നേതൃത്വത്തെക്കുറിച്ച് ഒരു പഴയ കഥയുണ്ട്. രാജ്യത്തിന്റെ ഡിഫെന്‍സിനായി ഒരു വന്മതില്‍ തീര്‍ക്കുന്ന ശ്രമകരമായ ജോലി നടക്കുമ്പോള്‍ ഒരിടത്തു പൈപ്പും വലിച്ചു വെറുതെ ഇരുന്നു കല്പിക്കുകമാത്രം ചെയ്യുന്ന ഒരു മേജര്‍ ഉണ്ടായിരുന്നു. മേജര്‍ ഇടയ്ക്കിടെ പട്ടാളക്കാരെ വിരട്ടുന്നുണ്ട്: ഒരു മണിക്കൂറിനകം ഈ പണി തീര്‍ന്നില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അയാള്‍ അവരെ സഹായിക്കാന്‍ നോക്കുന്നില്ല. അപ്പോള്‍ അവിടേക്ക് അശ്വാരൂഢനായ ഒരാള്‍ എത്തുന്നു. അയാള്‍ ചോദിക്കുന്നു: ''മേജര്‍, താങ്കള്‍ എന്തുകൊണ്ട് ഇവരെ തെല്ലും സഹായിക്കുന്നില്ല?'' ഇതു കേട്ട് ഉറക്കെച്ചിരിച്ചു പരിഹസിച്ചുകൊണ്ട് മേജര്‍ പറഞ്ഞു: ''ഇവരോട് അനുകമ്പ തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്കും അവരുടെകൂടെ ജോലി ചെയ്യാം. എന്റെ ജോലി കല്പിക്കുകമാത്രവും അവരുടേത് ജോലിചെയ്യുക എന്നതുമാണ്.'' ഇതുകേട്ട് അപരിചിതന്‍ കുതിരപ്പുറത്തുനിന്നിറങ്ങി പട്ടാളക്കാരുടെ അടുത്തേക്കു ചെന്ന് അവരെ സഹായിക്കാന്‍ തുടങ്ങി.
പണികള്‍ പൂര്‍ത്തിയായപ്പോള്‍ ആ പട്ടാളക്കാരെ അദ്ദേഹം ധാരാളമായി പ്രശംസിച്ചു. അപരിചിതന്റെ ഈ വിചിത്രമായ പെരുമാറ്റം മേജറെ തെല്ലൊന്ന് അമ്പരപ്പിച്ചു. അപരിചിതന്‍ യാത്രയാകാന്‍ തുടങ്ങുമ്പോള്‍ മേജര്‍ മെല്ലെ അയാളുടെ അടുത്തേക്കു ചെന്നു. അപരിചിതന്‍ പറഞ്ഞു: ''ഈ പട്ടാളക്കാരെ സഹായിക്കുന്നതില്‍ താങ്കളുടെ റാങ്കും പദവിയും ഒരു തടസ്സമാകുന്നുണ്ടെങ്കില്‍ താങ്കള്‍ താങ്കളുടെ മേലുദ്യോഗസ്ഥന്മാരുമായി സംസാരിക്കുക. അവര്‍ക്ക് അതിനു പരിഹാരം കാണാനാകും.'' പെട്ടെന്ന് മേജര്‍ക്കു ഭൂതോദയം ഉണ്ടായി. അയാള്‍ തിരിച്ചറിഞ്ഞു, തന്റെ മുമ്പില്‍ നില്ക്കുന്നത് രാഷ്ട്രത്തലവന്‍ സാക്ഷാല്‍ ജോര്‍ജ് വാഷിങ്ടണ്‍ ആണെന്ന്.
മനസ്സാന്നിധ്യമുള്ള, കരിസ്മയുള്ള നേതാക്കന്മാര്‍ ഉള്‍ക്കാഴ്ചയോടെ അവസരങ്ങള്‍ക്കനുസരിച്ച് ഉയരുന്നവരാണ്. അമേരിക്കന്‍ചരിത്രത്തിലെ സര്‍വസമ്മതനും സമുന്നതനുമായ ഒരു നേതാവായിരുന്നു ജോര്‍ജ് വാഷിങ്ടണ്‍.
മാതൃകകള്‍ സൃഷ്ടിക്കുന്നവര്‍
മറ്റുള്ളവര്‍ക്കു സ്വയം മാതൃകയാകുന്ന നേതൃത്വശൈലി സ്വീകരിച്ച ധാരാളം പേരെ നമുക്കറിയാം. അധികാരവിനിയോഗത്തിലൂടെമാത്രം മുന്നേറുന്നവര്‍ മറ്റുള്ളവരില്‍ അവരുടെ ലക്ഷ്യങ്ങള്‍ വെറുതെ അടിച്ചേല്പിക്കുന്നു; മറിച്ച്, മാതൃകകള്‍ സൃഷ്ടിക്കുന്നവര്‍ എങ്ങനെ കാര്യങ്ങള്‍ ഭംഗിയായി ചെയ്യാം എന്ന് അവരോടു കൂടെനിന്ന് അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുന്നു; അവരോടു മനസ്സുചേര്‍ക്കുന്നു.
