കോട്ടയം: ഫാ. ജോര്‍ജ് കുരിശുംമൂട്ടിലിനെ (59) കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഗീവര്‍ഗീസ് മാര്‍ അപ്രേം എന്ന പേരു സ്വീകരിച്ചിരിക്കുന്ന നിയുക്തമെത്രാന്റെ മെത്രാഭിഷേകത്തീയതി പിന്നീട് തീരുമാനിക്കും.
അതിരൂപതയിലെ ക്‌നാനായ മലങ്കര സമൂഹത്തിന്റെ വികാരി ജനറാളായി 2019 മുതല്‍ ശുശ്രൂഷ ചെയ്യുകയായിരുന്ന ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍, പത്തനംതിട്ട ജില്ലയിലെ കറ്റോട് സെന്റ് മേരീസ് മലങ്കര ക്‌നാനായ കത്തോലിക്കാ ഇടവകാംഗമാണ്. കുരിശുംമൂട്ടില്‍ പരേതരായ അലക്‌സാണ്ടര്‍-അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1961 ഓഗസ്റ്റ് ഒമ്പതിനാണു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസാനന്തരം എസ്.എച്ച്. മൗണ്ട് സെന്റ് സ്റ്റനിസ്ലാവൂസ് മൈനര്‍ സെമിനാരി, മംഗലപ്പുഴ സെന്റ് ജോസഫ്‌സ് സെമിനാരി എന്നിവിടങ്ങളില്‍ വൈദികപഠനം പൂര്‍ത്തിയാക്കി.
1987 ഡിസംബര്‍ 28 ന് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയില്‍നിന്നു പൗരോഹിത്യം സ്വീകരിച്ച നിയുക്തമെത്രാന്‍ കോട്ടയം അതിരൂപത മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, ബംഗളൂരു ഗുരുകുലം വൈസ് റെക്ടര്‍, വിവിധ ഇടവകകളില്‍ വികാരി, ഹാദൂസ ക്രൈസ്തവകലാകേന്ദ്രത്തിന്റെ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലെബനനിലെ മാറോണൈറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഐക്കണോഗ്രാഫിയില്‍ മാസ്റ്റര്‍ ബിരുദം നേടി.
കോട്ടയം അതിരൂപതയിലെ മലങ്കരസമൂഹത്തിന്റെ മുന്‍വികാരി ജനറാള്‍ പരേതനായ ഫാ. തോമസ് കുരിശുംമൂട്ടില്‍ പിതൃസഹോദരനാണ്.