•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഉച്ചഭക്ഷണത്തിനു മുമ്പും പിമ്പും

റെ വിവാദം സൃഷ്ടിച്ചിട്ടുള്ള ഒരു വിഷയമാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണവിതരണം. പ്രധാനാധ്യാപകര്‍ ഏറെ വിഷമിക്കുന്ന ഒരു വിഷയവുമാണിത്. ഉച്ചഭക്ഷണം എന്നുപറയാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; ഉച്ചക്കഞ്ഞി എന്നാണിതറിയപ്പെട്ടിരുന്നത്. പള്ളിക്കൂടങ്ങളില്‍ ഭക്ഷണം നല്കുന്ന പതിവ് എന്നാണു തുടങ്ങിയത്, ആരാണു തുടങ്ങിയത് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ ഒരുപാട് പിറകോട്ടു സഞ്ചരിക്കേണ്ടതായിവരും. കേരളത്തില്‍ പള്ളിക്കൂടങ്ങള്‍തന്നെ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. 
ഗുരുകുലത്തിന്റെ മാതൃകയില്‍, കേരളത്തില്‍ 'ശാലകള്‍', 'സഭാമുത്തുകള്‍' എന്നീ പേരുകളില്‍ വിദ്യാഭ്യാസസങ്കേതങ്ങളുണ്ടായിരുന്നു. സഭാമുത്തുകള്‍ മധ്യകേരളത്തിലും വടക്കന്‍മേഖലകളിലുമേ ഉണ്ടായിരുന്നുള്ളൂ. ശാലകളിലും സഭാമുത്തുകളിലും ബ്രാഹ്‌മണര്‍ അല്ലാത്തവര്‍ക്കു പ്രവേശനം ഉണ്ടായിരുന്നില്ല. ബുദ്ധമതസന്ന്യാസികളുടെ സ്വാധീനത്തില്‍ കളരികള്‍ എന്നും എഴുത്തുപള്ളികള്‍ എന്നുമുള്ള പേരുകളില്‍ അബ്രാഹ്‌മണര്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, ജാതി-വര്‍ണ വ്യവസ്ഥിതിയും തീണ്ടല്‍-തൊടീല്‍ ദുരാചരങ്ങളും നിലവിലിരുന്നതിനാല്‍ ഇരിപ്പിടങ്ങളുടെ ക്രമീകരണത്തില്‍ അതു പ്രതിഫലിച്ചിരുന്നു. കൂടിയ ജാതിക്കാര്‍ക്കു പലക, അതില്‍ താഴ്ന്നവര്‍ക്ക് പനമ്പായ, ഏറ്റവും താഴ്ന്ന ജാതിക്കാര്‍ക്ക് ഓലപ്പായ എന്നീ ക്രമത്തിലായിരുന്നു ഇരിപ്പിട സജ്ജീകരണം. കേരളത്തിലെ ജാതീയവിവേചനങ്ങളെയും ദുരാചാരങ്ങളെയും തകര്‍ക്കാന്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവം സൃഷ്ടിച്ച നവോത്ഥാനനായകന്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ കീഴ്ജാതിയില്‍പ്പെട്ട കുട്ടികളെയും മേല്‍ജാതിയില്‍പ്പെട്ട കുട്ടികളെയും ഒരേ ബഞ്ചിലിരുത്തി പഠിപ്പിച്ചുകൊണ്ട് കേരളചരിത്രം തിരുത്തിക്കുറിച്ചു. അതോടൊപ്പം, പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്കിക്കൊണ്ട് അദ്ദേഹം കേരളചരിത്രത്തില്‍ ഒരധ്യായംകൂടി എഴുതിച്ചേര്‍ത്തു. ഇന്നു നിലവിലുള്ള ഉച്ചഭക്ഷണവിതരണത്തിനു നാന്ദികുറിച്ചത്, ഒന്നരനൂറ്റാണ്ടുമുമ്പ്, ചാവറയച്ചന്‍ ആയിരുന്നു എന്നതല്ലേ ചരിത്രയാഥാര്‍ഥ്യം? നവോത്ഥാനചരിത്രത്തില്‍നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കംചെയ്ത്, നവോത്ഥാനനായകപട്ടം മറ്റു ചിലര്‍ക്കു നല്കാനുള്ള നിഗൂഢശ്രമങ്ങള്‍ സംഘടിതമായി നടന്നുകൊണ്ടിരിക്കുമ്പോള്‍, ഇങ്ങനെയുള്ള ചില യാഥാര്‍ഥ്യങ്ങള്‍  ബഹുജനം അറിയുന്നതു നന്നായിരിക്കുമെന്നു സൂചിപ്പിച്ചതാണ്. പള്ളിയോടു ചേര്‍ന്നു പള്ളിക്കൂടം ഉണ്ടാകണമെന്ന അദ്ദേഹത്തിന്റെ 1864 ലെ കല്പനപ്രകാരം കേരളത്തിലങ്ങോളമിങ്ങോളം സ്ഥാപിക്കപ്പെട്ട വിദ്യാലയങ്ങളില്‍, പാവപ്പെട്ട കുട്ടികള്‍ക്കു പ്രത്യേകം പരിഗണനയും പരിചരണവും നല്കിപ്പോന്നു. 
