•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കേരളത്തിന്റെ വിദ്യാഭ്യാസചട്ടക്കൂട് എന്തിനു മാറണം?

സ്വതേന്ത്രന്ത്യയുടെ പ്രഥമപരിഗണനകളിലൊന്ന് വിദ്യാഭ്യാസമായിരുന്നു. 1948ലെ ഡോ. രാധാകൃഷ്ണ കമ്മീഷന്‍ ഓണ്‍ യൂണിവേഴ്‌സിറ്റി എജ്യൂക്കേഷനും 1952-53 ലെ മുതലിയാര്‍ കമ്മീഷന്‍ ഓണ്‍ സെക്കന്‍ഡറി എജ്യൂക്കേഷനും സ്വതേന്ത്രന്ത്യയ്ക്ക് അനുയോജ്യമായ വിദ്യാഭ്യാസസമ്പ്രദായത്തിനു രൂപംനല്കുന്നതിനുള്ള ശ്രമമാണു നടത്തിയത്. ഈ രണ്ടു കമ്മീഷനുകളുടെയും റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്നതില്‍ വഹിച്ചിട്ടുള്ള പങ്ക് അതിശ്രേഷ്ഠവും അദ്വിതീയവുമാണ്. 1964-66 ലെ കോത്താരികമ്മീഷന്‍ ഓണ്‍ നാഷണല്‍ ഡെവലപ്‌മെന്റ് വിദ്യാഭ്യാസമേഖലയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കു വഴിതെളിച്ചു. വിദ്യാഭ്യാസം ജീവിതബന്ധിയും ജീവിതഗന്ധിയുമാകണമെന്നും മൂല്യാധിഷ്ഠിതവിദ്യാഭ്യാസമാണ് ഇന്ത്യയ്ക്കു വേണ്ടതെന്നുമുള്ള കമ്മീഷന്‍ശിപാര്‍ശകള്‍ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും വിദ്യാഭ്യാസപരിഷ്‌കരണത്തിനായുള്ള പഠനങ്ങളും ആ പഠനങ്ങളെ ആസ്പദമാക്കിയുള്ള പരിഷ്‌കാരങ്ങളും നടന്നിട്ടുണ്ട്. ഇതിന്റെയൊക്കെ തുടര്‍ച്ചയായിട്ടുവേണം ദേശീയവിദ്യാഭ്യാസം 2020 നെ കാണാന്‍. 

ദേശീയ വിദ്യാഭ്യാസനയം 2020 
NEP എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദേശീയവിദ്യാഭ്യാസനയം 2020(National Education Policy 2020) സ്വതന്ത്രഭാരതത്തിലെ 4-ാമത്തെ ദേശീയ വിദ്യാഭ്യാസനയമാണ്.
ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ ചെയര്‍മാനായുള്ള 11 അംഗ സമിതി 2019 ല്‍ സമര്‍പ്പിച്ച കരടുറിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിക്കുകയും രണ്ടരലക്ഷത്തിലധികം പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തതായി പത്രവാര്‍ത്തയുണ്ടായിരുന്നു. പക്ഷേ, ഈ പ്രതികരണങ്ങളിലെ നിര്‍ദേശങ്ങളൊന്നുംതന്നെ പരിഗണിക്കപ്പെട്ടിട്ടില്ല എന്ന ആക്ഷേപം സജീവമായിട്ടുണ്ട്. ഇക്കാലമത്രയും ദേശീയവിദ്യാഭ്യാസനയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ചര്‍ച്ചചെയ്തു ഭേദഗതികള്‍ വരുത്തിയാണു നടപ്പിലാക്കിയിരുന്നത്. പക്ഷേ, ഇവിടെ ആ കീഴ്‌വഴക്കം നിഷ്‌കരുണം തകിടംമറിക്കപ്പെട്ടിരിക്കുന്നു എന്നാണു പൊതുവിലുള്ള ആക്ഷേപം.    
