കാലത്തിനു മുമ്പേ പിറന്ന സൃഷ്ടികള്‍ സമ്മാനിച്ച് മലയാളസിനിമയുടെ ന്യൂവേവ് പ്രസ്ഥാനത്തിനു മുഖവുരയെഴുതിയ കെ.ജി. ജോര്‍ജ് എന്ന കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് (77) വിടവാങ്ങി. 70 മുതല്‍ 90 വരെ മലയാളസിനിമയില്‍ വസന്തം തീര്‍ത്ത സര്‍ഗപ്രതിഭയായിരുന്നു അദ്ദേഹം. സിനിമയെ ആഴത്തില്‍ പഠിക്കാന്‍ തുടങ്ങിയകാലത്ത് എതു സിനിമാവിദ്യാര്‍ഥിയെയുംപോലെ എന്നെ വിസ്മയിപ്പിച്ചത് അദ്ദേഹത്തിന്റെ ഓരോ കഥാപാത്രസൃഷ്ടിയും മനഃശാസ്ത്രസൂക്ഷ്മതയുള്ള സമീപനവുമാണ്.
1971 ല്‍ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സിനിമാസംവിധാനത്തില്‍ ഡിപ്ലോമ നേടിയ അദ്ദേഹം 1972 ല്‍ രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തില്‍ സംവിധാനസഹായിയായിട്ടാണ് ചലച്ചിത്രജീവിതമാരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം നെല്ലിന്റെ തിരക്കഥാകൃത്തായി. 1975 ല്‍ സ്വപ്നാടനം എന്ന സിനിമ ചെയ്ത് അദ്ദേഹം സ്വതന്ത്ര സംവിധായകനായി. ആ സിനിമ ഇന്നും ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകമാണ്. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആ സിനിമയ്ക്കുശേഷം ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, കഥയ്ക്കു പിന്നില്‍ തുടങ്ങി ചെയ്ത 19 സിനിമകളിലൂടെ മലയാളസിനിമയെ മാറ്റിമറിക്കാന്‍ അദ്ദേഹത്തിനായി. അദ്ദേഹത്തിന്റെ ഓരോ സിനിമയും ഒന്നിനൊന്നു വ്യത്യസ്തങ്ങളായിരുന്നു. അദ്ദേഹം ചെയ്ത 12 സിനിമകള്‍ ഇന്ത്യന്‍ പനോരമയിലേക്കു തിരഞ്ഞടുത്തു. കുടുംബത്തിന്റെ ഉള്ളിലേക്കു ക്യാമറ തിരിച്ചുവച്ച് ചുറ്റും നടക്കുന്ന കാണാത്ത പല കാര്യങ്ങളും നമ്മളെ ഓര്‍മിപ്പിച്ചു കടന്നുപോയ ഒരു ഒറ്റയാനാണ് കെ. ജി. ജോര്‍ജ്. ഇന്ത്യന്‍ കുറ്റാന്വേഷണചിത്രങ്ങളില്‍ ഇന്നും സവിശേഷസ്ഥാനം വഹിക്കുന്ന യവനിക, സ്ത്രീപക്ഷരാഷ്ട്രീയം സംസാരിക്കുന്ന ആദാമിന്റെ വാരിയെല്ല്, ഇന്ത്യന്‍സിനിമയിലെതന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സറ്റയറായ പഞ്ചവടിപ്പാലം, സോഷ്യല്‍ ക്ലാസിക് ഇരകള്‍ തുടങ്ങി വ്യത്യസ്തപശ്ചാത്തലങ്ങളില്‍ സിനിമകളൊരുക്കി അദ്ദേഹം മലയാളിപ്രേക്ഷകര്‍ക്ക് രാജ്യാന്തരനിലവാരമുള്ള ചലച്ചിത്രാനുഭവം പകര്‍ന്നു. 2016 ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ. സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി.
1946 ല്‍ തിരുവല്ലയിലാണ് ജനനം. സ്വപ്നാടനം - മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്ക് 1975-ല്‍ സംസ്ഥാന പുരസ്‌കാരവും, രാപ്പാടികളുടെ ഗാഥ - 1978 ല്‍ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്ക് സംസ്ഥാന പുരസ്‌കാരവും, യവനിക - മികച്ച ചിത്രം, കഥ എന്നിവയ്ക്ക് 1982 ല്‍ സംസ്ഥാന പുരസ്‌കാരവും കെ.ജി. ജോര്‍ജിനെ തേടിയെത്തി.
ആദാമിന്റെ വാരിയെല്ല് - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1983ല്‍ സംസ്ഥാന പുരസ്‌കാരവും, ഇരകള്‍ - മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നിവയ്ക്ക് 1985ല്‍ സംസ്ഥാന പുരസ്‌കാരവും ജോര്‍ജിന്റെ ബഹുമതിപ്പട്ടികയില്‍പ്പെടുന്നു.
കെ. ജി. ജോര്‍ജിന്റെ സിനിമകള്‍: ഇലവങ്കോട് ദേശം - 1998, ഒരു യാത്രയുടെ അന്ത്യം - 1991, ഈ കണ്ണി കൂടി - 1990, മറ്റൊരാള്‍ - 1988, കഥയ്ക്കു പിന്നില്‍ - 1987, ഇരകള്‍ - 1986, പഞ്ചവടിപ്പാലം - 1984, ആദാമിന്റെ വാരിയെല്ല് - 1983, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് - 1983, യവനിക - 1982, കോലങ്ങള്‍ - 1981, മേള - 1980, ഉള്‍ക്കടല്‍ - 1978, ഇനി അവള്‍ ഉറങ്ങട്ടെ - 1978, മണ്ണ് - 1978, ഓണപ്പുടവ - 1978, രാപ്പാടികളുടെ ഗാഥ - 1978, വ്യാമോഹം - 1977, സ്വപ്നാടനം - 1975.
പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകള്‍ സല്‍മയാണ് ഭാര്യ. മക്കള്‍ താരാ ജോര്‍ജ്, അരുണ്‍ ജോര്‍ജ്. ഇന്ത്യന്‍ ചലച്ചിത്രസംവിധായകനിരയിലെ ഗുരുസ്ഥാനീയന് പ്രണാമം!