•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അക്ഷരമാലാപഠനം അനിവാര്യമോ?

ഭാഷാസ്‌നേഹികളുടെ നീണ്ടകാലത്തെ പരിശ്രമത്തിനും സമ്മര്‍ദങ്ങള്‍ക്കുമൊടുവില്‍ ഈ അധ്യയനവര്‍ഷാരംഭത്തില്‍ പ്രൈമറിസ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അക്ഷരമാല അച്ചടിച്ചുവന്നിരിക്കുകയാണല്ലോ. എന്നിരുന്നാലും, നിര്‍ഭാഗ്യമെന്നു പറയട്ടെ, പാഠ്യപദ്ധതി ചട്ടക്കൂടില്‍ അക്ഷരമാലാപഠനം ഇപ്പോഴും ഉള്‍പ്പെടുത്തിയിട്ടില്ല. ഈ സന്ദര്‍ഭത്തില്‍ ദീപനാളം ഭാഷാസ്‌നേഹികളായ വായനക്കാര്‍ക്കായി ഒരു സംവാദത്തിന് അവസമൊരുക്കുകയാണ്: അക്ഷരമാലാപഠനം അനിവാര്യമോ?

അക്ഷരം - വാക്ക് - വാക്യം
ഡോ. ജോര്‍ജ് ഓണക്കൂര്‍

അക്ഷരമാലയില്‍നിന്നുള്ള പഠനമാണു ശാസ്ത്രീയം എന്നു ഞാന്‍ വിശ്വസിക്കുന്നു. ആദ്യം അക്ഷരം, പിന്നെ വാക്ക്, അതിനുശേഷം വാക്യം. ഈ രീതിയിലാണു ഭാഷ വികസിക്കുന്നത്. നമ്മുടെ ആശയങ്ങള്‍ രൂപം പ്രാപിക്കുന്നതും അങ്ങനെയാണ്. വാക്യം പഠിച്ചിട്ട് വാക്കു മനസ്സിലാക്കി അക്ഷരങ്ങളിലേക്കു പിന്തിരിയുക എന്നതല്ല ഭാഷാപഠനത്തിന്റെ ശരിയായ രീതി എന്നതാണ് എന്റെ അഭിപ്രായം. 
മലയാളത്തിന്റെ അക്ഷരമാലയ്ക്ക് വലിയ ഒരു സവിശേഷതയുണ്ട്. ഇംഗ്ലീഷില്‍ ഇരുപത്തിയാറ് അക്ഷരങ്ങളേയുള്ളൂ. എന്നാല്‍, മലയാളത്തില്‍ അമ്പത്തിയൊന്ന് എന്നു പറയുമെങ്കിലും അതിനുമപ്പുറത്തേക്കു കൂട്ടക്ഷരങ്ങളെയും ചില്ലുകളെയുമൊക്കെ ചേര്‍ത്താല്‍ ധാരാളം അക്ഷരങ്ങളുണ്ട്. അതുകൊണ്ടുതന്നെയാണ് അക്ഷരമാല എന്ന പേരുതന്നെയുണ്ടായത്. 
അതുകൊണ്ടുതന്നെ വാക്കുകളിലൂടെ അക്ഷരങ്ങളെ അടയാളപ്പെടുത്തുന്നതിനെക്കാള്‍ ശാസ്ത്രീയമായതും മാനസികമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയുന്നതുമായ രീതി അടിത്തറ ഉറപ്പിച്ചു മുമ്പോട്ടു പോവുക എന്നതുതന്നെയാണ്. 
മലയാളം അക്ഷരങ്ങള്‍ എഴുതുന്നതിനുപോലും മറ്റു ഭാഷയിലെ അക്ഷരങ്ങളെക്കാള്‍ വലിയ വ്യത്യാസമുണ്ട്. അതിന്റെ അടിസ്ഥാനകാര്യങ്ങളെങ്കിലും മനസ്സിലാക്കിയെങ്കില്‍മാത്രമേ ഭാഷാപഠനം പൂര്‍ണമാവുകയുള്ളൂ. ആദ്യം അക്ഷരം പഠിക്കുക, പിന്നെ വാക്കുകള്‍ മനസ്സിലാക്കുക, പിന്നീട് വാക്യങ്ങളില്‍ പ്രയോഗിക്കുക.
മലയാളഭാഷയുടെ ഉപയോഗം ഓരോരുത്തരും ഓരോ തരത്തിലാണു നടത്തുന്നത്. എഴുതുന്നതിലും ഉച്ചരിക്കുന്നതിലുമൊക്കെ ഈ വ്യത്യാസം കാണാം. ഈ വ്യത്യസ്തതകളൊക്കെ ഭാഷയെ ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കുന്നവരെ, പ്രാവീണ്യം നേടാന്‍ ശ്രമിക്കുന്നവരെ സംബന്ധിക്കുന്ന കാര്യമാണ്. എന്നാല്‍, അടിസ്ഥാനപരമായ കാര്യമെന്നു പറയുന്നത് അക്ഷരങ്ങളുമായി പരിചയപ്പെടുകയെന്നതുതന്നെയാണ്. 
എളുപ്പത്തില്‍ എഴുതാന്‍ സാധിക്കുന്നതും കേട്ടുപരിചയമുള്ളതുമായ വാക്കുകളാണ് അക്ഷരങ്ങള്‍ പഠിച്ചതിനുശേഷം എഴുതാന്‍ പഠിക്കുന്നത്. അതുകൊണ്ടുതന്നെ, അര്‍ഥശങ്കയില്ലാതെ വാക്കുകള്‍ എഴുതാന്‍ കഴിയുന്നു. ഏതു വാക്കിന് ഏത് അക്ഷരമാണു പ്രയോഗിക്കേണ്ടത് എന്ന കാര്യത്തില്‍ എന്റെ തലമുറയിലുള്ളവര്‍ക്കു യാതൊരു സന്ദേഹവുമില്ലാതിരുന്നതിന്റെ പ്രധാന കാരണം അടിസ്ഥാനമുറപ്പിച്ചുകിട്ടിയ അക്ഷരമാലാപഠനംതന്നെയാണെന്ന് തീര്‍ത്തു പറയാന്‍ കഴിയും.
പരീക്ഷണങ്ങള്‍ നല്ലതുതന്നെ. എങ്കിലും ഭാഷയെ അറിയാന്‍ അക്ഷരങ്ങള്‍ പഠിച്ചേ പറ്റൂ. അക്ഷരങ്ങള്‍ പഠിച്ചവര്‍ക്കേ വാക്കുകള്‍ എഴുതാന്‍ പറ്റൂ. കൂടുതല്‍ പദസമ്പത്തു കൈവശമുള്ളയാള്‍ക്കേ വാക്യങ്ങള്‍ നന്നായി എഴുതാന്‍ കഴിയൂ. അവര്‍ക്കു മാത്രമേ ഭാഷയുടെ ശൈലിയില്‍ പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ സാധിക്കൂ.
അക്ഷരം - വാക്ക് - വാക്യങ്ങള്‍ എന്നിങ്ങനെ ഭാഷാപഠനം പുരോഗമിപ്പിക്കുന്നതാണ് ഭാഷയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