നിക്കോള്‍സിന്റെ മാതൃക
ഗുജറാത്തിലെ ഒരു സോഡാ ആഷ് പ്ലാന്റിന്റെ സ്ഥാപനകാലത്തു നിക്കോള്‍സ് എന്നൊരു വിദേശി എഞ്ചിനീയര്‍ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം അവിടെ ചീഫ് എഞ്ചിനീയര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ ഒരു ബറ്റാലിയന്‍ എഞ്ചിനീയര്‍മാര്‍ ഉണ്ടായിരുന്നിട്ടും, ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ പ്ലാന്റ് നിരീക്ഷിക്കാന്‍ എപ്പോഴും സൗകര്യമുണ്ടായിരുന്നിട്ടും അദ്ദേഹം പ്ലാന്റിന്റെ ഓരോ കോണിലും നടന്നെത്തുമായിരുന്നു. ചിലപ്പോള്‍ മെക്കാനിക്കുകള്‍ക്കൊപ്പംനിന്നു പണിചെയ്യും. തന്റെ ക്യാബിനില്‍ വളരെ വിരളമായിട്ടേ കാണാനുണ്ടാവൂ. എവിടെ പ്രശ്‌നങ്ങള്‍ വന്നാലും ആദ്യം ഓടിയെത്തുക നിക്കോള്‍സ് ആയിരിക്കും. നേരം വെളുത്താല്‍ പുറത്തേക്കുള്ള മാലിന്യവാഹിനിക്കുഴലുകള്‍ പോകുന്നിടത്തെല്ലാം സ്വയം നടന്നു നിരീക്ഷിക്കും. ഇതിനൊക്കെ ആളുകളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ടെങ്കിലും സ്വയം പരിശോധിച്ച് ഒന്നുകൂടി തൃപ്തിവരുത്തും. കമ്പനിയിലെ തന്റെ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ സാധാരണക്കാരോടൊപ്പംനിന്നു ജോലി ചെയ്യാന്‍ അദ്ദേഹത്തിനു തടസ്സമായിരുന്നില്ല.
മെട്രോമാന്‍ ഇ. ശ്രീധരന്‍
മാതൃകാ നേതൃത്വത്തെക്കുറിച്ചു പറയുമ്പോള്‍ എളുപ്പം മനസ്സിലേക്കു കടന്നുവരുന്ന നാമമാണ് ഇ. ശ്രീധരന്റേത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ബൃഹത്തായ കൊങ്കണ്‍ റെയില്‍വേ പദ്ധതി യാഥാര്‍ഥ്യമായത്. ഏറെ വിഷമം പിടിച്ചതും ദുര്‍ഘടവുമായിരുന്നു ഈ റെയില്‍പ്പാത. പലരും അസാധ്യമെന്നെഴുതിവച്ച ഈ പദ്ധതി 93 ടണലുകളും 150 പാലങ്ങളുമുണ്ടാക്കി ഏഴു വര്‍ഷത്തെ റെക്കോര്‍ഡ് സമയപരിധിക്കുള്ളിലാണ് പണി തീര്‍ത്തത്. ലോകചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും ദുര്‍ഘടവുമായ പദ്ധതികളില്‍ ഒന്നായാണ് കൊങ്കണ്‍ റെയില്‍വേ അറിയപ്പെടുക.
പണി നടക്കുന്ന കാലത്തു പ്രോജക്ടിന്റെ സൈറ്റുകളിലെല്ലാം രാവും പകലുമെന്ന വ്യത്യാസമില്ലാതെ അദ്ദേഹം ഓടിയെത്തുമായിരുന്നു; വേണ്ട നിര്‍ദേശങ്ങളും സഹായവും നല്കുമായിരുന്നു. എപ്പോള്‍ വേണമെങ്കിലും അടര്‍ന്ന് ഊര്‍ന്നുവീണേക്കാവുന്ന ഒരുതരം ഉറപ്പില്ലാത്ത പാറക്കല്ലുകള്‍ക്കിടയിലൂടെ വേണമായിരുന്നു പാത നിര്‍മിക്കാന്‍. അപ്രതീക്ഷിതമായ ദുരന്തങ്ങള്‍ക്കുള്ള സാധ്യതയും ഏറെയുണ്ടായിരുന്നു. ശ്രീധരന്റെ മനസ്സാന്നിധ്യവും സ്‌പോട്ടിലെത്തി തത്ക്ഷണം പ്രതിവിധികള്‍ കണ്ടെത്താനുള്ള അസാമാന്യമായ കഴിവുമാണ് പദ്ധതി സമയാനുസൃതം പൂര്‍ത്തിയാക്കാന്‍ സഹായകമായത്.
