പാലാ രൂപത ഉണ്ടാകുന്നതിനുമുമ്പ് അന്ന് ചങ്ങനാശേരി രൂപതയുടെ ഭാഗമായിരുന്ന ഭരണങ്ങാനം ഇടവകയിലെ വൈദികനായിരുന്ന ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ പിണക്കാട്ടച്ചന്റെ ദീര്‍ഘനാളായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് മേരിഗിരി ആശുപത്രിയുടെ തുടക്കം. അക്കാലത്ത് വികസനം ഒട്ടുമില്ലാതിരുന്ന ഭരണങ്ങാനം എന്ന കൊച്ചുഗ്രാമപ്രദേശത്ത് ആധുനികസൗകര്യങ്ങളോടുകൂടിയ ഒരു കത്തോലിക്കാമിഷന്‍ ആശുപത്രി സ്ഥാപിക്കുന്നതിനായി വര്‍ഷങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ നടന്നു. മദര്‍ ഡോ. ഡെങ്കലിന്റെയും കൂട്ടരുടെയും മെഡിക്കല്‍മിഷന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി വായിച്ചറിയാനിടയായ പിണക്കാട്ടച്ചന്‍ കത്തുകളിലൂടെ തന്റെ ആഗ്രഹം മദറിനെ അറിയിച്ചു. പലതവണ മദറുമായി അച്ചന്‍ ആശയവിനിമയം നടത്തി. കേരളത്തില്‍ മെഡിക്കല്‍ മിഷന്‍ സന്ന്യാസിനീസമൂഹത്തിനു തുടക്കംകുറിക്കാനും ഭരണങ്ങാനത്ത് ആശുപത്രി സ്ഥാപിക്കാനും മദര്‍ ഡെങ്കല്‍ തീരുമാനമെടുത്തു.
മെഡിക്കല്‍രംഗത്ത് സേവനം ചെയ്യുന്നതിന് അര്‍പ്പണമനോഭാവവും സഹാനുഭൂതിയും സേവനസന്നദ്ധതയും മാത്രംപോരാ, പ്രഫഷണല്‍ വിദ്യാഭ്യാസവും അനിവാര്യമാണെന്ന് അറിയാവുന്ന മദര്‍ ഡെങ്കല്‍ സന്ന്യാസജീവിതത്തോടു താത്പര്യമുള്ള, പഠനത്തില്‍ സമര്‍ഥരായ കത്തോലിക്കാപെണ്‍കുട്ടികളെ നഴ്‌സിങ് പഠനത്തിനായി അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലേക്ക് അയയ്ക്കാന്‍ പിണക്കാട്ടച്ചനോട് ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ കുടുംബങ്ങളിലെ സമര്‍ഥരായ പെണ്‍കുട്ടികള്‍ നഴ്‌സിംഗ് പഠനത്തിനും തുടര്‍ന്ന് സന്ന്യാസപരിശീലനത്തിനുമായി ധൈര്യപൂര്‍വം ഇറങ്ങിത്തിരിക്കുകയും പ്രഫഷണല്‍ ട്രയിനിംഗ് നേടുകയും ചെയ്തു. കേരളത്തില്‍ തിരിച്ചെത്തിയ ഇവര്‍ക്ക് അമേരിക്കയില്‍നിന്നെത്തിയ മെഡിക്കല്‍മിഷന്‍ സഹോദരിമാര്‍ സന്ന്യാസപരിശീലനം നല്കി. സിസ്റ്റര്‍ ജോണ്‍ കുത്തിവളച്ചേല്‍, സിസ്റ്റര്‍ സേവ്യര്‍ കുന്നേല്‍, സിസ്റ്റര്‍ ആന്‍ കയത്തുംകര, സിസ്റ്റര്‍ ഫ്രാന്‍സീസ് പുല്ലുകാട്ട് എന്നീ നാലു മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ 1948 മാര്‍ച്ച് 19 ന് സീറോമലബാര്‍ സഭയുടെ കീഴിലെ രണ്ടാമത്തെ ആശുപത്രിയായി 12 കിടക്കകളോടെ എളിയ രീതിയില്‍ മേരിഗിരി എന്ന ഐ.എച്ച്.എം. ആശുപത്രിക്കു തുടക്കംകുറിച്ചു. സെബാസ്റ്റ്യന്‍ പിണക്കാട്ടച്ചന്റെയും ചങ്ങനാശേരി രൂപതാധ്യക്ഷന്‍ ബഹുമാനപ്പെട്ട ജെയിംസ് കാളാശേരിപ്പിതാവിന്റെയും നല്ലവരായ നാട്ടുകാരുടെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും അകമഴിഞ്ഞ പിന്തുണയും സഹായവും ഉണ്ടായിരുന്നു. കത്തോലിക്കാമിഷന്‍ ആശുപത്രിയെന്നു കേട്ടുകേള്‍വിപോലുമില്ലാതിരുന്ന നാട്ടുകാര്‍ക്ക് മേരിഗിരി ആശുപത്രി ഒരു വിസ്മയംതന്നെയായിരുന്നു.
മേരിഗിരി ആശുപത്രി പടിപടിയായി വളര്‍ന്ന് ഇന്ന് നൂറു കിടക്കകളുള്ള, എല്ലാ അടിസ്ഥാനസൗകര്യങ്ങളോടുംകൂടിയ ആശുപത്രിയായി പ്ലാറ്റിനം ജൂബിലിയുടെ തിളക്കത്തിലെത്തിനില്ക്കുന്നു. 1957 ല്‍ എ.എന്‍.എം. ട്രെയിനിങ്ങോടെ തുടക്കംകുറിച്ച നഴ്‌സിങ്‌സ്‌കൂള്‍ 1960 ല്‍ ജി.എന്‍.എം. കോഴ്‌സായി ഉയര്‍ത്തി. ഇവിടെനിന്നു പഠിച്ചിറങ്ങിയ വിദ്യാര്‍ഥിനികള്‍ ഇന്നു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു. ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്കു നീങ്ങാതെ, സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും എത്തിപ്പെടാവുന്ന ജനറല്‍ ആശുപത്രിയായി മുന്നോട്ടു പോകുന്ന മേരിഗിരിയില്‍ കഴിഞ്ഞ 75 വര്‍ഷത്തിനുള്ളില്‍ 80,000 ല്‍പ്പരം കുഞ്ഞുങ്ങള്‍ പിറന്നുവീണു. ഐ.എസ്.ഒ., ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ അവാര്‍ഡ്, എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ എന്നിവയെല്ലാം മേരിഗിരിക്കു നേടാന്‍ സാധിച്ചു.