അക്ഷരം അറിവിന്റെ താക്കോല്‍
ഡോ. ജാന്‍സി ജെയിംസ്

മലയാളം അക്ഷരമാല വീണ്ടും പാഠപുസ്തകങ്ങളിലേക്കു തിരികെ വന്നിരിക്കുന്നു. എപ്പോഴാണ് അക്ഷരമാല പാഠപുസ്തകങ്ങളില്‍നിന്ന് അപ്രത്യക്ഷമായതെന്ന് അറിഞ്ഞുകൂടാ. ആരാണിത് അപ്രത്യക്ഷമാക്കിയതെന്നുള്ളതും ഒരു കടങ്കഥയായിത്തന്നെ തുടരുന്നു. 
സ്‌കൂളുകളില്‍ ഇപ്പോള്‍ മലയാളം പഠിപ്പിക്കുന്നത്, പ്രത്യേകിച്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍, കുട്ടികള്‍ക്ക് വളരെ അസന്തുഷ്ടി ഉണ്ടാക്കുന്ന രീതിയിലാണ്. ഒട്ടും ആകര്‍ഷണീയമല്ല നമ്മുടെ സ്‌കൂളുകളിലെ മലയാളപഠനം. വാസ്തവത്തില്‍, പല കാര്യങ്ങളും വേണ്ടവിധമറിയാതെ പകുതി അജ്ഞതയിലാണ് ഭാഷ പഠിച്ചുപോകുന്നത്. ചോദ്യോത്തരങ്ങള്‍ പഠിക്കാന്‍, പരീക്ഷകളില്‍ മാര്‍ക്കു നേടാന്‍ മാത്രം പഠിക്കുന്ന ഒരു രീതിയാണിത്. ഭാഷാപഠനത്തിന്  ഏറ്റവും പ്രധാനം അക്ഷരങ്ങളുടെ പഠനംതന്നെയാണ്.
കുട്ടികള്‍ ക്ലാസ്മുറികളിലെത്തുന്നത് തീര്‍ച്ചയായും ഭാഷ ഉപയോഗിച്ചുകഴിഞ്ഞിട്ടുതന്നെയാണ്. അവരെ സംബന്ധിച്ചിടത്തോളം അക്ഷരം  വലിയൊരു താക്കോലാണ്; അറിവിന്റെ വലിയൊരു മേഖലയാണ്. കുട്ടി പറഞ്ഞു പഠിച്ച വാക്കുകള്‍ എഴുതുകയെന്നത് അവനെ സംബന്ധിച്ച് വലിയ കാര്യമാണ്. അത് എങ്ങനെയെന്നു മനസ്സിലാക്കാനുള്ള ഒരു വാതിലാണല്ലോ അക്ഷരമാലാപഠനം. അത് കൃത്യമായി, തെറ്റില്ലാതെ പഠിച്ചെങ്കില്‍ മാത്രമേ പിന്നീട് വാക്യങ്ങളെഴുതുമ്പോള്‍ അക്ഷരത്തെറ്റ് ഇല്ലാതിരിക്കുകയുള്ളൂ. അത് ഭാഷാപഠനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതുതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട പഠനരീതിയും.
പത്താംക്ലാസുവരെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച ഒരു വിദ്യാര്‍ഥിനിയെന്ന നിലയില്‍ എനിക്കു പറയാന്‍ കഴിയും, എത്ര അനായാസമാണ് ഞാന്‍ അക്ഷരങ്ങള്‍ പഠിച്ചതും ഭാഷ ഉപയോഗിക്കാന്‍ ശീലിച്ചതുമെന്ന്. അക്ഷരപഠനമെന്നത് നമ്മുടെ ജീവിതത്തിലെ ദൈനംദിനപ്രവൃത്തികള്‍പോലെതന്നെ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്തതും സ്വാഭാവികവുമായിരുന്നു. അതുകൊണ്ടുതന്നെ, ഒരുറപ്പും സന്തോഷവും ആത്മവിശ്വാസവും മലയാളം ഉപയോഗിക്കാനും എഴുതാനും എനിക്കുണ്ട്. ഞാന്‍ ഒരു ഇംഗ്ലീഷ് അധ്യാപികയായിരുന്നിട്ടുകൂടി മലയാളത്തെക്കുറിച്ചു സംസാരിക്കാന്‍ എനിക്ക് ഇത്രയേറെ ധൈര്യവും ആത്മവിശ്വാസവുമുള്ളത് ഞാന്‍ പഠിച്ച സര്‍ക്കാര്‍സ്‌കൂളില്‍ എന്റെ പ്രിയപ്പെട്ട അധ്യാപകര്‍ പകര്‍ന്നുതന്നെ ഉറപ്പുള്ള അടിത്തറ ഒന്നുകൊണ്ടുമാത്രമാണ്. 
ശാസ്ത്രസാങ്കേതികവിദ്യയിലെ വളര്‍ച്ച നമുക്കു നല്‍കിയിരിക്കുന്ന വലിയ ഉപകാരങ്ങളോടൊപ്പം നമുക്കു സംഭവിച്ചിരിക്കുന്ന വലിയൊരു നഷ്ടമാണ് എഴുതാനുള്ള കഴിവ് കുറഞ്ഞുവരുന്നത്. ഇതിനു കാരണം പ്രധാനമായും അക്ഷരമറിയില്ല എന്നതുതന്നെയാണ്.
ഭാഷാധ്യാപകര്‍ വളരെ ഗൗരവത്തോടെയും ശാസ്ത്രീയമായും ഭാഷാപഠനത്തെയും അക്ഷരപഠനത്തെയും കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

