പട്ടാളത്തില്‍നിന്നു പിരിഞ്ഞപ്പോള്‍
അച്ഛനൊരെരുമയെ വാങ്ങി.
വീട്ടിലെ ചായ്പില്‍ തണുത്തുകിടന്നു
അച്ഛന്റെ കാലുറകളും ബെല്‍റ്റും.
മക്കളോടെന്നതിനേക്കാള്‍ അച്ഛന്‍
എരുമയോടു സംസാരിച്ചു.
പാട്ടത്തിനെടുത്ത പറമ്പുകളില്‍
എരുമയോടൊപ്പം സഞ്ചരിച്ചു.
പാടത്ത് എരുമയെ കെട്ടിയിട്ട്
അച്ഛന്‍ മടങ്ങിയപ്പോള്‍
അത് അകലെ റോഡിലൂടെ
പോകുന്നവരെ നോക്കി കരഞ്ഞു.
അപരാഹ്നത്തില്‍ അച്ഛനുമെരുമയും വിദൂരമായ ഏതോ സ്വപ്നത്തെ പിന്‍തുടര്‍ന്നു.
നോക്കാന്‍ വയ്യാതെ എരുമയെ
വിറ്റപ്പോള്‍ അച്ഛന്റെ മുഖം
ദുഃഖത്തിന്റെ കയത്തില്‍പ്പെട്ടു.
പുലര്‍ച്ചയ്‌ക്കോ രാത്രിയിലോ
അമ്മയോട് ഹിന്ദി പറയുന്നതും ടിവിയില്‍ പഴയ സിനിമ
കാണുന്നതും നിന്നു.
ദൂരയാത്ര കഴിഞ്ഞ് രാത്രിവണ്ടിയില്‍ ഞാനെത്തുംമുമ്പ്
കാണാത്ത ദൂരത്തേക്ക് അച്ഛന്‍ മറയുകയും ചെയ്തു.
നാടുതാണ്ടി നഗരം താണ്ടി
ഞാന്‍ വല്ലപ്പോഴും
വീട്ടിലെത്തുമ്പോളത്തെ
ചെറുചിരിമാത്രം
ചിത്രത്തില്‍ ബാക്കിയായി.
ഇന്നിപ്പോള്‍ സ്റ്റേഷനെത്തുംമുമ്പ്
നിറുത്തിയിട്ട വണ്ടിയിലിരുന്ന്
അകലെയൊരെരുമയെ-
ക്കാണുമ്പോള്‍
വല്ലാതെ കുളിരുന്നു നെഞ്ചകം.