ലിയോ ടോള്‍സ്റ്റോയി എഴുതിയ ഹൃദയസ്പര്‍ശിയായ ഒരു കഥയാണ് ''God sees the truth but wai-ts.'' അതു വായിക്കുന്ന ഏതു സഹൃദയനും കരഞ്ഞുപോകും.
ചെറുപ്പക്കാരനായ ഒരു കച്ചവടക്കാരനായിരുന്നു ഐവാന്‍ ആക്‌സിയൊനോവ് - രണ്ടു കപ്പലുകള്‍ സ്വന്തമായി ഉണ്ടായിരുന്ന ധനികന്‍. കച്ചവടാവശ്യങ്ങള്‍ക്കായി ഒരിക്കല്‍ അയാള്‍ യാത്ര പുറപ്പെട്ടു. വഴിമധ്യേ ഒരു വ്യാപാരിയുടെകൂടെ രാത്രി ചെലവഴിക്കേണ്ടിവന്നു. അടുത്തടുത്ത മുറികളിലാണു കിടന്നതെങ്കിലും, ആക്‌സിയൊനോവ് അതിരാവിലെ എണീറ്റു യാത്രയായി. പക്ഷേ, പിന്നാലെ പാഞ്ഞെത്തിയ രണ്ടു പട്ടാളക്കാര്‍ അയാളെ തടഞ്ഞ് ബാഗു പരിശോധിക്കുകയാണ്. അതില്‍ രക്തക്കറ പുരണ്ട ഒരു കത്തി! അവര്‍ ആക്രോശിച്ചു: ''കൂട്ടുകച്ചവടക്കാരന്‍ കഴുത്തറക്കപ്പെട്ട നിലയില്‍ മുറിയില്‍ കിടക്കുന്നു. നേരത്തേ പുറപ്പെട്ട നീതന്നെയാണു പ്രതി.''
ഹൃദയം നൊന്തു കരഞ്ഞുകൊണ്ട് തന്റെ നിരപരാധിത്വം വിളിച്ചുപറഞ്ഞെങ്കിലും, ആക്‌സിയൊനോവു ജയിലിലടയ്ക്കപ്പെട്ടു. കുറ്റം: റിയാസയില്‍നിന്നുള്ള ഒരു കച്ചവടക്കാരനെ കൊന്ന് 20,000 റൂബിള്‍ കവര്‍ന്നെടുത്തു. പ്രിയപ്പെട്ട ഭാര്യപോലും ആക്‌സിയൊനോവിനെ സംശയിച്ചുപോയി.
തൊലി പൊളിയുവോളം ആക്‌സിയൊനോവിനെ ചമ്മട്ടികൊണ്ടടിച്ചു. മുറിവു കുറെ കരിഞ്ഞപ്പോള്‍ അടിമപ്പണിക്കായി സൈബീരിയയിലേക്കു കൊണ്ടുപോയി. എങ്കിലും, ഏവര്‍ക്കും ഒരു മാതൃകാപുരുഷനായി അദ്ദേഹം അവിടെക്കഴിഞ്ഞു. നീണ്ട 26 വര്‍ഷം...
ആയിടയ്ക്കാണ് മക്കാര്‍ സെമിയോണിക് എന്ന ഒരു പുതിയ തടവുകാരന്‍ അവിടെ എത്തിച്ചേര്‍ന്നത്. സംസാരത്തില്‍ ആള്‍ വിക്രമനാണെന്നും പണ്ടു നടന്ന കൊലപാതകവുമായി അയാള്‍ക്കു ശരിക്കും ബന്ധമുണ്ടെന്നും ആക്‌സിയൊനോവിനു മനസ്സിലായി. എങ്കിലും, അവനെതിരായി ആക്‌സിയൊനോവ് ഒന്നും ചെയ്തില്ല.
ഒരു രാത്രിയില്‍ ആക്‌സിയൊനോവിനോട് മക്കാര്‍ സത്യം തുറന്നുപറഞ്ഞു: ''ഞാനാണ് ആ കച്ചവടക്കാരനെ കൊലപ്പെടുത്തിയത്. നിന്നെക്കൂടി കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ പുറത്തുനിന്ന് ഒരു ശബ്ദം കേട്ടു. ഉടന്‍ കത്തി നിന്റെ ബാഗില്‍ത്തന്നെ വച്ച് ജനാലയില്‍ക്കൂടി ഞാന്‍ രക്ഷപ്പെടുകയായിരുന്നു... എന്റെ കുറ്റം ഏറ്റുപറഞ്ഞ് ഞാന്‍ നിന്നെ ഉടനെ രക്ഷപ്പെടുത്താം.''