അക്ഷരം പഠിക്കാതെ എന്തു മാതൃഭാഷ?
ഡോ. പോള്‍ മണലില്‍

കേരളത്തിലെ സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന മിക്ക വിദ്യാര്‍ഥികളും മലയാള അക്ഷരമാല നന്നായി അറിയാത്തവരാണ്. ചെറിയ ക്ലാസ്സുകളില്‍ അക്ഷരമാല പഠിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എല്ലാ ക്ലാസുകളിലും എല്ലാ കുട്ടികളെയും നിര്‍ബന്ധമായും വിജയിപ്പിക്കണം എന്ന നിബന്ധനയുള്ളതുകൊണ്ടുകൂടിയാണ് അക്ഷരമാല പഠിക്കാന്‍ വിദ്യാര്‍ഥികളോ പഠിപ്പിക്കാന്‍ അധ്യാപകരോ താത്പര്യപ്പെടാത്തത്. അക്ഷരം അറിയാമെങ്കിലും ഇല്ലെങ്കിലും ക്ലാസ് കയറ്റം കിട്ടുമെന്നും ഉന്നതവിജയം നേടുന്നതിന് അക്ഷരശുദ്ധിയുടെ ആവശ്യമില്ല എന്നുമുള്ള ധാരണ വിദ്യാര്‍ഥിസമൂഹത്തില്‍ മാത്രമല്ല, മാതാപിതാക്കളിലും അധ്യാപകരിലുംകൂടി ഉറച്ചുപോയിരിക്കുന്നു.
മുന്‍കാലങ്ങളില്‍ എല്‍.പി. ക്ലാസുകളില്‍ത്തന്നെ കുട്ടികള്‍ അക്ഷരമാലാപഠനം പൂര്‍ത്തിയാക്കും. വ്യാകരണത്തിന്റെ ബാലപാഠങ്ങള്‍ യു.പി. ക്ലാസുകളില്‍ പഠിച്ചുതുടങ്ങും. എന്നാല്‍, ഇന്നത്തെ വിദ്യാര്‍ഥികള്‍ ഭൂരിഭാഗത്തിനും അക്ഷരവുമറിയില്ല, വ്യാകരണവുമറിയില്ല. 
പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മലയാളം പ്രസിദ്ധീകരണങ്ങളുടെ പ്രചാരം കുറയുന്നു എന്ന വസ്തുത ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കു വ്യക്തമായി പറയാന്‍ കഴിയും. അക്ഷരം അറിയില്ലെങ്കില്‍ വായന എന്ന സംഗതിക്കു പ്രസക്തിയില്ലല്ലോ. വായനക്കാര്‍ കുറയുമ്പോള്‍ സര്‍ക്കുലേഷന്‍ കുറയുന്നു. മുഖ്യധാരാപ്രസിദ്ധീകരണങ്ങള്‍പോലും പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ്. സമൂഹമാധ്യമങ്ങളില്‍ക്കൂടി ആവശ്യമായ വിവരങ്ങള്‍ കിട്ടുന്നതുകൊണ്ട് പൊതുവിജ്ഞാനത്തിനായി പത്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നില്ല. 
പല വിദേശരാജ്യങ്ങളിലും ശാസ്ത്രഗവേഷണങ്ങള്‍പോലും നടക്കുന്നത് അവരവരുടെ മാതൃഭാഷയില്‍ത്തന്നെയാണ്. വിദേശരാജ്യങ്ങളോടുള്ള അമിതമായ ഭ്രമം മാതൃഭാഷയെ ഒഴിവാക്കി മറ്റു ഭാഷകള്‍ പഠിക്കാന്‍ മലയാളിയെ പ്രേരിപ്പിക്കുന്നു. വിദേശങ്ങളിലെ ഉയര്‍ന്ന ജോലിക്കും ഉന്നതവിദ്യാഭ്യാസത്തിനും ഇംഗ്ലീഷുപോലുള്ള വിദേശഭാഷകള്‍ പഠിച്ചേ മതിയാവൂ. എന്നാല്‍, മലയാളിയുടെ വേരുകള്‍ നിലനില്ക്കുന്നത് ഇവിടെയാണ്, ഈ അക്ഷരങ്ങളിലാണ്. അതുകൊണ്ടുതന്നെ ഓരോ വിദ്യാര്‍ഥിയും മലയാള അക്ഷരമാല സ്വായത്തമാക്കിയേ മതിയാവൂ.

