സംവത്സരങ്ങള്‍
അവസാനിക്കുന്നേയില്ല.
ആകയാല്‍,
ദുഃഖകരമായ ഒരു വൈകുന്നേരത്തിന്റെ വേവലാതിയില്‍
നീറാതിരിക്കുക.
ജന്മശനിയുടെ ദുരിതപര്‍വങ്ങളെക്കുറിച്ച്
ആകുലപ്പെടാതിരിക്കുക.
കൂട തുറന്നു ചൊരിഞ്ഞപ്പോള്‍
കുറച്ചല്ലേയുള്ളൂ മീനുകള്‍ എന്നു ഖേദിക്കാതിരിക്കുക.
മരിച്ചവര്‍ തിരിച്ചു വരുമെന്നോ
തിരിച്ചവര്‍ മരിച്ചു വരുമെന്നോ കരുതാതിരിക്കുക
വരണ്ട നിലങ്ങള്‍ക്കപ്പുറത്തെ
വാക പൂത്ത വഴികളോര്‍ക്കുക.
പേടിപ്പിക്കുന്ന രാത്രിക്കു പകരം
കണ്ടാരംതറയിലെ വിളക്കു കാണ്‍ക
നിന്നുനിന്നു കാല്‍കഴച്ചപ്പോള്‍
ഇരിപ്പിടം തരമായ മുത്തശ്ശിയുടെ മുഖം കണക്കെ
ആശ്വാസത്തിന്‍ ചെറുചിരി പടര്‍ത്തുക.
സഹനത്തിന്റെ കീറച്ചാക്കുടുത്ത്
പൊടിയിലുരുണ്ട
വിചാരണദിനങ്ങളിലെപ്പോല്‍
ശാന്തഗംഭീരമാക്കുക
ചങ്കും കരളും.
സംവത്സരങ്ങള്‍
അവസാനിക്കുന്നേയില്ല.