ചട്ടക്കൂടിന്റെ വിശകലനം
ആദ്യത്തെ അഞ്ചു വര്‍ഷം അടിസ്ഥാനഘട്ടം (Foundational Stage),, മൂന്നു വര്‍ഷം ഒരുക്കകാലഘട്ടം(preparatory Stage),.  മൂന്നു വര്‍ഷം മധ്യഘട്ടം (Middle Stage), നാലു വര്‍ഷം സെക്കന്ററി ഘട്ടം (Secondary Stage).. ഇതാണു ചട്ടക്കൂടിന്റെ ഘടന. മൂന്നു വയസ്സു മുതല്‍ എട്ടു വയസ്സുവരെയുള്ള കാലയളവാണ് അടിസ്ഥാനഘട്ടത്തിനുള്ളത്. അതില്‍ ആദ്യത്തെ മൂന്നു വര്‍ഷം അങ്കണവാടി/ പ്രീസ്‌കൂളും 1, 2 ക്ലാസ്സുകളുമാണ്. കളികളും പ്രവര്‍ത്തനങ്ങളും play-based or Activity-based) അടിസ്ഥാനമാക്കിയുള്ള പരിശീലനമാണ് ഇവിടെ ലക്ഷ്യം വയ്ക്കുന്നത്. പ്രിപ്പറേറ്ററി സ്റ്റേജില്‍ മൂന്നുമുതല്‍ അഞ്ചു വരെയുള്ള ക്ലാസ്സുകള്‍ക്കായി മൂന്നു വര്‍ഷം ചെലവഴിക്കുന്നു. എട്ടുമുതല്‍ പതിനൊന്നു വയസ്സുവരെയുള്ള കാലയളവിലാണ് ഈ പരിശീലനം നടക്കുന്നത്. കളികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം ക്ലാസ്സുകളും ഉണ്ടാവും. 11 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളാണു മധ്യഘട്ടത്തിലുള്ളത്. മൂന്നു വര്‍ഷക്കാലത്തെ ഈ പഠനത്തില്‍ പരമ്പരാഗത പഠനസമ്പ്രദായത്തില്‍നിന്നുമാറി വിമര്‍ശനാത്മകമായ പഠനത്തിലേക്കു കടക്കുന്നു. സെക്കന്‍ഡറി സ്റ്റേജിലേക്കു കടക്കുന്ന കുട്ടികള്‍ 9,10 എന്ന ഘട്ടവും 11, 12 എന്ന ഘട്ടവും പിന്നിടുന്നു. അവിടെ കുട്ടികളുടെ അഭിരുചിയനുസരിച്ചു വൈവിധ്യമാര്‍ന്ന പഠനവിഷയങ്ങള്‍ ഉണ്ടാവും. ഇതാണു ദേശീയവിദ്യാഭ്യാസം വിഭാവന ചെയ്യുന്ന പഠനചട്ടക്കൂട്. 
കേരളത്തില്‍ നിലവിലുള്ള പൊതുവിദ്യാഭ്യാസത്തിന്റെ ചട്ടക്കൂട് എല്‍.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. ആണല്ലോ. എല്‍.പി. നാലു വര്‍ഷം, യു.പി. 3 വര്‍ഷം, എച്ച്.എസ്. മൂന്നു വര്‍ഷം, എച്ച്.എസ്.എസ്. രണ്ടു വര്‍ഷം. അങ്ങനെ 4+3+3+2=12 വര്‍ഷം. ഇപ്പോഴത്തെ +2 നുമുമ്പ് അതു പ്രീഡിഗ്രി ആയിരുന്നു. അതിനുമുമ്പ് പ്രീയൂണിവേഴ്‌സിറ്റി (പി.യു.സി.)യും അതിനുംമുമ്പ് ഇന്റര്‍ മീഡിയറ്റും ആയിരുന്നു. പത്തുവരെയുള്ള വിഭാഗത്തില്‍ പ്രൈമറിതലത്തിലുള്ള നാലു വര്‍ഷം അതിനുമുമ്പ് അഞ്ചു വര്‍ഷമായിരുന്നു. അതിനും മുമ്പ് അഞ്ചാം  ക്ലാസ്സിനുപകരം പ്രിപ്പറേറ്ററി ക്ലാസ്സ് (Preparatory class)  ആയിരുന്നു. പ്രൈമറിതലം കഴിഞ്ഞുള്ള പഠനം ഫസ്റ്റ് (First) സെക്കന്‍ഡ് (Second), തേര്‍ഡ് (Third), ഫോര്‍ത്ത് (Forth),, ഫിഫ്ത്ത് (Fifth),  സിക്‌സ്ത്ത്(Sixth) എന്ന ക്രമത്തിലായിരുന്നു. എസ്.