കൊച്ചി: ഹൃദ്രോഗചികിത്സാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2023 ലെ ''പ്രൈഡ് ഓഫ് നേഷന്‍ അവാര്‍ഡ്'' പ്രശസ്ത ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ. ജോര്‍ജ് തയ്യിലിന്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ തെലുങ്കാന ഗവര്‍ണര്‍ ഡോ. തമിളിസൈ സൗന്ദരരാജന്‍ അവാര്‍ഡ് സമ്മാനിച്ചു. ഏഷ്യാറ്റുഡേ റിസര്‍ച്ച് ആന്‍ഡ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഔദ്യോഗികസര്‍വേയിലാണ് ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗവിദഗ്ധരിലൊരാളായി ഡോ. തയ്യില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ചികിത്സയ്ക്കുമാത്രം പ്രാധാന്യം കൊടുക്കുന്നതിലുപരിയായി രോഗികളുടെ ബോധവത്കരണപരിപാടികള്‍ക്കും രോഗപ്രതിരോധത്തിനും സമൂഹത്തിന്റെ പൊതുവായ ആരോഗ്യവളര്‍ച്ചയ്ക്കും വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്നവരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.
ഡോ. തയ്യില്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം സ്ഥാപകതലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ്. ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെയും ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോകാര്‍ഡിയോഗ്രഫിയുടെയും മുന്‍സംസ്ഥാന പ്രസിഡന്റാണ് ഡോ. തയ്യില്‍.