•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അമിതവണ്ണം അത്യാപത്ത്!

ദൈവത്തിന്റെ സ്വന്തം നാടായ കേരളം രോഗങ്ങളുടെ സ്വന്തം നാടായി പരിണമിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച്, ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ കേരളം ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുടെ മുമ്പിലെത്തിക്കഴിഞ്ഞു. 
ഈ വര്‍ഷം ലാന്‍സെറ്റില്‍ പ്രസിദ്ധീകൃതമായ ഐ.സി.എം.ആര്‍. ഇന്‍ഡ്യാബ് - 17 പഠനത്തില്‍നിന്ന് ഇന്ത്യയില്‍ ഇപ്പോള്‍ ഗുരുതരമായിക്കൊണ്ടിരിക്കുന്ന ജീവിതശൈലീരോഗങ്ങളുടെ യഥാര്‍ഥചിത്രം വ്യക്തമാകുന്നു. ഇതില്‍ കുടവയറുള്ളവര്‍തന്നെ കൂടുതല്‍ - 351.1 ദശലക്ഷം. പൊതുവായി അമിതവണ്ണമുള്ളവര്‍ 254.2 ദശലക്ഷം, അമിതരക്തസമ്മര്‍ദമുള്ളവര്‍ 315.5 ദശലക്ഷം, വര്‍ധിച്ച കൊളസ്‌ട്രോള്‍ ഉള്ളവര്‍ 213.3 ദശലക്ഷം, പ്രമേഹബാധിതര്‍ 101.3 ദശലക്ഷം, പ്രമേഹസാധ്യതയുള്ള പ്രീഡയബെറ്റിസ് 136 ദശലക്ഷം. നഗരവാസികളില്‍ 51.6 ശതമാനം പേര്‍ക്കും ഗ്രാമീണരില്‍ 33.5 ശതമാനം പേര്‍ക്കും വര്‍ധിച്ച കുടവയറുള്ളതായി പഠനം കണ്ടെത്തി.
അലസജീവിതത്തിന്റെയും അപഥ്യമായ ഭക്ഷണശീലങ്ങളുടെയും മുഖമുദ്രയായ കുടവയര്‍ രോഗങ്ങളെ മാടിവിളിക്കുകയാണ്. കേരളത്തില്‍ ഏതാണ്ട് 38.1 ശതമാനം സ്ത്രീകളും 36.4 ശതമാനം പുരുഷന്മാരും അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരാണ്. ഇന്ത്യയില്‍ പഞ്ചാബ് കഴിഞ്ഞാല്‍ കേരളംതന്നെ അമിതഭാരമുള്ളവരുടെ പട്ടികയില്‍ മുന്‍പന്തിയില്‍. സ്വാദുള്ള കൊഴുപ്പുവിഭവങ്ങള്‍കൊണ്ട് തീന്‍മേശ സമ്പന്നമായപ്പോള്‍ നാരുള്ള ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും നിത്യഭക്ഷണങ്ങളില്‍നിന്നു വഴുതിമാറി. 1990 നുശേഷം കേരളീയരുടെ ആഹാരശൈലിയിലുണ്ടായ ഈ അനാരോഗ്യകരമായ പ്രവണത കുട്ടികള്‍മുതല്‍ മുതിര്‍ന്നവര്‍വരെയുള്ളവരെ പൊണ്ണത്തടിയന്മാരാക്കി.