എസ്.എല്‍.സി. പാസാകുന്നതിനു സിക്‌സ്ത്ത്(Sixth) പാസാകുക എന്നായിരുന്നു പറഞ്ഞിരുന്നത്. ഇന്നത്തെ നേഴ്‌സറിയുടെ സ്ഥാനത്തു കളരിയുണ്ടായിരുന്നു. കളരിയില്‍ ഉണ്ടായിരുന്നത് 'നിലത്തെഴുത്ത്' എന്നറിയപ്പെടുന്ന അക്ഷരപഠനമായിരുന്നു. ഒന്നാം ക്ലാസ്സില്‍ വന്നു ചേരുമ്പോള്‍ കളരിപഠനം നിര്‍ബന്ധമുള്ള കാര്യമായിരുന്നില്ല. എങ്കിലും, ഒരു ന്യൂനപക്ഷം കുട്ടികള്‍ കളരിയില്‍ പോയി അക്ഷരപരിചയം നേടിയശേഷമാണ് സ്‌കൂളില്‍ വന്നുചേര്‍ന്നിരുന്നത്.
ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, ഏതാണ്ട് ഒന്നര നൂറ്റാണ്ടായി തുടര്‍ന്നുപോന്ന പൊതുവിദ്യാഭ്യാസഘടനയില്‍ (ചട്ടക്കൂടില്‍) കാര്യമായ വ്യത്യാസങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നുള്ളതാണ്. കാലാനുസൃതമായ ചില മാറ്റങ്ങള്‍ ക്രമേണ വരുത്തുകമാത്രമാണു ചെയ്തിട്ടുള്ളത്. ആ സ്ഥാനത്താണു ദേശീയവിദ്യാഭ്യാസനയം 2020 ല്‍ അടിമുടി മാറ്റം വരുത്തിയിരിക്കുന്നത്! എന്തുകൊണ്ട് എന്ന ചോദ്യത്തിനു വ്യക്തമായ കാരണങ്ങളൊന്നും കാണിക്കാനില്ല.
ദേശീയ വിദ്യാഭ്യാസചട്ടക്കൂട് അനുസരിച്ചു പഠിക്കുന്ന കുട്ടി മൂന്നാമത്തെ വയസ്സില്‍ പ്രീപ്രൈമറി തലത്തിലെത്തി അഞ്ചു വര്‍ഷത്തെ പരിശീലനം (3+2=5) നേടി എട്ടാമത്തെ വയസില്‍ രണ്ടാംക്ലാസ്സിലെത്തുമ്പോള്‍, കേരളത്തിലെ വിദ്യാഭ്യാസചട്ടക്കൂട് അനുസരിച്ചു പഠിക്കുന്ന കുട്ടി അഞ്ചാമത്തെ വയസ്സില്‍ സ്‌കൂളിലെത്തി പഠനം നടത്തി എട്ടാമത്തെ വയസ്സില്‍ നാലാം ക്ലാസ്സിലെത്തുന്നു! അതുപോലെതന്നെ, ദേശീയ ചട്ടക്കൂട് അനുസരിച്ചു പഠിക്കുന്ന കുട്ടി പ്രൈമറിതലം പിന്നിടുമ്പോള്‍ (3+2+3=8) പതിനൊന്നു വയസ്സു പൂര്‍ത്തിയാകുന്നിടത്ത് കേരളത്തിലെ കുട്ടിക്ക് എട്ടു വയസ്സുപൂര്‍ത്തിയാകുമ്പോള്‍ പ്രൈമറിതലം പിന്നിട്ടിരിക്കും! എട്ടു വര്‍ഷംകൊണ്ട് (3+2+3=8) പ്രൈമറിസ്‌കൂള്‍ പഠനം പൂര്‍ത്തിയാകുന്ന കുട്ടിയ്ക്ക് നാലു വര്‍ഷംകൊണ്ട് പ്രൈമറിസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്ന കുട്ടിയും നേടേണ്ട വിദ്യാഭ്യാസയോഗ്യത അടിസ്ഥാന ലിറ്ററസിയും (എഴുത്തും വായനയും) അടിസ്ഥാന ന്യൂമറസിയും (ചതുഷ്‌ക്രിയ-സങ്കലനം, വ്യവകലനം, ഹരണം, ഗുണനം) ആണ്. എങ്കില്‍ പിന്നെ, കേരളത്തിന്റെ നിലവിലുള്ള ചട്ടക്കൂട് എന്തിനു  മാറണം?
