•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഓണപ്പകര്‍ച്ച

''ശ്രീധരാ.. ഇല വെച്ചിരിക്കുണൂ, കൈ കഴുകി വന്നോളൂട്ടോ.''
അമ്മ ഉണ്ണാന്‍ വിളിക്കയാണ്. തിരുവോണമാണിന്ന്. കാച്ചിയ പപ്പടത്തിന്റെയും പാലടപ്രഥമന്റെയും കൊതിപ്പിക്കുന്ന മണം. ഒപ്പം മുറ്റത്തിട്ട പൂക്കളത്തിലെ പൂക്കളുടെ സുഗന്ധവും. കുളിച്ചീറനുടുത്തു കുറിതൊട്ടു നില്ക്കുന്ന അമ്മ!
മലയാളം പഠിപ്പിക്കുന്ന മോഹനകുമാരിറ്റീച്ചറെക്കാള്‍ ഭംഗീണ്ട് ഇപ്പോള്‍ അമ്മയ്‌ക്കെന്ന് ശ്രീധരനു തോന്നി. വിരിച്ചിട്ട പുല്‍പ്പായയ്ക്കു മുന്നിലെ തൂശനിലയില്‍ തിരുവോണസദ്യ വിളമ്പിയിരിക്കുന്നു.
ഇലയുടെ ഇടതുവശത്ത് വറുത്തുപ്പേരി, ശര്‍ക്കരവരട്ടി, നാരങ്ങാ, മാങ്ങാ അച്ചാറുകള്‍, പുളിയിഞ്ചി, പഴം പിന്നെ രണ്ടു വല്യപപ്പടം. ഇലയുടെ നടുക്ക് ഇഞ്ചിക്കറി, പച്ചടി, കിച്ചടി വലതുവശത്ത് അവിയല്‍, കാളന്‍, തോരന്‍ പിന്നെ ആവിപറക്കുന്ന പുന്നെല്ലരിച്ചോറും...!
പരിപ്പുപായസം ഇലയിലൊഴിച്ചു പഴവും പപ്പടവും കൂട്ടിക്കുഴച്ചു കഴിച്ചിട്ട് പാല്‍പ്രഥമന്‍ ഓട്ടുമൊന്തയില്‍ വേണം കുടിക്കാന്‍. രണ്ടു പായസംകൂടി ഒരുമിച്ചു കുടിച്ചാല്‍ മട്ടിക്കും. 
വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് ശ്രീധരന്‍ സ്വപ്നത്തില്‍നിന്നു ഞെട്ടിയുണര്‍ന്നു. മുറിയിലെ ചാണകത്തിണ്ണയില്‍ മണ്‍ഭിത്തിയില്‍ ചാരി അമ്മയിരിക്കുന്നു!
മുഷിഞ്ഞു നിറംമങ്ങിയ നൈറ്റിയുടെ കീറിത്തുന്നലുകള്‍ പുറത്തു കാണാതിരിക്കാന്‍ ഒരു തോര്‍ത്തുമുണ്ട് മാറത്തിട്ടിട്ടുണ്ട്.
ഒരുമണിക്കുമുമ്പ് അമ്മ അമ്പാട്ടേക്കു പോയതാണ്. ഇപ്പോള്‍ മണി രണ്ടു കഴിഞ്ഞു. ഭയങ്കരവിശപ്പ്. വെറും വിശപ്പല്ല. കത്തിക്കാളുന്ന വിശപ്പ്! ഇന്നലെയും പട്ടിണിയായിയുന്നു.
ഇന്നു കാലത്ത് അമ്പാട്ടെ പണികഴിഞ്ഞു വന്ന അമ്മ ഇന്നും പതിവുപോലെ പകര്‍ച്ച കൊണ്ടുവന്നിരുന്നു.
ഒരു കൊച്ചുകലത്തില്‍ ഇത്തിരി കഞ്ഞി. പഴങ്കഞ്ഞിതന്നെ! അമ്മ കഴിച്ചിട്ടാണത്രേ വന്നത്. നേരാണോ ആവോ..! ആവാന്‍ വഴിയില്ല. കൊടുക്കുന്ന വെള്ളത്തിനുവരെ കണക്കുനോക്കുന്ന കൂട്ടരാണല്ലോ അമ്പാട്ടെ വീട്ടുകാര്.
കഞ്ഞിയില്‍  പയറിന്റെയും പരിപ്പിന്റെയുമൊക്കെ അവശിഷ്ടങ്ങള്‍ മഞ്ഞനിറത്തില്‍ പൊങ്ങിക്കിടക്കുന്നു! ആരോ കൈയിട്ടു വാരിയതും ബാക്കിവച്ചതും ഒക്കെക്കൂടി പകര്‍ച്ചയായി കൊടുത്തുവിട്ടതാണ്.
വെറും എച്ചില്! അറപ്പുതോന്നി ശ്രീധരന്.
പക്ഷേ, കണ്ണു കാണുന്നില്ല വിശപ്പുകാരണം. അഞ്ചാറു പിടി വാരിവാരിത്തിന്നു. സങ്കടംകൊണ്ട് ഒന്നു രണ്ടു കണ്ണുനീര്‍ത്തുള്ളികള്‍ വീണു ആ കഞ്ഞിപ്പാത്രത്തില്‍.
അന്നേരം കിടന്നതാണ്. വിശപ്പൊഴിഞ്ഞ ആശ്വാസത്തില്‍ പെട്ടെന്ന് ഉറങ്ങിപ്പോയി. അമ്മ പറഞ്ഞിരുന്നു, ഇത്തിരി പൈസ കടം വാങ്ങാന്‍ വീണ്ടും അമ്പാട്ടേക്കു പോകണമെന്ന്.
കാലത്തു പണിക്കു പോയപ്പോള്‍ അവിടത്തെ പെണ്ണുങ്ങളെല്ലാം തിരുവോണമായിട്ട് ക്ഷേത്രത്തില്‍ പോയത്രേ! 
അച്ഛന്‍ മരിച്ചതിനുശേഷമാണ് അമ്മ അവിടെ വീട്ടുജോലിക്കു പോയിത്തുടങ്ങിയത്!
പശുവിനെക്കറക്കുന്നതും വെള്ളം കോരുന്നതും വിറകു വെട്ടുന്നതും തുടങ്ങി വെളുപ്പിന് ആറു മണി മുതല്‍ ഒമ്പതുവരെ അമ്മയ്ക്കു പിടിപ്പതു പണിയാണ്.
ഒരു നിമിഷം വെറുതെ നിന്നാല്‍ അമ്പാട്ടെ ആയമ്മയുടെ മുഖം ചുളിയും. മാസം കിട്ടുന്നതോ? വെറും അഞ്ഞൂറു രൂപ!
പിന്നെ പഴഞ്ചോറോ കഞ്ഞിയോ ഉണ്ടെങ്കില്‍ അതും. ശ്രീധരന് സ്‌കൂളില്‍ പോകുംമുമ്പ്  കഴിക്കാലോ.
ശ്രീധരന്‍ അഞ്ചിലാണു പഠിക്കുന്നത്..
ഉച്ചയ്ക്കുള്ള  ഉപ്പുമാവ്..!
അവസാന പീരിഡ് കഴിയാറാവുമ്പോള്‍ നാവില്‍ വെള്ളമൂറുന്ന മണം ഒഴുകിവരാന്‍ തുടങ്ങും..
വെന്തുവരുന്ന നുറുക്കുഗോതമ്പില്‍ കട്ടിനെയ്യ് ചേരുമ്പോളത്തെ മനംമയക്കുന്ന സുഗന്ധം!
അടിവയറ്റില്‍നിന്നുള്ള വിശപ്പിന്റെ വിളി ശ്രീധരന്റെ പഠിത്തത്തിലുള്ള ശ്രദ്ധ അപ്പാടെ ഇല്ലാതാക്കുന്ന നേരം. പിന്നെ കൂട്ടമണിയടിക്കുന്നതുവരെ അവനൊരു വെപ്രാളമാണ്!
കറുത്തു തടിച്ച ഒരു ശേഖേരട്ടനാണ് ഉപ്പുമാവുണ്ടാക്കുന്നതും വിളമ്പിക്കൊടുക്കന്നതും. ദയ ലവലേശമില്ലാത്ത വൃത്തികെട്ട ഒരു മനുഷ്യന്‍! കൃത്യം രണ്ടുതവി ഉപ്പുമാവാണ് ഒരാളുടെ അളവ്. ഉച്ചയ്ക്ക് വീട്ടില്‍ കൊണ്ടുപോയി അമ്മയ്‌ക്കൊപ്പമാണ് ശ്രീധരന്‍ കഴിക്കുക. വീട്ടിലോട്ട് ഒറ്റയോട്ടം. തിരിച്ചും ഒറ്റയോട്ടം!