അക്ഷരം പിഴച്ചാല്‍
റോസ്‌മേരി

മലയാളം പാഠപുസ്തകത്തില്‍നിന്ന് അക്ഷരമാല നീക്കം ചെയ്തിരുന്നു എന്ന വാര്‍ത്ത തെല്ല് അമ്പരപ്പോടെയാണു കേട്ടത്. അക്ഷരം പഠിക്കാതെ എങ്ങനെയാണ് ഒരു ഭാഷ പഠിക്കുക? ഒരു ഗോപുരത്തിന്റെ അടിത്തറ കെട്ടിപ്പൊക്കുന്നതുപോലെയല്ലേ അക്ഷരപഠനം? ഭാഷാപഠനത്തിന്റെ ആധാരശിലയാണത്. അക്ഷരങ്ങള്‍ പരിചിതമാവാതെ വാക്കുകള്‍ ഉറയ്ക്കുകയില്ല. സംസാരിക്കാന്‍മാത്രമായി നാം അക്ഷരം പഠിക്കേണ്ടതില്ല. വാമൊഴി വഴക്കത്തില്‍ അത് ശീലമായിക്കൊള്ളും. എന്നാല്‍, ശരിയായ വിധത്തില്‍ ആശയങ്ങള്‍ എഴുതിയവതരിപ്പിക്കാന്‍ അക്ഷരമാല പഠിച്ചേ മതിയാവൂ.
നാടോടികളുടെ നൃത്തങ്ങള്‍, മറ്റു കലാരൂപങ്ങള്‍ മുതലായവ ശാസ്ത്രീയമായി അഭ്യസിക്കുന്നതൊന്നുമല്ല. അത് അവരുടെ ഉള്ളില്‍നിന്നുള്ള ഒരു താളമാണ്. അല്ലെങ്കില്‍ അവരുടെ ശാരീരികമോ ഗോത്രപരമോ ആചാരപരമോ ആയ ചലനങ്ങള്‍ ഒക്കെ സമന്വയിപ്പിച്ചാണ് എന്നു ശ്രദ്ധിച്ചാല്‍ മനസ്സിലാവും. അവയും കണ്ണിന് ഇമ്പം തരുമായിരിക്കും. എന്നാല്‍, യഥാര്‍ഥമായ, ശാസ്ത്രീയനൃത്തം ചുവടുകള്‍ ഹൃദിസ്ഥമാക്കാതെയും താളബോധമില്ലാതെയും ചെയ്താല്‍ ഹൃദ്യമാവുകയില്ല.
അക്ഷരമാല പഠിച്ചതുകൊണ്ടും മനസ്സിരുത്തി ഉള്‍ക്കൊണ്ടതുകൊണ്ടുമാണ് എന്റെ ഭാഷ മെച്ചപ്പെട്ടത്. ഒരു ആശാന്‍കളരിയിലാണ് എന്നെ എഴുത്തിനിരുത്തിയത്. ആശാന്‍, എന്റെ ചൂണ്ടാണിവിരല്‍ നിലത്തു വിരിച്ച മണലില്‍ അമര്‍ത്തിയെഴുതിക്കുമ്പോള്‍ എന്റെ വിരലറ്റം വല്ലാതെ നൊന്തിരുന്നു. അക്ഷരം ഉറക്കെപ്പറഞ്ഞുകൊണ്ടുവേണം എഴുതാന്‍. അക്ഷരത്തിന്റെ വടിവ് അല്പം കുറഞ്ഞാല്‍ ആശാന്‍ ഉഗ്രകോപിയായി പരിണമിക്കും. അങ്ങനെ കാര്‍ക്കശ്യത്തോടെ, നിര്‍ബന്ധബുദ്ധിയോടെ പഠിപ്പിച്ചതുകൊണ്ട് ആ അക്ഷരങ്ങളൊക്കെ കല്ലില്‍ കൊത്തിവച്ചതുപോലെ മനസ്സില്‍ പതിഞ്ഞുകിടപ്പുണ്ട്.
എത്രയെഴുതിയാലും ശരിയാവാത്ത 'ഋ' 'ഝ' മുതലായ അക്ഷരങ്ങള്‍ നാരായണനാശാന്റെ ചില ശിക്ഷാവിധികളും കര്‍ശനമായ മേല്‍നോട്ടവുംമൂലം മായാതെ മനസ്സില്‍ തെളിഞ്ഞുകിടക്കുന്നു. ഇത് എന്റെ ഭാഷാപഠനത്തെയും എഴുത്തുജീവിതത്തെയും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 