കേരളത്തിലെ പ്രൈമറിസ്‌കൂള്‍ കുട്ടികളുടെ സാക്ഷരതയ്ക്ക് സുദീര്‍ഘമായ ഒരു ചരിത്രപാരമ്പര്യമുണ്ട്. ഈ പാരമ്പര്യം 18-ാം നൂറ്റാണ്ടോടെ വിദേശമിഷനറിമാര്‍ തുടങ്ങിവച്ചതാണ്. വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ആഞ്ചലോസ് ഫ്രാന്‍സീസ് (1700), അര്‍ണോസ് പാതിരി  (1681-1732), ക്ലമന്റ് പിയാനിയൂസ് (1731-1792), ബെഞ്ചമിന്‍ ബെയ്‌ലി (1791-1871), ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (1814-1893) മുതലായവര്‍ ഭാഷാസേവനം നടത്തിയ വിദേശമിഷനറിമാരില്‍ പ്രമുഖരാണ്. ഇവര്‍ തുടങ്ങിവച്ച സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും പ്രോത്സാഹനവും നല്കി അവരുടെ പാത പിന്തുടര്‍ന്ന ഭരണാധികാരികള്‍ കേരളത്തിലുണ്ടായിരുന്നു. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ പ്രസിദ്ധമായ ഒരു കല്പനയുണ്ട്: ''എട്ടു വയസ്സു പൂര്‍ത്തിയായ ഒറ്റക്കുട്ടിയും എഴുത്തും വായനയും അറിയാത്തതായി തിരുവിതാംകൂറില്‍ ഉണ്ടാകാന്‍ പാടില്ല. റാണി പാര്‍വതിബായി സ്ത്രീവിദ്യാഭ്യാസത്തിനു നല്കിയിരുന്ന പ്രോത്സാഹനത്തെപ്പറ്റി 1906ലെ സ്റ്റേറ്റ് മാനുവലിലെ പരാമര്‍ശം വിസ്മയം ജനിപ്പിക്കുന്നതാണ്:""This war no small Contribution for a Travancore Queen when we remember that in the early yeas of Queen Victoria of England the condition of women in England was far worse than in Travancore''  ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് (1860-1880) മലയാളം പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 
കേരളവര്‍മ വലിയകോയിത്തമ്പുരാന്‍, ഏ.ആര്‍. രാജരാജവര്‍മ, എം. രാജരാജവര്‍മ, ചിദംബരം വാധ്യാര്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ പാഠപുസ്തകത്തിന്റെ തുടര്‍ച്ചമാത്രമാണ് ഇന്നും നിലനില്ക്കുന്ന പാഠപുസ്തകങ്ങള്‍. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, 1996-98 കാലഘട്ടത്തില്‍ നടപ്പിലാക്കിയ ഡി.പി.ഇ.പി. സമ്പ്രദായം കേരളത്തിന്റെ സാക്ഷരതാസംസ്‌കാരം അട്ടിമറിച്ചു. അതിന്റെ ഫലമായി, കേരളം 'നിരക്ഷര സാക്ഷരകേരളം' എന്നു പരിഹസിക്കപ്പെടുകയുണ്ടായി. കേരളം ഒരു അക്ഷരസമരത്തിനു സാക്ഷിയാകേണ്ടിവന്നു. 
