പാലാ: ലീജിയന്‍ ഹോം സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന ഭക്തസമൂഹത്തെ രൂപതാപദവിയിലുള്ള സമര്‍പ്പിതസമൂഹമായി പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചു.
1962 ല്‍ പാലാ കത്തീഡ്രല്‍ ഇടവകക്കാരനായിരുന്ന ഫാ. ആഗസ്തി ചിലമ്പിക്കുന്നേല്‍ പാലാ രൂപതയുടെ പ്രഥമമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലിന്റെ ആശീര്‍വാദത്തോടെ സ്ഥാപിച്ചതാണ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന സമര്‍പ്പിതസമൂഹം. അല്മായപ്രേഷിതത്വം, ദൈവമാതൃഭക്തി പ്രോത്സാഹനം, ഇടവകകളില്‍ വിശ്വാസപരിശീലനം, ഭക്തസംഘടനകളുടെ പ്രവര്‍ത്തനത്തിനു പ്രോത്സാഹനം, ഭവനസന്ദര്‍ശനം തുടങ്ങിയ പ്രേഷിതപ്രവര്‍ത്തനങ്ങളാണ് ഈ സമൂഹത്തിന്റെ പ്രത്യേകസിദ്ധിയായിട്ടുള്ളത്.
1976 ല്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ഈ സമൂഹത്തിന്റെ നിയമാവലിയും ക്രമചട്ടങ്ങളും അംഗീകരിച്ചു. ഇതുവരെ ഒരു ഭക്തസമൂഹമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സമര്‍പ്പിതസമൂഹത്തെ റോമിലുള്ള പൗരസ്ത്യതിരുസംഘത്തിന്റെയും സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും അനുമതിയോടെ കാനന്‍നിയമപ്രകാരം രൂപതാപദവിയിലുള്ള ഒരു സമര്‍പ്പിതസമൂഹമായി മാര്‍ ജോസഫ് കല്ലറങ്ങാട്ട് സെപ്റ്റംബര്‍ 8 മുതല്‍ ഉയര്‍ത്തിയിരിക്കുകയാണ്. പാലാ രൂപതയില്‍ പാലാ, നെല്ലിയാനി, മലപ്പുറം (ആയാംകുടി), തോടനാല്‍, രാമപുരം, മല്ലികശേരി എന്നീ ഇടവകകളിലും കാഞ്ഞിരപ്പള്ളി രൂപതയില്‍ എലിക്കുളം ഇടവകയിലും ശാഖാഭവനങ്ങളുണ്ട്.