സി. അച്യുതമേനോന്‍
കേരളത്തിലെ ലക്ഷോപലക്ഷം തൊഴിലാളികളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ഒരു മഹാരഥനാണ് സി. അച്യുതമേനോന്‍. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും സമൂഹത്തില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അധികാരത്തിലേറിയപ്പോള്‍ കുത്തകമുതലാളിമാരുടെ കൈവശമുണ്ടായിരുന്ന ഭൂമി കൃഷിചെയ്യുന്നവര്‍ക്കായി വീതിച്ചുനല്കാനുള്ള നിയമം കൊണ്ടുവന്നു. വ്യവസായങ്ങള്‍ തുടങ്ങുകയും തൊഴിലില്ലാത്തവര്‍ക്കു വരുമാനമാര്‍ഗം ഉറപ്പാക്കുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് ഉത്തമമാതൃകയായിരുന്നു ആ ജീവിതം. സാമ്പത്തികനേട്ടങ്ങള്‍ക്കു പിന്നാലെ പോകാതെ പാര്‍ട്ടിയുടെ ചിഹ്നം ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാര്‍ട്ടിക്കു പുറത്തും അദ്ദേഹം സൗഹൃദങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെ ഏവര്‍ക്കും സമാരാധ്യനായി.
മദര്‍ തെരേസ
മദര്‍ തെരേസയെക്കുറിച്ചു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്: കുപ്പത്തൊട്ടിയില്‍നിന്നു വാരിയെടുത്ത ഒരു ചോരക്കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തുനില്ക്കുന്ന ഒരമ്മ. ഒരു പരാതിയെത്തുടര്‍ന്ന് പോലീസ് ഡിജിപി പരിശോധനയ്ക്കു വന്നപ്പോള്‍ ഒരു രോഗിയുടെ പുഴുവരിച്ചു ദുര്‍ഗന്ധം വമിക്കുന്ന മുറിവു വൃത്തിയാക്കുന്ന മദറിനെയാണ് കണ്ടത്. 1950 ല്‍ സ്ഥാപിതമായ സന്ന്യാസിനീസമൂഹത്തിനു തുടക്കമിട്ടത് മദര്‍ തെരേസയായിരുന്നു. 12 കന്യാസ്ത്രീകളുമായായിരുന്നു തുടക്കം. മുഴുസ്‌നേഹത്തോടെ പാവങ്ങളില്‍ പാവങ്ങളായ മനുഷ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ വ്രതമെടുത്തവരായിരുന്നു അവര്‍. ഇന്നു ലോകമെമ്പാടും 'മിഷനറീസ് ഓഫ് ചാരിറ്റി'യുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിസ്തീയചൈതന്യം ഉയര്‍ത്തിപ്പിടിച്ചു മനുഷ്യകുലത്തിന്റെ നന്മയ്ക്കായി പോരാടുന്ന ഒരു നേതാവിന്റെ വലിയ മാതൃകയാണ് നാം അമ്മയിലൂടെ കാണുക. 'ഒരു നേതാവിന്റെ യഥാര്‍ഥ ശക്തി അളക്കുക എത്ര മനസ്സുകളിലേക്ക് എത്തിച്ചേരാം, എത്ര ഹൃദയങ്ങളെ സ്പര്‍ശിക്കാം, എത്രപേരുടെ ആത്മാവിനെ ചലിപ്പിക്കാം, എത്ര ജീവിതങ്ങളെ മാറ്റിമറിക്കാം എന്നതിനെ ആസ്പദമാക്കിയാണ്' എന്ന മാറ്റ് ഷോണാ ദളവായോയുടെ വാക്കുകള്‍കൂടി നമുക്കിവിടെ അനുസ്മരിക്കാം.