പക്ഷേ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസമന്ത്രി ശ്രീ വി. ശിവന്‍കുട്ടി ധീരമായ നിലപാടെടുത്ത്, കാല്‍നൂറ്റാണ്ടായി കാണാമറയത്തായിരുന്ന അക്ഷരമാല പാഠപുസ്തകത്തില്‍  പുനഃസ്ഥാപിച്ചുകൊണ്ട് നമുക്കു നഷ്ടമായ അക്ഷരസംസ്‌കാരം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നത് ശുഭോദര്‍ക്കമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ 27-05-2023-ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ പ്രൈമറിതലത്തില്‍ എഴുത്ത്, വായന, ഗണിതം എന്നിവയില്‍ പ്രാവീണ്യം ഉറപ്പുവരുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട പരിശീലനം നല്കണം എന്ന് പ്രഥമാധ്യാപര്‍ക്ക് കര്‍ശനമായ നിര്‍ദേശം  നല്കിക്കൊണ്ട് സാക്ഷരതാപരിപോഷണത്തിനുള്ള ക്രിയാത്മകമായ നടപടികള്‍ ആരംഭിച്ചിട്ടുള്ളതും പ്രതീക്ഷ നല്കുന്ന കാര്യമാണ്. ഈ നിര്‍ദേശമനുസരിച്ച് അധ്യാപകര്‍ ശാസ്ത്രീയമായിത്തന്നെ അക്ഷരബോധനം നല്കിയാല്‍ അനായാസം ലക്ഷ്യം നേടാന്‍ നമുക്കു കഴിയും.
ചുരുക്കത്തില്‍, കേരളത്തില്‍ നിലവിലുള്ള ചട്ടക്കൂട് ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ പ്രൈമറിതലം പിന്നിടുന്ന കുട്ടികള്‍ക്ക് എഴുത്തും വായനയും ഗണിതവും ഉറപ്പുവരുത്താന്‍ സാധിക്കും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, 4+3+3+2=12 എന്ന ചട്ടക്കൂട് മാറേണ്ടതില്ല. ചട്ടക്കൂടിനുള്ളിലാണു മാറ്റമുണ്ടാകേണ്ടത്. ദേശീയതലത്തില്‍, ഇപ്രകാരം ഒരു ചട്ടക്കൂട് നിര്‍മ്മിക്കാന്‍ പ്രത്യേക കാരണമുണ്ട്. ദേശീയതലത്തില്‍, വിദ്യാഭ്യാസമേഖലയിലുള്ള ഏറ്റവും വലിയ പ്രശ്‌നം കുട്ടികളുടെ സ്‌കൂള്‍പ്രാപ്യതയും തുടര്‍പഠനവുമാണ്. സാങ്കേതികമായിപ്പറഞ്ഞാല്‍, ഒന്നാം തലമുറപ്രശ്‌നമാണ്. സര്‍ക്കാരിന്റെ ഔദ്യോഗികസര്‍വേകളും ഇതര ഏജന്‍സികളുടെ സര്‍വേകളും എല്ലാം വിരല്‍ചൂണ്ടുന്നത് രൂക്ഷമായ ഈ പ്രശ്‌നത്തിലേക്കാണ്. സര്‍വേകള്‍ പറയുന്നതിനുസരിച്ച് കോടിക്കണക്കിനു കുട്ടികളാണ് സ്‌കൂള്‍ പ്രാപ്യതയും പഠനത്തുടര്‍ച്ചയുമില്ലാതെ ഇന്ത്യയിലുള്ളത്. 
ദേശീയതലത്തില്‍, രൂക്ഷമായ ഈ പ്രശ്‌നം പരിഹരിച്ചേ തീരു. രക്ഷാകര്‍ത്താക്കളുടെ ദാരിദ്ര്യവും നിരക്ഷരതയും ഈ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അപ്പോള്‍, ഏതെങ്കിലും തരത്തില്‍ കുട്ടികളെ കുരുന്നുപ്രായത്തില്‍ത്തന്നെ വിദ്യാലയങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന് ഈ ചട്ടക്കൂട് സഹായകമായേക്കാം. അതുകൊണ്ട്, ദേശീയതലത്തില്‍ ഇതു നടപ്പിലാക്കുന്നതിനെ എതിര്‍ക്കേണ്ടതില്ല.