ബി.എം.ഐ.യെക്കാള്‍ അരക്കെട്ടിന്റെ ചുറ്റളവാണ് കൂടുതല്‍ കൃത്യമെന്നു പറയാറുണ്ട്. കാരണം, ഭാരക്കൂടുതല്‍മാത്രമല്ല, കൊഴുപ്പ് എവിടെ കൂടുതലായി അടിഞ്ഞുകൂടിയിരിക്കുന്നുവെന്നതും  ഏറെ പ്രശ്‌നമാകുന്നു. തുടകളില്‍ കൊഴുപ്പടിയുന്നതിനെക്കാള്‍ ഗുരുതരമാണ് കുടവയറില്‍ കൊഴുപ്പടിയുന്നത്. പൊക്കിളിനു സമാന്തരമായി അരക്കെട്ടിനു ചുറ്റും അളക്കാം. പുരുഷന്മാരില്‍ അരക്കെട്ടിന്റെ ചുറ്റളവ് 95 സെന്റീമീറ്ററിലധികവും സ്ത്രീകളില്‍ 85 സെന്റീമീറ്ററിലധികവുമായാല്‍ പ്രശ്‌നം സങ്കീര്‍ണമാകുന്നു. പ്രമേഹം, ഹൃദ്രോഗം, കരള്‍വീക്കം, ശ്വാസകോശരോഗങ്ങള്‍, സ്ലീപ് അപ്നിയ, അര്‍ബുദം, സന്ധികളുടെ അപചയരോഗങ്ങള്‍, ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍, ചര്‍മരോഗങ്ങള്‍, ലൈംഗികപ്രശ്‌നങ്ങള്‍, വിഷാദരോഗം, മെറ്റാബോളിക് സിന്‍ഡ്രോം ഇങ്ങനെ വണ്ണത്തിന്റെ തോത് വര്‍ധിക്കുന്നതനുസരിച്ച് രോഗാവസ്ഥകളും കൂടുന്നു.
അമിതവണ്ണം മൂന്നു തലങ്ങളിലൂടെയാണ് ഹൃദ്രോഗത്തിനു വഴിമരുന്നാകുന്നത്.
1. അമിതവണ്ണമുള്ളവരില്‍ കൊളസ്‌ട്രോളിന്റെയും ഉപഘടകങ്ങളുടെയും അളവുകള്‍ അപകടകരമാംവിധം വര്‍ധിക്കുന്നു. പൊതുവായ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും സാന്ദ്രത കുറഞ്ഞ 'ചീത്ത' കൊളസ്‌ട്രോളും ക്രമാതീതമാകുന്നു. അതേസമയം 'നല്ല' കൊളസ്‌ട്രോളായ സാന്ദ്രതകൂടിയ എച്ച്.ഡി.എല്‍. ന്റെ അളവ് കുറയുന്നു. രക്തത്തിലെ കൊഴുപ്പുഘടകങ്ങളുടെ ഈ വ്യതിയാനങ്ങളെല്ലാംതന്നെ ധമനികളില്‍ പൊതുവായ ജരിതാവസ്ഥ ഉണ്ടാകുന്നതിനു കാരണമാകുന്നു. ധമനികളുടെ ഉള്‍പ്പാളികളില്‍ കൊഴുപ്പടിഞ്ഞുകൂടുന്നതു നിമിത്തം ഉള്‍വ്യാസം കുറയുന്നു; അങ്ങനെ രക്തപര്യയനം ദുഷ്‌കരമാകുന്നു. ഹൃദയത്തിന്റെ സങ്കോചവികാസപ്രക്രിയയ്ക്ക് അനിവാര്യമായ പ്രാണവായുവും പോഷകപദാര്‍ഥങ്ങളും കൃത്യമായി എത്തിച്ചേര്‍ന്നില്ലെങ്കില്‍ ഹാര്‍ട്ടറ്റാക്കാണ് അനന്തരഫലം. ബി.എം.ഐയില്‍ ഒരളവ് കൂടുമ്പോള്‍ ധമനികളില്‍ ജരിതാവസ്ഥയുണ്ടാകാനുള്ള സാധ്യത പത്തുശതമാനമായി കൂടുന്നു. ശരീരഭാരത്തില്‍ പത്തു കിലോഗ്രാം കൂടുമ്പോള്‍ ധമനീവീക്കവും ജരിതാവസ്ഥയും 12 ശതമാനം വര്‍ധിക്കുന്നു. 
2. ഫ്രാമിങ്ങാം ഹാര്‍ട്ട്‌സ്റ്റഡിപ്രകാരം അമിതവണ്ണമുള്ള പുരുഷന്മാരില്‍ 78 ശതമാനവും സ്ത്രീകളില്‍ 65 ശതമാനവും പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടാകുന്നു. ബി.എം.ഐ. കൂടുന്നതോടെ ഒരുവന് പ്രഷര്‍ വര്‍ദ്ധിക്കുന്നു. അമിതവണ്ണമോ ദുര്‍മേദസ്സോ ഉള്ളവരില്‍ പുതുതായി 40 ശതമാനം പ്രഷര്‍ രോഗികളെ കണ്ടെത്തിയിട്ടുണ്ട്. ബി.എം.ഐ. 23 ല്‍ കൂടിയാല്‍ പ്രഷര്‍ വര്‍ധിക്കാനുള്ള സാധ്യത 50 ശതമാനത്തില്‍ കൂടുന്നു.
