ദന്തവിദഗ്ധന്റെ ഡയറിക്കുറിപ്പുകള്‍ 2
ഒരു ഔദ്യോഗികമീറ്റിങ്ങില്‍ സംബന്ധിക്കാന്‍ ഞാന്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജില്‍ പോയതായിരുന്നു. അവിടെ ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി ഓട്ടോക്കൂലി കൊടുക്കുന്ന സമയത്തു ഞാന്‍ ശ്രദ്ധിച്ചു, ഒരാള്‍ അല്പം അകലെനിന്ന് ഇമവെട്ടാതെ എന്നെ സൂക്ഷിച്ചുനോക്കുന്നു. അല്പം പന്തികേടുണ്ടോ? കറുത്തു ശോഷിച്ച ഒരു മനുഷ്യന്‍. മുഖം ഒരു വശത്തോട്ടു കോടിയിരിക്കുന്നു. ഒരു വലിയ ബാന്‍ഡേജും മുഖത്തുണ്ട്. മുമ്പെങ്ങും അങ്ങനെ ഒരാളെ കണ്ടതായി ഓര്‍മയിലില്ല. ഞാന്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. അയാള്‍ എന്റെ അടുത്തേക്കാണല്ലോ നടന്നുവരുന്നത്. എന്റെ അടുത്തുവന്നു നിന്നു. കൈകൂപ്പി എന്നെ തൊഴുതു. ആദ്യം വിചാരിച്ചതു ഭിക്ഷക്കാരനായിരിക്കുമെന്നാണ്. അദ്ദേഹം വികൃതമായി ഒന്നു ചിരിച്ചിട്ട് കരയാന്‍തുടങ്ങി. ഏങ്ങലടിച്ചു കരഞ്ഞു. പെട്ടെന്നാണ് അതു ഞങ്ങളുടെ മുന്‍സഹപ്രവര്‍ത്തകന്‍ പൗലോസാണെന്നു മനസ്സിലായത്. പണ്ടു കണ്ടതിനേക്കാള്‍ എത്രയോ അദ്ദേഹം മാറിയിരിക്കുന്നു. ഞാന്‍ അദ്ഭുതപ്പെട്ടു. അതിനെക്കാളേറെ എനിക്കു മനോവിഷമവും.
പൗലോസ് ആംഗ്യഭാഷയില്‍ കഴിഞ്ഞ നാലുമാസത്തില്‍ നടന്നതെല്ലാം വിശദീകരിച്ചു. ആര്‍സിസിയില്‍ ഓപ്പറേഷന്‍ കഴിഞ്ഞതും, തുടര്‍ന്നുള്ള റേഡിയേഷനും മുറിവു കരിയാന്‍ താമസം വന്നതും ഭക്ഷണം കഴിക്കാന്‍ ഇപ്പോഴുള്ള ബുദ്ധിമുട്ടും എല്ലാമെല്ലാം. ജോലിയില്‍നിന്നു ദീര്‍ഘനാള്‍ അവധിയിലാണ്. അതിനാല്‍ വരുമാനമൊന്നുമില്ല. പലരുടെയും ഔദാര്യംകൊണ്ടു ജീവിച്ചുപോകുന്നു. പൗലോസിനെ സാധിക്കുന്നതുപോലെ ആശ്വസിപ്പിച്ചു. കുറച്ചു പണവും നല്കി. ഇനി ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കരുതെന്നും പറഞ്ഞു. ഞാന്‍ യാത്ര പറഞ്ഞു മീറ്റിങ്ങില്‍ സംബന്ധിക്കാന്‍ പോയി.
മീറ്റിങ് സമയത്തു പൗലോസുമായി ബന്ധപ്പെട്ട പല സംഗതികളും ഓര്‍മയില്‍ വന്നു. മീറ്റിങ്ങില്‍ ശ്രദ്ധ പതിക്കാന്‍പോലും ആ ഓര്‍മകള്‍ ബുദ്ധിമുട്ടുണ്ടാക്കി.
പൗലോസിനെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് ഏകദേശം 25 വര്‍ഷംമുമ്പാണ്. അദ്ദേഹം മെഡിക്കല്‍ കോളജിലെ ഡെന്റല്‍ ഡിപ്പാര്‍ട്‌മെന്റില്‍ അറ്റന്‍ഡറായി ജോലി ചെയ്യാന്‍ വന്നതാണ്. ഇരുനിറമാണെങ്കിലും സുമുഖനായ ചെറുപ്പക്കാരന്‍. സാമാന്യം വണ്ണവും പൊക്കവും. പക്ഷേ, ഒരു സങ്കടം. ആള്‍ ജന്മനാ ബധിരനും ഊമനുമാണ്. വാര്‍ത്താവിനിമയം ആംഗ്യഭാഷയിലൂടെമാത്രം. ഈ വൈകല്യങ്ങളൊക്കെ ഉണ്ടെങ്കിലും തന്റെ ജോലിയില്‍ സമര്‍ഥന്‍. നല്ല ചുറുചുറുക്കോടെ ജോലികളെല്ലാം ചെയ്യും. ആദ്യമൊക്കെ ഞങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ നാമമാത്രമായിരുന്നു. ആശയവിനിമയമായിരുന്നു പ്രധാന തടസ്സം. ക്രമേണ ഞങ്ങള്‍ കൂടുതല്‍ അടുത്തു. ഡെന്റല്‍ ഹൈജീനിസ്റ്റ് ശ്രീ രഘുവാണ് എന്നെ പൗലോസുമായി സംസാരിക്കാന്‍ സഹായിച്ചത്. തമാശ പറയുന്നതിലും ആംഗ്യത്തിലൂടെ മറ്റുള്ളവരെ കളിയാക്കുന്നതിലും (എന്നെ ഉള്‍പ്പെടെ) ബഹുമിടുക്കന്‍. ആര്‍ക്കും ഒരു നീരസവും കൂടാതെ അദ്ദേഹത്തിന് അതു ചെയ്യാനറിയാം. ക്രമേണ ഞങ്ങള്‍ വളരെ അടുത്തു. ഓരോ ദിവസവും ജോലി കഴിഞ്ഞാല്‍ പൗലോസുമായി അല്പം ആംഗ്യഭാഷയില്‍ സംസാരിക്കുന്നതു രസകരമാണ്. മനസ്സിന്റെ പിരിമുറുക്കം എല്ലാം അയയും.
ഉദ്ദേശം ആറു മാസം കഴിഞ്ഞ് അദ്ദേഹത്തിന് വേറൊരു ഡിപ്പാര്‍ട്‌മെന്റിലേക്കു സ്ഥലംമാറ്റം ലഭിച്ചു. പിന്നീട് ഞങ്ങള്‍ വളരെ വിരളമായി മാത്രമേ കണ്ടിട്ടുള്ളൂ.
കാലങ്ങള്‍ കടന്നുപോയി. കോട്ടയത്ത് ഡെന്റല്‍ കോളജ് ആരംഭിച്ചു.
ഒരു ദിവസം രാവിലെ രഘു പൗലോസുമായി എന്നെ കാണാന്‍ വന്നു. വളരെക്കാലം കൂടി പൗലോസിനെ കണ്ടത് എനിക്കു സന്തോഷമായി. ആംഗ്യഭാഷയിലൂടെ അദ്ദേഹവുമായി അല്പം സംസാരിക്കാമല്ലോ. ഇപ്പോള്‍ എവിടെയാണെന്ന് ഞാന്‍ ആംഗ്യഭാഷയില്‍ ചോദിച്ചു. രഘുവാണു മറുപടി പറഞ്ഞത്:
''സാറേ, പൗലോസ് ഇപ്പോള്‍ വൈക്കം ഗവണ്‍മെന്റാശുപത്രിയിലാണ്. പക്ഷേ, പ്രശ്‌നം അതല്ല. അദ്ദേഹത്തിന്റെ നാക്കില്‍ ഒരു വ്രണമുണ്ട്. ഒരു മാസത്തിനു മേലെയായി. അവിടുത്തെ ഡെന്റല്‍ സര്‍ജനെ കാണിച്ചപ്പോള്‍ ബയോപ്‌സി എടുക്കണമെന്ന് അഭിപ്രായപ്പെട്ടു. കാന്‍സറാണെന്നു സംശയമുണ്ട്. അതിനാണ് ഇപ്പോള്‍ ഡെന്റല്‍ കോളജില്‍ വന്നിരിക്കുന്നത്.''
ഞാന്‍ പൗലോസിന്റെ നേരേ നോക്കി. ഈ പറഞ്ഞതൊക്കെ ശരിയാണോ എന്നറിയാന്‍. ശരിയാണെന്ന രീതിയില്‍ അദ്ദേഹം തലയാട്ടി.
''അതിനു പൗലോസിന് വെറ്റിലമുറുക്കോ പാന്‍മസാല ഉപയോഗമോ പുകവലിയോ മദ്യപാനമോ ഒന്നുമില്ലല്ലോ വായില്‍ കാന്‍സര്‍ വരാന്‍.'' ഞാന്‍ ചോദിച്ചു.
രഘു പൗലോസിന്റെ നേരേയൊന്നു നോക്കിയിട്ടു പറഞ്ഞു:
''സാറേ, ഇയാളുടെ വായില്‍ എപ്പോഴും പാന്‍മസാലയുണ്ട്. നമ്മളോടു സംസാരിക്കാത്തതുകൊണ്ട് അത് നമുക്കു മനസ്സിലാക്കാന്‍ സാധിക്കില്ല.''