പക്ഷേ, കേരളത്തിലെ സ്ഥിതി ഇതല്ല. സാക്ഷരതയില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. ഔദ്യോഗിക കണക്കനുസരിച്ച്, 96.2% സാക്ഷരതയാണ് കേരളത്തിനുള്ളത്. പ്രീസ്‌കൂള്‍തലംമുതല്‍ ഹയര്‍ സെക്കന്‍ഡറിതലംവരെയുള്ള കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ നാനാവശങ്ങള്‍ പരിശോധിച്ചു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 19.10.2017-ല്‍, കേരള സര്‍ക്കാര്‍ നിയോഗിച്ച ഡോ. എം.എ. ഖാദര്‍ ചെയര്‍മാനായുള്ള മൂന്നംഗസമിതി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, സ്‌കൂള്‍ പ്രായത്തിലുള്ള ഏതാണ്ട് എല്ലാ കുട്ടികളും സ്‌കൂളിലെത്തുകയും ദേശീയതലത്തില്‍ നിന്നു വിഭിന്നമായി, എന്റോള്‍ ചെയ്യുന്ന കുട്ടികളില്‍ മഹാഭൂരിപക്ഷവും 12-ാം ക്ലാസുവരെ എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥ കേരളത്തിലുണ്ടെന്നാണ് (ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, രണ്ടാം ഭാഗം 2).
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറയുന്നതുപോലെ, ''ദേശീയതലത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് സ്‌കൂള്‍പ്രാപ്യത, പഠനത്തുടര്‍ച്ച തുടങ്ങിയ ഒന്നാം തലമുറ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നതെങ്കില്‍, കേരളത്തില്‍ രണ്ടാം തലമുറയോ മൂന്നാം തലമുറയോ പ്രശ്‌നങ്ങളാണ് നേരിടേണ്ടത്.'' അപ്പോള്‍, ചട്ടക്കൂട് മാറുകയല്ല, ചട്ടക്കൂടിന് ഉള്ളിലുള്ളവയ്ക്കാണു മാറ്റമുണ്ടാകുകയാണു വേണ്ടത്; അതിനുള്ള ഉത്തരവാദിത്വമാകട്ടെ ഭരിക്കുന്ന സര്‍ക്കാരിന്റേതും. 
അപ്പോള്‍, ഉന്നയിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു പ്രശ്‌നമുണ്ട്, ദേശീയതലത്തില്‍ നടപ്പിലാക്കുന്ന ഒരു ചട്ടക്കൂടിനെ മറികടന്ന്, സംസ്ഥാനസര്‍ക്കാരിനു പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന്. സംസ്ഥാന സര്‍ക്കാരിന് യുക്തിരഹിതമെന്നു തോന്നുന്ന കാര്യങ്ങള്‍ തിരസ്‌കരിക്കുന്നതിനുള്ള അധികാരം ഇന്ത്യന്‍ ഭരണഘടന നല്കുന്നുണ്ട്. ഇന്ത്യയുടേത് ഒരു ഫെഡറല്‍ സംവിധാനമാണല്ലോ. ഓരോ സംസ്ഥാനത്തിനും അതതിന്റേതായ അവകാശങ്ങളും അധികാരങ്ങളുമുണ്ട്. 1976 വരെ വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ കീഴിലായിരുന്നു. 42-ാം ഭരണഘടനാഭേദഗതിയില്‍ അതിനു മാറ്റംവരുത്തിയെങ്കിലും 'കണ്‍കറന്റ്' (Concurrent)  ലിസ്റ്റിലാണത്. അതുകൊണ്ട്, NEP യിലെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും യോജിച്ചതല്ലെങ്കില്‍ സ്വന്തമായ നിലപാടു സ്വീകരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. അപ്പോള്‍, കേരളത്തിന് സ്വന്തം നിലയില്‍ സംസ്ഥാനത്തിന് അനുയോജ്യമായ ഒരു വിദ്യാഭ്യാസചട്ടക്കൂട് ഉണ്ടാക്കാന്‍ കഴിയും. ആ ചട്ടക്കൂട് 4+3+3+2=12 തന്നെയാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)