അമിതഭാരമുള്ളവരില്‍ അധികമായുള്ള ഉപ്പിന്റെ വിസര്‍ജനപ്രക്രിയ തകരാറിലാകുന്നു, വൃക്കകളുടെ ഘടനാപരിവര്‍ത്തനമുണ്ടാകുന്നു. അതേത്തുടര്‍ന്ന് രക്തസമ്മര്‍ദം വര്‍ധിക്കുന്നു. ആര്‍ട്ടറികളിലെ പ്രഷര്‍ വര്‍ദ്ധിക്കുന്നതോടെ അതിനെ ചെറുത്തുനില്‍ക്കാന്‍ ഹൃദയപേശികള്‍ കരുത്തോടെ സങ്കോചിക്കുന്നു, ഇത് ഹൃദയപേശികള്‍ കട്ടിയാകുന്നതിനു കാരണമാകുന്നു. ധമനികളുടെ പൊതുവായ വികാസസങ്കോചശേഷി നഷ്ടമാകുന്നു. കൂടാതെ, അധികമായ പ്രഷര്‍ ധമനികളുടെ ഉള്‍പ്പാളികള്‍ കട്ടിയാകുന്നതിനു ഹേതുവാകുന്നു. അതേത്തുടര്‍ന്ന്, ഹൃദയധമനിയിലൂടെയുള്ള രക്തപര്യയനം ദുഷ്‌കരമായി അന്‍ജൈനയും ഹാര്‍ട്ടറ്റാക്കുമുണ്ടാകുന്നു.
3. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പഠനപ്രകാരം 65 വയസ്സില്‍ കവിഞ്ഞ 68 ശതമാനം പ്രമേഹരോഗികള്‍ക്കും വര്‍ധിച്ച ഹൃദ്രോഗസാധ്യതയുണ്ട്. അമിതവണ്ണമുള്ളവരില്‍ കാണുന്ന ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നം പ്രമേഹബാധതന്നെ. ഇന്‍സുലിന്‍ അനാശ്രിത ടൈപ്പ് - 2 പ്രമേഹം ബാധിച്ചവരില്‍ 80-85 ശതമാനം പേരും അമിതവണ്ണമുള്ളവരാണ്. അമിതവണ്ണമുള്ളവരില്‍ വര്‍ധിച്ചു കാണുന്ന കൊഴുപ്പുകലകള്‍ ഗ്ലൂക്കോസിന്റെ ഉപാപചയപ്രക്രിയയെ താറുമാറാക്കുന്നു. ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷി കാര്യമായി കുറയുന്നു. കൊഴുപ്പുകലകളുടെ വിഘടനംമൂലമുണ്ടാകുന്ന ഫാറ്റി ആസിഡുകള്‍ ഇന്‍സുലിന്‍ ഉത്പാദനം  കുറയ്ക്കുന്നു. പ്രമേഹരോഗികളില്‍ ഭാഗികമായി കാണുന്ന കൊളസ്‌ട്രോളും ഉപഘടകങ്ങളും ഹൃദയധമനികളില്‍ അടിഞ്ഞുകൂടുന്നു. ഇത് ഹാര്‍ട്ടറ്റാക്കിലേക്കു രോഗിയെ നയിക്കുന്നു.