എപിജെ അബ്ദുല്‍ കലാം
സാധാരണക്കാര്‍ ഏറെ ആദരവോടെ ഓര്‍മിക്കുന്ന ഒരു മഹാനായ നേതാവാണ് എപിജെ അബ്ദുള്‍കലാം. ഇന്ത്യയുടെ ഓരോ മുക്കിലും അറിയപ്പെടുന്ന ഒരു വ്യക്തിത്വമായി അദ്ദേഹം ജനഹൃദയങ്ങളില്‍ ഇടംപിടിച്ചു. 'പൗരന്മാരെ അഭിമാനം കൊള്ളിക്കുന്നവനാവണം നേതാവ്. ഹൃദയങ്ങളെ ഇളക്കിമറിക്കുന്നവന്‍. നമ്മുടെ യുവതലമുറ ആ ആദര്‍ശങ്ങളെ അനുകരിക്കണം; അപ്പോഴാണ് ഒരു രാഷ്ട്രം സത്യത്തില്‍ ശ്രേഷ്ഠമാകുന്നത്, മഹത്തരമാകുന്നത്. നേതാക്കന്മാര്‍ അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നവരാവണം. അവരെ ഭാവിയില്‍ കരുത്തുറ്റ ഭരണകര്‍ത്താക്കളാക്കാനും സമാധാനത്തിന്റെ വക്താക്കളാക്കാനും അവര്‍ക്കു സാധിക്കണം. അസാമാന്യമായ ധീരത ആവശ്യപ്പെടുന്ന ഒരു കാര്യമാണിത്. സ്വന്തം ഉള്‍ക്കരുത്തും വിവേചനശക്തിയും ധര്‍മബോധവുമാണ് അവരെ നയിക്കേണ്ടത്' എന്നൊരിക്കല്‍ സൂസ്യ കാസം പറഞ്ഞിട്ടുണ്ട്. എപിജെയുടെ കാര്യത്തില്‍ ഈ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നു.
കുടിലുകളിലും കടത്തിണ്ണകളിലും ഉറങ്ങുന്നവരായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപരിഗണനയില്‍ ഉണ്ടായിരുന്നത്. സാമൂഹികസേവനത്തിന് എപ്പോഴും താത്പര്യത്തോടെ മുന്നിട്ടിറങ്ങി. യുവജനങ്ങളോടു സംസാരിക്കാന്‍ ലഭിച്ച ഒരു നിമിഷവും അദ്ദേഹം പാഴാക്കിയില്ല. വലിയ ഉത്സാഹത്തോടെ അവരോടു സംസാരിക്കുകയും അവര്‍ക്കു പ്രചോദനങ്ങള്‍ നല്കുകയും ചെയ്തു. വിഭിന്നമായ രാഷ്ട്രീയചിന്താഗതികള്‍ ഉള്ളവരെപ്പോലും ഒരുമിച്ച് ഒരു കുടക്കീഴിലാക്കിക്കൊണ്ടു പൊതുനന്മയ്ക്കായി അവരെ അണിനിരത്താന്‍ പ്രാപ്തമായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വപാടവം.
അധികാരത്തിന്റെ ഹുങ്കില്‍ വിരാജിക്കുന്നവര്‍
അധികാരപര്‍വങ്ങളില്‍നിന്നുകൊണ്ട് സ്വേച്ഛാധിപത്യശൈലിയില്‍ കാര്യങ്ങള്‍ നടത്തിയെടുക്കുന്ന രീതി പലയിടത്തും ഫലപ്രദമാകാറുണ്ട്. പക്ഷേ, ഇവരുടെ ഭരണം അണികളില്‍ ചിലപ്പോഴെങ്കിലും അതൃപ്തികള്‍ ഉളവാക്കും. നാവില്‍ ചില അരുചികള്‍ സൃഷ്ടിക്കും. വിദ്വേഷവും തോന്നാം. ഉദാഹരണത്തിന് ഹിറ്റ്‌ലറിന്റെ കാര്യമെടുക്കാം. അയാള്‍ ജനനായകനായിരുന്നു, പോരാളി ആയിരുന്നു. എങ്കിലും എത്രപേരാണ് അദ്ദേഹത്തെ സ്‌നേഹത്തോടെ ഓര്‍ക്കുക? അവിടെ നമുക്ക് മധുരവികാരങ്ങള്‍ ഒന്നുമില്ല.
ഏതാനും നല്ല നേതാക്കന്മാരുടെ ജീവിതങ്ങളിലൂടെ നാം വിഹഗവീക്ഷണം നടത്തുമ്പോള്‍ അവര്‍ക്കിടയില്‍ കാണുന്ന ചില പൊതുവായ ഗുണങ്ങളുണ്ട്. അവരുടെ യഥാര്‍ഥത്തിലുള്ള മാതൃകകളാണ് അവരെ അനശ്വരരാക്കുക. നമ്മുടെ മനസ്സിന്റെ ഭിത്തിയില്‍ അവരെ നാം മായാത്തവണ്ണം വരച്ചിടുന്നത് വലിയ ആദരവോടെയാണ്. ഒരിക്കലും മരിക്കാത്തതാണ് അവരുടെ ഓര്‍മകള്‍.