റാഞ്ചി: കാലം ചെയ്ത റാഞ്ചി എമിരറ്റസ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോയുടെ ഭൗതികദേഹം കബറടക്കി. റാഞ്ചി സെന്റ്‌മേരീസ് കത്തീഡ്രലിലായിരുന്നു സംസ്‌കാരം. ഭൗതികശരീരം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നിരവധിപേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 84 വയസ്സായിരുന്നു. നോര്‍ത്തേണ്‍ മിഷന്‍ ഏരിയയില്‍നിന്നുള്ള ആദ്യത്തെ കര്‍ദിനാളും, കര്‍ദിനാള്‍ കോളജില്‍ അംഗമാകുന്ന ഏഷ്യയിലെ ആദിവാസി ഗോത്രവിഭാഗത്തില്‍നിന്നുള്ള ആദ്യവ്യക്തികൂടിയായിരുന്നു അദ്ദേഹം.
1939 ഒക്ടോബര്‍ 15 ന് ജാര്‍ഖണ്ഡിലെ ചെയിന്‍പൂരില്‍ഒറോണ്‍ ഗോത്രവര്‍ഗകുടുംബത്തിലെ പത്തു മക്കളില്‍ എട്ടാമനായാണ് ടോപ്പോ ജനിച്ചത്. 1969 ല്‍ വൈദികനായി. 1984 ല്‍ റാഞ്ചിയുടെ ആര്‍ച്ചുബിഷപ്പായി ചുമതലയേറ്റ ടോപ്പോ 2018 ല്‍ സ്ഥാനമൊഴിയുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു. 2003 ല്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് അദ്ദേഹത്തെ കര്‍ദിനാള്‍പദവിയിലേക്ക് ഉയര്‍ത്തിയത്.
2005 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോയും പങ്കെടുത്തിരുന്നു. 2004 ലും 2006 ലും രണ്ടു തവണ ഭാരതത്തിന്റെ കത്തോലിക്കാമെത്രാന്‍ സമിതിയുടെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2001 മുതല്‍ 2004 വരെയും, 2011 മുതല്‍ 2013 വരെയും ലത്തീന്റീത്ത് ബിഷപ്പുമാര്‍മാത്രമുള്ള കോണ്‍ഫെറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.