ഒരു തവികൂടി കിട്ടിയിരുന്നെങ്കില്‍ തനിക്കും അമ്മയ്ക്കും അരവയറെങ്കിലും നിറയ്ക്കാമായിരുന്നു!
ഒരുദിവസം രണ്ടും കല്പിച്ചു ശ്രീധരന്‍ ചോദിച്ചു: ''ഒരു തവികൂടി ഉപ്പുമാവ് തരോ ശേഖരേട്ടാ?''
''പോടാ തെണ്ടിച്ചെറുക്കാ അവിടുന്ന്. തീറ്റിപ്പണ്ടാരം.'' പെട്ടെന്നു പിന്നോട്ടു മാറിയതുകൊണ്ട് തവികൊണ്ടുള്ള അടികിട്ടിയില്ല.
ചുറ്റും കൂടിയ കുട്ടികളുടെ ആര്‍ത്തലച്ച ചിരി! അതാണ് ശ്രീധരന് ഏറെ സഹിക്കാന്‍ പറ്റാഞ്ഞത്!
'തീറ്റിപ്പണ്ടാരം'
വയറുനിറച്ചു കഞ്ഞികുടിച്ച നേരം ഓര്‍മയില്‍പോലുമില്ല! എന്നിട്ടാണ്. ഒരു പത്തു വയസ്സുകാരന്റെ ചങ്കുപൊട്ടുന്ന വേദന! ചത്താല്‍ മതീന്നുതോന്നി അപ്പോള്‍. അന്ന് ഉപ്പുമാവ് തൊണ്ടയില്‍നിന്നിറങ്ങിയില്ല അവന്. ആരും കാണാതെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീര്‍ തുടച്ചു. വ്രണപ്പെട്ട കുരുന്നുഹൃദയത്തില്‍നിന്നു വന്ന രക്തക്കണ്ണീര്‍. 
ഇന്നലെ നെഞ്ചുവേദനകാരണം അമ്മ പണിക്കു പോയില്ല. അതുകൊണ്ട് ഉത്രാടദിവസം മുഴുപ്പട്ടിണി ആയിരുന്നു അമ്മയും മകനും! തിരുവോണദിവസം ഉച്ചയ്ക്ക് ഒരുപിടി അന്നമെങ്കിലും ശ്രീധരനു കൊടുക്കണ്ടേ? അതാണ് നെഞ്ചുവേദന വകവയ്ക്കാതെ അമ്മ പണിക്കു പോകാമെന്നു കരുതിയത്.
ഒരാള്‍ക്കുള്ള ചോറെങ്കിലും പകര്‍ച്ചയായി തന്നയച്ചാലോ? അറുത്തകൈയ്ക്ക് ഉപ്പുതേക്കാത്ത കൂട്ടരാണെന്ന് അറിയാഞ്ഞിട്ടല്ല! ഇതുപോലൊരു സമയത്ത് ഔചിത്യം നോക്കാന്‍ പാടില്ലല്ലോ.
നാണക്കേടുകാരണം പകര്‍ച്ച ചോദിച്ചില്ല. പകരം കടമായി ഇത്തിരി പൈസയാണു ചോദിച്ചത്.
രൂക്ഷമായി ഒന്നു നോക്കിക്കൊണ്ട് ആയമ്മ അകത്തേക്കു കയറിപ്പോയി. ഇറയത്തു നിന്നതേയുള്ളൂ ശാന്തമ്മ. പുറംപണിക്കാര്‍ അകം അശുദ്ധമാക്കരുതല്ലോ.
ആരൊക്കെയോ വിരുന്നുകാര്‍ ഉണ്ടായിരുന്നു അകത്ത്. പോയ ആളെ കാണാതിരുന്നപ്പോള്‍ ശാന്തമ്മ അകത്തേക്കു ശ്രദ്ധിച്ചു.
