•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സ്വര്‍ഗാരോപിതയും സ്വാതന്ത്ര്യവും

പാപപങ്കിലമായ പാരിനെ പവിത്രമാക്കാനുള്ള തന്റെ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി വരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍കൊണ്ടു നിറച്ചു കര്‍ത്താവ് കരാംഗുലികളാല്‍ കനിഞ്ഞൊരുക്കിയ ''കൃപകളുടെ കലവറ''യായിരുന്നു നസ്രത്തിലെ മറിയം! ദാനവരങ്ങളുടെ ദാതാവായ ദൈവാത്മാവ് അവളില്‍ ആവസിച്ചനിമിഷംമുതല്‍, തന്നില്‍ നിറഞ്ഞുനുരഞ്ഞുനിന്ന നന്മയെ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള അവളുടെ തിടുക്കം തുടങ്ങി (ലൂക്കാ 1:39). സംശുദ്ധിയുടെ സുഗന്ധം പേറി, നിര്‍മലതയുടെ നീലമേലങ്കിയും ചുറ്റി പാര്‍ത്തലത്തില്‍ കഴിഞ്ഞ കാലമത്രയും ഓരോ മണ്‍തരിയെയും തന്റെ പാദസ്പര്‍ശത്താല്‍ അവള്‍ പരിപൂതമാക്കി! ദൈവദൂതന്മാരാല്‍ ദേഹീദേഹങ്ങളുടെ സ്വര്‍ലോകത്തേക്കു സംവഹിക്കപ്പെട്ട ആ അമ്മയുടെ സ്മരണകളുണരുന്ന ഈ ഓഗസ്റ്റുമാസത്തില്‍ പ്രസ്തുത വിശ്വാസസത്യത്തിന്റെ ചില മാനങ്ങളോടു സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരുപിടി ചിന്തകള്‍കൂടി ചേര്‍ത്തുവയ്ക്കുന്നതു സന്ദര്‍ഭോചിതമെന്നു കരുതുന്നു.
സ്വര്‍ഗാരോപണം സത്യസ്വാതന്ത്ര്യമാണ്
സ്വര്‍ഗത്തിലേക്കുള്ള കന്യാമാതാവിന്റെ കരേറ്റം പരമമായ സ്വാതന്ത്ര്യത്തിലേക്കുള്ള  പ്രവേശനമായിരുന്നു. വേദഗ്രന്ഥത്തിന്റെ വെട്ടത്തിലാണ് വിശ്വാസികളായ നാം സുസ്ഥിരമായ സ്വാതന്ത്ര്യത്തിന്റെ നിര്‍വചനം വായിച്ചെടുക്കേണ്ടത്. അത് ആത്യന്തികമായുംദൈവമക്കളുടെ സ്വാതന്ത്ര്യമാണ് (റോമാ. 18:21). ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരാണ് ദൈവമക്കള്‍ (റോമ. 8:14). ആത്മാവ് തെളിക്കുന്ന വഴിയേ ചരിക്കുന്നവരും അവിടുത്തെ പ്രചോദനങ്ങളുടെയും നിമന്ത്രണങ്ങളുടെയും നിയന്ത്രണങ്ങള്‍ക്കു തങ്ങളെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്യുന്നവര്‍. അങ്ങനെയുള്ളവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റുള്ളവയെ എല്ലാം അതിലംഘിക്കുന്ന ഒന്നാണ്. ആത്മാവ് അഴിച്ചുവിടുന്ന ദിശകളിലൂടെ കാറ്റിനെപ്പോലെ കടമ്പകളില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം. പക്ഷേ, അതൊരിക്കലും