I
കല്യാണരാവെത്തി; കാന്തന്റെ കൈകളില്‍
കന്യകാരത്‌നം വിളങ്ങി!
കാര്‍മേഘവര്‍ണം കലര്‍ന്നവന്‍ വല്ലഭന്‍,
കാര്‍കൂന്തലാളൊരു മിന്നല്‍!
ഓമനപ്പൂനിലാവോമലാള്‍, കാന്തനോ
ശ്യാമളയാമിനീരൂപന്‍!
മന്ദാക്ഷസൗരഭം വീശുമാരോമലിന്‍
മന്ദസ്മിതം പാര്‍ത്തു തോഴന്‍
നീലാളകങ്ങളെ നൃത്തം പഠിപ്പിച്ചു
ലീലയാ ചോദിക്കയായീ:
പാഴ്ക്കരിക്കട്ടയും രത്‌നവും ഭംഗിയില്‍
ചേര്‍ക്കുന്നതേതിന്ദ്രജാലം?
ഒന്നും പറഞ്ഞീല തോഴി, നേത്രങ്ങളില്‍
മിന്നിത്തുളുമ്പുന്നു രാഗം!
II
ഈറനായ് വേഗം മണാളന്റെ മാനസ-
ത്താരിന്‍ ദലങ്ങളെന്നാലും,
ഓമനച്ചുണ്ടില്‍നിന്നൂറുന്ന നാകീയ-
കോകിലകൂജനം കേള്‍ക്കാന്‍
പിന്നെയും ചോദ്യം തുടര്‍ന്നവന്‍ സാകൂത-
മന്ദസ്മിതം തൂകിയേവം:
എന്താണു സൗന്ദര്യവര്‍ണമെന്നെന്നോടു
ചൊല്ലുമോ ചൊല്ലുമോ തങ്കം?
III
താരകള്‍ ജിജ്ഞാസയാകവേ, ചോരനാം
മാരുതന്‍ നീരവംപോകെ,
ചെഞ്ചുണ്ടു മെല്ലെത്തുറന്നു തേന്‍പെയ്തവള്‍
കൊഞ്ചുന്ന മാലാഖപോലെ:
എന്‍ പ്രാണനാഥന്റെയാത്മാവണിഞ്ഞിടും
വര്‍ണമേ സൗന്ദര്യവര്‍ണം!
IV
വീണതന്‍ രാഗപ്രവാഹത്തില്‍ മുങ്ങുന്നു
ഗായകനെന്നതോ ഞായം.
പ്രാണപ്രിയയ്‌ക്കൊരു പ്രേമാര്‍ദ്രചുംബനം
കാണിക്കവയ്ക്കയായ് നാഥന്‍!