അമിതവണ്ണമുള്ളവരില്‍ കൂടുതലായി കാണുന്ന മറ്റൊരു പ്രതിഭാസമാണ് 'ഒബ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ' അഥവാ ഒ.എസ്.എ. കൂര്‍ക്കംവലിയുള്ളവരിലോ അല്ലാത്തവരിലോ ഗാഢനിദ്രയിലാഴുമ്പോള്‍ കണ്ഠനാളത്തിലുണ്ടാകുന്ന കാതലായ തടസ്സംമൂലം ശ്വസനപ്രക്രിയ അവതാളത്തിലാകുന്നു. പൊണ്ണത്തടിയും കുറുകിയ കഴുത്തും കഴുത്തുഭാഗത്തെ അമിതമായ കൊഴുപ്പുനിക്ഷേപവും ഒ.എസ്.എയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഉച്ചത്തിലുള്ള കൂര്‍ക്കംവലി, പലതവണ തടസ്സപ്പെടുന്ന ഉറക്കശ്വാസം, ഇടയ്ക്ക് ശ്വാസംകിട്ടാതെ ഞെട്ടിയെഴുന്നേല്‍ക്കുന്ന അവസ്ഥ, രാവിലെയുള്ള തലവേദന, രാത്രിയിലെ ഉറക്കം തൃപ്തിയാകാതെ പകല്‍സമയം എപ്പോഴും മന്ദിച്ച് ഉറങ്ങിയുറങ്ങി നടക്കുക ഇവയെല്ലാം ഒ.എസ്.എയുടെ സവിശേഷതകളാണ്. സ്ലീപ് അപ്നിയമൂലം രക്തത്തില്‍ പ്രാണവായുവിന്റെ കാതലായ കുറവുണ്ടാകുന്നതുകൊണ്ട് ഹൃദ്രോഗം, മസ്തിഷ്‌കാഘാതം, ഹൃദയപരാജയം, കൃത്യതയില്ലാത്ത ഹൃദയസ്പന്ദനം എന്നീ മാരകമായ രോഗാവസ്ഥകള്‍ ഉണ്ടാവുന്നു. സ്ലീപ് അപ്‌നിയ ഉള്ളവരില്‍ 80 ശതമാനം പേര്‍ക്കും അമിതമായ രക്തസമ്മര്‍ദം കാണുന്നു. സ്ലീപ് അപ്‌നിയയ്ക്ക് ശാശ്വതമായ പരിഹാരം കാണാത്തിടത്തോളം കാലം എത്ര മരുന്നുകള്‍ ഉപയോഗിച്ചാലും ഇക്കൂട്ടരിലെ പ്രഷര്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല. 
അമിതവണ്ണമുള്ളവരില്‍ ഹൃദ്രോഗചികിത്സ ദുഷ്‌കരമാകുന്നു. അതുപോലെ,അതിന്റെ ഫലപ്രാപ്തിയും കുറയുന്നു. ഇ.സി.ജി., സി.റ്റി. സ്‌കാന്‍,എം.ആര്‍.ഐ, എക്കോ കാര്‍ഡിയോ ഗ്രാം തുടങ്ങിയ പരിശോധനകള്‍ ചെയ്ത് കൃത്യമായ വിവരശേഖരണത്തിന് പൊണ്ണത്തടി ഒരു വിലങ്ങുതടിതന്നെ. 
അതുപോലെ കാലിന്റെ കഴലയിലൂടെ നടത്തുന്ന കത്തീറ്റര്‍ ചികിത്സ, ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് ശസ്ത്രക്രിയ എല്ലാം നിര്‍വിഘ്‌നം ചെയ്തുതീര്‍ക്കാന്‍ അമിതവണ്ണം എപ്പോഴും ഒരു വലിയ പ്രശ്‌നംതന്നെ. പൊണ്ണത്തടിയുള്ളവരില്‍ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്യുവാന്‍ മടിക്കുന്ന സര്‍ജന്മാര്‍വരെയുണ്ട്. മുറിവുഭാഗം പഴുക്കുക, ന്യുമോണിയയും മറ്റു ശ്വാസകോശരോഗങ്ങളും സര്‍ജറിക്കുശേഷം ഉണ്ടാവുക, ശ്വസനപ്രക്രിയ കൃത്യമായി തിരിച്ചു വരാതിരിക്കുക, സര്‍ജറിക്കുശേഷം കൂടുതല്‍ ദിവസങ്ങള്‍ ശയ്യാവലംബിയായാല്‍ കാലിലെ രക്തക്കുഴലുകളില്‍ രക്തക്കട്ടയുണ്ടാകുക, കൂടുതലായി ഹൃദയപരാജയമുണ്ടാകുക തുടങ്ങിയ ആപത്കരമായ നാനാവിധ സങ്കീര്‍ണതകളാണ് ഇക്കൂട്ടരില്‍ ഉണ്ടാവുക.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)