അക്ഷരമാലാപഠനം അത്യാവശ്യമല്ല
രവിശങ്കര്‍ എസ്. നായര്‍

സ്‌കൂള്‍ ക്ലാസുകളില്‍ അക്ഷരമാല പഠിപ്പിക്കുന്നില്ല എന്നും ഇത് യുവതലമുറയുടെ ഭാഷാപ്രാവീണ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട് എന്നും ഒരു ആരോപണം അടുത്തകാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. അതേത്തുടര്‍ന്ന് അക്ഷരമാല പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താമെന്നും ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും സര്‍ക്കാര്‍ ഭാഗത്തുനിന്നും ചില ഉറപ്പുകളും ഉണ്ടായിട്ടുണ്ട്. ഇവിടെ രണ്ടു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഒന്ന്, പുതിയ തലമുറയുടെ ഭാഷാപ്രാവീണ്യം, പ്രത്യേകിച്ച് ലിഖിതശേഷികള്‍ വളരെ മോശമാണോ? മുന്‍കാലങ്ങളില്‍ ഉള്ളതിനെക്കാള്‍ എന്തെങ്കിലും രീതിയില്‍ അതിന്റെ നിലവാരം കുറഞ്ഞിട്ടുണ്ടോ? രണ്ട്, അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ത്തന്നെ അക്ഷരമാല പഠിക്കാത്തതുകൊണ്ടാണോ ഇതു സംഭവിച്ചിട്ടുള്ളത്? ഇതു നാം ശ്രദ്ധാപൂര്‍വം പഠിക്കേണ്ട വിഷയമാണോ? കാരണം, അക്ഷരമാലാപഠനം ഇല്ലെങ്കില്‍ അക്ഷരത്തെറ്റുകള്‍ ഉണ്ടാകും, ഭാഷാപ്രാവീണ്യം കുറയും തുടങ്ങിയ വാദഗതികള്‍ വളരെ യുക്തിസഹമാണ് എന്ന് ആളുകള്‍ക്കു പെട്ടെന്നു തോന്നിയേക്കാം. ഇത് ഭാഷാശാസ്ത്രപരമായോ ബോധനശാസ്ത്രപരമായോ ഉള്ള വശങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കാതെയോ വിലയിരുത്താതെയോ സമീപിക്കുന്നതുകൊണ്ടുണ്ടാകുന്ന തോന്നലാണ്.
പുതിയ തലമുറയുടെ ഭാഷാ ശേഷി കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന അഭിപ്രായം എക്കാലത്തും ഉണ്ടായിരുന്നു. പ്രത്യേകിച്ച്, അക്ഷരത്തിന് വളരെ പ്രാധാന്യംകൊടുക്കുന്ന, അക്ഷരം സൂക്ഷ്മമായി പഠിക്കുകയും പഠിപ്പിക്കുകയും ഒക്കെ ചെയ്ത പഴയ തലമുറയ്ക്ക്. ഇതു ശരിയല്ല എന്നു മനസ്സിലാക്കാന്‍ നമ്മുടെ താളിയോലകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. പണ്ടുകാലത്ത് നിലത്തെഴുത്താശാന്മാരുടെകൂടെ വര്‍ഷങ്ങളോളം പഠിച്ച്, സാക്ഷരത നേടിയ വളരെക്കുറച്ച് ആളുകള്‍ പകര്‍ത്തിയെഴുതിയതാണ് താളിയോലകള്‍. അധ്യാത്മരാമായണംപോലെയുള്ള കൃതികളുടെ മുന്നൂറൂം നാനൂറും വര്‍ഷം പഴക്കമുള്ള പകര്‍പ്പുകള്‍ ലഭ്യമാണ്. 
ഇവയിലൊക്കെ പകര്‍പ്പുപിഴകള്‍, അക്ഷരത്തെറ്റുകള്‍, കേട്ടെഴുതുമ്പോഴോ നോക്കിയെഴുതുമ്പോഴോ വരുന്ന തെറ്റുകള്‍ ധാരാളമുണ്ട്. അത് ഇന്നുള്ളതിനെക്കാള്‍ കൂടുതലാണെന്നു പരിശോധിച്ചാല്‍ മനസ്സിലാകും. അല്ലാതെ, അക്ഷരത്തെറ്റില്ലാതെ, വളരെ ഉയര്‍ന്ന നിലവാരത്തില്‍ എഴുതിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍നിന്ന് അക്ഷരം നന്നായി എഴുതാനറിയാത്ത ഒരു സമൂഹമായി നാം മാറിയിട്ടൊന്നുമില്ല.