1950 കളില്‍ പള്ളിക്കൂടങ്ങളില്‍ പാല്‍പ്പൊടിവിതരണം ഉണ്ടായിരുന്നു. അമേരിക്കയില്‍നിന്ന് കാത്തലിക് ഏജന്‍സികള്‍വഴി ലഭിച്ചിരുന്ന പാല്‍പ്പൊടിയാണു വിതരണം ചെയ്തിരുന്നത്. ഉച്ചസമയത്ത് സ്‌കൂള്‍ അധികൃതര്‍ അതു പാകപ്പെടുത്തി പാവപ്പെട്ട കുട്ടികള്‍ക്കു നല്കുകയായിരുന്നു പതിവ്. പിന്നീട്, നെയ്യ്, ഗോതമ്പ്, മെയ്‌സ് എന്നീ വിഭവങ്ങളും അമേരിക്കയില്‍നിന്നു വന്നിരുന്നു. 
സംസ്ഥാനസര്‍ക്കാര്‍ ഉച്ചഭക്ഷണം വിതരണം ആരംഭിക്കുന്നത് 1984 ലാണ്. തീരദേശത്തുള്ള മത്സ്യത്തൊഴിലാളി മേഖലയില്‍പ്പെട്ട 222 പ്രൈമറി സ്‌കൂളുകളിലാണ് ഈ പദ്ധതി ആദ്യം നടപ്പിലാക്കിയത്. 1985ല്‍ സംസ്ഥാനത്തെ എല്ലാ പ്രൈമറിവിദ്യാലയങ്ങളിലും ഇതു നടപ്പിലാക്കാന്‍ തുടങ്ങി. 1987 ല്‍ ഈ പദ്ധതി യു.പി. സ്‌കൂളിലേക്കും വ്യാപിപ്പിച്ചു. കേന്ദ്രഗവണ്‍മെന്റ് ഈ സ്‌കീം ആരംഭിക്കുന്നത് 1995 ലാണ്. ആദ്യകാലത്ത് കഞ്ഞിയും പയറും നല്കിയിരുന്നതുകൊണ്ട് ഉച്ചക്കഞ്ഞിവിതരണം എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ഇതിപ്പോള്‍ നിര്‍ദിഷ്ടവിഭവങ്ങളുമായി ഉച്ചഭക്ഷണമായി മാറിയിരിക്കുന്നു. 
ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, ഒട്ടേറെ പരാതികളും വിമര്‍ശനങ്ങളും ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ട്. പദ്ധതിപ്രകാരം അനുവദിച്ചിട്ടുള്ള തുക അപര്യാപ്തമാണെന്ന പ്രധാനാധ്യാപകരുടെ പരാതി പരിഗണിച്ചുകൊണ്ടു തുക വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളതായി പത്രവാര്‍ത്ത ഉണ്ടായിരുന്നു. നിലവിലുള്ള 8 രൂപ എന്നത് 10 മുതല്‍ 12 വരെയായി ഉയര്‍ത്തണമെന്ന് വിദ്യാഭ്യാസവകുപ്പ് ധനകാര്യവകുപ്പിനു ശിപാര്‍ശ നല്കി എന്നാണു പത്രവാര്‍ത്ത. പക്ഷേ, നടപടി ഒന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. കേന്ദ്രവിഹിതം 40 അല്ല 60 ശതമാനമാണ്; സംസ്ഥാനവിഹിതം 60 ശതമാനവും. കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ തുകയും നല്കിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. പക്ഷേ, തുക വര്‍ധനയുണ്ടാകുന്നില്ലെന്നു മാത്രമല്ല, അനുവദിച്ചിട്ടുള്ള തുകപോലും ലഭിക്കുന്നില്ലെന്നും ഭാരം മുഴുവനും പ്രധാനാധ്യാപകരുടെ ചുമലിലാണെന്നുമുള്ള പരാതിയും പരിഭവവും നിത്യസംഭവമായി മാറിയിരിക്കുന്നു. ഒരു കുട്ടിക്ക് ആഴ്ചയില്‍ 30 മില്ലി ലിറ്റര്‍ പാലും ഒരു കോഴിമുട്ടയും നല്കാനാണു നിര്‍ദേശം. ഇതു വലിയ ചെലവുണ്ടാക്കുകയാണെന്നും പലപ്പോഴും പ്രധാനാധ്യാപകര്‍ സ്വന്തം പോക്കറ്റില്‍നിന്ന് ചെലവഴിക്കേണ്ടിവരുന്നെന്നും പറയുന്നു. പച്ചക്കറിയുടെ വിലവര്‍ധനയും ലഭ്യതക്കുറവും ഇതിനെല്ലാം പുറമേയാണ്. ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിന്റെ ചുമതല പ്രധാനാധ്യാപകരില്‍നിന്നു മാറ്റി കുടുംബശ്രീപോലുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ഏല്പിക്കണമെന്ന നിര്‍ദേശവും ശക്തമായിട്ടുണ്ട്.
ഉച്ചഭക്ഷണപദ്ധതിയെയും പദ്ധതിനടത്തിപ്പിനെയുംപറ്റി ഒരു പുനഃപരിശോധന അനിവാര്യമാണെന്നു തോന്നുന്നു. സദുദ്ദേശ്യത്തോടെ, പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ തുടങ്ങിയ പദ്ധതി ഇപ്പോള്‍ എല്ലാ ക്കുട്ടികള്‍ക്കുമായി വിപുലപ്പെടുത്തിയിരിക്കുകയാണ്. ഏതാനും വിദ്യാലയങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടപ്പോള്‍ മനസ്സിലാകുന്നത്, സ്‌കൂളിലെ എല്ലാ ക്കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്കുന്നുണ്ടെന്നാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രഭാതഭക്ഷണവും നല്കുന്നതായി അറിയുന്നു. ഇനി, എല്ലാ ക്കുട്ടികള്‍ക്കും അത്താഴവുംകൂടി സൗജന്യമായി നല്കാനുള്ള പദ്ധതികളും ആവിഷ്‌കരിക്കപ്പെട്ടേക്കാം. അപ്പോള്‍പ്പിന്നെ പള്ളിക്കൂടങ്ങള്‍ ഊട്ടുപുരയായി മാറാന്‍ പാടില്ലായ്കയില്ല. അധ്യാപകരുടെ ജോലി പഠിപ്പിക്കലായിരിക്കയില്ല, ഭക്ഷണസാധനശേഖരണവും ഭക്ഷണപാകം ചെയ്യലുമായി ചുരുങ്ങിയേക്കാം.   
