്ധതിയായ സഹദാ ഗാര്‍ഡന്‍സ്. 650 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് ഓരോ വീടും. അരുവിത്തുറപ്പള്ളി മുന്നോട്ടുവച്ച സാമൂഹിക, സാംസ്‌കാരിക, ആത്മീയ, ഭൗതികമുന്നേറ്റമായ സഹദാ കര്‍മപരിപാടിയുടെ ഭാഗമായിട്ടാണ് ഭവനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്. ഒക്‌ടോബര്‍ 14 ന് ഉച്ചകഴിഞ്ഞ് സ്‌നേഹഭവനങ്ങളുടെ വെഞ്ചരിപ്പുകര്‍മം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
അരുവിത്തുറ പെരുന്നിലം ഭാഗത്ത് പള്ളി വാങ്ങിയ രണ്ടരയേക്കര്‍ സ്ഥലത്താണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഓരോ ഭവനത്തിന്റെയും സ്വകാര്യത പരിഗണിച്ചാണ് നിര്‍മാണം. എല്ലാ വീട്ടിലും വാഹനമെത്തും. വാഹനം വീടിനോടു ചേര്‍ന്നു പാര്‍ക്കു ചെയ്യാം. ശുദ്ധജലത്തിനായി കുളവും ഒത്തുകൂടുന്നതിനും കുട്ടികള്‍ക്കു കളിക്കുന്നതിനുമായി പൊതുവായ മൈതാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടുമുറ്റത്ത് പൂക്കളും പച്ചക്കറികളും കൃഷിചെയ്യാന്‍ സൗകര്യമുണ്ട്. 22 ഭവനങ്ങള്‍ക്കു പുറമേ പത്തു ഭവനങ്ങളുടെ നിര്‍മാണവും പദ്ധതിയിലുണ്ട്. പാലാ രൂപത ഹോം പ്രോജക്ടുമായി ചേര്‍ന്നാണ് വീടുകള്‍ ഒരുക്കിയിരിക്കുന്നത്.
അരുവിത്തുറപ്രദേശത്തെ സുമനസ്സുകള്‍ സംഭാവനയായി നല്‍കിയ ഒരു കോടി രൂപയും ബാക്കി ഇടവകയില്‍നിന്നു നേരിട്ടും ചെലവഴിച്ച് ഏതാണ്ട് എട്ടുമാസംകൊണ്ടാണ് പദ്ധതി പൂര്‍ത്തിയായത്.
2019 ല്‍ വികാരി ഫാ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ ഭവനസന്ദര്‍ശനത്തിനിടെ സ്വന്തമായി ഭവനമില്ലാത്തവരുടെ ദുരിതവും ദുഃഖവും നേരിട്ടുമനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് സഹദാ ഗാര്‍ഡന്‍സ് എന്ന സ്വപ്നപദ്ധതിയുടെ ആശയം ഉയര്‍ന്നുവന്നത്.
ഫൊറോന വികാരി ഫാ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പിലിനോടൊപ്പം സഹവികാരിമാരായ ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍, ഫാ. ജോസഫ് മൂക്കന്‍തോട്ടത്തില്‍, ഫാ. ജോസഫ് കദളിയില്‍, ഫാ. സെബാസ്റ്റ്യന്‍ നടുത്തടം, കോളജ് ബര്‍സാര്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാരായ കെ.എം. തോമസ് കുന്നയ്ക്കാട്ട്, ജോസുകുട്ടി കരോട്ടുപുള്ളോലില്‍, പ്രിന്‍സ് പോര്‍ക്കാട്ടില്‍, ടോം പെരുന്നിലം, സഹദാ ജനറല്‍ കണ്‍വീനര്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, ഡോ. ആന്‍സി വടക്കേച്ചിറയാത്ത്, ജെയ്‌സണ്‍ കൊട്ടുകാപ്പള്ളില്‍, ജോണ്‍സണ്‍ ചെറുവള്ളില്‍, ജോണി കൊല്ലംപറമ്പില്‍, ഡോണ്‍ ഇഞ്ചേരില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വീടുകളുടെ നിര്‍മാണവും പൂര്‍ത്തീകരണവും.