ആക്‌സിയൊനോവിനു വലിയ ഉത്സാഹമൊന്നും തോന്നിയില്ല. ''26 കൊല്ലത്തോളം ജയില്‍ശിക്ഷ അനുഭവിച്ചു. അടിമപ്പണിയെടുത്തു. അടികളേറ്റു. സ്വത്തുക്കള്‍ മുഴുവന്‍ നശിച്ചു. ഭാര്യയും കുഞ്ഞുങ്ങളും മരിച്ചു... ഇനി എന്തിനു പോകണം? ആരെ കാണാന്‍? എങ്ങോട്ട്?...''
''ദയവു ചെയ്ത് യേശുവിനെയോര്‍ത്ത് എന്നോടു ക്ഷമിക്കൂ.'' മക്കാര്‍ കരഞ്ഞു. ഒപ്പം, ആക്‌സിയൊനോവും. വിശുദ്ധരുടെ ജീവചരിത്രം മനഃപാഠമാക്കിയിരുന്ന ആക്‌സിയൊനോവു പറഞ്ഞു: ''ദൈവം നിന്നോടു ക്ഷമിക്കട്ടെ.''
തന്റെ പഴയ കുറ്റം മക്കാര്‍ തന്നെ ഏറ്റുപറഞ്ഞതുകൊണ്ട് ആക്‌സിയൊനോവിനെ സ്വതന്ത്രനാക്കാനുള്ള കല്പന പുറപ്പെട്ടു. പക്ഷേ, കല്പന എത്തുന്നതിനുമുമ്പേ ദൈവം അയാളെ ഈ ലോകത്തില്‍നിന്നു സ്വതന്ത്രനാക്കിയിരുന്നു!
ആദിമക്രൈസ്തവരെപ്പോലും അതിജീവിക്കുന്ന അത്യുന്നതമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ആക്‌സിയൊനോവ്. തന്റേതല്ലാത്ത കുറ്റത്തിനാണ് അയാള്‍ പിടിക്കപ്പെടുന്നത് - വിശദീകരണങ്ങളൊന്നും വിലപ്പോയില്ല. അതിക്രൂരമായി മര്‍ദിക്കപ്പെട്ടു... സൈബീരിയയിലെ തടങ്കല്‍പാളയത്തിലിട്ടു പൊതിരെ തല്ലി. അടിമപ്പണി എടുപ്പിച്ചു... അവിടെക്കഴിഞ്ഞ ആ അസ്ഥിപഞ്ജരമാണ് എല്ലാറ്റിനും ഉത്തരവാദിയായവനോടു നിരുപാധികം ക്ഷമിക്കുന്നത്!
ആക്‌സിയൊനോവ് എന്ന കച്ചവടക്കാരനും സ്വപ്നങ്ങളുണ്ടായിരുന്നു. അവയെല്ലാമാണ് മെഴുകുപോലെ ഉരുകിമറിഞ്ഞത്. ആ വേദനകളില്‍ അകാലവാര്‍ധക്യം പ്രാപിച്ചവനാണ് അലിവിന്റെ ആള്‍രൂപമായി മാറിയത്!
'മനാസ്സേ' എന്ന ഹീബ്രുപദത്തിന്റെ അര്‍ഥം മറക്കുക എന്നാണ് - തന്റെ കടിഞ്ഞൂല്‍ പുത്രന് പൂര്‍വയൗസേപ്പ് കൊടുത്ത പേര്. ജീവിതത്തില്‍ സഹോദരങ്ങളില്‍നിന്നും ഈജിപ്തുകാരില്‍നിന്നും ഒടുവില്‍ പൊത്തീഫറിന്റെ ഭാര്യയില്‍നിന്നും ഒത്തിരിയേറെ സഹിക്കേണ്ടിവന്നവനാണ് ആ പേരു തിരഞ്ഞെടുത്തത് - എല്ലാം മറന്നു എന്നു കാണിക്കാന്‍.
ലോകത്തില്‍ ഒരു മനുഷ്യനും അനുഭവപ്പെടാത്ത വേദനയില്‍ വിങ്ങിനിന്നപ്പോഴും യേശുവില്‍നിന്നു പുറപ്പെട്ടത് ശത്രുസ്‌നേഹത്തിന്റെ പുതിയ പ്രമാണമാണ്. ''പിതാവേ, തങ്ങള്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് ഇവരോടു പൊറുക്കണമേ!'' ദ്രോഹിക്കുന്നവരോടു നിരുപാധികം ക്ഷമിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, അതാണ് യേശു പഠിപ്പിച്ചതും കാണിച്ചുതന്നതും.
യേശുവിന്റെ ആ മാതൃകയാണ് നമുക്കും മാര്‍ഗദര്‍ശകമാകേണ്ടത്. ആക്‌സിയൊനോവില്‍നിന്ന് അലിവ് ഊറിയിറങ്ങുന്നതും ആ നാമശ്രവണത്തിലാണ് - മക്കാര്‍ യേശുവിന്റെ നാമത്തില്‍ ക്ഷമ ചോദിച്ചപ്പോള്‍. ആക്‌സിയൊനോവു തന്നെയാവണം നമ്മുടെയും വഴിവിളക്ക്.