പാവപ്പെട്ട കുട്ടികള്‍ക്കായി ആരംഭിച്ച ഉച്ചഭക്ഷണപദ്ധതി എല്ലാക്കുട്ടികള്‍ക്കുമായി വിപുലപ്പെടുത്താനുണ്ടായ പശ്ചാത്തലം പരിശോധിക്കേണ്ടിയിരിക്കുന്നു. ദേശീയതലത്തില്‍ ഇതാരംഭിക്കാനുള്ള പശ്ചാത്തലം എന്‍.ഇ.പി. (നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി) വിശദീകരിക്കുന്നുണ്ട്. ദേശീയതലത്തില്‍ കുട്ടികളുടെ സ്‌കൂള്‍പ്രാപ്യതയും പഠനത്തുടര്‍ച്ചയുമാണു പൊതുവിദ്യാഭ്യാസമേഖലയിലെ ഏറ്റവും ഗൗരവമേറിയ പ്രശ്‌നം. അഞ്ചുകോടിയിലധികം കുട്ടികള്‍ നിരക്ഷരരാണ്. അതുകൊണ്ട് കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും സ്‌കൂളിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് ഭീമമായ തുക നീക്കിവച്ചിരിക്കുന്നത്. ഭക്ഷണത്തിനായി 60 ശതമാനം തുക മുടക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകവും ഇതാണ്. എന്നാല്‍, കേരളത്തിലെ സ്ഥിതി നേരേമറിച്ചാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ അനുസരിച്ച് 96.2 ശതമാനം സാക്ഷരതയോടെ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ഒന്നാം തലമുറപ്രശ്‌നമായ സ്‌കൂള്‍പ്രാപ്യതയും പഠനത്തുടര്‍ച്ചയും കേരളത്തില്‍ ഇല്ല എന്ന് ഉറപ്പിച്ചുപറയുന്നുണ്ട്. ദേശീയതലത്തില്‍ കുട്ടികള്‍ സ്‌കൂളിലെത്തുന്നതിന് അവരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം ഭക്ഷണലഭ്യതയാണെങ്കില്‍ കേരളത്തില്‍ അത് അറിവുസമ്പാദനമാണ്. ഭക്ഷണംകൊടുത്തു കുട്ടികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കേണ്ട സ്ഥിതിവിശേഷം കേരളത്തിലില്ല. അതുകൊണ്ട് ഭക്ഷണവിതരണം പാവപ്പെട്ട കുട്ടികള്‍ക്കുമാത്രമായി പരിമിതപ്പെടുത്തുന്നതില്‍ യാതൊരപാകതയുമില്ല.
ആദ്യമായി, ഓരോ വിദ്യാലയത്തിലെയും സാമ്പത്തിക പരാധീനതയുള്ള കുട്ടികളെ കണ്ടുപിടിക്കുക. സര്‍ക്കാര്‍ സഹായം അവര്‍ക്കുമാത്രമായി പരിമിതപ്പെടുത്തുക. അതുവഴി സര്‍ക്കാരിനു വന്‍തുക ലാഭിക്കാം എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം, സര്‍ക്കാര്‍ നല്കുന്ന വിഹിതം അര്‍ഹതപ്പെട്ടവരില്‍ എത്തിക്കുക എന്നതാണ്. അതിന്, നിശ്ചിതതുക 'ക്യാഷ്' ആയിട്ടോ 'കൈന്‍ഡ്' ആയിട്ടോ രക്ഷാകര്‍ത്താക്കള്‍ക്കു ലഭ്യമാക്കുക. ഭക്ഷണം പാകപ്പെടുത്തേണ്ട ഉത്തരവാദിത്വം രക്ഷാകര്‍ത്താക്കളെത്തന്നെ ഏല്പിക്കുക; അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കട്ടെ. അര്‍ഹിക്കുന്ന കുട്ടികളെ കണ്ടെത്താനും അര്‍ഹമായത് അവര്‍ക്കു ലഭ്യമാക്കുന്നതിനുമുള്ള ഉത്തരവാദിത്വം പ്രധാനാധ്യാപകരെ ഏല്പിക്കുക. അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹമായത് നല്കി സാമൂഹികനീതി നടപ്പിലാക്കുക. സര്‍ക്കാരിന്റെ ഉത്തരവാദിത്വം സര്‍ക്കാരും, മാതാപിതാക്കളുടെ ഉത്തരവാദിത്വം മാതാപിതാക്കളും നിര്‍വഹിക്കുക. വിദ്യാലയം നിഷ്‌കൃഷ്ടാര്‍ഥത്തില്‍ വിദ്യാലയമായിമാറും.  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)