ശ്രീകുമാരന്‍ തമ്പിക്ക് വയലാര്‍ അവാര്‍ഡ്
എന്റെ ചിറകുകള്‍ തളര്‍ന്നുകൊണ്ടേയിരുന്നു. വെട്ടേല്ക്കാതെതന്നെ പക്ഷങ്ങളറ്റ് ഞാന്‍ ഭൂമിയില്‍ പതിച്ചു. അവഹേളനത്തിന്റെ മാന്ത്രികതയില്‍ ഞാന്‍ ഒരു മൊട്ടക്കുന്നായി മാറി.
പ്രണയപരിണാമം - ശ്രീകുമാരന്‍ തമ്പി
ഒടുവില്‍ അകന്നുനിന്ന വയലാര്‍ അവാര്‍ഡ് മലയാളത്തിന്റെ ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരന്‍തമ്പിയെ തേടിയെത്തി. പക്ഷേ, അത് കവിതയ്ക്കല്ല; മറിച്ച്, അദ്ദേഹത്തിന്റെ ആത്മകഥയായ ''ജീവിതം ഒരു പെന്‍ഡുല''ത്തിനാണെന്നുമാത്രം.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണു പുരസ്‌കാരം.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയും പിന്നീട് മാതൃഭൂമി ബുക്‌സ് പുസ്തകമാക്കുകയും ചെയ്തതാണ് ഈ കൃതി. സിനിമ യുടെയും സാഹിത്യത്തിന്റെയും വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളും തീരാനഷ്ടങ്ങളും വേദനയുടെ അക്ഷരങ്ങളാല്‍ രേഖപ്പെടുത്തിയ ഗ്രന്ഥമാണ് 'ജീവിതം ഒരു പെന്‍ഡുലം'.
കവി, സിനിമാസംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം മലയാളസിനിമയില്‍ ശ്രദ്ധേയനായ ശ്രീകുമാരന്‍ തമ്പി കളരിക്കല്‍ കൃഷ്ണപിള്ളയുടെയും കരിമ്പലേത്ത് ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനായി 1940 മാര്‍ച്ച് 16 നാണ് ജനിച്ചത്.
ഹരിപ്പാട് ഗവ. ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞ് ആലപ്പുഴ എസ്ഡി കോളജില്‍നിന്നു ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന്, തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജില്‍നിന്ന് 1965 ല്‍ സിവില്‍ എഞ്ചിനീയറിങ് പാസായി. ഗവണ്‍മെന്റ് സര്‍വീസില്‍ കോഴിക്കോട് അസിസ്റ്റന്റ് ടൗണ്‍പ്ലാനറായിരിക്കേ ഉദ്യോഗം രാജി വച്ചു. എഴുത്തിനോടും ഗാനങ്ങളോടുമുള്ള പതിനെട്ടാം വയസ്സുമുതല്‍ തുടങ്ങിയ താത്പര്യം അദ്ദേഹത്തെ അതിനോടകം ശ്രദ്ധേയനാക്കിയിരുന്നു
ആയിരത്തിത്തൊള്ളായിരത്തി യറുപത്താറ് കാലഘട്ടത്തിലാണ് മലയാളസിനിമാലോകത്തേക്കു കടന്നുവന്നത്. ഇരുപത്തിരണ്ടു സിനിമകള്‍ നിര്‍മിക്കുകയും ഇരുപത്തിയൊമ്പതു സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ഏദേശം എഴുപത്തിയെട്ടു സിനിമകള്‍ക്ക് അദ്ദേഹം കഥയെഴുതുകയും ആയിരത്തിലധികം ഗാനങ്ങള്‍ രചിക്കുകയൂം ചെയ്തു. കൂടാതെ, ആറു ടെലിവിഷന്‍ പരമ്പരകളും നിര്‍മിച്ചു. ചലച്ചിത്രങ്ങള്‍ക്കു പുറമേ, ടെലിവിഷന്‍ പരമ്പരകള്‍ക്കായും സംഗീത ആല്‍ബങ്ങള്‍ക്കായും ശ്രീകുമാരന്‍ തമ്പി ഗാനരചന നടത്തി. കാക്കത്തമ്പുരാട്ടി, കുട്ടനാട്, കടലും കരയും, ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. നിത്യഹരിതനായകനായ പ്രേം നസീറിന്റെ ജീവിതത്തെ ആസ്പദമാക്കി 'പ്രേംനസീര്‍ എന്ന പ്രേമഗാനം' എന്ന ഗ്രന്ഥവും സിനിമയുടെ ചരിത്രവും സാങ്കേതികതയും പ്രതിപാദിക്കുന്ന 'സിനിമ : കണക്കും കവിതയും' എന്ന ഗ്രന്ഥവും ശ്രീകുമാരന്‍ തമ്പിയുടെ തൂലികയില്‍ പിറന്നതാണ്.
മികച്ച ഗാനരചയിതാവിനുളള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം 1971 ല്‍ വിലയ്ക്കു വാങ്ങിയ വീണ എന്ന ചിത്രത്തിലെ സുഖമെവിടെ ദുഃഖമെവിടെ എന്ന ഗാനത്തിനും 2011 ല്‍ 'നായിക' എന്ന ചിത്രത്തിലെ 'നനയും നിന്‍ മിഴിയോരം' എന്ന ഗാനത്തിനും ലഭിച്ചു.
1976 ല്‍ 'മോഹിനിയാട്ടം', 1981 ല്‍ 'ഗാനം' എന്നീ രണ്ടു സിനിമകള്‍ക്കു ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ഇന്ത്യയിലെ മികച്ച സിനിമാസംബന്ധിയായ പുസ്തകത്തിനുള്ള 1989 ലെ ദേശീയഅവാര്‍ഡ് 'സിനിമ : കണക്കും കവിതയും' എന്ന ഗ്രന്ഥത്തിനും ലഭിച്ചു. 2017 ല്‍ സിനിമാരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരളസര്‍ക്കാരിന്റെ പരമോന്നതപുരസ്‌കാരമായ 'ജെ സി ദാനിയേല്‍ അവാര്‍ഡ്' നല്‍കി നാട് ശ്രീകുമാരന്‍ തമ്പിയെ ആദരിച്ചു.
പ്രേംനസീര്‍ പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം എന്നിവ കൂടാതെ ഒട്ടനവധി മറ്റു വിഖ്യാതസിനിമാപുരസ്‌കാരങ്ങളും സാഹിത്യപുരസ്‌കാരങ്ങളും ശ്രീകുമാരന്‍തമ്പിയ്ക്കു ലഭിച്ചിട്ടുണ്ട്.