റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റ് എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ഉള്ള പല്ലുവേദനയ്ക്കു പുറമേ വീണ്ടും വേദന എന്നു ചിന്തിച്ച് നെറ്റിചുളിക്കുന്നവരാണു നമ്മില്‍ പലരും. സാധാരണക്കാരുടെ മനസ്സില്‍ ഒരുപാടു തെറ്റുധാരണകള്‍ സൃഷ്ടിച്ചിട്ടുള്ള പദമാണ് റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റ്. ഏതാനും ദശാബ്ദങ്ങള്‍ക്കുമുമ്പ് റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റ് വളരെ വേദനാജനകമായിരുന്നു. എന്നാല്‍, അത്യാധുനിക ഡെന്റല്‍ സാങ്കേതികവിദ്യകളുടെയും ലോക്കല്‍ അനസ്‌തേഷ്യപോലുള്ള മരുന്നുകളുടെയും സഹായത്തോടെ റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റ് ഒട്ടും വേദനയില്ലാത്ത ഒരനുഭവമായി മാറുന്നു. എന്നാല്‍, വേദന അനുഭവിച്ച പഴയ തലമുറക്കാരില്‍നിന്നുള്ള അനുഭവങ്ങള്‍ കേട്ടു പുതുതലമുറയും റൂട്ട്കനാലിനെ ഭയക്കുകയാണ്.
എന്താണ് റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റ്?
പല്ലിനകത്തുള്ള പള്‍പ്പിനെ എടുത്തുകളഞ്ഞ് വേരിന്റെ അറ്റം മുതല്‍ അടച്ചുകൊണ്ടു വരുന്ന രീതിയാണ് റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, വെള്ളം കൊണ്ടുപോകാനായി കൃത്രിമമായി സൃഷ്ടിക്കുന്ന കനാലുകളെക്കുറിച്ചു നമുക്കറിയാമല്ലോ. ഇതിനോട് ഏറെക്കുറെ സാമ്യമുണ്ട് നമ്മുടെ പല്ലുകളിലെ കനാലിനും. പല്ലുകളിലേക്കു ചെല്ലുന്ന ന്യൂറോ വാസ്‌കുലാര്‍ ബണ്ടില്‍ ഈ കനാലിലൂടെയാണു സഞ്ചരിക്കുന്നത്. ഇതിനെ പള്‍പ്പ് എന്നു വിളിക്കുന്നു. ഒരു പല്ലിനെ നടുവെ മുറിച്ചാല്‍ നമുക്കു കാണാന്‍ സാധിക്കുക ആദ്യം പുറമേയുള്ള ഇനാമല്‍. തൊട്ടുതാഴെ ഡെന്റിന്‍. അതിനുശേഷം പല്ലിന്റെ കനാലില്‍ കാണുന്നത് പള്‍പ്പാണ്. ഈ പള്‍പ്പ് എടുത്തു കളഞ്ഞ്, പള്‍പ്പിരുന്ന കനാല്‍ ക്ലീന്‍ ചെയ്തതിനുശേഷം അവിടെ മരുന്നുവയ്ക്കുന്ന പ്രക്രിയയാണ് റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റ്.
എപ്പോഴാണ് റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റ്?
പുറത്തെ ലെയര്‍ ആയ ഇനാമലിനെയും പിന്നീടു കാണുന്ന ഡെന്റൈനെയും താണ്ടി പല്ലിന്റെ കേട് കനാലിലേക്കെത്തിച്ചേരുകയും അതുമൂലം പള്‍പ്പിനെ ബാധിക്കുകയും ചെയ്യുമ്പോഴാണ് റൂട്ടകനാല്‍ ട്രീറ്റ്‌മെന്റ് സാധാരണമായി ചെയ്യുന്നത്.
എത്രതവണ വരേണ്ടിവരും?
റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റിനു മൂന്നു സ്റ്റെപ്പുകളാണുള്ളത്. ഒരുപാടു കേടും പഴുപ്പും ഇല്ലാത്ത പല്ലില്‍ മൂന്നു സ്റ്റെപ്പുകളും ഒരു ദിവസംകൊണ്ടുതന്നെ തീര്‍ക്കാന്‍ സാധിക്കും. എന്നാല്‍, കേടുവന്നതിന്റെ അളവുകൂടുകയും പഴുപ്പു തീവ്രമാവുകയും ചെയ്താല്‍ രണ്ടോ മൂന്നോ അതിലധികമോ സന്ദര്‍ശനംവേണ്ടി വരും.
