കല്ലെറിഞ്ഞാചാരമുറപോലൊരുവളെ,
കൊല്ലാനവര്‍ കൈകളോങ്ങിനില്‌ക്കേ-
തെല്ലുംകളങ്കമെഴാത്തവരാദ്യമായ്
നല്ലോണമെറിയുവാനോതി, നാഥന്‍.
ചില്ലുമുനപോലെയുള്ളില്‍തറഞ്ഞതാം,
ചൊല്ലതുകേട്ടോരോരുത്തരായി,
വല്ലാത്ത കുറ്റബോധത്തിനാല്‍ കല്ലുകള്‍
മെല്ലെ നിലത്തിട്ടകന്നുപോയി.
അല്ലലാര്‍ന്നാകെ ഭയപ്പെട്ടു,കല്മഷ-
യല്ലില്‍ കഴിഞ്ഞൊരാസ്ത്രീയെ,ദയാ-
കല്ലോലിനിയായ നസ്രായനുംവിധി-
ച്ചില്ല; ക്ഷമിച്ചു പറഞ്ഞയച്ചു.
എല്ലാരുമന്നുപേക്ഷിച്ചകല്‍ച്ചീളുകള്‍
ഉല്ലാസമോടെ പെറുക്കി ഹൃത്തിന്‍-
ചെല്ലത്തിലിട്ടിന്നും സൂക്ഷിക്കയാണു ഞാന്‍
ചില്ലറയായി പ്രയോഗിച്ചിടാന്‍.
കല്ലനാമെന്‍ ഹൃദം പാതകത്തിന്റെയീ-
റ്റില്ലമായങ്ങു തുടരുമ്പോഴും,
വല്ലവിധത്തിലുമന്യരെകല്ലെറി-
ഞ്ഞില്ലായ്മചെയ്യുന്നതാണെന്‍ ഹരം!
ചെല്ലക്കോപ്പുകളായിഞാന്‍ കരുതുന്നകൈ-
ക്കല്ലുകളേറ്റം പ്രിയമെനിക്ക്.
'അല്ലയോ മൂഢാ, കളയരുതേ,യവ-
യില്ലെങ്കില്‍ നാശ'മെന്നുള്‍ശങ്കയും!
കല്ലറയോളം ഞാന്‍ കാത്തുനില്‍ക്കേണ്ടതാ-
യില്ലമൃതരെ പുകഴ്ത്തിയോതാന്‍.
പല്ലുമെല്ലും ചലിക്കുന്ന കാലത്തവര്‍
ചില്ലി നല്‍വാക്കുകള്‍ കേട്ടിടട്ടെ.
നല്ലതുകണ്ടു,കുറ്റാരോപണമതിന്‍-
കല്ലുകളൊന്നായ്‌വെടിയണം ഞാന്‍.
അല്ലെങ്കിലാകില്ല ക്രിസ്ത്യാനി ഞാനെനി-
ക്കില്ലാതെ പോയിടും ക്രിസ്തുഭാവം.