മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മെത്രാഭിഷേകസുവര്‍ണജൂബിലി പ്രൗഢഗംഭീരം പാലായ്ക്കിത് അഭിമാനനിമിഷം
പാലാ രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മെത്രാഭിഷേകസുവര്‍ണജൂബിലിയാഘോഷങ്ങള്‍ 2023 ഓഗസ്റ്റ് 15 നു നടന്നു. ആശംസകളും പ്രാര്‍ഥനകളുമായി മെത്രാന്മാരും വൈദികരും കുടുംബാംഗങ്ങളും അജഗണങ്ങളും അണിചേര്‍ന്നപ്പോള്‍ പാലാ സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണം ജനനിബിഡമായി മാറി. മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ കരുതലും സ്‌നേഹവും അനുഭവിച്ചറിഞ്ഞവരുടെ സാന്നിധ്യം ചടങ്ങിനെ പ്രൗഢഗംഭീരമാക്കി.
രാവിലെ 10 മണിക്ക് മെത്രാഭിഷേകസുവര്‍ണജൂബിലി നിറവില്‍ സുസ്‌മേരവദനനായി നില്ക്കുന്ന മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ദിവ്യബലി അര്‍പ്പിക്കപ്പെട്ടത്. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് കോച്ചേരി, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരോടൊപ്പം നിരവധി മെത്രാപ്പോലീത്താമാരും മെത്രാന്മാരും സഹകാര്‍മികത്വം വഹിച്ച കുര്‍ബാനയില്‍ രൂപതയിലെ നൂറു കണക്കിനു വൈദികരും സഹകാര്‍മികരായി അണിചേര്‍ന്നു.
കൃതജ്ഞതാബലിക്കുശേഷം സെന്റ് തോമസ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ദൈവത്തിനു പൂര്‍ണമായും വിട്ടുനല്കിയ പരിശുദ്ധ അമ്മയെപ്പോലെ ദൈവത്തിനു വിധേയപ്പെട്ട വ്യക്തിത്വത്തിനുടമയാണ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ദൈവം നല്കിയ ദാനങ്ങളെ ഇരുകൈയും നീട്ടി സ്വീകരിച്ചു സന്തോഷത്തോടെ ജീവിതദൗത്യം നിര്‍വഹിക്കാന്‍ 97 വര്‍ഷക്കാലം അദ്ദേഹത്തിനു കഴിഞ്ഞുവെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ സാക്ഷ്യം കുലീനത നിറഞ്ഞതായിരുന്നുവെന്ന് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മലങ്കരസഭയുമായി പള്ളിക്കാപറമ്പില്‍പിതാവിനുïായിരുന്ന ആത്മബന്ധം മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയവിശുദ്ധിയോടെജീവിച്ച പിതാവാണ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലെന്ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ജീവിതത്തിലും സഭയിലും അച്ചടക്കം വേണമെന്നു നിഷ്‌കര്‍ഷിച്ച അദ്ദേഹം എന്നും എപ്പോഴും സമൂഹത്തോടൊപ്പമായിരുന്നുവെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം ആശംസാപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
കരുതലുള്ള ഇടയനും വാത്സല്യമുള്ള പിതാവുമായിരുന്നു മാര്‍ ജോസഫ് പള്ളിക്കാപറമ്പിലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍
മാന്‍ ഡോ. കെ.കെ. ജോസും ആശംസകള്‍ നേരുകയുണ്ടായി. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതവും മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ കൃതജ്ഞതയും പറഞ്ഞു. കേരളത്തിനകത്തും പുറത്തുംനിന്നുള്ള സീറോമലബാര്‍ സഭയിലെയും ഇതരസഭകളിലെയും മുപ്പത്തഞ്ചിലധികം മെത്രാന്മാര്‍ പള്ളിക്കാപറമ്പില്‍ പിതാവിന് സ്‌നേഹാദരവുകള്‍ അര്‍പ്പിച്ചു. മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ മറുപടി പ്രസംഗം നന്ദിയുടെ വാക്കുകളായി മാറി. ചടങ്ങില്‍ ഫാ. ഡോ. ജെയിംസ് പുലിയുറുമ്പില്‍ രചിച്ച മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ ജീവചരിത്രം 'അവര്‍ക്കു ജീവനുണ്ടാകാന്‍' പ്രകാശനം ചെയ്തു.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍ സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, ചാന്‍സലര്‍ ഫാ. ഡോ. ജോസഫ് കുറ്റിയാങ്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. ഡോ. ജോസഫ് മുത്തനാട്ട്, കത്തീഡ്രല്‍ പള്ളി വികാരി ഫാ. ഡോ. ജോസ് കാക്കല്ലില്‍ തുടങ്ങിയവവരുടെ അക്ഷീണപ്രയത്‌നമാണ് സമ്മേളനത്തെ വിജയത്തിലെത്തിച്ചത്.
ആശംസകളര്‍പ്പിക്കാനെത്തിയ ജനപ്രതിനിധികളുടെയും അല്മായരുടെയും അഭൂതപൂര്‍വമായ പങ്കാളിത്തം മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എത്രത്തോളം സമൂഹത്തിനു സ്വീകാര്യനായിരുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമായി. രൂപതയിലെ വൈദികര്‍ക്കൊപ്പം സന്ന്യസ്തരും അല്മായപ്രമുഖരും ഭക്തസംഘടനാഭാരവാഹികളും സദസ്സില്‍ സ്ഥാനം
പിടിച്ചു. രാഷ്ട്രീയസാമൂഹികസാംസ്‌കാരികരംഗങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന മഹാവ്യക്തിത്വങ്ങളുടെ സാന്നിധ്യം സമ്മേളനത്തിനു മാറ്റുകൂട്ടി. മന്ത്രി റോഷി അഗസ്റ്റിന്‍, എം.പി.മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, എം.എല്‍.എ. മാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, മുന്‍ എം.പിമാരായ ജോയി എബ്രാഹം, വക്കച്ചന്‍ മറ്റത്തില്‍, കെ. ഫ്രാന്‍സീസ് ജോര്‍ജ്, മുന്‍ എം.എല്‍.എമാരായ ജോര്‍ജ് ജെ. മാത്യു, പി.എം. മാത്യു, പാലാ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ, എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വി.സി. ഡോ. ബാബു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.