ഈ വാര്‍ത്ത എന്നെ വളരെയധികം അദ്ഭുതപ്പെടുത്തി. എനിക്കല്പം കുറ്റബോധവും തോന്നി. ആറുമാസം ഞങ്ങളോടൊപ്പം ജോലി ചെയ്തിട്ടും ഞങ്ങള്‍ക്കിതു മനസ്സിലാക്കാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ത്ത്. രഘു തുടര്‍ന്നു: ഇവിടെ ജോലി ചെയ്തിരുന്നപ്പോഴും ഇയാള്‍ക്ക് ഈ ദുശ്ശീലം ഉണ്ടായിരുന്നു. ഞാന്‍ അവസാനമാണ് മനസ്സിലാക്കിയത്.'' രഘുവിന്റെ വര്‍ത്തമാനത്തില്‍നിന്ന് അല്പം കുറ്റപ്പെടുത്തലും ഉണ്ടെന്ന് എനിക്കു മനസ്സിലായി. കാരണം, അവര്‍ അത്രയ്ക്ക് മിത്രങ്ങളായിരുന്നു. ''ഇന്ന് ബയോപ്‌സി എടുക്കാമോ?'' രഘു ചോദിച്ചു.
''തീര്‍ച്ചയായും.'' ഞാന്‍ മറുപടി പറഞ്ഞു.
ഞാന്‍ പൗലോസിനെ വിശദമായി പരിശോധിച്ചു. നാക്കിന്റെ ഇടതുവശത്താണ് വ്രണം. ഉദ്ദേശം രണ്ടു സെന്റീമീറ്റര്‍ വ്യാസം. നാക്കിനു നല്ല തടിപ്പ്(കല്ലിപ്പ്). നാക്ക് അനക്കാന്‍തന്നെ നല്ല ബുദ്ധിമുട്ട്. പരിശോധനയില്‍ കഴുത്തിലെ ഗ്രന്ഥിയും നീരു വച്ചിട്ടുണ്ട്. ഇതു കഴുത്തിലോട്ടും അസുഖം വ്യാപിച്ചിട്ടുണ്ടെന്നതിനു (സെക്കന്‍ഡറി സ്റ്റേജ്) തെളിവാണ്.
അന്നുതന്നെ ബയോപ്‌സി എടുത്തു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ റിപ്പോര്‍ട്ട് വന്നു. ഞങ്ങള്‍ ഭയപ്പെട്ടതുപോലെ വായിലെ കാന്‍സര്‍ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട്: Squamous Cell Carcinoma - Poorly differentiated ഇത് ഞങ്ങള്‍ ഏവരെയും ദുഃഖത്തിലാഴ്ത്തി. റിപ്പോര്‍ട്ടിനൊപ്പമുള്ള കമന്റാണ് എന്നെ കൂടുതല്‍ വിഷമിപ്പിച്ചത്: Poorly differentiated മോശമായി വ്യത്യാസപ്പെട്ടിരിക്കുന്നു). അതായത്, അസുഖം പൂര്‍ണമായി മാറാനുള്ള സാധ്യത വളരെക്കുറവ്, ഡോക്ടര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ prognosis, വളരെ മോശം.
്യൂഞങ്ങളുടെ മുഖഭാവം കണ്ടു പൗലോസ് ആംഗ്യഭാഷയില്‍ ചോദിച്ചു: ''അസുഖം പൂര്‍ണമായി മാറുമോ?''
എനിക്കപ്പോള്‍ സത്യം പറയുവാന്‍ തോന്നിയില്ല. ഞാന്‍ ആംഗ്യഭാഷയില്‍ പറഞ്ഞു: ''തീര്‍ച്ചയായും.''
''ഇനി എന്താണു ചെയ്യേണ്ടത്?'' രഘുവാണു ചോദിച്ചത്.
''കാന്‍സര്‍ ഇത്രയും വ്യാപിച്ചതിനാല്‍ ഓപ്പറേഷനും റേഡിയേഷനും വേണ്ടിവരും. സാധിക്കുമെങ്കില്‍ തിരുവനന്തപുരത്ത് ആര്‍സിസിയില്‍ പോകുന്നതാണ് നല്ലത്. ഞാന്‍ അങ്ങോട്ടേക്ക് കത്തു തരാം.'' ഞാന്‍ പറഞ്ഞു.
ഞങ്ങള്‍ പറഞ്ഞതു മനസ്സിലാക്കി, പൗലോസ് സമ്മതരൂപത്തില്‍ തലയാട്ടി. ഉടന്‍തന്നെ റഫറന്‍സ് കത്തും അദ്ദേഹത്തിനു നല്കി.
പിന്നെ കുറേ നാളത്തേക്ക് പൗലോസിനെക്കുറിച്ചൊന്നും കേട്ടില്ല. രഘുവിനോടു ചോദിച്ചപ്പോള്‍ തിരുവനന്തപുരത്തു പോയിക്കാണുമെന്നാണു തോന്നുന്നത് എന്നു പറഞ്ഞു. പിന്നെ ഞാന്‍ അതേക്കുറിച്ചു മറന്നുപോയി.
*****
തിരുവനന്തപുരത്തുവച്ചുള്ള ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയ്ക്കുശേഷം ഞാന്‍ അദ്ദേഹത്തെക്കുറിച്ചു പലരോടും തിരക്കിയെങ്കിലും ഒരറിവും ലഭിച്ചില്ല. ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നുപോലും. പൗലോസിനെക്കുറിച്ചുള്ള ഓര്‍മകള്‍ മനസ്സില്‍ ഒരു നീറ്റലായി നില്ക്കുന്നു, ഇപ്പോഴും.