രണ്ടു കണ്ണീര്‍ക്കണങ്ങളാല്‍
ഒട്ടിച്ചുവച്ച,
രണ്ടക്ഷരങ്ങള്‍ക്കിടയില്‍
ഒരു കടലൊളിച്ചുവച്ച
ഒറ്റവാക്ക്.
കടല്‍ വറ്റിച്ച ഉപ്പ്,
ഭയാനകമായ പരപ്പ്,
വാക്കിന്റെ തൂക്കം,
മൗനത്തിന്റ ആഴം.
രണ്ടു കണ്ണീര്‍ക്കണങ്ങളാലീ
രണ്ടക്ഷരങ്ങളെ
ഒട്ടിച്ചുവച്ചതാരോ?
ഘനീഭൂതമായ ദുഃഖമാം
ഹിമബിന്ദുവിന്‍
ഘനമേറ്റു വാങ്ങി
ഇമകളാം ഇതളുകള്‍
ഒട്ടുനിമീലിതമായ
രണ്ടു പനീര്‍പ്പൂമൊട്ടുകള്‍;
നിന്മിഴികള്‍.
ദുഃഖം ഒരു ഋതു:
ഈ ഋതുവും
കടന്നുപോകും
എന്ന് സ്‌നേഹം!