''ഏടത്തീ, ഇതിനെയൊക്കെ അത്രയ്ക്കങ്ങു വിശ്വസിക്കണ്ടാട്ടോ. മുഖത്ത് എഴുതിവച്ചിട്ടുണ്ട് അസ്സല് കള്ളിയാണെന്ന്.''
''കള്ളി മാത്രമല്ലെടീ... ഭര്‍ത്താവ് ചത്തിട്ട് കൊല്ലം മൂന്നായി. വേറേ ഏതാണ്ട് ചുറ്റിക്കളിയൊക്കെ കാണൂന്നാ എനിക്കു തോന്നണേ.''
രണ്ടു പേരുടെയും അറപ്പിക്കുന്ന ചിരി. ഇതാണല്ലോ അന്തഃപുരത്തിലെ കൊച്ചമ്മമാരുടെ സംസ്‌കാരം!
ശാന്തമ്മ പിന്നെയവിടെ നിന്നില്ല.
കറുത്ത ചരടില്‍ കോര്‍ത്ത് കഴുത്തില്‍ കിടക്കുന്ന താലി മുറുകെപ്പിടിച്ചുകൊണ്ട് തിരിച്ചുനടന്നു.
വേണ്ട! ഇവരുടെ കാശുകൊണ്ട് ഇന്ന് ഓണസദ്യ ഉണ്ണണ്ട.
ഉറച്ച കാലുകളോടെയാണ് ശാന്തമ്മ വീട്ടിലേക്കു നടന്നത്.
പക്ഷേ, വീട്ടിലെത്തി മോന്റെ വിശന്നു തളര്‍ന്നുള്ള കിടപ്പു കണ്ടപ്പോള്‍ ആ മാതൃഹൃദയം തകര്‍ന്നു.
മുറിയിലെ ചാണകത്തിണ്ണയില്‍ മണ്‍ഭിത്തി ചാരി ഒരു നിമിഷം ഇരുന്നുപോയി പാവം. പെട്ടെന്ന് ഒരു ഉള്‍വിളിപോലെ ശാന്തമ്മ ഓര്‍ത്തു.
അടുക്കളയില്‍ ഒരു ചെറിയ കലത്തില്‍ സൂക്ഷിച്ച കുറച്ചു പിടിയരിയുടെ കാര്യം. കഞ്ഞിവയ്ക്കാന്‍ അരിയെടുക്കുമ്പോള്‍ എന്നും ഒരുപിടി അരി മാറ്റിവയ്ക്കാറുണ്ട്. പലപ്പോഴും അത് കുറേ അരിമണികള്‍ മാത്രമേ ഉണ്ടാവൂ. രണ്ടു പാത്രങ്ങളില്‍ വിളമ്പണ്ടേ. എങ്കിലും ഇന്നൊരു നേരത്തേക്ക് ധാരാളം. 
അടുക്കളയില്‍ ചോറു വേവുന്ന മണം. വിശക്കുന്ന ഒരാള്‍ക്ക് മനംമയക്കുന്ന സുഗന്ധം. രണ്ടു പാത്രങ്ങളില്‍ വിളമ്പിയ ആവി പറക്കുന്ന കഞ്ഞി.
രണ്ടു പച്ചമുളകും രണ്ടു ചെറിയുള്ളിയും. പിന്നെ ഇത്തിരിയുപ്പും. ഇത്രയും വിഭവസമൃദ്ധമായ ഓണസദ്യയുടെ സംതൃപ്തി അടക്കാന്‍ കഴിഞ്ഞില്ല ശ്രീധരന്.
അവന്‍ പതുക്കെ തൊടിയിലേക്കിറങ്ങി.
മുറ്റത്തെ മൂവാണ്ടന്‍മാവിന്റെ ഇലകള്‍ക്കിടയിലൂടെ ഓണപ്പൂക്കളം തീര്‍ക്കുന്ന പോക്കുവെയില്‍!
കൊയ്‌തൊഴിഞ്ഞ പാടത്തുനിന്ന് ഉതിര്‍നെല്‍മണികള്‍ കൊത്തിപ്പെറുക്കുന്ന വയല്‍ക്കിളിക്കൂട്ടങ്ങള്‍..!
സായന്തനമാവുകയാണ്. ഇനി അസ്തമയം.
പുതിയൊരു പുലരിയുടെ തുടക്കം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)