നിലവിലുള്ള നിയമസംവിധാനത്തിന്റെയോ ധാര്‍മികവ്യവസ്ഥയുടെയോ ഒന്നും അന്ധമായ ലംഘനമല്ല; മറിച്ച്, അവയെ എല്ലാം ഉള്‍ക്കൊള്ളാനുള്ള മനോവ്യാപ്തിയാണ്. കനമറിയാതെ പറന്നുനടക്കാനുള്ള കഴിവ്! മാനുഷികവും ഭൗമികവുമായ സകലവിധ അടിമത്തങ്ങളില്‍നിന്നുമുള്ള വിടുതലിനെക്കാള്‍ ഉപരിയായി പൈശാചികവിലങ്ങുകളില്‍നിന്നുള്ള വിമോചനമാണത്. മണ്ണിനോടു നമ്മെ വരിഞ്ഞുകെട്ടിയിരിക്കുന്ന എല്ലാ ആസക്തികളില്‍നിന്നുമുള്ള മോചനം. ഇത്തരത്തിലുള്ള സ്വാതന്ത്ര്യമാണ് മറിയത്തിനുണ്ടായിരുന്നത്. ചേറ്റിലാണ് ചുവടെങ്കിലും ജലപ്പരപ്പിനുമീതെ വാരിജങ്ങളെ വിരിയിക്കുന്ന താമരച്ചെടിയുടെ സ്വാതന്ത്ര്യവൈശിഷ്ട്യത്തോടെയാണ് അവള്‍ ജീവിച്ചത്. പുത്രനായ ദൈവത്തിന്റെ ആദ്യത്തെ അനുയായിയായ  അവള്‍ ലോകത്തിലായിരുന്നെങ്കിലും ലോകത്തിന്റേതായിരുന്നില്ല. വെള്ളത്തിലാണു കിടപ്പെങ്കിലും വെള്ളം കയറാത്ത വള്ളംപോലെ! എരിതീയിലും കരിയാതെനിന്ന, മരുഭൂമിയില്‍ മോശ കണ്ട മുള്‍പ്പടര്‍പ്പുപോലെ (പുറ. 3:2)! സ്വര്‍ഗം സമ്മാനിക്കുന്ന സ്വാതന്ത്ര്യമാണ് സത്യവും സ്ഥായിയുമായിട്ടുള്ളത് എന്നു മറിയം നമ്മെ അനുസ്മരിപ്പിക്കുന്നു.
'സ്വാതന്ത്ര്യം' എന്ന സങ്കല്പത്തെ രാഷ്ട്രമീമാംസ നിര്‍വചിക്കുന്നത് 'ബാഹ്യമായ നിയന്ത്രണങ്ങളുടെ അഭാവവും, മനുഷ്യര്‍ക്ക് അവരുടെ കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള സാഹചര്യവും' എന്നാണ്. മനുഷ്യന്‍ ഭൗമികമായ എല്ലാ ബന്ധനങ്ങളില്‍നിന്നും മുക്തി നേടി ജീവിതയാനത്തിന്റെ ചുക്കാന്‍ ദൈവാത്മാവിന്റെ കരങ്ങളില്‍ കൊടുക്കുമ്പോഴും, അവനില്‍ ദൈവം നിക്ഷേപിച്ചിട്ടുള്ള നാനാവിധ നൈപുണ്യങ്ങളെ പരിപോഷിപ്പിച്ച് പൂര്‍ണത പ്രാപിക്കുമ്പോഴാണ് പരമാര്‍ഥത്തില്‍ അവന്‍ സ്വതന്ത്രനാകുന്നത്. ഒരു സാധാരണസ്ത്രീയായിരുന്ന കന്യകാമറിയം 'ഇതാ, കര്‍ത്താവിന്റെ ദാസി, നിന്റെ ഹിതംപോലെ എന്നില്‍ സംഭവിക്കട്ടെ' (ലൂക്കാ 1:38) എന്ന എളിയമനോഭാവത്തോടെ കര്‍ത്തൃകരങ്ങളിലേക്കു സ്വയം സമര്‍പ്പിച്ചപ്പോഴും പ്രാപഞ്ചികമായ സകല ശക്തികളുടെയും സ്വാധീനത്തില്‍നിന്നു വിമുക്തയായി തന്റെ ജീവിതാവസാനത്തില്‍ ആകാശങ്ങളിലേക്ക് ആനയിക്കപ്പെട്ടപ്പോഴും അക്ഷരാര്‍ഥത്തില്‍ സ്വതന്ത്രയാവുകയാണു ചെയ്തത്. മറിയത്തിന്റെ മക്കളായ നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ധാരണകള്‍ കേവലം ഭരണ, സാമൂഹിക, രാഷ്ട്രീയ, മതപപരമായ മതിലുകള്‍ക്കുള്ളില്‍ മാത്രമായി ഒതുങ്ങിപ്പോകരുത്. അവയുടെയൊക്കെ അപ്പുറത്തുള്ള ആത്മീയമായ സ്വാതന്ത്ര്യാദര്‍ശത്തിലേക്ക് നീണ്ടുപോകട്ടെ നമ്മുടെ ദൃഷ്ടികള്‍! ജഡകുടീരത്തില്‍ ജീര്‍ണിച്ചുതീരേണ്ടവയല്ല വിശ്വാസികളായ  നമ്മുടെയൊക്കെ ജീവിതങ്ങള്‍; മറിച്ച്, സ്വര്‍ഗസൗഭാഗ്യങ്ങളിലേക്ക് സംവഹിക്കപ്പെടേണ്ടവയാണ്! മാതാവിനെപ്പോലെ പരലോകം പൂകുമ്പോള്‍മാത്രമേ നാമും ദൈവം ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന് അര്‍ഹരാകുകയുള്ളൂ.
സ്വര്‍ഗാരോപണം സ്വര്‍ഗസമ്മാനമാണ്
കളങ്കരഹിതയായി ജീവിച്ച കന്യാജനനിക്ക് സുരലോകം നല്കിയ സമ്മാനമാണ് സ്വര്‍ഗാരോപണം! പാപത്തിന്റെ പൊട്ടുപോലുമില്ലാതെ അവികലമായ ആത്മാവോടും ശുദ്ധമായ ശരീരത്തോടുംകൂടി സര്‍വശക്തന് ഏറ്റവും സംപ്രീതയായി ജീവിച്ച അവള്‍ക്ക് വിണ്ടലം വച്ചുനീട്ടിയ പരമോന്നത പാരിതോഷികം! മാലാഖമാരുടെ കരരഥത്തിലേറി മാനത്തിനപ്പുറത്തേക്കു കടന്നുപോകാനുള്ള സുവര്‍ണഭാഗ്യം അവള്‍ക്കു കൈവന്നു! സാധുവായ ഒരു സ്ത്രീജന്മത്തിന് ഇതിലുപരിയായി എന്താണു സ്വന്തമാകാനുള്ളത്! അസംഖ്യം ആകാശവാസികള്‍ക്കൊപ്പം എണ്ണപ്പെടാനുള്ള അസുലഭാനുഗ്രഹം! വാഴ്‌വില്‍ കര്‍ത്താവിന്റെ അപദാനങ്ങള്‍ അനുസ്യൂതം വാഴ്ത്തി, താഴ്മവതിയായ തന്നിലൂടെ അവിടുന്ന് അനുദിനം ചെയ്ത വലിയ കാര്യങ്ങള്‍ക്ക് കൃതജ്ഞതയുടെ കീര്‍ത്തനം പാടിനടന്ന ആ ഗ്രാമീണഗായികയ്ക്ക് വാനിലെ ഗായകഗണത്തോടുചേര്‍ന്ന് സര്‍വശക്തനെ സങ്കീര്‍ത്തനങ്ങളാല്‍ നിരന്തരം സ്തുതിക്കാനുള്ള അവകാശവിശേഷം ഇഷ്ടദാനമായി നല്കപ്പെട്ടു! ഇഹത്തിലെ വാസകാലം മുഴുവന്‍ ദൈവികദാനങ്ങള്‍ക്കുവേണ്ടി ദാഹിക്കുകയും വിശക്കുകയും ചെയ്ത അവളെ വാനിടത്തില്‍ വിശിഷ്ടവിഭവങ്ങള്‍കൊണ്ടു സര്‍വേശന്‍ സംതൃപ്തയാക്കി! മന്നില്‍ മനുഷ്യത്വത്തിന്റെ മികവു തെളിയിച്ച മറിയത്തിന് ദൈവം വിണ്ണില്‍ വരദാനങ്ങളുടെ തികവു നല്കി. മണ്ണില്‍നിന്നെടുക്കപ്പെട്ടവരാണ് നാമെങ്കിലും മണ്ണിന്റെ മാലിന്യങ്ങളില്‍ മുഴുകിക്കഴിയേണ്ടവരല്ലെന്നും മറിച്ച്, കറകളഞ്ഞ ജീവിതശൈലിവഴി സ്വര്‍ഗസമ്മാനം നേടേണ്ടവരാണെന്നും മറിയം ഓര്‍മിപ്പിക്കുന്നു. 
മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയില്‍ അഭിമാനിക്കുന്ന നാം നമ്മുടെ സഹജീവികള്‍ക്കു കൊടുക്കേണ്ട ഏറ്റവും ഉദാത്തവും അമൂല്യവുമായ ഉപഹാരം സ്വാതന്ത്ര്യംതന്നെയാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുക. നമ്മുടേതുപോലെതന്നെ മറ്റുള്ളവരുടെയും മൗലികാവകാശമാണത്. അന്യരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിഹനിക്കുന്ന വിധത്തിലുള്ള നിലപാടുകളും കര്‍മങ്ങളും വാക്കുകളും ഒരിക്കലും നമുക്കു ഭൂഷണമല്ല. മതം, വിശ്വാസം, രാഷ്ട്രീയം, ഭക്ഷണം, വസ്ത്രം തുടങ്ങി വ്യക്തിജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും അവയില്‍ ഉറച്ചുനില്ക്കാനും മനുഷ്യര്‍ക്കെല്ലാവര്‍ക്കും തുല്യമായ അവകാശമാണുള്ളത്. സഹജരുടെ സ്വാതന്ത്ര്യത്തെ ആദരിക്കുക. സ്വാതന്ത്ര്യം സമ്മാനിക്കുക, സ്വാതന്ത്ര്യം സ്വീകരിക്കുക.
സ്വര്‍ഗാരോപണം സമ്പൂര്‍ണവിജയമാണ്
തിന്മയുടെമേല്‍ നന്മ നേടിയ ആത്യന്തികമായ വിജയത്തിന്റെ പെരുമ്പറയാണ് സ്വര്‍ഗാരോപണത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. തിന്മയെ നന്മ കൊണ്ടു കീഴടക്കണമെന്നുള്ള (മത്താ. 5:38-42) കര്‍ത്തൃവചസ്സുകളെ ഹൃദയഫലകത്തില്‍ കുറിച്ചിട്ടു സദാ ധ്യാനിച്ച മറിയം നന്മയുടെമാത്രം മണവും നിറവുമുള്ള നറുമലരായി വിടര്‍ന്നുല്ലസിച്ചു! പാപത്തിന്റെ പ്രതീകമായ പാമ്പിനെ തന്റെ ചരണപദ്മങ്ങള്‍കൊണ്ടു ചവിട്ടിപ്പിടിച്ച് അവള്‍ മുഴുവന്‍ പൈശാചികശക്തികളുടെയുംമേല്‍ പരിപൂര്‍ണവിജയം വരിച്ചു! അവളുടെ പവിത്രമായ പാദങ്ങള്‍ക്കടിയില്‍ പിശാചും അവന്റെ ചെയ്തികളും ചതഞ്ഞരഞ്ഞു! വിണ്ണിന്റെയും മണ്ണിന്റെയും റാണിയായി അവള്‍ അവരോധിക്കപ്പെട്ടു! 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)