അക്ഷരത്തെറ്റ് ഉണ്ടാകുന്നുവെന്നുള്ള ഒരു തോന്നല്‍ നമുക്കു വരാന്‍ കാരണം മറ്റുള്ളവര്‍ എഴുതുന്നത് നാമിപ്പോള്‍ കാണുന്നു എന്നുള്ളതുകൊണ്ടാണ്. സൈബര്‍ ഇടങ്ങളിലും എഴുത്തുമേഖലയിലും നാം അതു കാണുന്നുണ്ട്. നേരത്തേ ഇങ്ങനെ കാണാനുള്ള അവസരങ്ങള്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ തെറ്റുകള്‍ കൂടുതല്‍ മനസ്സിലാവുന്നു.
സംസ്‌കൃതത്തില്‍നിന്നു കടം കൊണ്ട ശബ്ദങ്ങള്‍ എഴുതുമ്പോഴാണ് കൂടുതലായും തെറ്റിനെയും ശരിയെയും കുറിച്ചു നാം ചിന്തിക്കുന്നത്. സംസ്‌കൃതപദങ്ങളുടെ അതേ ഉച്ചാരണം മലയാളിക്കു വഴങ്ങുന്നില്ല എന്നതും വാസ്തവമാണ്. ഇപ്പോഴെന്നല്ല, അത് ഒരിക്കലും കഴിഞ്ഞിരുന്നില്ല. ഉദാഹരണത്തിന്, മേഘം, നഖം, രാധ, രഥം തുടങ്ങിയ പദങ്ങള്‍ മലയാളി ഉച്ചരിക്കുന്നത് ഒരേ രീതിയില്‍ത്തന്നെയാണ്. ഈ ഉച്ചാരണംകൊണ്ടാണ് തെറ്റുകള്‍ വരുന്നത്. 
വാക്കുകള്‍ ഒരേ രീതിയില്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായും അതേ രീതിയില്‍ത്തന്നെ എഴുതും. അക്ഷരമാല പഠിപ്പിക്കുന്നതുമായി ഇതിന് ഒരു ബന്ധവുമില്ല.
അന്യഭാഷകളില്‍നിന്നു കടംകൊണ്ട എല്ലാ വാക്കുകള്‍ക്കും മേല്പറഞ്ഞ പ്രശ്‌നങ്ങള്‍ ഉണ്ട്. അക്ഷരമാല പഠിപ്പിക്കാത്തതാണ്  രചനാവൈകല്യങ്ങള്‍ക്കു കാരണമെന്നു വാദിക്കുന്നതു തികച്ചും ബാലിശമാണ്. എടുത്തുപറയേണ്ട ഒരു കാര്യം, നല്ല മലയാളം എന്നു പറയുന്നത് അക്ഷരത്തെറ്റില്ലാത്ത മലയാളം അല്ല, ആശയങ്ങള്‍ വ്യക്തമായും ചിട്ടയായും എഴുതുകയോ പറയുകയോ ചെയ്യുന്നതാണത്. അക്ഷരമാല പഠിപ്പിച്ചാല്‍ ഈ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാം എന്നു പറയുന്നതു ശരിയല്ല. അക്ഷരമാലയും അക്ഷരത്തെറ്റുമായി ഒരു ബന്ധവുമില്ല. അക്ഷരമാല എന്നത് അക്ഷരങ്ങളുടെ ഒരു ക്രമീകരണം മാത്രമാണ്. ഇതു പഠിപ്പിക്കുന്നതുകൊണ്ട് ഭാഷാപരമായ യാതൊരു പ്രാവീണ്യവും നമുക്കു ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ ഭാഷകളിലെയെല്ലാം അക്ഷരമാലകള്‍ സ്വനവിജ്ഞാപനപരമായ ഒരു തത്ത്വമനുസരിച്ചാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതു ശരിയാണ്. ഭാഷ ഉപയോഗിക്കുന്നവരില്‍ ഇത് സംഗതമായിട്ടുള്ള കാര്യമല്ല. ഇതിന്റെ ഫൊണറ്റിക്‌സ് ഒന്നും മനസ്സിലാക്കാന്‍ ചെറിയ കുട്ടികള്‍ക്കു കഴിയുകയുമില്ല, അതിന്റെ ആവശ്യവുമില്ല. 
ഭാഷാശാസ്ത്രപരമോ ഭാഷാ ബോധനപരമോ ആയ തലത്തില്‍നിന്നുകൊണ്ട് ഈ പ്രശ്‌നത്തെ സമീപിക്കാതെ, ഞാന്‍ പഠിച്ചത് ഇങ്ങനെയാണ്, അതുകൊണ്ട് ഇങ്ങനെതന്നെ മതി എന്ന് പല ഭാഷാപണ്ഡിതന്മാരും ഈ പ്രശ്‌നത്തെ സമീപിക്കുന്നതുകൊണ്ടാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുന്നത്.