കേടുള്ള പല്ലിനുമാത്രമാണോ റൂട്ട്കനാല്‍?
ഏതെങ്കിലും അപകടത്തില്‍ നിങ്ങളുടെ പല്ലുകള്‍ ഊരിവന്നാല്‍ അതു തിരിച്ചുവയ്ക്കാനായി റൂട്ട്കനാല്‍ ചെയ്തു സ്പ്ലിന്റ് ഉപയോഗിച്ച് ഊരിപ്പോയ പല്ലുകള്‍ ഉറപ്പിക്കാറുണ്ട്.
പറിച്ചുകളഞ്ഞ പല്ലിന്റെ സ്ഥാനത്തു പുതിയ പല്ലു പിടിപ്പിക്കാന്‍
ഏതെങ്കിലും സാഹചര്യത്തില്‍ പല്ല് എടുത്തുകളയേണ്ടിവന്നാല്‍ എടുത്തുപോയ പല്ലിന്റെ സ്ഥാനത്തു പുതിയ പല്ലുവയ്‌ക്കേണ്ടതായി വരും. സ്ഥിരമായി വയ്ക്കുവാന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് എഫ്.പി.ഡി. അഥവാ ബ്രിഡ്ജ്. ഇതിനായി എടുത്തുകളഞ്ഞ പല്ലിന്റെ ഇരുവശത്തുമുള്ള പല്ലുകളെ ചെറുതാക്കി ആ പല്ലുകള്‍ ചേര്‍ത്തു ക്യാപ് ചെയ്യുന്നു. ഇങ്ങനെ ചെറുതാക്കുന്നതിനുമുമ്പ് ഈ പല്ലുകള്‍ക്കു കേടില്ലായെങ്കിലും റൂട്ട്കനാല്‍ ചെയ്യുന്നു. ഇതു ഭാവിയില്‍ ഈ പല്ലുകള്‍ക്കു പുളിപ്പോ വേദനയോ ഉണ്ടാവാതിരിക്കാന്‍ സഹായിക്കുന്നു.
എന്റോ പെരിയോ ലീഷന്‍സ്
മോണസംബന്ധമായും അതിനൊപ്പം കേടുമൂലവും പല്ലിനു വേദനയുണ്ടാവാറുണ്ട്. ചില എന്‍ഡോ-പെരിയോലിഷന്‍സിനു പല്ലില്‍ കേടില്ലായെങ്കിലും റൂട്ട് കനാല്‍ ചെയ്യാറുണ്ട്.
കുട്ടികളുടെ പാല്‍പ്പല്ലുകള്‍ക്ക് റൂട്ട്കനാല്‍
പാല്‍പ്പല്ലുകള്‍ക്ക് റൂട്ട് കനാലിനോടു സാമ്യമുള്ള പള്‍പോട്ടമി അഥവാ പാള്‍പ്പക്ടമിയാണ് ചെയ്യാറുള്ളത്.
പ്രായമായവര്‍ക്ക് റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റ് പറ്റുമോ?
പ്രായമായവരിലും തീര്‍ച്ചയായും റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റ് ചെയ്യാന്‍ സാധിക്കും. പല്ലുകളുടെ ആന്തരികഘടനയും മോണയുടെ അവസ്ഥയും പരിഗണിച്ച് ഏതൊരു വ്യക്തിക്കും ചെയ്യുന്നതുപോലെതന്നെ പ്രായമായവരിലും റൂട്ട്കനാല്‍ ചെയ്യാന്‍ സാധിക്കും.
പ്രമേഹമുള്ളവര്‍ക്ക് റൂട്ട്കനാല്‍?
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാണെങ്കില്‍ റൂട്ട്കനാല്‍ ചെയ്യാന്‍ സാധിക്കും.
ഹൃദ്രോഗികള്‍ക്ക് റൂട്ട് കനാല്‍?
ഹൃദ്രോഗചികിത്സയില്‍ ഇരിക്കുന്നവര്‍ക്കും റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റ് ചെയ്യാം. അവര്‍ സ്ഥിരമായി കഴിക്കുന്ന ആസ്പിരിന്‍ പോലുള്ള മരുന്നു നിറുത്തേണ്ടതില്ല. രക്തത്തിലെ ഐ.എന്‍.ആര്‍. പരിശോധിച്ചിനുശേഷം റൂട്ട്കനാല്‍ ചെയ്യുന്നത് ഉത്തമമാണ്.