അക്ഷരം പഠിക്കാതെ എഴുതുന്നതെങ്ങനെ?
ഡോ. തോമസ് മൂലയില്‍

കേട്ട് സംസാരിച്ച്, എഴുതി, വായിച്ചു പഠിക്കുകയെന്നതാണ് ഭാഷാപഠനത്തിനു ലോകമെങ്ങും സ്വീകരിച്ചിരിക്കുന്ന ശാസ്ത്രീയമായ രീതി എന്നാണ് എസ്. സി. ഇ. ആര്‍. ടി. ഡയറക്ടര്‍ ഡോ. ആര്‍.കെ. ജയപ്രകാശം ഈയിടെ ഇറക്കിയ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഈയിടെ പ്രസിദ്ധീകരിച്ച കേരളഭാഷാ പാഠ്യപദ്ധതി ചട്ടക്കൂടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവിതര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. അതിനു നിമിത്തമായ 246 പേജുള്ള ഈ ബൃഹദ്ഗ്രന്ഥത്തിന്റെ 140-ാമത്തെ പേജില്‍ പറയുന്നു: കുട്ടികളെ പഠിപ്പിക്കേണ്ടത് എഴുത്തുഭാഷയാണ്. കേവലം അക്ഷരങ്ങളല്ല. 143-ാമത്തെ പേജില്‍ പറയുന്നു: ഒന്ന്, രണ്ട്  ക്ലാസുകളില്‍ ആശയാവതരണരീതിയാണ് സ്വീകരിക്കേണ്ടത്. ഭാഷ സ്വാഭാവികവും സമഗ്രവുമായി ആര്‍ജിക്കുന്നതിന് ഈ രീതിയാണ് ഫലപ്രദം.
ആശയാവതരണരീതിയോട് ആര്‍ക്കും വിയോജിപ്പില്ല. കേള്‍ക്കുക, സംസാരിക്കുക, എഴുതുക, വായിക്കുക എന്ന നാലു വാക്കുകളാണുള്ളത്. ഇവിടെ 'എഴുതുക' എന്ന വാക്കിന്റെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കേവലം അക്ഷരങ്ങളല്ല പഠിപ്പിക്കേണ്ടത് എന്നല്ലേ ചട്ടക്കുടു പറയുന്നത്. അക്ഷരം കൂടാതെ എങ്ങനെയാണ് എഴുതാന്‍ കഴിയുന്നത്? അക്ഷരം എഴുതാതെ എങ്ങനെയാണ് പഠിക്കുന്നത്? അക്ഷരം പഠിപ്പിക്കാതെ എങ്ങനെയാണു പഠിക്കുന്നത്? അക്ഷരം എഴുതിയെങ്കിലല്ലേ വായിക്കാന്‍ കഴിയുകയുള്ളൂ. 
ആശയാവതരണരീതി അംഗീകരിച്ചുകൊണ്ടുതന്നെ ഞാന്‍ ചോദിക്കട്ടെ: അഞ്ചുവയസ്സുള്ള കുട്ടിക്ക് അമ്മയെക്കുറിച്ച് ആശയമുണ്ട്. എന്റെ അമ്മ എനിക്കാര് എന്ന് അറിഞ്ഞനുഭവിച്ച് ആസ്വദിച്ചുവന്ന കുട്ടിയാണ്. അമ്മ എന്ന വാക്കുണ്ട്, അമ്മേ, എനിക്കു വിശക്കുന്നു എന്ന വാക്യവും ഉണ്ട്. ഇനി ഇത് എഴുതണം. അക്ഷരമില്ലാതെ എങ്ങനെയാണ് എഴതുന്നത് എന്ന കാര്യമേ നാം പറയുന്നുള്ളൂ. എഴുതണമെങ്കില്‍ അക്ഷരം പഠിക്കണം. ആരെങ്കിലും പഠിപ്പിക്കാതെ എങ്ങനെയാണ് കുട്ടി പഠിക്കുന്നത്? വായിക്കണമെങ്കിലും എഴുതണമെങ്കിലും അക്ഷരം പഠിക്കണം. ഒന്നാം പാഠപുസ്തകത്തിലെ ഒന്നാം അധ്യായം വീടിനെക്കുറിച്ചാണ്. ആ വീട്ടില്‍ അച്ഛന്‍, അമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ എന്നുവേണ്ട പട്ടി, പൂച്ച, കോഴി, പശു, പശുത്തൊഴുത്ത് തുടങ്ങിയവയെല്ലാം കൊടുത്തിട്ടുണ്ട്. അനുദിനം ഇവയെല്ലാം വീട്ടില്‍  കണ്ടുവളരുന്ന ഒരു കുട്ടിക്ക് ഈ ആശയങ്ങളെല്ലാം ടീച്ചര്‍ പഠിപ്പിക്കേണ്ടതുണ്ടോ? 
അതേസമയം, ഈ ആശയങ്ങള്‍ എഴുതാനും വായിക്കാനും കുട്ടിയെ പഠിപ്പിക്കുകതന്നെ വേണം. അക്ഷരത്തില്‍നിന്ന് ആരംഭിക്കണം എന്നു പറയുന്നതിന്റെ പ്രസക്തി ഇതാണ്. ഇതില്‍ എന്തു തെറ്റാണുള്ളത്? 
എഴുപത്തഞ്ചുകൊല്ലം മുമ്പ് നാലുമാസംകൊണ്ട് 49 അക്ഷരങ്ങളും എഴുതാന്‍ പഠിച്ചയാളാണ് ഞാന്‍. അവ നന്നായി ഉച്ചരിക്കാനും പഠിച്ചിരുന്നു. ഇത് നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന ഒരു പഠനസമ്പ്രദായമാണ്. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് അദ്ദേഹത്തിന്റെ ഒരു കല്പന ഉണ്ടായിരുന്നു: എട്ടുവയസ്സായ ഒരു കുട്ടിപോലും എഴുത്തും വായനയും അറിയാത്തവരായി തിരുവിതാംകൂറില്‍ ഉണ്ടാകാന്‍ പാടില്ല. അന്നത് പറ്റുമായിരുന്നു. ഇന്നതു പറ്റില്ല. ശാസ്ത്രീയമല്ലത്രേ! 
'അ' എന്ന അക്ഷരത്തിന്റെ ഘടന കാണുമ്പോള്‍ കുട്ടി പേടിച്ചുപോകുന്നു എന്നത്രേ മനഃശാസ്ത്രജ്ഞന്മാരുടെ വാദം. എഴുതിയെഴുതി അക്ഷരം വരച്ചെടുക്കാന്‍ കുട്ടി പഠിക്കുന്നു. അത് മാനസികാധ്വാനമാണെന്നും സമ്മര്‍ദമാണെന്നും മനഃശാസ്ത്രജ്ഞന്മാര്‍ പറഞ്ഞാല്‍ എന്തുചെയ്യാന്‍ കഴിയും! എന്നാല്‍, കുട്ടിക്ക് സമ്മര്‍ദമല്ല ഉണ്ടാകുന്നത്. എഴുതുമ്പോള്‍ ഒരു ചിത്രം വരച്ച അനുഭവമാണ് കുട്ടിക്ക് ഉണ്ടാകുന്നത്. ഇവിടെ അവന് ആത്മാഭിമാനവും ആത്മവിശ്വാസവുമാണ് ഉണ്ടാകുന്നത്.
അക്ഷരമാല പാഠപുസ്തകത്തില്‍ ചേര്‍ത്താല്‍ മാത്രം പോരാ, അക്ഷരമാല നിര്‍ബന്ധമായും പാഠ്യപദ്ധതി ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കണം എന്നാണ് വിദ്യാഭ്യാസമന്ത്രിയോട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്.  

അക്ഷരമാലയെവിടെ  കണ്ടതും കേട്ടതുമെവിടെ?
വിദ്യ വിജയകുമാര്‍

മനുഷ്യന്‍ ആശയവിനിമയത്തിന്  രണ്ടുതരം ഭാഷകള്‍ ഉപയോഗിക്കുന്നു. ഒന്നാം ഭാഷയും രണ്ടാം ഭാഷയും. മാതൃഭാഷ അവന്റെ ഒന്നാം ഭാഷയാണ്. ഒരു വ്യക്തി ഒരു രണ്ടാം ഭാഷ പഠിച്ചെടുക്കുന്നതിന് പല രീതികളുണ്ട്. അതിലൊന്നാണ് അക്ഷരമാലാപഠനം.  എന്നാല്‍, ഒന്നാം ഭാഷ അങ്ങനെയല്ല പഠിക്കുന്നത്. ഒരു കുട്ടി ജനിക്കുമ്പോള്‍ മുതല്‍ ആ ഭാഷ കേട്ടു പഠിച്ച്, മനസ്സിലാക്കിയാണ് വളരുന്നത്. ഒരു വസ്തുവിനെ ചൂണ്ടിക്കാട്ടി ഇതാണ് ഇതിന്റെ പേര് എന്നൊന്നും ആരും ആര്‍ക്കും പറഞ്ഞുകൊടുത്തിട്ടല്ല; നാമത് സ്വാഭാവികമായി, ആളുകള്‍ സംസാരിക്കുന്നതുകേട്ട് മനസ്സിലാക്കുകയാണ്. അങ്ങനെയുള്ള ഒരു ഭാഷ അക്ഷരമാലയുടെ നിബന്ധനകള്‍ അനുസരിച്ചു പഠിക്കേണ്ട കാര്യമില്ല. 
ഒരു കുട്ടി ഭാഷാപഠനം ആരംഭിക്കുന്നത് അക്ഷരമാലയില്‍നിന്നല്ല. ലിപിയില്ലാത്ത എത്രയോ ഭാഷകളുണ്ട്. അവയും സംസാരിക്കപ്പെടുന്നില്ലേ? അവ പഠിക്കണമെങ്കില്‍ അക്ഷരമാല പഠിച്ചേ തീരൂ എന്നു ശഠിക്കുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടോ? ഒരു ഭാഷയുടെ കാതല്‍ എന്നു പറയുന്നത് അതിലെ ശബ്ദങ്ങളാണ്. ശബ്ദങ്ങള്‍ പഠിക്കുന്നതിന് ലിപിയുടെ ആവശ്യമില്ല. ലിപി ഉപയോഗിക്കുന്നത് ഭാഷ സൂക്ഷിച്ചുവയ്ക്കുന്നതിനും ആശയവിനിമയം കുറെക്കൂടി എളുപ്പമാക്കുന്നതിനുമാണ്. ആശയവിനിമയത്തിനും ലിപി വേണമെന്നു നിര്‍ബന്ധമില്ല. എന്തെങ്കിലും എഴുതുമ്പോള്‍ മാത്രമാണ് ലിപിയുടെ ആവശ്യം വരുന്നത്.
മലയാളത്തെപ്പോലെ ഇത്രയും ഭാഷാഭേദങ്ങളുള്ള ഒരു ഭാഷയ്ക്ക് ഒരു ലിപി എന്നതുതന്നെ അസംബന്ധമാണ്. മലയാളത്തിന്റെ ഭാഷാഭേദങ്ങളുടെയെല്ലാം ലിപി ഒന്നുതന്നെയാണ് എന്നു പറയുന്നതിലും വലിയ കാര്യമൊന്നുമില്ല.
നാം ഒരിക്കലും ക്രമീകൃതമായ അക്ഷരമാലയല്ല പഠിച്ചുതുടങ്ങുന്നത്. ഒരു കുട്ടിയും 'അ' എന്നു തുടങ്ങി പഠിക്കുന്നില്ല. എഴുതാനോ വരയ്ക്കാനോ എളുപ്പമായ, അക്ഷരരൂപങ്ങള്‍ എന്നു നാം വിചാരിക്കുന്ന 'റ,ന,ത' മുതലായവയാണ് നാം പഠിച്ചുതുടങ്ങുന്നത്. 'റ' എന്നാണ് ആദ്യം എഴുതുന്നത്. അതിന്റെ കൂടെ മറ്റു ചില 'വര'കള്‍കൂടി വരച്ചാല്‍ 'ന', 'ത' എന്നൊക്കെ എഴുതാമെന്നും പഠിക്കുന്നു. അതില്‍നിന്നാണ് ബാക്കി അക്ഷരങ്ങള്‍ എല്ലാം നാം പഠിക്കുന്നത്.
'അ' എന്ന അക്ഷരമാണ് ആദ്യം എഴുതാന്‍ പഠിപ്പിക്കുന്നതെങ്കില്‍ കുട്ടിക്ക് അത് പഠിച്ചെടുക്കാന്‍ അത്ര എളുപ്പമായിരിക്കില്ല. 'തറ എന്നു തന്നെയാണ് മിക്ക കുട്ടികളും ആദ്യം എഴുതാന്‍ പഠിക്കുന്ന വാക്ക്. അല്ലാതെ ഒരിക്കലും 'ആന' എന്നല്ല. അക്ഷരം എന്നു മനസ്സിലാക്കിയുമല്ല അവനതു പഠിക്കുന്നത്. എഴുതാനും വരയ്ക്കാനും എളുപ്പമുള്ള ഒരു രൂപം മാത്രമാണ് അവനെ സംബന്ധിച്ചിടത്തോളം 'തറ' എന്ന വാക്ക്.
നാലോ അഞ്ചോ വയസ്സിലാണ് കുട്ടി വിദ്യാലയത്തിലെത്തുന്നത്. ആ പ്രായത്തിനുള്ളില്‍ത്തന്നെ അവന്‍ വളരെയധികം വാക്കുകള്‍ പഠിച്ചുകഴിഞ്ഞിരിക്കും. അവന്റെ ചിന്താമണ്ഡലത്തിലുള്ള കാര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത വസ്തുതയാണ് 'അ' മുതല്‍ തുടങ്ങുന്ന അക്ഷരമാല. ഈ വാക്കുകള്‍ എല്ലാം അവനറിയാം. അത് ഘട്ടംഘട്ടമായി അവനു മനസ്സിലാക്കിക്കൊടുത്താല്‍ മതിയാവും. അതിന് നിര്‍ബന്ധിച്ചു പിടിച്ചിരുത്തി അക്ഷരമാല പഠിപ്പിക്കേണ്ട കാര്യമൊന്നുമില്ല. 
(തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍നിന്ന്, 2023 എം.എ. ഭാഷാശാസ്ത്രം പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവാണ് ലേഖിക.)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)